വാട്‌സാപ്പിൽ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും കൂടെ ഒരു ചെറുകുറിപ്പും. ആരെന്ന് മനസ്സിലായില്ല, വിലാസം നോക്കിയിട്ട് ഓർമയൊന്നും വരുന്നില്ല. പതിവുപോലെ പ്രാർഥനയും ആദരാശ്രുവും പൊഴിക്കുന്ന ഇമോജിയിട്ട്, മൊബൈൽ സ്‌ക്രീൻ സ്‌ക്രോൾ ചെയ്ത് മറ്റെവിടേക്കോ പോയി.
അങ്ങനെ തോണ്ടിക്കൊണ്ടിരിക്കുമ്പോഴാണ്. പൊന്നാനിക്കാരൻ ഹസീബിന്റെ വിളി. ‘‘മാഷേ, നമ്മുടെ ആ അശറഫിക്കയില്ലേ, ആൾ മരിച്ചു!’’. ‘‘ഏത്?’’ -എന്റെ സന്ദേഹത്തിന് വിശദീകരണവുമായി ഹസീബ് തുടർന്നു.
മാസങ്ങൾക്കുമുമ്പാണ്, ബിസിനസ് തകർന്ന് താമസിക്കാൻ ഇടമില്ലാതെയും കഴിക്കാൻ വകയില്ലാതെയും ഒരാൾ തൊട്ടടുത്ത് താമസിക്കുന്നുണ്ടെന്ന വിവരം ലഭിക്കുന്നത്. നേരത്തേതന്നെ ഇദ്ദേഹത്തിന്റെ പ്രയാസമറിഞ്ഞ് ആവശ്യമായ ഭക്ഷണവും സാധനങ്ങളും താമസവാടകയുമെല്ലാം ആലുവക്കാരൻ റഊഫ് നൽകിപ്പോരുന്നുണ്ടായിരുന്നു.
‘‘ഇയാൾക്കെതിരേ ദുബായിൽ ഒരു ചെക്ക് കേസ് നിലവിലുണ്ട്. അത് ഒഴിവാക്കിക്കൊടുക്കാൻ നമ്മെക്കൊണ്ടായ ശ്രമം നടത്തണം’’. 
‘‘ഓരോന്ന് കേൾക്കുമ്പോഴേക്കും വെറുതേ തലകൊണ്ടുപോയിടണ്ടാ, പിന്നെ ഊരിയെടുക്കാൻ പാടാണ്’’-എന്ന് ആദ്യം ഒന്ന് ശാസിച്ചുവെങ്കിലും ഹസീബിനൊപ്പം കൂട്ടി അദ്ദേഹത്തിനെതിരേ  കേസ് കൊടുത്ത റിയൽ എസ്റ്റേറ്റ് ഓഫീസിലും പിന്നീട് അവരുടെ അഡ്വക്കേറ്റിന്റെ അടുത്തും പോയി. ദേരയിലെ അഡ്വ. ഷാനവാസിന്റെ സഹായം ഇക്കാര്യത്തിലുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് ഓഫീസും അവരുടെ അഡ്വക്കേറ്റും ഒരുവിട്ടുവീഴ്ചയ്ക്കുമില്ലെന്ന് തീർപ്പുപറഞ്ഞതോടെ ഇദ്ദേഹം കടുത്ത സമ്മർദത്തിലായി; നിസ്സഹായരായി ഞങ്ങളും.
