വിഷു വരികയാണ്. ദിവസങ്ങൾ എണ്ണിത്തുടങ്ങിയിരിക്കുന്നു. മലയാളമണ്ണിന്റെ ഓർമകളിലേക്ക് മടങ്ങാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. കഴിഞ്ഞ 19 വർഷങ്ങളായി ദുബായിൽ ആണെങ്കിലും ഓണം, വിഷു, തിരുവാതിര ഒന്നിനും ഇന്നേവരെ മുടക്കം വരുത്തിയിട്ടില്ല. എത്ര പ്രായമായാലും ഏതു മെട്രോ സിറ്റിയിൽ ജീവിച്ചാലും നാട്ടിൻപുറത്തുകാരിയായ പട്ടുപാവാടയിട്ട് മുടി രണ്ടുവശവും പിന്നിയിട്ട ആ ചെറിയ പെൺകുട്ടി ഉള്ളിലിന്നും ജീവിക്കുന്നതിന്റെ തെളിവ്!
നാട്ടിൽ വീട്ടുമുറ്റത്തു നിൽക്കുന്ന കണിക്കൊന്നമരം ഇത്തവണയും നേരത്തെ പൂത്തു എന്നറിഞ്ഞപ്പോൾ മനസ്സിനൊരു കുതിച്ചുചാട്ടം. ഗുരുവായൂരപ്പന്റെ അരയിലെ അരഞ്ഞാണം ആണ് സ്വർണനിറമുള്ള ആ കൊന്നപ്പൂക്കൾ എന്നോർക്കുമ്പോൾ അതിനോടൊരു പ്രത്യേക ഇഷ്ടമാണ്. കൊന്നപ്പൂ വിഷുക്കണിയിലെ ഏറ്റവും പ്രധാനിയാണ്. കുട്ടികളുടെ വേനലവധിക്ക് മാത്രം നാട്ടിൽ പോകാൻ സാധിക്കുന്ന നമുക്ക് അവിടെനിന്നു പോന്നശേഷം പൂത്തു നിൽക്കുന്ന കൊന്നമരം സ്വപ്നങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോയി.
ഓരോരുത്തരും കിടക്കുന്നിടത്ത് അമ്മമ്മ കൊണ്ടുവരുന്ന കണി ഒരുക്കിയ ഓട്ടുരുളിയിലെ കാഴ്ചയിലേക്കാണ് കുട്ടിക്കാലത്ത് ഓരോ വിഷുനാളും പുലർന്നിരുന്നത്. പിന്നെ ഓലപ്പടക്കവും മാലപ്പടക്കവും പൂത്തിരിയും നിലച്ചക്രവും ഒക്കെയായി ആകെ ഒരു ബഹളമാണ്. രാവിലെ പുലർച്ചെയുള്ള കുളി കഴിഞ്ഞ് പുത്തൻ പാവാടയിട്ട് വീട്ടിലെ മുതിർന്നവരുടെ കൈയിൽ നിന്നും കൈനീട്ടം വാങ്ങി പിന്നെ മുത്തശ്ശന്റെ വിരലുപിടിച്ചു ഓരോട്ടമാണ് തറവാട്ടിലേക്ക്. വല്യച്ഛന്റെയും ബന്ധുക്കളുടെയും കൈനീട്ടം വാങ്ങാൻ. കിട്ടുന്ന കൈനീട്ടമെല്ലാം കൂട്ടിവെച്ച് അങ്ങാടിപ്പുറം പൂരത്തിന് വളവാങ്ങണം പിന്നെ പൂരപ്പറമ്പിലെ ആകർഷണങ്ങൾ എല്ലാം കാണണം അതൊക്കെയാണ് ആവശ്യങ്ങൾ. 
bb2021-ലെ വിഷു സ്വപ്‌നങ്ങൾ
bbപുണ്യറംസാന്റെ സുബ്ഹി വിളികളും വിഷുപുലരിയും ഒന്നിച്ചാണ് വരുന്നത്. അതുകൊണ്ട് തന്നെ ഓഫീസിൽനിന്ന് അവധിയെടുക്കാതെ ഉച്ചയൂണിന് വീട്ടിൽ കുടുംബത്തോടൊപ്പം എത്താം. നാട്ടിലെ വിഷു ടെലിവിഷനിൽ വരുന്ന സിനിമകളിലേക്ക് മാത്രമായി ഒതുങ്ങുമ്പോൾ ഇവിടെ ദുബായിൽ എല്ലാ വർഷത്തേക്കാൾ നന്നായി ഈവർഷം എന്ന മത്സരമാണ് നമുക്ക്. എല്ലാവരും മത്സരിച്ചാഘോഷിക്കുന്നു എന്ന് വിളിച്ചുപറയുന്നു വിഷു അടുപ്പിച്ച് ലുലുവിലും മറ്റു മലയാളി സൂപ്പർമാർക്കറ്റിലും കാണുന്ന തിരക്കുകൾ.
മലയാളികളുടെ ആഘോഷങ്ങൾ മറ്റ് രാജ്യക്കാർക്കുപോലും സുപരിചിതമാണ്. വിഷുക്കണിയിൽ ഒന്നുപോലും കുറവ് വരുത്താതെ എല്ലാം തികഞ്ഞു എന്നുറപ്പുവരുത്താനുള്ള ഓട്ടമാണ് തലേന്ന്. മാമ്പഴ പുളിശ്ശേരി കൂട്ടി വാഴയിലയിലെ ഊണ് മറ്റൊരു നിർബന്ധം. വർഷങ്ങളായി കൂടെയുള്ള കൂട്ടുകാരോടൊപ്പം രാത്രിഭക്ഷണവും കളികളും അന്താക്ഷരിയും ഒക്കെയായാണ് വിഷു അവസാനിപ്പിക്കാറ്. വിഷുദിവസം നന്നായാൽ ആ വർഷം മുഴുവനും നല്ലതെന്നാണ് വിശ്വാസം.
കഴിഞ്ഞവർഷത്തെ വിഷു കോവിഡിലും ലോക്ഡൗണിലും മുങ്ങിയപ്പോൾ, ഇത്തവണ വിഷുവിന് പട്ടുപാവാടയിട്ട് പഴമയിലേക്കൊരു മടക്കം എന്നൊരു സ്വപ്നം മനസ്സിൽ നിറഞ്ഞുനിൽപ്പുണ്ട്.