ഏതാണ്ട് 10 തവണ കണിക്കൊന്നകൾ പൂത്തു കൊഴിഞ്ഞ വിഷുക്കാലങ്ങൾക്ക് ശേഷമാണ് ഇക്കുറി നാട്ടിൽ വിഷുവിന് കൂടുന്നത്. മുറ്റംമുഴുവൻ ടൈൽസ് പാകിയതായത് കൊണ്ട് തറചക്രങ്ങൾ ഇപ്പോൾ പലരും കറക്കാറില്ലത്രേ. എന്നാൽ പിന്നെ പണ്ടത്തെ ഓർമവെച്ച് കണ്ടത്തേക്കിറങ്ങി നാല് വാണം കത്തിച്ചുവിടാം എന്നു വിചാരിച്ചപ്പോൾ, പണ്ട് വാണംവിട്ട കണ്ടത്തൊക്കെ മൊത്തം വീടുകളും ഫ്ളാറ്റുകളും ഒക്കെയായി. അവിടെനിന്നാൽ എന്നേ കണ്ടംവഴി ഓടിക്കും എന്ന ലെവൽ. ദോഷം പറയരുതല്ലോ. പണ്ട് വാണം കത്തിച്ചുവിടാനുള്ള കുപ്പിയൊക്കെ അമ്മ കാണാതെ അടുക്കളയിൽനിന്ന് അടിച്ചുമാറ്റണമായിരുന്നു. ഇപ്പൊ വഴിയോരത്തൊക്കെ പലവിധത്തിലും തരത്തിലും ധാരാളം മാലിന്യം കൂമ്പാരമായി കിടക്കുന്നതുകൊണ്ട് പ്ലാസ്റ്റിക് കുപ്പികൾക്ക് ഒരു ക്ഷാമവും ഇല്ല എന്നതാണ് ഒരാശ്വാസം.
കണി കണ്ടതിനുശേഷം ഉടൻ കരിമ്പനയിൽ നോക്കണം എന്ന് പണ്ട് മുത്തശ്ശൻ പറഞ്ഞുതന്നത് ഓർമയിൽവെച്ച് പണ്ട് കരിമ്പന നിന്നിടത്തോട്ട് വെറുതെ ഒന്ന് നോക്കിയതാ.. നല്ല യമണ്ടൻ മൊബൈൽ ടവർ. ടവറെങ്കി ടവർ. നാട്ടിൽ നെഞ്ചുംവിരിച്ചുനിന്നിരുന്ന ഘടാഘടിയൻ പ്ലാവുകൾ ഒക്കെ ഇപ്പൊ കട്ടിലിന്റെയും കട്ടിളയുടെയും രൂപങ്ങളിൽ പലയിടങ്ങളിലായി അന്ത്യവിശ്രമം കൊള്ളുന്നതുകൊണ്ട് ചക്കപ്പഴത്തിന് ഇപ്പൊ വെറും 300 രൂപയേ ഉള്ളു.
പണ്ട് കൈനീട്ടം വാങ്ങാൻ വീട്ടിൽവന്നിരുന്ന ചുറ്റുവട്ടത്തെ കുട്ടികൾ ഒക്കെ ഇപ്പൊ താഴെ ഉള്ളവർക്ക് കൈനീട്ടം കൊടുക്കാറായി. ന്യൂജെൻ പീക്കിരിസ് ഒന്നും ഇപ്പൊ ഈ പരിപാടിക്ക് വീടുകളിൽ വരാറുമില്ല. പിന്നെ ആകെ വരുന്നത് വയസ്സായ അമ്മൂമമാർ മാത്രമാണ്. ഓരോ വിഷു കഴിയുന്തോറും കത്തിത്തീരുന്ന പൂത്തിരികൾ പോലെ അവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നത് സ്വാഭാവികം.
നല്ല ചിമിട്ടൻ ഓലപ്പടക്കങ്ങൾ ഓരോന്നായി ചന്ദനത്തിരിയിൽ കൊളുത്തി മുറ്റത്തേക്ക് ഇങ്ങനെ വീശിയെറിയാൻ ഞങ്ങൾ പിള്ളേര് തമ്മിൽ തല്ലു കൂട്ടം ആയിരുന്നു പണ്ട്. ഇപ്പൊ ഓലപ്പടക്കം കിട്ടാൻ പാടാണ് എന്നു മാത്രമല്ല, വീട്ടിലെ കൊച്ചുചെറുക്കൻ പറയുന്നത് ഇപ്പൊ അതിനൊക്കെ ആപ്പ് ഉണ്ടത്രേ. പടക്കത്തിന്റെ പടത്തിൽ തൊട്ടാൽ അത് പൊട്ടും. അതുപോലെ പൂക്കുറ്റിയും മത്താപ്പും എല്ലാം ആവശ്യാനുസരണം അതിൽ തന്നെ കൊളുത്താം. എല്ലാം കഴിഞ്ഞു ഫോൺ സ്ക്രീനിൽ തന്നെ കണിയും കാണാം.
കണിയൊരുക്കം ഒരു മത്സര ഇനമല്ലാത്ത പണ്ട് കാലത്തെ ഉള്ളതുകൊണ്ടുള്ള വിഷു കണിയല്ലല്ലോ ഇപ്പോഴുള്ളത്? ഓരോവീട്ടിലെ വിഷുക്കണിയും ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇടുന്നതുകൊണ്ട് സകല വിഷുക്കണികൾക്കും ഓണപൂക്കളത്തേക്കാൾ മോടിയുണ്ട് ഇപ്പൊ. ഇതിനൊക്കെ പുറമെ ഓൺലൈൻ ട്രാൻസ്ഫറായി വിഷുകൈനീട്ടം അയച്ചുകൊടുക്കുന്ന ചില അതിശയോക്തി വീഡിയോകളും കണ്ടിരുന്നു. ഇന്നലെ കണ്ടുചിരിച്ച പലതും നമ്മൾ ഇന്ന് ചെയ്യുന്നതുകൊണ്ട്, മിക്കവാറും അടുത്ത വിഷുവിനോ അല്ലെങ്കിൽ അതിന്റടുത്ത വിഷുവിനോ ഈ ഡിജിറ്റൽ കൈനീട്ടം പരിപാടിയും തുടങ്ങും. അതിനായി ബാങ്കിങ് ആപ്പുകളുടെ പ്രത്യേക സൗകര്യവും ഉണ്ടാകും. ഇനി വരുംകൊല്ലങ്ങളിൽ ഇത് പോലെ എന്തൊക്കെ കാണേണ്ടി വരുമെന്ന ആശങ്കയാണ് ബാക്കിയുള്ളത്.