കോവിഡിന്റെ അതിയപഹാരം തെല്ലൊന്നു കുറഞ്ഞ കാലത്ത്, ഫെബ്രുവരിയിൽ നാട്ടിൽപോയി. വീട്ടിൽ അടച്ചിട്ടിരുന്ന ഏഴുദിവസങ്ങളിൽ വിളിച്ചുണർത്താൻ കാക്കകളുടെ ഒച്ചയ്ക്ക് കാതോർത്തു. നിരാശപ്പെട്ടു. കാക്കകളിൽ ചിലർ നമ്മുടെ പ്രപിതാക്കളാണ്. വർഷത്തിലൊരിക്കൽ നമ്മൾ കൈയടിച്ചുവിളിച്ച് അന്നം കൊടുത്ത്  ഓർമകളിലേക്ക് പുനരാനയിക്കുന്നവർ. അവരെയാണ് കാണാനില്ലാത്തത്. അവരുടെ ഒച്ചയാണ് നമ്മുടെ ഗ്രാമങ്ങളിൽനിന്ന് കാണാതെ പോയത്. 
വീണ്ടും ദുബായിലേക്ക് തിരികെയെത്തി. പതിവുനടത്തത്തിന്റെ ഒരു വൈകുന്നേരപ്പകുതിയിൽ തലയ്ക്കുമുകളിൽ, നടത്തവഴിയിൽ ഒരു കാക്കയുടെ ഒച്ചകേട്ടു. വഴിക്കരികിൽ ഒരു മരത്തിലിരുന്ന്  നോക്കുന്ന ഒരു കാക്ക. അതിന്റെ തൂവലിന്റെ നിറം കൊണ്ട്, നോട്ടത്തിന്റെ  അതിസൂക്ഷ്മതകൊണ്ട് അത് വ്യക്തമാക്കുന്നുണ്ട് സ്വന്തം പ്രായം. 
ഞാൻ ചെയ്ത തെറ്റുകൾക്ക് എന്നോടുള്ള ശകാരം പോലെ അത് വീണ്ടും കരഞ്ഞു. ചരിഞ്ഞും ചരിഞ്ഞും കഴുത്ത് വളച്ച്‌ വീണ്ടും വീണ്ടും നോക്കി. കാത്തിരുന്ന ആൾ തന്നെയാണെന്ന്  ഉറപ്പാക്കുംപോലെ. നടക്കുന്നതിനനുസരിച്ച് അത് പിന്നാലെ പറന്നു. അടുത്തടുത്തുള്ള മരങ്ങളിൽ ഇരിപ്പായി. വീണ്ടും നോക്കി. വീണ്ടും പറന്നു, പിന്നാലെയെത്തി. 
നടന്നുനടന്ന് തൊട്ടടുത്തുള്ള റോഡ് കടന്ന്‌ മറുവശത്ത് എത്തി. അവിടെ മരങ്ങളില്ല. ഇനി കാക്കയെങ്ങനെ  പിന്തുടരും, തന്നെ കാത്തെങ്ങനെ മരച്ചില്ലയിൽ ഇരിക്കും എന്നതായിരുന്നു ഈ വശം മാറ്റത്തിനുപിന്നിലെ ബുദ്ധി. അത് തൊട്ടുപിന്നാലെ റോഡ് കടന്ന്‌ പറന്നു. നിലത്തിരുന്നു. പിന്നെ ചെറിയ ദൂരങ്ങൾ പറന്നു. വല്ലാത്തൊരു ഭയം തോന്നി. ഏതെങ്കിലും തെറ്റിന്റെ പേരിൽ ശിക്ഷ വിധിച്ച് അത് പറന്നുവന്ന് കണ്ണിൽ കൊത്തിയാലോ. ഒന്നുംപറ്റിയില്ലെങ്കിൽ തലയിൽ കൊത്താലോ. ഞങ്ങൾ പരസ്പരം മത്സരിച്ചുനടന്നു, പറന്നു. ഒടുവിൽ അപ്പാർട്‌മെൻറിലേക്ക് ഞാൻ ഓടിക്കയറി. അതിനുശേഷവും സായാഹ്ന നടത്തങ്ങൾക്ക് പോയി. പക്ഷേ,  കാക്കയെ കണ്ടില്ല.
