രാഷ്ട്രീയം, തിരഞ്ഞെടുപ്പ് പ്രചാരണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ മുത്തച്ഛന്മാരുടെ മുഖം ഓര്‍മയിലെത്തുന്ന രണ്ട് പേരക്കുട്ടികളുണ്ട് ദുബായില്‍. കേരളത്തിലെ പൊള്ളുന്ന രാഷ്ട്രീയത്തില്‍ അമര്‍ത്തിച്ചവിട്ടി നടന്ന രണ്ടുപേര്‍ ഇ.കെ. നായനാരും എം.വി. രാഘവനും. ഒരാള്‍ കല്യാശ്ശേരിയില്‍നിന്നും രാഷ്ട്രീയകേരളത്തില്‍ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ മറ്റെയാള്‍ തൊട്ടടുത്ത പഞ്ചായത്തായ പാപ്പിനിശ്ശേരിയില്‍നിന്നും തീപോലെ പൊള്ളുന്ന രാഷ്ട്രീയത്തില്‍ ജീവിച്ചുമരിച്ചു. നായനാര്‍ ഏറ്റവുംകൂടുതല്‍ കാലം കേരളത്തില്‍ മുഖ്യമന്ത്രിപദം അലങ്കരിച്ചപ്പോള്‍ എം.വി.ആര്‍. 10 വര്‍ഷം തലയെടുപ്പുള്ള മന്ത്രിയായി അധികാരരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു. എം.വി.ആര്‍. സി.പി.എം. വിട്ട് സി.എം.പി. രൂപവത്കരിച്ച് യു.ഡി.എഫിന്റെ ഭാഗമായപ്പോള്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചതും ഒരുകാലത്ത് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച നായനാരെത്തന്നെയായിരുന്നു. എന്നാല്‍ എം.വി.ആറുടെ വിമര്‍ശനത്തോളം കഠിനമായി നായനാര്‍ തിരിച്ച് വിമര്‍ശിച്ചിട്ടുമില്ല. മാറിമറിഞ്ഞ രാഷ്ട്രീയത്തില്‍ ഇരുവരും ബദ്ധവൈരികളായെങ്കിലും ഉള്ളിന്റെയുള്ളില്‍ പരസ്പരസ്‌നേഹവും മനസ്സില്‍ സൂക്ഷിച്ചു.

1984 ജനുവരിയിലാണ് നായനാരും എം.വി.ആറും ഒരുമിച്ച് യു.എ.ഇ.യിലെത്തിയത്. ഇരുവരും ഒരുമിച്ചുള്ള ആദ്യ ഗള്‍ഫ് സന്ദര്‍ശനം. ദേശാഭിമാനി പത്രത്തിന് തിരുവനന്തപുരം എഡിഷന്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് അന്നത്തെ സന്ദര്‍ശനം. അന്ന് അല്‍ഐന്‍ ക്‌ളോക് ടവര്‍ മൈതാനത്ത് കേരളത്തിലെ പ്രമുഖരായ രണ്ട് സി.പി.എം. നേതാക്കളുടെ പൊതുയോഗവും ജനനിബിഡമായി. പിന്നീട് ഇരുവരും രാഷ്ട്രീയം പിരിഞ്ഞപ്പോഴും ഒട്ടേറെ തവണ ഗള്‍ഫിലെത്തുകയുണ്ടായി.

നായനാര്‍ മരിച്ചപ്പോള്‍ എം.വി.ആര്‍. ഏറെ വേദനിച്ചതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പയ്യാമ്പലത്ത് ഉറ്റ സഖാവിന്റെ ചിത കത്തിയമരുന്നതും നിര്‍വികാരനായി നോക്കിനിന്ന എം.വി.ആറുടെ ചിത്രം അടുത്തദിവസത്തെ പത്രങ്ങളില്‍ പ്രാധാന്യത്തോടെ ഇടംപിടിക്കുകയും ചെയ്തു. കാലം കാത്തുവെച്ചതുപോലെ അതേ പയ്യാമ്പലത്തുതന്നെ ഉറ്റ സഖാക്കള്‍ തൊട്ടടുത്തായി അന്തിയുറങ്ങുന്നു.

ഇരുവരുടെയും പേരക്കുട്ടികളായ സൂര്യ നായനാരും കിരണ്‍ ഗിരിജയും താമസിക്കുന്നതും ദുബായില്‍ അടുത്തടുത്തുതന്നെ. ആഴമേറിയ രാഷ്ട്രീയ പരിജ്ഞാനമൊന്നും ഇരുവര്‍ക്കും വശമില്ലെങ്കിലും കേരളത്തില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തങ്ങളുടെ മുത്തച്ഛന്മാരുടെ ഒരുകാലത്തെ തിരക്കേറിയ രാഷ്ട്രീയപ്രവര്‍ത്തനം ഇരുവരും തൊട്ടറിഞ്ഞിട്ടുണ്ട്.

