പുഞ്ചിരിയെക്കാള്‍ എം.വി.ആറുടെ മുഖത്ത് വിടര്‍ന്നത് കൂടുതലും ഗൗരവം തന്നെ. എന്നാല്‍ കേരളത്തിലെ തലയെടുപ്പുള്ള ഈ നേതാവിന്റെ ഉള്ളുനിറയെ സ്നേഹവും കരുതലുമായിരുന്നെന്ന് ചെറുമകന് കിരണ്‍ ഗിരിജ പറയുന്നു. ദുബായിലെ പ്രമുഖ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗം മേധാവിയാണ് കിരണ്‍. കുടുംബത്തോടുള്ള അതേ സ്നേഹം സ്വന്തം പ്രവര്‍ത്തകരോടും എം.വി.ആര്. കാണിച്ചിരുന്നു. 'തിരഞ്ഞെടുപ്പ് കാലത്ത് അച്ചാച്ചന് ഏറ്റവും തിരക്കുപിടിച്ച ജീവിതമായിരുന്നു, എന്നാല്‍ അച്ചാച്ചന്റെ ചില കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കാന്‍ തന്നെയായിരുന്നു നിയോഗിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ വേദനയും സന്തോഷവും തോന്നുന്നുവെന്ന് കിരണ്‍ പറയുന്നു.
കണ്ണൂര്‍ ബര്‍ണശേരിയിലെ വീട്ടിലുണ്ടാവുമ്പോള്‍ രാവിലെ എം.വി.ആറിന്റെ ഷൂ തുടച്ചുവെക്കക, മുണ്ടിന്റെ കരയൊപ്പിച്ച് കൊടുക്കുക, ഷര്‍ട്ട് എടുത്തുവെക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യേണ്ട ഉത്തരവാദിത്വം കിരണിന്റേതായിരുന്നു. പിന്നീട് പഠനാവശ്യം പുറത്തേക്ക് പോയപ്പോള്‍ കിരണിന്റെ അനുജന് അവിനാശ് ആണ് ആ കാര്യങ്ങളൊക്കെ നിര്‍വഹിച്ചത്. നെന്മാറയില് മത്സരിക്കുമ്പോള്‍ എം.വി.ആറുടെ കൂടെ കിരണും അനുജനും ഉണ്ടായിരുന്നു. ദുബായില്‍നിന്ന് ലീവെടുത്താണ് അന്ന് കിരണ്‍ നെന്മാറയില് അച്ചാച്ചന് സഹായിയായെത്തിയത്. പില്ക്കാലത്ത് അമ്മാമനായ എം.വി. നികേഷ് കുമാര്‍ അഴീക്കോട് മത്സരിക്കുമ്പോഴും പ്രചാരണവുമായി കിരണ്‍ കൂടെത്തന്നെയുണ്ടായിരുന്നു. കിരണ്‍ നല്ല ഫോട്ടോഗ്രാഫര്‍ കൂടിയാണ്. കിരണിന്റെ ക്യാമറയില്‍ അച്ചാച്ചന്റെ ചിരിക്കുന്ന മുഖവും ഏറെ പതിഞ്ഞിട്ടുണ്ട്. വീട്ടിലിരുന്ന് ടി.വി.യിലെ കോമഡി പരിപാടികള്‍ കണ്ട് പൊട്ടിച്ചിരിക്കുന്ന അച്ചാച്ചനെയും കണ്ടതായി ഓര്‍മിക്കുന്നു.
കിരണിന്റെ വിവാഹം നടത്തിച്ചതും ബര്‍ണശേരിയിലെ വീട്ടില്‍ അതിഥികളെ സ്വീകരിച്ചതുമെല്ലാം എം.വി.ആര്. തന്നെ. മകള്‍ അവനിയെ മടിയിലിരുത്തി ലാളിച്ചതും കൈവിരല്‍ കോര്‍ത്ത് നടത്തിച്ചതുമെല്ലാം ചിത്രങ്ങളായി മനസ്സില്‍ തെളിഞ്ഞുവരുമെന്ന് കിരണ്‍ പറഞ്ഞു. കിരണിന്റെ കൈത്തണ്ടയില്‍ എം.വി.ആറിന്റെ ശവകുടീരത്തെയാണ് പച്ചകുത്തിയത്. എം.വി.ആറിന്റെ മരണത്തോടെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറെ ശൂന്യത അനുഭവപ്പെട്ടെന്ന് രാഷ്ട്രീയകേരളം പറയും.
എന്നാല്‍ തങ്ങളുടെ കുടുംബത്തിലെ ശൂന്യതയും ഇരുട്ടുമാണ് ഈ കൊച്ചുമകന് പറയാനുള്ളത്. കിരണിന്റെ ഭാര്യ ഡോ. പ്രിയങ്ക വരച്ച എം.വി.ആറിന്റെ ചിത്രവും ദുബായിലെ ഫ്ളാറ്റില്‍ സൂക്ഷിച്ചിരിക്കുന്നു. തളിപ്പറമ്പ് സര് സയ്യിദ് കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ ഇ. കുഞ്ഞിരാമന്റെയും എം.വി. രാഘവന്റെ മകളായ കണ്ണൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന എം.വി. ഗിരിജയുടേയും മകനാണ് കിരണ്‍.