മറ്റൊരു ദിവസം. ഇത്തവണ നടത്തത്തിന്റെ സമയം മാറി.  പ്രഭാതത്തിലാണ്. വഴിയിൽ ഒരു പുൽക്കൂട്ടം. അതിൽ ഒരു പുല്ലിന്റെ തണ്ട് ചലിക്കുന്നു. സൂക്ഷിച്ചുനോക്കുമ്പോൾ അതിൽ നാലഞ്ചു അടയ്ക്കാകുരുവികളുടെ വലുപ്പമുള്ള, അതേ രൂപത്തിലുള്ള ചെറുപക്ഷികൾ. അവയുടെ ഭാരത്താൽ പുൽത്തണ്ടു ചലിക്കുന്നു. പുല്ലിന്റെ അറ്റം ഭൂമിയെ തൊടുമ്പോൾ സ്വയം ശരീരത്തെയും ചലനത്തെയും ഒതുക്കി പുൽത്തണ്ടിനെ പഴയസ്ഥാനത്തേക്ക് തിരികെയെത്തിക്കുന്നു പക്ഷികൾ. പുൽത്തണ്ട്  അവയുടെ ചലനം, സ്വയം ആസ്വദിക്കുന്നതുപോലെ തോന്നി. കുറച്ചുനിമിഷങ്ങൾക്കുശേഷം പക്ഷികൾ പറന്നുപോയി. പക്ഷികൾ  പോയത് അറിയാതെയാവും പുൽത്തണ്ട് കുറെ നേരംകൂടി പഴയതുപോലെ ചലിച്ചുകൊണ്ടിരുന്നു. മഴ തോർന്നശേഷവുമുള്ള മരത്തിന്റെ പെയ്യൽപോലെ അത്. ജീവിതത്തിൽ നമ്മളെ തേടിയെത്തുന്ന, നമ്മൾ തേടിപ്പോവുന്ന, മനുഷ്യരെ ഓർമിപ്പിച്ചു ആ കാഴ്ച.  അവർ കൂടെയുണ്ടാവുമ്പോൾ അവർക്കൊപ്പം ചലിക്കാൻ നമ്മൾ ജീവിതത്തിന്റെ രീതികളെ പൊരുത്തപ്പെടുത്തുന്നു. അവർ പോയതിനുശേഷം ഒരു ചെറിയ കാലത്തേക്കെങ്കിലും നമ്മൾ ആ പൊരുത്തപ്പെടലുകൾക്ക് ഒപ്പം ജീവിക്കുന്നു. ചിലപ്പോൾ ഏറെ സമയമെടുത്ത് നമ്മുടേതുമാത്രമായ ജീവിതത്തിലെ, അതിന്റെ താളക്രമങ്ങളിലേക്ക് തിരികെയെത്തുന്നു. 

********

ദുബായ് ഏറെ അദ്‌ഭുതങ്ങൾ സമ്മാനിച്ച ഇടമാണ്. ബന്ധങ്ങളിൽ മാത്രമല്ല, അതിന്റെ ജൈവവൈവിധ്യത്തിലും. അതുവരെ കണ്ട ഇടങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്നു.  മരുഭൂമിയാവും ഭൂമിയിലെ ഏറ്റവും ജൈവവൈവിധ്യമുള്ള ഇടം എന്നുതോന്നാൻ  ഒരുകാരണം  മരുഭൂമിയിൽ മനുഷ്യൻ വസിക്കുന്ന ഇടങ്ങളെ  അതിന്റെ ഉദാഹരണങ്ങളായി എടുക്കാം. ചെറിയ ചെറിയ സസ്യങ്ങൾ, ചൂടിന്റെ അതികാഠിന്യത്തെയും തണുപ്പിന്റെ മരവിപ്പിനെയും മറികടന്ന്‌ വളരെ അലസമായി പടർന്നുകിടക്കുന്ന മണ്ണിൽ വേരൂന്നിനിൽക്കുന്നു. ഋതുക്കൾ മാറുന്നതിനുസരിച്ച്  അവരുടെ രൂപംമാറുന്നു. ഒടുവിൽ പൂവിടുന്നു. 
ഏറ്റവുംചെറുതിന്റെ ഭൂമിയിലെ അതിജീവനത്തിന്റെ അടയാളംപോലെ. കാലങ്ങൾക്കുശേഷം സ്കൂൾകാലത്ത് പരസ്പരം നെറ്റിയിൽ ഇടിച്ച്‌  പടക്കത്തിന്റെ ഒച്ചയിൽ പൊട്ടിച്ച ഞൊട്ടയ്ക്ക, ചെമ്പരത്തിയും തെച്ചിയും പല നിറങ്ങളിലുണ്ട്. 
