അകലങ്ങളിരുന്ന് ഗൃഹാതുരത്വത്തിന്റെ നൈർമല്യങ്ങൾ പങ്കുവെച്ചുകൊണ്ട് വീണ്ടുമൊരു വിഷുക്കാലം എത്തിയിരിക്കുന്നു. അനുഭവങ്ങളുടെ ഒരു തീചൂള തന്നെയാണ് ഇന്നും പ്രവാസം. കോവിഡ് മഹാമാരി ഇനിയും കെട്ടടങ്ങാത്ത വീഥികളിൽ പോറ്റമ്മയാകുന്നോരീ നാടിന്റെ പകരം വെക്കാനാകാത്ത സംരക്ഷണതണലിൽ നിന്നുകൊണ്ട് പോയ കാലങ്ങളിലെ നിറമുള്ള വിഷുവോർമകൾ അയവിറക്കുകയാണ് ഓരോ പ്രവാസിയും.
കടെപ്പിറക്കാത്തവർ ജാതിമതഭേദമെന്യേ കൂടെപ്പിറപ്പുകളെപ്പോലെ ഒത്തുചേർന്നു ഈ ദിനം സമ്പൂർണമാക്കാൻ ശ്രമിക്കുമ്പോഴും ഓരോ പ്രവാസിയുടെയും ചിന്തകൾ പോയകാലത്തിലെ വിഷുനാളുകളെ പറ്റിത്തന്നെയാവും എന്നുള്ളത് നിസ്സംശയം പറയാനാവും. പീതാംബരശോഭയോടെ കൊന്നമരങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്ന മേടമാസ പുലരിയും വരാനിരിക്കുന്ന ഒരുവർഷത്തിന്റെ പ്രതീക്ഷകൾ ഓട്ടുരുളിയിൽ പൊൻകണിയാകുന്നതും പുലർച്ചെ പാതിയുറക്കത്തിൽ പിന്നിൽനിന്നും കണ്ണുപൊത്തിക്കൊണ്ടമ്മ കണികാണിച്ചുതരുന്നതും മൂത്തവർ തരുന്ന കൈനീട്ടം ചേർത്തുവെച്ചു വേനലവധിക്ക് ചെലവാക്കുന്നതും വിഭവസമൃദ്ധമായ സദ്യയും ഉച്ചതിരിഞ്ഞു കണിയാർ വന്നിരുന്നു ഗണിച്ചുപറയുന്ന വിഷുഫലവും എല്ലാം സുഹൃത്തുക്കളുമായി ആസ്വദിച്ചു പങ്കിടുമ്പോൾ ഓർമകളുടെ തേരിലേറി സ്വന്തം വീടിന്റെ ഉമ്മറപ്പടിയിൽ പോയൊന്നു എത്തിനോക്കീട്ടുണ്ടാവും ഓരോ പ്രവാസിയുടെയും മനസ്സ്.
കടലിനക്കരെയുള്ള സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമകൾക്കും ശീലങ്ങൾക്കും മരണമില്ലെന്നു ഊട്ടിയുറപ്പിച്ചുകൊണ്ട് എല്ലാ വിഷുക്കാലവും സ്വന്തം നാട്ടിലെന്നപോലെ ആഘോഷമാക്കാൻ ശ്രമിക്കുന്നു ഓരോ പ്രവാസിയും. കാലഗതിക്കനുസരിച്ച് ജീവിതശൈലികളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും പാരമ്പര്യ ആഘോഷങ്ങളെല്ലാം നിറശോഭായോടെ ആഘോഷിക്കുവാൻ പ്രവാസിമലയാളികൾ ശ്രമിക്കുന്നു. ഒരർഥത്തിൽ ഈ ഉത്സവങ്ങളൊക്കെയും തന്നിലേക്കൊരു തിരിച്ചുപോക്കുകൂടിയാണ് ഓരോ പ്രവാസിക്കും.
സമ്പൽസമൃദ്ധിയും ഐശ്വര്യവും പ്രദാനംചെയ്യുന്ന വിഷുക്കാലത്തിന് വിപരീതമെന്നവണ്ണം പോയവർഷത്തിലേതെന്നപോലെ ഈവർഷവും തിളക്കമില്ലാത്തതായിരിക്കും. പോയൊരു നാളുകളിലെപോലെ മനസ്സ് തുറന്ന് ആസ്വദിക്കുവാനും ആശങ്കയില്ലാതെ ഒത്തുകൂടുവാനും നമ്മൾ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. നന്മയുടെ ഒരുവർഷം കണി കണ്ടുണരുവാനായി പ്രതീക്ഷയുടെ കൈനീട്ടം കൊടുത്തും വാങ്ങിയും ചെറിയരീതിയിൽ ഒരു സദ്യയുമൊരുക്കി വീടുകളിൽ കുടുംബാംഗങ്ങളോടൊപ്പം വിഷു ആഘോഷിക്കാൻ കാത്തിരിക്കുകയാണ് ഓരോ പ്രവാസിയും. ഒപ്പം വരുംവർഷമെങ്കിലും ഈ മഹാമാരിയെ പൂർണമായും അതിജീവിച്ചുകൊണ്ട് സ്വന്തംമണ്ണിൽ പ്രിയപ്പെട്ടവരോടൊത്ത് വിഷുപുലരി കണികണ്ടുകൊണ്ട് ഒരു വിഷുസദ്യ ഉണ്ണാൻ പറ്റുമെന്ന പ്രതീക്ഷയും.