അതു പിന്നേം വിചിത്രമായ ശബ്ദത്തോടെ മൂളുന്നു ..
‘വെല്ലിമ്മോ .. ഇതെന്താ രണ്ടീസായി ഈ സമയത്തിങ്ങനെ ഒച്ചയിടുന്നെ ..?’
‘ആര് ..?’
‘വെല്ലിമ്മാക്ക് കേൾക്കണില്ലേ’ 
നിസ്സംഗതയോടെ വെല്ലിമ്മ ചെവിയോർത്തു ... എന്നിട്ട് എന്നോടായി പറഞ്ഞു ..
‘അത് കുറ്റിചൂടൻ ആണ് ..’
‘അതെന്താ സാധനം’ 
‘അതൊരു കിളി ..’
‘കിളിയോ അതെന്തിനാ ഇങ്ങനെ കരയുന്നെ’ 
‘മരണം അറിയിക്കാൻ ..’
‘ആരുടെ മരണം !’
‘അതു കരഞ്ഞാൽ ആരെങ്കിലും മരിക്കും, അങ്ങനെയാ ശാസ്ത്രം.’
അതുംപറഞ്ഞ്‌ ആ വലിയ ഉമ്മറത്തുനിന്ന് വെല്ലിമ്മ മുണ്ടൊന്നൂടെ അരയിൽ ഉറപ്പിച്ചുകെട്ടി കട്ടിലു ലക്ഷ്യം വെച്ചു നടന്നു ...
വീണ്ടും അതിന്റെ കരച്ചിൽ ...
പുറത്തെ മെർക്കുറി വെളിച്ചത്തിൽ ഞാൻ ദൂരേക്ക് നോക്കി ..
ഇരുട്ടാണ് .. ഒന്നും കാണുന്നില്ല .. ആരാവും മരിക്കാ ..
ഞാനാവോ  അതാവോ നിക്ക് മാത്രം എന്നും കേൾക്കണത് ..
ഞാൻ എങ്ങനാവും മരിക്കാ ?
ആ ഇരുട്ടിലേക്കുതന്നെ നോക്കി കുറച്ചുനേരമിരുന്നു,
പിന്നേം ആ കിളി കരയുന്നുണ്ട് ..
പക്ഷെ അതിനെ കാണുന്നില്ല ..
ലക്ഷ്മിയേടത്തിടെ പറമ്പിലാണ് ..
അവിടുന്നാ പാല് വേടിക്കല് ..
അവരുടെ പറമ്പു വിജനമാണ് ..
നിറയെ മരങ്ങളും തെങ്ങുകളും, അതിനിടയിലെവിടെയോ ആണ് ആ കിളി,
വെല്ലിമ്മ പറഞ്ഞുകേട്ടിട്ടുണ്ട് അവിടെ ആരെയൊക്കെയോ അടക്കംചെയ്തിട്ടുണ്ട് ..
മരിച്ചവരൊക്കെ അവിടെ ഇണ്ടല്ലോ, പിന്നെന്തിനാ ഇപ്പൊ ഈ കിളി കരയണേ !
പെട്ടെന്നവിടെ ഒരു അനക്കം പോലെ ..
ആരോ വരുന്നുണ്ടൊ ..
സൂക്ഷിച്ചു നോക്കുംന്തോറും ആ രൂപം കൂടുതൽ അടുത്തേക്ക് ...
അകത്തേക്ക് ഓടിയാലോ
അപ്പോഴേക്ക് ഒരു വിളി ..
‘മോളെ ..’
‘ഹോ .. കുഞ്ഞുപ്പ ആയിരുന്നോ!’, ജാള്യത മറച്ചു ചോദിച്ചു ,
‘എന്തെ പേടിച്ചാ?’
‘ഹേയ് ..കുഞ്ഞുപ്പാ ഈ കുറ്റിചൂടൻ കരഞ്ഞാൽ ആളോള് മരിക്കൊ ..’
‘ആരാ പറഞ്ഞെ ?’
‘വെല്ലിമ്മ ..’
‘ഹേയ് ഇല്ലല്ലോ ..’
അതുംപറഞ്ഞ്‌ കപ്പലണ്ടി പൊതിയുംതന്നു കുഞ്ഞുപ്പെം പോയി ..
ആളിനി ഭക്ഷണംകഴിച്ചു സ്വർണക്കളറുള്ള ടേപ്പ് റെക്കോർഡറിൽ, സാവധാനത്തിൽ വല്യ ബഹളമില്ലാത്ത ഹിന്ദി കേസറ്റൊക്കെ ഇട്ട്‌ പാട്ടുകേട്ടു കിടക്കും .. ഗസൽ എന്നാണത്രെ പറയാ.
