അറിവിന്റെ ചൂട്ടുവെളിച്ചം ഒരു നാടിനുവേണ്ടി തെളിയിക്കാന്‍ യു.എ.ഇ.യിലുള്ള മീങ്ങോത്ത് ഗ്രാമത്തിലെയും പരിസരപ്രദേശത്തുമുള്ള ചെറുപ്പക്കാര്‍ കണ്ട സ്വപ്നത്തിന് ചിറകുമുളച്ചത് 2017-ലാണ്. കാസര്‍കോട് ജില്ലയിലെ അമ്പലത്തറ ചാലിങ്കാല്‍ റോഡില്‍ മീങ്ങോത്ത് പാലത്തിനുമുമ്പായാണ് പ്രവാസി അസോസിയേഷന്‍ ലൈബ്രറി മീങ്ങോത്ത് സ്ഥിതിചെയ്യുന്നത്. രണ്ടുനില കെട്ടിടത്തില്‍ മുകളിലെ നിലയിലാണ് ലൈബ്രറി. 2500-ലേറെ പുസ്തകങ്ങള്‍ ഇവിടെയുണ്ട്. 150 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍ താഴെയാണ്. നിരവധി സാംസ്‌കാരിക പരിപാടികള്‍ക്കുപുറമേ ഇവിടെ നിരവധി ആനുകാലികങ്ങളും പത്രങ്ങളും ലഭ്യം. പുതുതലമുറയ്ക്ക് മികച്ച റഫറന്‍സ് ലൈബ്രറിയായും ഉപയോഗിക്കാം. അടുത്തിടെ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരവും ഇവിടെ തേടിയെത്തി.

യു.എ.ഇ.യിലെ സൗഹൃദങ്ങള്‍ വര്‍ഷങ്ങളായി അശ്രാന്തപരിശ്രമം നടത്തിയതിന്റെ പരിണതഫലമാണ് ഈ വായനശാല. നിസ്വാര്‍ഥമായ അര്‍പ്പണത്തില്‍ അവര്‍ ഏക സ്വരക്കാരായി. സാധാരണതൊഴിലുകളില്‍ ഏര്‍പ്പെട്ട ഭൂരിഭാഗം പേരും നാടിന് അക്ഷരവെളിച്ചം പകരുന്നതില്‍ ഉറച്ചുനിന്നു.

മണലാരണ്യത്തെ ഏകാന്തവാസത്തിലും അവധി ദിവസത്തെ വര്‍ണാഭമാകുന്ന സൗഹൃദത്തിലാണ് പൊതുനന്മയുടെ പൂക്കള്‍ വിടര്‍ന്നത്. സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും പ്രവാസത്തില്‍നിന്ന് വിരമിച്ചവരുടെയും നിര്‍ലോഭമായ സഹകരണമാണ് ഇതിനുപിന്നില്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാം ഓണ്‍ലൈനിലായ ഒരു വര്‍ഷത്തിനുശേഷം കുട്ടികള്‍ വായന രുചിച്ചുതുടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ ലോകത്ത് പുസ്തകങ്ങളുടെ അദ്ഭുതലോകത്തേക്കും വായനയുടെ അനന്തസാധ്യതകളിലേക്കും അവരുടനെ എത്തിച്ചേരും. ഭാവിയിലെ എഴുത്തുകാര്‍ ഇവിടെ പുനര്‍ജനിക്കും.