അപൂർണതയെ പൂർണമാക്കാനുള്ള പ്രയാണം. അതാണ് ജീവിതം. വിശ്വംഇദംസുന്ദരം- ജീവിതം ആനന്ദമയം എന്നാണ്. നാമിവിടെ ജീവിക്കുന്ന ഓരോനിമിഷവും ധന്യവും പൂർണവുമാണ്. 
ഇറ്റലിയുടെ ഉത്‌പന്നമായ ഫെറേറോ റോഷെർ (ferrero  Rocher) ആരെയും മയക്കുന്ന ചോക്‌ലേറ്റ് ആണെങ്കിൽ, സുന്ദരവും മധുരവുമായ മറ്റൊന്നാണ് ടർക്കിഷ് അൻഗോറ വംശത്തിൽപ്പെട്ട വെള്ളിമുകിലുകളുടെ വെണ്മയും, സ്വർണമുത്തുകൾപോലെയുള്ള നയനങ്ങളും, വശ്യതയാർന്ന മുഖകാന്തിയുമുള്ള സുന്ദരിയായ ഫെറായി എന്ന പെൺപൂച്ചക്കുട്ടി. പൂർണതയ്ക്ക് ഭൂമിയിലെ രുദ്രശക്തികളെ അതിജീവിക്കാൻ  പ്രയാസമുള്ളതുകൊണ്ടാവാം ദൈവം അവൾക്കൊരു  ന്യൂനതയായി ബധിരത കൊടുത്തു. ചെവികേൾക്കില്ല. അതുകൊണ്ടുതന്നെ അവൾ ഗന്ധംകൊണ്ട് ഗ്രഹിക്കും, ഏതുംതൊട്ടറിഞ്ഞേ വിശ്വസിക്കൂ. കുട്ടികളുടെ സുഹൃത്ത് രേഖാ ബാനർജി ബിസിനസ്‌ പരമായ ചില മാറ്റങ്ങളുണ്ടായതിനെത്തുടർന്ന് ദുബായിൽനിന്ന് ബെംഗളൂരുവിലേക്ക് മടങ്ങേണ്ടിവന്നപ്പോൾ ഫെറായിയെ ഇവിടെ നോക്കാൻ ഏൽപ്പിച്ചുപോയതാണ്.  

രേഖയ്‌ക്ക് മൂന്നുപട്ടികളും നാലുപൂച്ചകളും ആണുള്ളത്. എല്ലാത്തിനും ഓരോഅംഗവൈകല്യം  ഉള്ളവയാണ്. ആർക്കുംവേണ്ടാത്തവർ, ലോകം ഉപേക്ഷിച്ചുകളഞ്ഞ മൃഗങ്ങൾ. സ്വന്തംകുഞ്ഞിനോടൊപ്പം രേഖയും ഭർത്താവ് രാജേഷും അനാഥരായ ഈ മൃഗങ്ങളെയും എടുത്തുവളർത്തുന്നു. അവയെ പരിചരിക്കുന്നതിനും, ശുശ്രൂഷിക്കുന്നതിനും പ്രത്യേകം ഒരുജോലിക്കാരനെയും നിയമിച്ചിരുന്നു. ഓരോ വ്യക്തിയുടെയും ചിന്തകളും നന്മകളുടെ നേർവഴികളും, ജീവിതാനുഭവങ്ങളും, വിഭിന്നങ്ങൾ ആണെന്ന് നാംഅറിയുന്നു    ഇവിടെ കുട്ടികൾക്ക് ഒരുപൂച്ചയുണ്ട്. അവന്റെ പേര് മിക്കിയോ. വളരെ സൗമ്യനും സ്നേഹവാനുമാണ്. കരുണയും, കരുത്തും, ബുദ്ധിയുമുള്ളവൻ. അവന്റെ സാമ്രാജ്യത്തിലേക്ക് കടന്നുവന്ന ഫെറായിയെ ഒരു അതിഥി എന്ന നിലയിൽ വളരെ ഔപചാരികതയോടെയും സന്തോഷത്തോടെയും സൗഹാർദത്തോടെയും വരവേറ്റു. എങ്കിലും ആദ്യകാഴ്ചയിൽത്തന്നെ ‘‘നീ ആരാണ് എന്നെ സ്വീകരിക്കാൻ’’ എന്ന് ചോദിച്ച് അടിയായി. അടികൊണ്ടു അവൻ മലർന്നടിച്ചുവീണു. പാവം അവനും തരക്കേടില്ലാത്ത ഒരു ബ്രിട്ടീഷ് ഷോർട്ട്‌ ഹെയർവംശത്തിലാണ് ജനിച്ചതെങ്കിലും പറഞ്ഞിട്ടെന്ത് പ്രയോജനം. ഫെമിനിസ്റ്റുകൾ കൊടികുത്തിവാഴുന്ന ഈ കാലത്ത് ഇതല്ല, ഇതിലപ്പുറവും നടക്കും എന്നോർത്ത് അവനങ്ങു ക്ഷമിച്ചു. 