രാത്രിയിൽ ഉമ്മോട് ഇതുതന്നെ ആവർത്തിച്ചു,
വെല്ലിമ്മ പറഞ്ഞത് ഉമ്മേം പറഞ്ഞു,
ഇത്തിരി പേടി തോന്നിയെങ്കിലും ഉമ്മാനെ കെട്ടിപ്പിടിച്ചു കിടന്നു ..
ഉണ്ണി അപ്പുറത്തുണ്ട് ..
അവൻ നേരത്തെ ഉറങ്ങിയല്ലോ ..
അവൻ കുറ്റിചൂടനെ കണ്ടു കാണുമോ 
ഇല്ലായിരിക്കും .. കുഞ്ഞല്ലേ ..
പിറ്റേന്ന് വൈകീട്ട് ട്യൂഷന് പോകുമ്പോ ആ പറമ്പിലേക്ക് നോക്കി ..
അവിടെ ആരുമില്ല ..
മുകളിലേക്ക് നോക്കിയപ്പൊ,
കാക്കയല്ലാണ്ട് ഒന്നൂല്ല..
താഴെ മോഹനേട്ടൻ പശൂനെ കെട്ടുന്നുണ്ട്,
എന്റെ മോളിലോട്ടുള്ള നോട്ടംകണ്ടു ആള് ചോദിച്ചു,
‘എന്തെ?’
‘ഒന്നുല്ല, ഇങ്ങള് കുറ്റിച്ചൂടാനേ കണ്ടുണ്ടോ?’
‘ആ ഉണ്ടല്ലോ, എന്തെ’ 
‘അതെന്തിനാ കരയണേ?’
‘അതിനു കരച്ചില് വന്നിട്ട് !’
‘അപ്പൊ അത് കരഞ്ഞാൽ ആള് മരിക്കൊ?’
പൊട്ടിച്ചിരിയായിരുന്നു മറുപടി.
‘അനക്ക് പാല് വേണ്ടേ?’
‘ഞാൻ ട്യൂഷന് പോവാ, ഉമ്മവരും.’
‘ന്നാ പോകാൻ നോക്ക് കുട്ടിയെ ..’
ശെരിയാ വൈകി,
ഇത്തിരി വേഗത്തിൽ ഓടി, വായ് നോക്കിനിന്ന് സമയം പോയി ..
കോഴിക്കുളങ്ങര അമ്പലം എത്തിയപ്പോ വെടി പൊട്ടിക്കാൻ സമയമായിട്ട്‌ണ്ട്,
ന്നെ കണ്ടപ്പോ അയാള് പതിവുപോലെ ചോദിച്ചു,
‘ഓടുന്നുണ്ടോ കുട്ടി?’
‘ഓടുവാണ്, ഇങ്ങള് ഞാനപ്പുറത്തെത്തീട്ടു പൊട്ടിച്ചാമതി ...’
ആള് ചിരിച്ചു ..
ഇന്നും ഞാൻ റോഡ് കടക്കുംമുൻപേ ആള് വെടി പൊട്ടിച്ചു, പിന്നെന്തിനാവോ ചോയിക്കണേ ..
ഞാൻ ചെവി പൊത്തീണ്ടായിരുന്നു, എന്നെ പറ്റിക്കാനൊന്നും പറ്റില്ല.
ട്യൂഷൻടീച്ചറെ വീടെത്തിയപ്പോ എല്ലാരുമുണ്ട്
‘നീയെന്താ വൈകിയേ?’
‘സ്‌കൂളിന്നുവരാൻ വൈകി,’
‘ഇന്നും ജീപ്പ് കിട്ടിയില്ലേ,?’
അത് കേട്ടപ്പോ കണ്ണനൊരു ചിരി, അവന്റെ അച്ഛൻ പോലീസാണ്.
ന്റെ ഉപ്പ പേർഷ്യയിലാ, ഇത്തവണ വരുമ്പോ ഓന് ഞാൻ മുട്ടായി കൊടുക്കില്ല, നോക്കിക്കോ.
നിക്ക് ദേഷ്യംവന്നു, ആ കോന്തന്റെ ജീപ്പിലാ വരവും പോക്കും,
പോകുമ്പോ ഒന്ന് വിളിച്ചൂടെ അയ്‌ന്, വല്യ പഠിപ്പിസ്റ്റ് ...
‘ഇരിക്കണുണ്ടോ കുട്ടി നീയ് !’
ഇരുന്നു ബുക്ക് തുറന്നപ്പോ വീണ്ടും അതോർമവന്നു ..
‘ടീച്ചറെ .. കുറ്റിചൂടൻ കരഞ്ഞാൽ മരിക്കൊ?’
