മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തൊഴിലും തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് മനുഷ്യകുലത്തോളം ചരിത്രമുണ്ടാകും. പിൽക്കാലത്ത് കാലം മാറി, ലോകം വളരുന്നതിനൊപ്പം മനുഷ്യരുടെ പ്രവാസവും വർധിച്ചു. തങ്ങൾ ആർജിച്ച അറിവും ബുദ്ധിയും, വിവിധ മേഖലകളിൽ കൈവരിച്ച സാങ്കേതിക പരിജ്ഞാനവുമൊക്കെ പ്രവാസികൾക്ക് താൻ ജനിച്ചുവളർന്ന നാടിനെക്കാൾ അവസരങ്ങളും, വരുമാനവുമൊക്കെ അവർ ചെന്നെത്തിയ ഇടങ്ങൾ സമ്മാനിച്ചു. സ്വന്തം നാടും വീടുമുപേക്ഷിച്ച് പ്രിയപ്പെട്ടവരിൽ നിന്നകന്ന് ജീവിതത്തിന്റെ ഏറിയ കാലവും അന്യനാട്ടിൽ കഴിയാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത് സാമ്പത്തിക സുരക്ഷിതത്വവും സുഖകരമായ ജീവിതമെന്ന ആഗ്രഹവും തന്നെ. മലയാളത്തിന്റെ പ്രവാസം അൻപതാണ്ടുകൾ പിന്നിട്ടുകഴിഞ്ഞു. ഔദ്യോഗികമായ ഈ കാലയളവിനെക്കാൾ പഴക്കം നമ്മുടെ പൂർവികരുടെ പ്രവാസ ജീവിതത്തിനുണ്ടാകും. ഇന്നിപ്പോൾ, ലോകമെങ്ങുമുള്ള സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ പ്രവാസമെന്ന സങ്കല്പത്തിനെ തന്നെ തിരുത്തിക്കുറിക്കുന്നു. ലോകം വളരുന്നതിനൊപ്പം വികസിച്ച പുത്തൻ സാങ്കേതികവിദ്യകളും യാത്രാ സൗകര്യങ്ങളിലുണ്ടായ സൗകര്യങ്ങളുമൊക്കെ പ്രവാസമെന്ന വാക്കിന്റെ വിശാലാർഥത്തെ ചോദ്യം ചെയ്തു തുടങ്ങി. ഏറ്റവുമൊടുവിലാണ് മനുഷ്യരാശി ഇന്നുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി കോവിഡ് എന്ന മഹാമാരിയുടെ രൂപത്തിൽ വന്നെത്തിയത്. അതിരുകളില്ലാത്ത ലോകമെന്ന കാവ്യ സുന്ദരമായ പദം അർഥശൂന്യമാകുന്ന കാലത്തിലൂടെയാണ് ലോകം ഇന്ന് കടന്നു പോകുന്നത്. ശരീരം കൊണ്ടകന്നാലും, മനസ്സുകൊണ്ട് നമുക്കടുത്തിരിക്കാമെന്ന പ്രണയാർദ്രമായ വാചകം ഈ മഹാമാരിക്കാലത്ത് കൂടുതൽ പ്രസക്തിയുള്ളതായി മാറി.

സമൂഹത്തിന്റെ എല്ലാ മേഖലകളിലും കനത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി വിവിധ കാരണങ്ങളാൽ അനിശ്ചിതത്ത്വത്തിലായിരുന്ന പ്രവാസി സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെയാണ് ഇപ്പോൾ ബാധിച്ചിരിക്കുന്നത്. തന്റെ വിജ്ഞാനവും അറിവുകളും തുടങ്ങി പണംവരെ മുതൽമുടക്കി അന്യനാട്ടിൽ ചേക്കേറിയ ലക്ഷക്കണക്കിന് പ്രവാസികൾ ഇന്ന് മടങ്ങിവരവ് ആരംഭിച്ചിരിക്കുന്നു. ഒന്നുംരണ്ടും വർഷം തുടങ്ങി പതിറ്റാണ്ടുകൾ അന്യനാട്ടിൽ ജീവിച്ചവർ വരെ ഈ കൂട്ടത്തിലുണ്ട്. കേരളത്തിൽനിന്ന്‌ ഏറ്റവും കൂടുതൽ പ്രവാസികൾ അധിവസിക്കുന്ന ഗൾഫ് മേഖലയിൽനിന്നുതന്നെയാണ് സ്വാഭാവികമായും ഈ റിവേഴ്‌സ് മൈഗ്രേഷൻ ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ രാഷ്ട്രീയമാറ്റങ്ങൾ മുതൽ സാമ്പത്തിക, സാമൂഹ്യ സാഹചര്യങ്ങളിൽ വരെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കൊണ്ടുണ്ടായ മാറ്റങ്ങൾമൂലം പ്രവാസികൾ തിരിച്ചുവരവിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയ സമയത്തുതന്നെയാണ് കോവിഡ് രോഗബാധയും പൊട്ടിപ്പുറപ്പെട്ടത്. പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടങ്ങിവരവ് ഏറ്റവും പ്രതികൂലമായി ബാധിക്കുക നമ്മുടെ കേരളമെന്ന കൊച്ചുസംസ്ഥാനത്തെ തന്നെയാകും. വിദ്യാഭ്യാസ, സാമൂഹ്യ സാഹചര്യങ്ങളിൽ മികച്ച സ്ഥിതിയാണ് പൊതുവിൽ കേരളത്തിലുള്ളത്. എന്നാൽ ജനസാന്ദ്രതയിൽ മുന്നോട്ടുകുതിക്കുന്ന, ഭൂവിനിയോഗത്തിന് പരിമിതികളുള്ള, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്കുള്ള പ്രവാസികളുടെ മടങ്ങിവരവ് ദൂരവ്യാപകമായ ചലനങ്ങളാകും സൃഷ്ടിക്കുക. 

സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ മാത്രമല്ല പ്രവാസികളുടെ വിയർപ്പോഹരി നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. സകലമേഖലകളിലും പ്രവാസികളുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇന്ന് നാം അഭിമാനത്തോടെ മുന്നോട്ടുവെക്കുന്ന വിദ്യാഭാസരംഗമായാലും, നിർമാണ മേഖലയിലടക്കം വ്യവസായ, വാണിജ്യ രംഗങ്ങളിൽ ഉണ്ടായ കുതിച്ചുചാട്ടമായാലും എല്ലാമെല്ലാം അന്യനാട്ടിൽ പോയി എല്ലുമുറിയെ പണിയെടുത്ത് തന്റെ കുടുംബത്തിനും നാടിനുമായി അയച്ച
പ്രവാസിയുടെ സമ്പാദ്യമാണ് അടിത്തറ പാകിയത്. എന്ത് കാരണംകൊണ്ടും മടങ്ങിയെത്തുന്ന ഓരോ പ്രവാസിയോടും നമുക്ക് കരുതലുണ്ടാകണം. നാടും, വീടുമുപേക്ഷിച്ച് എന്നോകാലത്ത് വിദേശങ്ങളിലേക്ക് യാത്രയായ അവരിൽ പലരും വെറും കൈയോടെ ആയിരിക്കാം ഇന്ന് മടങ്ങിയെത്തുന്നത്. പണിയെടുത്ത് സമ്പാദിച്ചതൊക്കെ കുടുംബത്തിന്റെ ഭാവിക്കുവേണ്ടിയാണ് നാട്ടിലേക്കയച്ചതെങ്കിലും നേരിട്ടും, അല്ലാതെയും ആ പണമെല്ലാം നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്കും മുതൽക്കൂട്ടായിട്ടുണ്ട്. തിരികെയെത്തുന്ന പ്രവാസികളിൽ മിക്കവർക്കും അതൊന്നും അനുഭവിക്കാൻ ഭാഗ്യമുണ്ടാകില്ല. കൊടുംചൂടിലും, രക്തമുറയുന്ന തണുപ്പിലും പണിയെടുത്ത് താൻ നേടിയതൊന്നും ബാക്കിയില്ലെന്ന സ്ഥിതിയിൽ മടങ്ങിയെത്താൻ വിധിക്കപ്പെട്ടവരാകും മിക്ക പ്രവാസികളും.

സാമൂഹ്യ, സാമ്പത്തിക മേഖലകളിലെ വിദഗ്ധർ ഈ സവിശേഷ സാഹചര്യത്തെക്കുറിച്ചുള്ള പഠനങ്ങളും വിലയിരുത്തലുകളും നടത്തിത്തുടങ്ങി. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ പ്രവാസികളുടെ മടങ്ങിവരവിനെ എങ്ങനെ അനുകൂലമാക്കി മാറ്റുമെന്നത് സംബന്ധിച്ച ആലോചനകളും ആരംഭിച്ചുകഴിഞ്ഞു. നമ്മുടെ നാടിനെക്കാൾ ഉയർന്ന ജീവിത, തൊഴിൽ സാഹചര്യങ്ങളിൽ നിന്നുമുള്ളവരാണ് മടങ്ങിയെത്തുന്നതിൽ ഭൂരിഭാഗവും എന്നതാണ് പ്രസക്തമായ കാര്യം. ഗൾഫ് മേഖലയിലെ തൊഴിൽ, ജീവിതാവസ്ഥകൾ സംബന്ധിച്ച് അപവാദങ്ങൾ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. എങ്കിലും, അവിടെയും തങ്ങൾ ഏർപ്പെട്ടിരുന്ന തൊഴിലിൽ കൂടുതൽ പ്രൊഫഷണലായ, നൂതനമായ അറിവുകൾ സ്വായത്തമാക്കിയവരാകും ഏറെപ്പേരും. അത്തരം അറിവുകൾ പ്രയോജനപ്പെടുത്താൻ അവർക്കിവിടെയും അവസരംലഭിച്ചാൽ വിവിധമേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഓരോ സ്ഥലത്തും തിരികെയെത്തുന്ന പ്രവാസികളുടെ ഡാറ്റാബാങ്ക് രൂപവത്‌രിക്കുകയും, ഏർപ്പെട്ടിരുന്ന തൊഴിൽ, സംരംഭകത്വമേഖലകളിൽ അവർക്ക് എത്രത്തോളം അറിവുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുകയെന്നത് സുപ്രധാനമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നൈപുണ്യവികസന പദ്ധതികൾക്കുള്ള റിസോർസ് പേഴ്‌സൺസായും മടങ്ങിയെത്തുന്ന പ്രവാസികളെ പ്രയോജനപ്പെടുത്താം.
