അറബ് ലോകത്തുള്ളവര്‍ കണ്ടുപരിചയിച്ച കുഞ്ഞുമുഖമാണ് ഐസിന് ഹാഷിന്റെത്. ജഗ്വാറിന്റെയും നിസാന്‍ പട്രോളിന്റെയും ലിവര്പൂളിന്റെയുമെല്ലാം പരസ്യങ്ങളിലൂടെ എല്ലാവരുടെയും ഇഷ്ടകാരനാണ് ഈ മലയാളി ബാലന്. അറബ് ലോകത്ത് നിരവധി ആരാധകരുള്ള റാപ്പര്‍ ഫ്രീക്കിന്റെ 'കാഫി' എന്ന സംഗീതവീഡിയോയില് പ്രധാന വേഷത്തിലെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര പരസ്യ മോഡലും സിനിമാതാരവുമായ ഐസിന് ഹാഷ്. ചില വീടുകളില്‍ സംഭവിക്കുന്ന യഥാര്‍ഥ ജീവിതകഥകളെ അടിസ്ഥാനമാക്കിയാണ് 'കാഫി' (മതി) ചിത്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായ ആട് ജീവിതത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന അറബ് താരം റിക്ക് എബിയാണ് ഐസിന്റെ പിതാവായി ഈ വീഡിയോയില്‍ അഭിനയിക്കുന്നത്. സുഡാന് സ്വദേശിയായ ഒമര്‍ തര്ത്തൂബ് ആണ് കാഫിയുടെ സംവിധായകന്. യുട്യൂബില്‍ റിലീസ് ചെയ്ത വീഡിയോയ്ക്ക് മിഡില്‍ ഈസ്റ്റില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനകം ഐസിന് 60-ലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളില്‍ അഭിനയിക്കുകയും മോഡലാവുകയും ചെയ്തു. കിന്‍ഡര്‍ ജോയ്, ഫോക്സ് വാഗണ്‍, നിഡോ, വാര്‍ണര്‍ ബ്രോസ്, ലൈഫ്ബോയ്, ഹുവായ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, സെന്റര്‍ പോയന്റ്, ടോട്ടല്‍, പീഡിയ ഷുവര്‍, റെഡ് ടാഗ്, ഹോംസെന്റര്‍ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ച ഐസിന്, അറബിക് പരസ്യങ്ങളിലെ ഇമറാത്തി ബോയ് എന്ന പേരില്‍ പ്രശസ്തനാണ്.
ദുബായ്, അബുദാബി സര്‍ക്കാരുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ കാമ്പയിനുകളിലും ഐസിന് സ്ഥിരസാന്നിധ്യമാണ്. സൗദി ഊര്‍ജ മന്ത്രാലയത്തിന്റെ പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെയും ലിവര്‍പൂളിന്റെയും നായകനായിരുന്ന ഫുട്ബോള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിനെ ആറാമത്തെ വയസ്സില്‍ അഭിമുഖംചെയ്ത്, അന്താരാഷ്ട്രതലത്തിലും ഈ കൊച്ചുതാരം ശ്രദ്ധനേടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിന്റെയും ഫെയ്സ്ബുക്കിന്റെയും ബ്ലൂ ടിക്ക് വേരിഫിക്കേഷന് വളരെ ചെറിയ പ്രായത്തില്‍ ലഭിച്ച അപൂര്‍വം കുട്ടി സെലിബ്രിറ്റികളില്‍ ഒരാള്‍കൂടിയാണ് ഐസിന്.
ഏപ്രില്‍ ആദ്യവാരം എട്ടുവയസ്സുകാരനായ ഐസിന് ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ആദ്യമലയാള സിനിമയായ 'നിഴല്‍' തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനും നയന്‍താരയുമാണ് നായികാ നായകന്മാര്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം. പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ നിര്‍മാതാക്കളാകുന്ന നിഴലിന്റെ സംവിധാനം അപ്പു ഭട്ടതിരിയാണ്.
അജ്മാന് ഹാബിറ്റാറ്റ് സ്കൂളിലെ വിദ്യാര്‍ഥിയാണ് ഐസിന്. ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി ലുല്ലുവിന്റെയും മകനാണ്.