ജീവിതത്തെ മുന്നോട്ടുനയിക്കുന്നത് നമ്മുടെ സ്വപ്നങ്ങളാണ്. ആ സ്വപ്നത്തിലേക്ക് കൈപിടിച്ചു നടത്തുന്നത് പലപ്പോഴും കയ്പുംമധുരവും കൂടിക്കലർന്ന നമ്മുടെ അനുഭവങ്ങൾതന്നെയാകും. തളർന്നുവീഴുമെന്ന് തോന്നിയിട്ടും അവിടെനിന്ന്‌ സ്വപ്നങ്ങൾ കൈയെത്തിപ്പിടിക്കാൻ അക്ഷീണംപ്രയത്‌നിച്ച് നേട്ടംകൊയ്ത ചിലരെ ഇക്കാലത്തുണ്ടാകൂ. അതിലൊരാളാണ് പ്രവാസി സംഗീതസംവിധായകൻ രഞ്ജിത് മേലേപ്പാട്ട്. ജീവിതസ്വപ്നങ്ങൾ യാഥാർഥ്യമാക്കുക എന്നത് അത്ര നിസ്സാരകാര്യമല്ലെന്നിരിക്കെ സ്വപ്നത്തിന് പിറകെപാഞ്ഞ് ചെറുചിരിയോടെ, ആത്മവിശ്വാസത്തോടെ മുന്നേറുന്ന സംഗീതസംവിധായകനാണ് രഞ്ജിത്ത്. സിനിമാ, സംഗീതമേഖലയിൽ കഴിവുള്ള കുട്ടികൾക്ക് അവസരങ്ങളൊരുക്കാൻ ദുബായിൽ ഒരു കേന്ദ്രവും സ്റ്റുഡിയോയും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ന് ഈ മലപ്പുറം സ്വദേശി. 

2000-ത്തിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻകോളേജിൽനിന്ന്‌ യൂണിവേഴ്‌സിറ്റി കലോത്സവത്തിലൂടെയാണ് ഈ യുവാവിന്റെ കലാലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് ദേശീയതല വിജയിയായി. ചെന്നൈയിൽ സ്കൂൾഓഫ് ഓഡിയോ എൻജിനിയറിങ് പഠനം പൂർത്തിയാക്കി. ശേഷം മാധ്യമമേഖലയിലേക്ക്. 2007-ലാണ് യു.എ.ഇ.യിലെത്തുന്നത്. ഏറെക്കാലം റേഡിയോ മാധ്യമരംഗത്ത് പ്രൊഡക്‌ഷൻ മേഖലയിൽ സജീവമായി പ്രവർത്തിച്ചു. പിന്നീട് സിനിമാസംഗീതംചെയ്യാൻ ജോലി അവസാനിപ്പിച്ച് കൊച്ചിയിലേക്ക് മടങ്ങി. അവിടെ ‘മൈ സ്റ്റുഡിയോ’ എന്ന പേരിൽ സ്ഥാപനം തുടങ്ങി. തുടർന്ന് നിരവധി പരസ്യചിത്രങ്ങളിൽ സംഗീതംചെയ്തു. 2014 മുതൽ സിനിമാ-സംഗീത മേഖലയിൽ സജീവമായി. ആദ്യസിനിമ പേർഷ്യക്കാരനിൽ സംഗീതംചെയ്തു. പിന്നീട് റോക്ക് സ്റ്റാറിൽ ടൈറ്റിൽസോങ്ങ് ചെയ്യാനായി. രണ്ടുവർഷംമുൻപ് പുറത്തിറങ്ങിയ ‘ഒരായിരംകിനാക്കൾ’, ‘പൂഴിക്കടകൻ’ എന്നീ ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചു. ‘‘വരികൾക്ക് സംഗീതംനൽകാനാണ് ഇഷ്ടപ്പെടുന്നത്. തിരിച്ചുംചെയ്തിട്ടുണ്ട്. പൂഴിക്കടകൻ എന്ന സിനിമ ജീവിതംതന്നെ മാറ്റിമറിച്ചതായി രഞ്ജിത് പറയുന്നു’’.  വയ്യാതെകിടന്ന അവസ്ഥയിലാണ് ഈ സിനിമയ്‌ക്കുവേണ്ടി ജോലിചെയ്തത്. അതൊരു സ്വപ്നസാക്ഷാത്കാരം പോലെയായി. 

ഏറ്റവുമൊടുവിൽ രഞ്ജിത് മേലേപ്പാട്ടിന്റെ നേതൃത്വത്തിൽ ലോകഭിന്നശേഷിദിനത്തിൽ തയ്യാറാക്കിയ വീഡിയോ വൈറലായിരുന്നു. ‘ഓളങ്ങൾ’ എന്ന പേരിൽ ഇറക്കിയ വീഡിയോ അമിതാഭ് ബച്ചനും ഇളയരാജയും മോഹൻലാലും മുതൽ ദുൽഖറും ടൊവിനൊയും ശ്വേതാ മോഹനുംവരെ ഷെയർചെയ്തു. എവർഗ്രീൻ ഹിറ്റായ തുമ്പീവാ... എന്ന ഗാനത്തിന്റെ മലയാളം, ഹിന്ദി, തമിഴ് വരികൾ നിശ്ചയദാർഢ്യക്കാരുടെ ശബ്ദവും ദൃശ്യവുമായി സ്ക്രീനിലെത്തുകയായിരുന്നു. 10 വർഷമായി ദുബായിലുള്ള രഞ്ജിത്ത് ഒരു റേഡിയോയിലെ പ്രൊഡക്‌ഷൻ ഹെഡാണ്. കലാമണ്ഡലം ഹൈദരാലിക്ക് ആദരമർപ്പിക്കുന്നതിനായി ‘കർണൻ’ എന്ന പേരിൽ ആൽബം പുറത്തിറക്കി.