നാട്ടിലെ ഏതാഘോഷവും പൂർണതയിൽ കൊണ്ടാടുകയെന്നത് ബാച്ചിലർ മുറികളുടെ അവകാശമാണ്. വിഷുവടക്കമുള്ള ആഘോഷങ്ങൾ ഏത് ദിവസമായാലും കൊണ്ടാടുന്നത് വാരാന്ത്യങ്ങളിലായിരുന്നു. പ്രവാസത്തിന്റെ തുടക്കം വിരസതയോടെയായിരുന്നെങ്കിൽ സൗഹൃദങ്ങൾക്ക് കൂടുതൽ നിറം വന്നതോടെ ആഘോഷങ്ങൾക്ക് മാറ്റുംകൂടി. വാട്ട്‌സാപ്പിലെ ആശംസാ സന്ദേശങ്ങളും ഹോട്ടലിൽനിന്നുള്ള പാർസൽ സദ്യയുടെ മുന്നിലിരുന്നുള്ള ഫോട്ടോയും വീഡിയോയും സ്റ്റാറ്റസായി അപ്‌ഡേറ്റ് ചെയ്യലുമായിരുന്നു പ്രവാസത്തിന്റെ തുടക്കത്തിലെ വിഷു. നമ്മളാരാണെന്ന് ഓർമിപ്പിക്കാൻ എത്തുന്നതായിരുന്നു നാട്ടിലെ ഓരോ ആഘോഷങ്ങളും. 
സൗഹൃദസംഗമങ്ങൾക്ക് വഴിതുറന്നതോടെ ഒത്തുചേർന്നുള്ള ആഘോഷങ്ങൾ പതിയെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. സൂപ്പർമാർക്കറ്റിൽ പോയി ഇലയടക്കമുള്ള സദ്യവട്ടങ്ങൾ വാങ്ങൽ ഏറ്റവും രസകരമായ ഓർമയാണ്. ‘വിഷു സ്പെഷ്യൽ ഓഫർ’ ബോർഡിന് താഴെ കാണുന്ന സാധനങ്ങൾ തപ്പിയെടുക്കലാണ് അടുത്തത്. തലേന്ന് വൈകീട്ട് പച്ചക്കറികളെല്ലാം അരിഞ്ഞുവെക്കും. ആ സമയങ്ങളിൽ ഓരോരുത്തരുടെയും നാട്ടുമ്പുറത്തെ കറികളുടെ രുചിവിവരണം കേൾക്കാം. പ്രത്യേക വിഷുപ്പാട്ടുകൾ ഉച്ചത്തിൽ വെച്ചത് ഇതിന്റെ പശ്ചാത്തലത്തിൽ അലയടിക്കും. സുഹൃത്തുക്കളെല്ലാം ചേർന്ന് ഒത്തുകൂടി രാവേറുവോളം പാട്ടും ഗാനമേളയും. നാളെ രാവിലെ നേരത്തെ എണീക്കാനുള്ളതാണെന്ന റൂമിലെ മുതിർന്ന ഇക്കയുടെ നിർദേശം വരുന്നതുവരെ ആഘോഷം തുടരും. 
വിഷുദിനം രാവിലെയെണീറ്റ് സദ്യയുടെ പണി തുടങ്ങുകയായി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ളവർ കൂടെയുള്ളതുകൊണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള രുചികൾ വിഭവങ്ങൾക്ക് കാണും. ഉച്ചയോടെ സദ്യ തയ്യാറായാൽ പെട്ടെന്നുതന്നെ കുളിച്ച് നല്ല വസ്ത്രം ധരിച്ചിരുന്ന് അത് കഴിക്കുകയാണ് പരിപാടി. അതിനുമുമ്പുള്ള ഫോട്ടോഷൂട്ടിന് വേണ്ടിയാണ് നല്ലവസ്ത്രവും മുണ്ട് ഉണ്ടെങ്കിൽ അതെല്ലാം ധരിക്കുന്നതും. വിഷുക്കണി പലപ്പോഴും മിസ്സ് ചെയ്യാറുണ്ട്. സദ്യ കഴിഞ്ഞാൽ പിന്നെ എടുത്തുവെച്ച ഫോട്ടോകൾ എല്ലാർക്കും അയച്ചുകൊടുക്കുന്ന തിരക്കായി. പതിയെ അടുത്ത ദിവസത്തെ തിരക്കിലേക്കും.