ആർജവംകൊണ്ടും സാഹചര്യങ്ങൾ കൊണ്ടും ഉണ്ടായ ധൈര്യത്താലും ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി പിടിച്ചുനിൽക്കുന്നവരാണ് പ്രവാസികൾ. അവിടെ വീണുപോയവരും വിജയിച്ചു കയറിയവരുമുണ്ട്. പൊരുതി വീണുപോയ ‘ആടുജീവിത’ത്തിലെ നജീബും, വിജയസോപാനം കയറിയ എം.എ. യൂസഫലിയും ഓരോ വ്യക്തികൾ മാത്രമല്ല. പ്രവാസികളിൽ പലരുടെയും പ്രതിബിംബങ്ങൾ കൂടിയാണ്. ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും കുളിർമയും അനുഭവിച്ചവർ. കയ്‌പ്പേറിയതും മാധുര്യമുള്ളതുമായ ജീവിതാവസ്ഥകളിലൂടെ സഞ്ചരിച്ചവർ. കർമമേഖലയിൽ എന്നത് പോലെ സ്വജീവിതത്തിലും അവർ ആർജിച്ച അറിവുകൾ സമൂഹത്തിനും വിലപ്പെട്ടതാണ്. വിജയിച്ചവർ ആഘോഷിക്കപ്പെടുമ്പോൾ, വീണുപോയവർ തമസ്കരിക്കപ്പെടുമെന്ന സാമാന്യസത്യം പ്രവാസികളുടെ കാര്യത്തിൽ ഏറെ പ്രസക്തമാണ്. ബെന്യാമിൻ കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ നജീബിനെ മാത്രമല്ല നാം അറിയാതെ പോകുമായിരുന്നത്, ഒപ്പം നജീബ് കടന്നു പോയ ജീവിതത്തെ കൂടിയാണ്. 

ജീവിതസ്വപ്നങ്ങൾ പേറി കടൽ കടന്നവരിൽ തകർന്നുപോയവരെ കണ്ടെത്തി അവരെ ചേർത്തുപിടിക്കുക എന്ന കടമകൂടി നാം നിർവഹിക്കേണ്ടതുണ്ട്. ‘വെട്ടിപ്പിടിക്കാൻ പോയിട്ട് തോറ്റുതൊപ്പിയിട്ട് വന്നിരിക്കുന്നു’ എന്ന പരിഹാസവാക്കുകൾകൊണ്ട് ഒരു പ്രവാസിയെയും വേദനിപ്പിച്ചുകൂടാ. എല്ലാരെയുമെന്നപോലെ അവരും സ്വപ്നങ്ങൾക്കും, ആഗ്രഹങ്ങൾക്കുമൊപ്പം സഞ്ചരിച്ചു. വീടും നാടുമുപേക്ഷിച്ച് പോകാൻ ധൈര്യംകാട്ടി. പിടിച്ചു നിൽക്കാനും വിജയിക്കാനും ആത്മാർഥമായി പരിശ്രമിച്ചിട്ടുണ്ടാകാം. എങ്കിലും, വീണുപോയി. മഹാമാരിയും, ആഗോള സാമ്പത്തിക പ്രതിസന്ധിയുമൊക്കെ സൃഷ്ടിച്ച ആഘാതം പ്രവാസികളെ തിരികെ മടങ്ങാൻ നിർബന്ധിതരാക്കുമ്പോൾ പതിറ്റാണ്ടുകളോളം പ്രവാസിയുടെ വിയർപ്പിന്റെ പങ്കുപറ്റിയ നാമോരോരുത്തർക്കും, നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിനും, ഭരണകൂടത്തിനുമൊക്കെ ഉത്തരവാദിത്വം ഏറെയാണ്. ഉത്തരവാദിത്വത്തെക്കാൾ ഏറെ നമ്മുടെ കടമയാണ് അവരെ ചേർത്തുനിർത്തുക എന്നത്.