ഇപ്പോൾ ഇവിടത്തെ ആകർഷണം ജലസസ്യങ്ങളാണ്. പല നിറത്തിലുള്ള ആമ്പലുകൾ വിരിഞ്ഞുനിൽക്കുന്ന ടെറസുകൾ. താമരയുടെ കുട്ടിരൂപം മുതൽ സാദാ വലുപ്പംവരെ വളർത്താൻ ശ്രമിച്ചുനോക്കുന്നവർ. പണ്ട് തുണികൾ ഉണങ്ങാൻമാത്രം ഉപയോഗിച്ചിരുന്ന ബാൽക്കണികൾ ഇന്ന് പച്ചപ്പിന്റെ താഴ്‌വാരങ്ങളാണ്. വാഴ മുതൽ ശംഖുപുഷ്പം വരെ. നാരകം മുതൽ പപ്പായ വരെ. പച്ചപ്പിന്റെ വൈവിധ്യമാണ്. നെല്ല് കൃഷിചെയ്യുന്നവരെപ്പറ്റി  പറയേണ്ടതില്ലല്ലോ. 
അലങ്കാരമത്സ്യങ്ങളില്ലാത്ത വീടുകൾ കുറവാണ്. മത്സ്യങ്ങൾക്കൊപ്പം പച്ചപ്പിന്റെ ഒരുതുണ്ട്  ആ ജലത്തിൽ നിലനിർത്താതെ മനസ്സ് അടങ്ങാത്ത മനുഷ്യരിൽ മലയാളികൾ എന്നോ പടിഞ്ഞാറൻ ദേശക്കാർ എന്നോ വ്യത്യാസമില്ല. ജീവിക്കുന്നത് എത്രചെറിയ ഇടത്താണെങ്കിലും ആ മുറിയെ പച്ചപ്പുകൊണ്ട് അലങ്കരിക്കുന്നവരായി ഭൂരിഭാഗം മനുഷ്യരും മാറിക്കഴിഞ്ഞിരിക്കുന്നു.  
അടുത്തിടെ ആദ്യമായി ഒരു തുമ്പിയെ കണ്ടു ബാൽക്കണിയിൽ. അത് ചിരപരിചിതനായ ഒരാളെ എന്നോണം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തുതന്നു. തുമ്പികളുടെ ഖസാക്ക്‌ ഓർമിപ്പിക്കാൻ വന്നതാവണം. മറ്റേതോ ഒരു ലോകത്തുനിന്ന് ഒരു ഹ്രസ്വ സന്ദർശനം. പക്ഷികളെപ്പറ്റി  ഒന്നുകൂടി പറയാനുണ്ട്. പ്രകൃതിയിൽ വളർത്തുമൃഗങ്ങൾ കഴിഞ്ഞാൽ ഈ ശ്രദ്ധക്ഷണിക്കൽ ത്വര കൂടുതലായുള്ളത് പക്ഷികൾക്കാണ് എന്നുതോന്നും ചിലപ്പോൾ. മനുഷ്യരെ കണ്ടാൽ പെട്ടെന്ന് തങ്ങളുടേതായ ഭാഷയിൽ താളാത്മകമായി സംസാരിക്കാൻ ശ്രമിക്കുന്ന പക്ഷികളെ കാണാറുണ്ട് ഈയിടെയായി. ഒരുകൂട്ടം പക്ഷികൾ ചേർന്നിരിക്കുന്നതിൽ ഒരാളോ രണ്ടാളോ മാത്രമാകും ഉടലാകെ കുലുങ്ങുംമട്ടിൽ ഇങ്ങനെ സംസാരിക്കാൻ തുടങ്ങുക. നടന്നുപോവുന്ന ഒരാൾ തന്നെ ശ്രദ്ധിക്കുന്നു എന്ന വിശ്വാസം വരുന്നതുവരെ ആ പക്ഷി തന്റെ ഒച്ചപ്പെടൽ തുടർന്നുകൊണ്ടിരിക്കും. നമ്മളും ചിലപ്പോൾ അങ്ങനെ ആണല്ലോ.