ഫെറായിക്കിട്ട് ആദ്യംകൊടുക്കേണ്ട നടയടി അവൾ മിക്കിയോക്ക് കൊടുത്തുകൊണ്ട് അവനെ ഒരുമൂലയ്ക്ക് ഒതുക്കി പഞ്ഞിക്കിട്ടു. ‘‘കൈയൂക്കുള്ളവൻ കാര്യക്കാരൻ’’ എന്ന ആപ്തവാക്യം ചക്കി അന്വർഥമാക്കി. കാഴ്ചക്കാരായ ഞങ്ങളും ഞെട്ടിവിറച്ചു. ഒടുവിൽ ഈ വനദേവത പുറത്തുള്ളപ്പോൾ, ആ പരിശുദ്ധനെ മുറിയിൽ  അടക്കും. അവൻ പുറത്തുവരുമ്പോൾ അവളെ മുറിയിൽ കയറ്റുമെങ്കിലും, ഒരു മണിക്കൂറാകുന്നതിന് മുൻപേ അവൾ അമ്മേ, അമ്മേ എന്ന് വ്യക്തതയോടെ ദയനീയമായി വിളിച്ചു കരച്ചിൽതുടങ്ങും. ഒരു മനുഷ്യക്കുഞ്ഞിന്റെ ഹൃദയഭേദകമായ കരച്ചിൽ എന്നതുപോലെ അത് നമുക്ക് അനുഭവപ്പെടുക മാത്രമല്ല, ആ നിലവിളി നമ്മുടെ നെഞ്ചുതകർക്കുകയും ചെയ്യും. ജീവിക്കാൻ പഠിച്ചവൾതന്നെ. എല്ലാവരുടെയും സ്നേഹവും, സഹതാപവും, ലാളനയുമൊക്കെ, കൂടുതൽ പിടിച്ചുപറ്റുന്നത് ഫെറായിതന്നെ. മിക്കി പാവം എല്ലാം ഇവൾക്കുവേണ്ടിസഹിക്കുന്നു, ക്ഷമിക്കുന്നു. അവന്റെ സാമ്രാജ്യം, സ്നേഹം, വാത്സല്യം, സുഖം, പദവി എല്ലാമെല്ലാം തട്ടിത്തെറിപ്പിച്ച ഈ ഭദ്രകാളിക്കുവേണ്ടി ത്യജിക്കുന്നു. എന്നാൽ, ബുദ്ധിയും, വൈഭവവും, എല്ലാ ബലഹീനതകളെയും അതിജീവിച്ചു  വിജയത്തിൽ എത്തുന്നുവെന്ന് ഫെറായി നമ്മെ പഠിപ്പിക്കുന്നു
    മൃഗങ്ങളെക്കാൾ മഹത്തരമായ മനുഷ്യജന്മത്തിൽ  നാം സ്വാർഥതയും, അക്രമവും, അനീതിയും, കൈമുതലാക്കി മുന്നേറുന്നു. അന്യന്റെ നന്മകൾ  ഒക്കെയും തന്റേതാക്കുവാൻ ബദ്ധപ്പെട്ടോടുന്ന കാലുകൾ, തലമുറകൾക്ക് ശാപമാണെന്നു നാം ഗ്രഹിക്കേണ്ടിയിരിക്കുന്നു. കൊറോണ വൈറസിന്റെ പുതിയ രൂപഭേദങ്ങൾപോലെ കാലഘട്ടങ്ങൾക്കനുസരിച്ച് രൂപാന്തരം പ്രാപിക്കുന്ന  ഓരോരോ അവസ്ഥാന്തരങ്ങൾ, ജീവിതങ്ങൾ സമൂഹത്തിന് നാശകരമാണ്.

