ജീവിതത്തില്‍ നമ്മെ അലോസരപ്പെടുത്തുന്ന ഏതെങ്കിലുമൊക്കെ കാര്യങ്ങള്‍ ചില അവസരങ്ങളില്‍ ഉണ്ടാകാറുണ്ട്. അവ നമുക്ക് ചിലപ്പോള്‍ നാമറിയാതെ ഗുണകരമായും മാറാറുണ്ട്. ചിലപ്പോള്‍ അത്തരം കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുകപോലുമില്ല. നെഗറ്റീവ് കാര്യങ്ങള്‍പോലും പോസിറ്റീവായി മാറുന്ന അവസ്ഥ. സമൂഹത്തിന് മൊത്തത്തില്‍ ദോഷമാകുന്ന ചിലരുടെ പ്രവൃത്തികള്‍ ചില സന്ദര്‍ഭങ്ങളില്‍ പുതുജീവന്‍ നല്‍കുന്ന അവസ്ഥ.

ഉദാഹരണത്തിന് സിനിമകളിലെ ഒരു സ്ഥിരം ക്ലീഷേ സീനിലേക്കു നോക്കിയാല്‍ രാത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കള്ളന്‍ മോഷ്ടിക്കാന്‍ കയറുന്നതും യുവതിയുടെ ആത്മഹത്യശ്രമം കാണുന്നതും അയാള്‍ അവളെ രക്ഷിക്കുന്നതുമൊക്കെ നമ്മള്‍ പല സിനിമകളിലും കണ്ടിട്ടുണ്ട്. മോഷണശ്രമത്തിനാണ് അയാള്‍ കയറിയതെങ്കിലും ആ കുടുംബത്തിന് ഒരു ജീവന്‍ തിരികെക്കിട്ടുകയാണ്. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഓരോ പ്രവൃത്തിയിലും, ഓരോ അവസ്ഥകളിലും ചില നന്മകളും ചില തിന്മകളും സംഭവിക്കുന്നു.

ജീവിതത്തില്‍ ഗുണകരമായി മാറിയ ഒരു സംഭവം പറയാം. കോവിഡ് മഹാമാരി പിടിച്ചുകെട്ടിയിട്ട ലോകത്ത് ജീവിക്കുന്ന നമ്മളില്‍ സംഭവിച്ച മാറ്റങ്ങള്‍ നിരവധിയാണ്. ഒരുപാട് പുതിയ പാഠങ്ങള്‍ പഠിച്ചു. മുഖാവരണത്തിന്റെയും സാനിറ്റൈസറിന്റെയും നിത്യോപയോഗംമുതല്‍ ജീവിതചര്യയിലുണ്ടായ മാറ്റങ്ങള്‍വരെ. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍, വര്‍ക്ക് ഫ്രം ഹോം രീതികള്‍ എന്തിനേറെ പറയുന്നു, മൂക്കിലൂടെ സ്റ്റിക്കിട്ട് സ്രവം എടുത്തുള്ള പരിശോധനപോലും പുതുമയുള്ളത്. ആരോഗ്യകാര്യങ്ങള്‍ കുറെക്കൂടി ശ്രദ്ധാലുക്കളായി.

ദിവസവും വ്യായാമത്തിനായി മാറ്റിവെച്ചു. ചുരുങ്ങിയത് ദിവസം അഞ്ചുകിലോമീറ്ററെങ്കിലും നടക്കാന്‍ തുടങ്ങി. വ്യായാമം ചെയ്യാന്‍ മടിയുണ്ടായിരുന്ന കാലത്തില്‍നിന്ന് മാറ്റങ്ങള്‍ സംഭവിച്ചു. കൂടെ മൊബൈല്‍ ഫോണും കൈയില്‍ വെക്കും. നാട്ടിലേക്കുള്ള വിളികളെല്ലാം ആ സമയത്തേക്ക് മാറ്റിവെച്ചു. നടത്തം കഴിഞ്ഞുവരുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കും.