നിരാശയും പ്രയാസവും തീർത്ത മുഖവർണത്തിൽ പ്രതീക്ഷ അസ്തമിക്കാത്ത കണ്ണുകളുടെ തിളക്കം കാണാമായിരുന്നു. ഇദ്ദേഹം അപ്പോഴും വളരെ സരസമായും മറ്റു ബിസിനസ്സ് സാധ്യതകളെക്കുറിച്ച് വാതോരാതെയും സംസാരിച്ചുകൊണ്ടിരുന്നു. ആരെയും വീഴ്ത്തുന്ന ആ സംസാരശൈലി, അല്പം അമിതമായെന്ന് തോന്നിയതാവാം, ‘‘ആളെ സൂക്ഷിച്ചോളൂ’’ എന്ന് പിന്നീട് സുഹൃത്ത് ഹസീബ് ഓർമിപ്പിച്ചത്. പിന്നീട് പലപ്പോഴും വെളുത്ത കന്തുറയിൽ ഒരു ഭ്രാന്തനെപോലെ, താമസിക്കുന്ന ഫ്ളാറ്റിന് അരികിലൂടെയും മറ്റുപലയിടങ്ങളിലും ഇദ്ദേഹത്തെ കാണാറുണ്ട്, അപ്പോഴെല്ലാം ‘എന്തിനീ വയ്യാവേലി’ എന്ന് ചിന്തിച്ച് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. നമ്മുടെ സൗകര്യങ്ങളിലേക്ക് അന്യന്റെ സങ്കടങ്ങൾക്കെന്ത് പ്രവേശം?
നാട്ടിൽനിന്ന് പഴം, പച്ചക്കറികൾ യു.എ.ഇ.യിൽ എത്തിച്ചുനൽകുന്ന ബിസിനസ് നല്ലരീതിയിൽ മുന്നോട്ടുപോകുന്ന സമയത്താണ് രണ്ടുപേർ പരിചയപ്പെടുന്നത്. ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യാമെന്ന അവരുടെ വാക്കിൽവീണ ഇദ്ദേഹം, അവരുടെ തന്നെ ആവശ്യപ്രകാരം അവർക്ക് താമസത്തിന് ഫാറ്റ് എടുത്തുനൽകി. ബിസിനസ്സിൽ പണം മുടക്കിയില്ലെന്ന് മാത്രമല്ല, ഫ്ളാറ്റ് വാടക നൽകാതെ ഇദ്ദേഹത്തെ കബളിപ്പിക്കുകയുംചെയ്തു. ബിസിനസാവശ്യത്തിന് വെച്ചിരുന്ന പണം തീരുകയും പിന്നെയുള്ള ചെക്കുകളുടെ പേരിൽ കേസായി, അറസ്റ്റിലായി ജയിലിലും കിടന്നു.
ജയിലിൽനിന്ന് ഇറങ്ങിയശേഷം ഇവർക്കെതിരേ  കേസുകൊടുക്കുമെന്ന് പറഞ്ഞതിനെത്തുടർന്ന് പണം ഉടൻ നൽകാമെന്ന വ്യാജേന കരാറുണ്ടാക്കി അവർ നാടുവിട്ടു. ഇതോടെ ഇദ്ദേഹം പൂർണമായും വെട്ടിലായി. അതിനിടെ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ ചികിത്സയിലുമായി. ലക്ഷങ്ങളുടെ ബാധ്യത വന്ന ഇദ്ദേഹത്തിന് ദുബായ് ചാരിറ്റി വക ഒരു പങ്ക് ആശ്വാസമായി ലഭിച്ചു. ഒരുമാസമായി ദുബായ് പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ ഫൊറൻസിക് ഡിപ്പാർട്ടുമെന്റിൽ സൂക്ഷിച്ചിരുന്ന അജ്ഞാതമൃതദേഹം ഇദ്ദേഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.
ഒരുപാട് സ്വപ്നങ്ങളിൽ ജീവിച്ച, ആകസ്മിക വഞ്ചനയിൽപ്പെട്ട് തളർന്നുപോയ ഒരാൾ. ഉണ്ടായതെല്ലാം  ആർക്കോവേണ്ടി നഷ്ടപ്പെടുത്തി ഒന്നുമില്ലാതായ അയാളെ ആയിരുന്നല്ലോ നേരത്തേ  വാട്‌സാപ്പിലെ മരണവാർത്തയ്ക്ക് ഒപ്പം കണ്ടതെന്ന ദുഃഖം മാത്രം ബാക്കി. ഒരാൾ ലോകത്തോട് വിളിച്ചുപറഞ്ഞതാവണമെന്നില്ല, പറയാതെ ഇനിയുമൊരുപാട് അടക്കിപ്പിടിച്ചുവെച്ച് മരവിച്ചുപോയ അതിനേക്കാൾ ആഴമുള്ള സങ്കടരഹസ്യങ്ങൾ!