    സത്യസന്ധനായ ഭർത്താവിന്റെ  കഷ്ടപ്പാടും  കരുതലും അറിയാതെ പോകുന്ന ഭാര്യമാർ, ഭാര്യമാരുടെ സദ്ഗുണങ്ങളും, ത്യാഗവും  വിലമതിക്കാത്ത ഭർത്താക്കന്മാർ, മാതാപിതാക്കളുടെ നിർമലമായസ്നേഹവും, പ്രയത്‌നവും  തിരിച്ചറിയാതെപോകുന്ന  മക്കൾ, കരൾ പറിച്ചുകൊടുത്തു സ്നേഹിക്കുകയും  സഹായിക്കുകയും ചെയ്യുന്ന സതീർഥ്യനെ ഇല്ലാതാക്കുന്ന ചതിവിന്റെ സ്നേഹിതർ, പിഞ്ചുജീവനുകളെ ഞെരിച്ചുകൊല്ലുന്ന  നരാധമന്മാർ, ജന്മംതന്ന വയോധികരായ  മാതാപിതാക്കളെ ദേഹോപദ്രവം ഏൽപിക്കുകയും കടലിൽത്തള്ളുകയും തെരുവിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന സ്വന്തംരക്തങ്ങൾ.      മനുഷ്യന്റെ അത്യാഗ്രഹങ്ങളും, മോഹഭംഗങ്ങളും, കുറ്റബോധവും, പശ്ചാത്താപവും, വിരഹവും, മുറിവുകളും അവനെ ഭ്രാന്തനാക്കുന്നു. ജീവിതങ്ങൾ തകർന്നടിയുന്നു. പലതും കണ്ടില്ലെന്നും  കേട്ടില്ലെന്നും നമ്മൾ നടിക്കുന്നു. പുനഃനിരീക്ഷണവും നിരൂപണാത്മകമായ സമീക്ഷയും നമ്മൾ നടത്തേണ്ടിയിരിക്കുന്നു.                                         കഴിഞ്ഞദിവസം ഫെറായി ദുബായിൽനിന്ന് ബെംഗളൂരുവിലെ അവളുടെ അമ്മ രേഖയുടെ അടുത്തേക്കുപറന്നപ്പോൾ, ഈ വീട്ടിലെ എല്ലാ കണ്ണുകളും  നിറഞ്ഞിരുന്നു. പാവം മിക്കിയോ അവൻ  ഇതൊന്നുംഅറിയാതെ    ഉറക്കത്തിലായിരുന്നു. അടുത്ത പ്രഭാതംമുതൽ  ഒരുനിരാശാകാമുകനെപ്പോലെ മിക്കി ഓരോ മുക്കിലുംമൂലയിലും  ഫെറായിയെത്തേടി  അലയുന്നു, അറിയുക! ഈ  പ്രപഞ്ചം നിലനിൽക്കുന്നത്, ഈഭൂമി കറങ്ങുന്നത് സ്നേഹമെന്ന  അച്ചുതണ്ടിൽതന്നെയാണ്.