ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന മട്ടിലാണ് പല പ്രവാസികൾക്കും ഉത്സവങ്ങളും ആഘോഷങ്ങളും. സ്വപ്നത്തിലെ ചിന്താമലരുകളാകുന്ന ആഘോഷങ്ങൾക്ക് ഹരിതാഭയും പ്രവൃത്തിയിലെ ഉത്സവങ്ങൾക്ക് മരുഭൂജലം തേടുന്ന ഹാഗാറിന്റെയും ഇസ്മായിലിന്റെയും അവസ്ഥയുമായിരുന്നു എനിക്കും പ്രവാസ ആഘോഷങ്ങൾ.
ഓർമയുടെ പൂത്താലത്തിൽ വെക്കുവാൻ ബാല്യ-കൗമാരകാലത്ത് മധ്യതിരുവിതാംകൂറിലെ എന്റെ ഗ്രാമത്തിൽ വിഷുപ്പൂക്കൾ അധികം വിടർന്നിരുന്നില്ല. എങ്കിലും വായിച്ചും കേട്ടും അറിഞ്ഞ വിഷു എന്ന രണ്ടക്ഷരങ്ങളിൽ കണിക്കൊന്നയും പടക്കവുമാകുന്ന രണ്ട് വാക്കുകൾ ആകാശവിതാനത്ത് അന്ധകാരത്തെ പ്രകാശമാനമാക്കുവാൻ കിണഞ്ഞുശ്രമിക്കുന്ന നക്ഷത്രങ്ങളെപ്പോലെ മിന്നിത്തിളങ്ങിനിന്നു. ഇന്ന് പ്രവാസത്തിൽ ആ പ്രകാശത്തിന് ശോഭയേറുകയും ചെയ്യുന്നു.
മനുഷ്യൻ പ്രാർഥന ആരംഭിച്ച കാലംമുതൽ പൂക്കളും കരങ്ങളിൽ കരുതിയിട്ടുണ്ടാകണം. അതുകൊണ്ടാണ് അർച്ചനപൂക്കൾ മനുഷ്യമനസ്സുകളിൽ ഇന്നും വിടാതെ വിടരുന്നത്. മനുഷ്യനും ചെടികളും പൂക്കളും ദൈവചൈതന്യവുമായി സമ്മേളിക്കുന്ന പുണ്യദിനമാണ് മേടപ്പുലരിയിലെ വിഷു.
കാർഷികോത്സവമായ വിഷുവിന് തുല്യമായത് എന്നാണ് അർഥം. ഈശ്വരന് വിളകൾ കാഴ്ചവെക്കുന്ന കർഷകൻ, അടുത്ത ഒരു വർഷക്കാലം പൊലിമയോടെ വിള നൽകുവാൻ പ്രാർഥിക്കുന്നു. വിഷു പോലെത്തന്നെ ക്രിസ്ത്യാനികൾക്കിടയിൽ കൃഷിയിൽനിന്ന് ഒരുവിഹിതം ദേവാലയത്തിൽ സമർപ്പിക്കുന്ന രീതി ഉണ്ട്. ‘ആദ്യഫലം’ എന്നാണ് അത് അറിയപ്പെടുന്നത്. കൃഷിയിൽ നല്ല ഫലവും കോഴി, ആട്, പശു എന്നിവയിൽ മുന്തിയതും ദൈവത്തിന് നന്ദിയോടെ സമർപ്പിക്കുന്ന രീതി. ആദിപിതാക്കളുടെ മകനായ കായേൻ തന്റെ വിളവുകൾ ദൈവത്തിന് കാഴ്ചവെച്ചത് പഴയ നിയമത്തിൽ പറയുന്നുണ്ട്. അന്നും ഇന്നും കൃഷിയെ പരിപാലിക്കുന്ന ഈശ്വരന് മനുഷ്യൻ നൽകുന്ന നന്ദിസൂചകമാണ് ഈ സമർപ്പണം; ഭാരതവും അതിൽനിന്നും വിഭിന്നമല്ല.
കൗതുകകരം എന്ന് പറയട്ടെ, ഞാൻ ആദ്യവിഷു ആഘോഷിച്ചത് 2010-ൽ പ്രവാസത്തിലാണ്. അന്ന് കൂടെ ജോലി ചെയ്യുന്നവർ എല്ലാം ദിവസങ്ങൾക്ക് മുമ്പേ ഒരുക്കമായി. ദൂരെദേശത്തുനിന്ന് അബുദാബി ഖലീഫ സിറ്റിയിൽ കണിക്കൊന്നയും പച്ചക്കറികളും പഴങ്ങളും എത്തി. ഭഗവാന്റെ മുന്നിൽ സുഗന്ധപുകച്ചുരുളുകൾക്ക് മുന്നിൽ അടച്ചുപിടിച്ച കണ്ണുകൾ തുറന്ന് പുഞ്ചിയോടെ ദർശനം. വിഷുക്കണിയോടൊപ്പം കൂട്ടത്തിൽ മുതിർന്ന ആൾ കൈനീട്ടം തന്നു. നെറ്റിയിൽ കുളിരുപാകി ചന്ദനവും മനസ്സിന് ശാന്തതയേകി ദൈവദർശനവും. എത്ര മഹത്തരമായ ചിന്തയും പ്രവൃത്തിയും! ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും, പഞ്ചാബിയും എല്ലാം ചേർന്ന ആദ്യവിഷു വിശുദ്ധമായിരുന്നു.
മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന എന്തിലും ദൈവികസ്പന്ദനം തുടിക്കുന്നു എന്നാണ് എന്റെ വിശ്വാസം. മതം, ജാതി, വർണം അതൊന്നും അവിടെ കൊടി ഉയർത്തില്ല. പള്ളിയിൽ കൃഷ്ണന്റെ ഉപദേശവും ക്ഷേത്രത്തിൽ ക്രിസ്തുവിന്റെ ചൈതന്യവും നിറയണം. ജീവൻ വിട്ടകന്ന ശവശരീരത്തെപ്പോലും ബഹുമാനിക്കാൻ പഠിപ്പിച്ച പ്രവാചകന്റെ മണ്ണിൽ ജീവിതമാകുന്ന പ്രവാസരഥചക്രങ്ങൾ ഉരുളുമ്പോൾ ‘ലോകം ഒരു പക്ഷിക്കൂട് പോലെ’ എന്ന ടാഗോറിന്റെ വേദവാക്യങ്ങൾ ഓർത്തുപോകുന്നു. ഈസ്റ്ററും വിഷുവും റംസാനും മനുഷ്യകുലത്തിന് നൽകുന്നത് ഒരേ തത്വം, ഒരേ മഹത്വം. നാമെല്ലാം ഒരേകൂട്ടിലെ പക്ഷിക്കുഞ്ഞുങ്ങൾ; നമ്മുടെ ഉത്സവങ്ങളും അങ്ങനെതന്നെ.