മകന് ആറാം മാസത്തിലെ വാക്‌സിനെടുത്ത ദിവസമാണ് അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടായത്. മകന് പനിയുണ്ട്. എന്തായാലും രാവിലെ നടക്കാനിറങ്ങുമ്പോള്‍ പനിക്കുള്ള അഡോള്‍ സിറപ്പ് കൂടി വാങ്ങിക്കാന്‍ വീട്ടുകാരി പറഞ്ഞേല്‍പ്പിച്ചു. ക്രെഡിറ്റ് കാര്‍ഡ് എടുത്ത് ട്രൗസറിന്റെ പോക്കറ്റിലിട്ടു. പതിവുപോലെ നാട്ടിലേക്കുള്ള ഫോണ്‍വിളികളുമായി നടത്തം തുടങ്ങി. പല പരിചിതമുഖങ്ങളും കടന്നുപോയി. എല്ലാം കഴിഞ്ഞ് മരുന്നുവാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിന് മുന്നിലെത്തി പോക്കറ്റില്‍ കൈയിട്ടു. ക്രെഡിറ്റ് കാര്‍ഡില്ല. അഞ്ചുകിലോമീറ്റര്‍ നടത്തത്തിന്റെ വിയര്‍പ്പിനുപുറമെ വീണ്ടും വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. വീട്ടിലേക്ക് വിളിച്ചുചോദിച്ചു. അവിടെയില്ലെന്ന് മറുപടി. എവിടെ പോയെന്ന് ഒരെത്തുംപിടിയുമില്ല. നടന്ന വഴികളിലേക്ക് വീണ്ടും തിരിഞ്ഞോടി. ബാങ്കില്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ആക്കുന്നതിന് മുന്‍പ് ഒന്നുകൂടി തിരയാമെന്ന് മനസ്സ് പറഞ്ഞു.

ഒരു കിലോമീറ്ററോളമായപ്പോള്‍ ഒരു സ്‌കൂള്‍ കോമ്പൗണ്ടിന് ചുറ്റും നിറയെ മസാജ് കാര്‍ഡുകള്‍ വീണുകിടക്കുന്നത് കണ്ടു. അതിനിടയില്‍ ചുവന്ന നിറത്തില്‍ ക്രെഡിറ്റ് കാര്‍ഡും. അതുവഴി കടന്നുപോയ ഒരാളുടെയും ശ്രദ്ധയില്‍പെടാത്ത വിധത്തിലാണ് ക്രെഡിറ്റ് കാര്‍ഡ് മസാജ് കാര്‍ഡുകള്‍ക്കിടയില്‍ കിടന്നത്. അന്നാദ്യമായി മസാജ് കാര്‍ഡുകളോട് വല്ലാത്ത മതിപ്പുതോന്നി. ടെന്‍ഷനടിച്ച കുറച്ച് നിമിഷങ്ങള്‍ക്ക് വിരാമം. വളരെ നിസ്സാരമായും പുച്ഛത്തോടെയും കണ്ട മസാജ് സെന്ററിലെ കാര്‍ഡുകള്‍പോലും ജീവിതത്തില്‍ വലിയ സഹായമായി വന്നു. ജീവിതത്തിലെ ഏത് ചെറിയ സംഭവവും നാമറിയാതെ തുണയായോ സഹായമായോ വന്നേക്കാം. ഇതൊരു ചെറിയ സംഭവമായി തോന്നിയേക്കാം, പക്ഷേ ജീവിതത്തിലുണ്ടായ വലിയൊരു ആപത്ഘട്ടം തരണംചെയ്ത സന്തോഷത്തിലാണ് ഞാനിന്ന്.

കോവിഡ് മഹാമാരി പിടിച്ചുകെട്ടിയിട്ട ലോകത്തെ ജീവിതത്തിലെ മാറ്റങ്ങള്‍ ഒട്ടേറെയാണ്. മുഖാവരണത്തിന്റെയും സാനിറ്റൈസറിന്റെയും നിത്യോപയോഗം മുതല്‍ ജീവിതചര്യയില്‍ ഉണ്ടായ മാറ്റങ്ങള്‍വരെ. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍, വര്‍ക്ക് ഫ്രം ഹോം രീതികള്‍. കൂടാതെ ആരോഗ്യകാര്യങ്ങളില്‍ കൂറേക്കൂടി ശ്രദ്ധാലുക്കളായി