‘അനക്ക് നാളെ കണക്ക്‌ പരീക്ഷയല്ലേ?’
‘ആ, എഴുതാൻ നോക്ക്, നേരംവൈകി വന്നതുംപോരാ ..’
ടീച്ചറ്‌ ചൂടിലാ,
പക്ഷെ പാവാണ്, വല്യ നീളൻ പാവാടയും നല്ല കളറ് കുപ്പായോം ..നെറ്റിയിൽ ചന്ദനക്കുറി, അതിനുതാഴെ ഒരു കുഞ്ഞി കറുത്ത പൊട്ടും ..
കറുത്ത് ഇടതൂർന്നു മുട്ടറ്റമുള്ള മുടിയാണ്,
കുളി മുടച്ചിലിനിടയിൽ മുല്ലപ്പൂവോ തുളസിക്കതിരോ കാണും ...
കുട്ടിക്കൂറയുടെ മണമാണ് ടീച്ചർക്ക് ..
വെളുത്തുമെലിഞ്ഞൊരു സുന്ദരിതന്നെ ..
ടീച്ചറുടെ കല്യാണമാണ് അടുത്തമാസം ..
ടീച്ചറു പോയാൽ ഞാൻ എവിടാ ട്യൂഷന് പോവാ!
‘നീ എഴുതണില്ലേ?’
ഓ എഴുതിയേക്കാം .. കണക്കു പരീക്ഷക്കെന്നും 17 ആണ് മാർക്ക്, പിന്നെ ടീച്ചറൊരു അരെംകൂടെ ഇട്ടുതന്നു ജയിപ്പിക്കും.
ഇത്തവണ ആ അര ഞാൻ എഴുതിമേടിക്കും ഉറപ്പാ.
പിറ്റേന്ന് സ്കൂൾ വിട്ടുവരുമ്പോ മമ്മി-അമ്മായി വീട്ടിൽ ഉണ്ട്,  ഫെമിയും ..
അവളെ കണ്ടതും നിക്ക് ട്യൂഷന് പോകാൻ മടിതോന്നി ..
ഉമ്മ ചായ തന്നു ..
‘ന്നാലും ആ കുട്ടിയിപ്പോ എന്തിനാകും അത് ചെയ്തത്?’
‘ആർക്കറിയാം, സാമ്പത്തികപ്രശ്നാകുമോ?
ഹേയ് അതിനുമാത്രം ഇപ്പൊ എന്താ?’
ഇവരാരെക്കുറിച്ചാ ഈ പറയുന്നേ എന്നറിയാതെ ഞാൻ മമ്മിനെം ഉമ്മാനേം കുഞ്ഞുപ്പനേം ഒക്കെ മാറി നോക്കി ..
ഫെമിക്കതു മനസ്സിലായി,
‘റസീ, ട്യൂഷൻടീച്ചറു മരിച്ചു’
‘മ്മടെ ട്യൂഷൻ ടീച്ചറോ? എങ്ങനെ!?’
‘അറിയില്ല ..തൂങ്ങിമരിച്ചതാത്രെ ..’
ഞാൻ പുറത്തേക്കോടി, വെല്ലിമ്മ അവിടുണ്ട്‌ ..
‘വെല്ലിമ്മാ ട്യൂഷൻ ടീച്ചറു മരിച്ചു’
‘ഉം .. അറിഞ്ഞു.’
ഞാനല്ല ..ടീച്ചറാണ് മരിച്ചത് ..
കഷ്ടായിലോ, ന്റെ കണ്ണൊക്കെ നിറഞ്ഞു.
അതിന്റെ കരച്ചിൽ കേൾക്കേണ്ടിയിരുന്നില്ല,
വെല്ലിമ്മ ഇന്നില്ല,
മോഹനേട്ടനും,
ടീച്ചറും ഇല്ല,
ആ പക്ഷി (കൂമൻ, കാലൻകോഴി) കരഞ്ഞാൽ മരിക്കൊ എന്നു ഇപ്പോഴും അറിയില്ല ..
മഴയും വെയിലും ഒന്നിച്ചുവന്നാൽ കുറുക്കന്റെ കല്യാണം എന്നൊക്കെ പറയുംപോലെ ഒക്കെയാകും ഇതും ..
പക്ഷെ സത്യകഥ എന്തായാലും അതിൽപിന്നെ രാത്രി ഞാൻ ഉമ്മറത്തിരിക്കലില്ല,
ഒരു പേടിവരും ..
കുറ്റിചൂടൻ ഇനിയും കരഞ്ഞാലോ 
ആരെങ്കിലും പിന്നേം മരിച്ചാലോ?