തിരക്കിനിടയിലും പഠനത്തെക്കുറിച്ച് നായനാര്‍ ചോദിച്ചറിയും

നായനാരും എം.വി.ആറും വീട്ടില്‍ രാഷ്ട്രീയം പറഞ്ഞതായി സൂര്യയ്ക്കും കിരണിനും ഓര്‍മയിലില്ല. എന്നാല്‍ ഇരുവരും വീട്ടിലുള്ള ദിവസങ്ങളില്‍ രാവിലെമുതല്‍ പ്രവര്‍ത്തകരും വിവിധ ആവശ്യങ്ങള്‍ പറഞ്ഞുകൊണ്ടുള്ള സാധാരണക്കാരുടെ വരവും പതിവായിരുന്നു. തിരഞ്ഞെടുപ്പ് കാലമാണെങ്കില്‍ നിന്നുതിരിയാന്‍ നേരവുമുണ്ടാകില്ല, അത്രയും തിരക്കായിരിക്കും. കൃത്യമായ കമ്യൂണിസ്റ്റ് ചട്ടം വെച്ചുപുലര്‍ത്തിയായിരുന്നു ജീവിതം. തിരഞ്ഞെടുപ്പുകാലത്ത് ജനപ്രിയ സഖാവായ ഇ.കെ. നായനാര്‍ ദിവസം ചുരുങ്ങിയത് 20-ലേറെ പൊതുയോഗങ്ങളിലെങ്കിലും പ്രസംഗിക്കുമെന്ന് സൂര്യ ഓര്‍ക്കുന്നു. ഓരോ പ്രദേശത്തെയും വോട്ടര്‍മാരുടെ മനസ്സറിഞ്ഞ് പ്രസംഗിക്കാന്‍ നായനാര്‍ക്കറിയാം. അവിടത്തെ പ്രാദേശിക പ്രശ്‌നങ്ങളും അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങളും മനസ്സിലാക്കും. പ്രസംഗത്തിലെ നര്‍മവും കാര്യവും നിലപാടുകളും അറിയാന്‍ നേരത്തേതന്നെ എത്തുമായിരുന്നു. അച്ചാച്ചന്റെ പ്രസംഗങ്ങള്‍ ഒട്ടേറെ തവണ സൂര്യയും കേട്ടിട്ടുണ്ട്. സമയത്തിന് വലിയ വിലകല്പിച്ച നായനാര്‍ വീട്ടിലുള്ള അപൂര്‍വം ദിവസങ്ങളില്‍ തന്നെ ചേര്‍ത്തുപിടിച്ച് പഠനകാര്യം തിരക്കാറുണ്ടെന്ന് സൂര്യ പറഞ്ഞു.

രാവിലെ പ്രഭാതഭക്ഷണം കഴിക്കുമ്പോഴായിരിക്കും മിക്ക ദിവസങ്ങളിലും അച്ചാച്ചന്റെ കുശലാന്വേഷണം. അത്രയേ നേരം കിട്ടൂവെന്നാണ് യാഥാര്‍ഥ്യം. നായനാരുടെ ജീവിതത്തിന്റെ ഒരംശമെങ്കിലും പകര്‍ത്തുകയെന്നതുതന്നെ ചെറുമകളുടെയും ജീവിതത്തിലെ വലിയ ആഗ്രഹം. ഇപ്പോഴും മുത്തച്ഛന്റെ ഓര്‍മയുമായി ഒട്ടേറെ ആളുകള്‍ ദിനംപ്രതി കല്യാശേരിയില്‍ വീട്ടിലെത്താറുണ്ട്. 2004 മേയ് 19-നാണ് നായനാര്‍ മരിച്ചത്, മരിച്ചിട്ടും നിത്യസൗരഭ്യം വിതറുന്ന നേതാക്കള്‍ ഇങ്ങനെ വേറെയുണ്ടാകിനിടയില്ല. തിരുവനന്തപുരം ദേശാഭിമാനിയില്‍നിന്നു റിട്ടയര്‍ ചെയ്ത സുധാ നായനാരുടെയും രവീന്ദ്രന്റെയും മകളാണ് സൂര്യ. ദുബായില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്നു. ദീപക് ആണ് ഭര്‍ത്താവ്.