അന്താരാഷ്ട്ര തലത്തിൽ സാങ്കേതികരംഗം അതിദ്രുതം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിനവും പുലരുന്നത് പുതിയൊരു സാങ്കേതികവിദ്യയുടെ ഉദ്‌ഭവവുമായിട്ടാണ്. കാലത്തിന്റെ ഈ വേഗപ്പാച്ചിലിൽ സാങ്കേതികതയെ പുണരാൻ മടിച്ചുനിൽക്കുന്ന ഒരു നഗരവും പിറകിലായിപ്പോകും എന്നുറപ്പാണ്. ഇവിടെയാണ് ദുബായ് നഗരം നമ്മെ അതിശയിപ്പിക്കുന്നത്. സാങ്കേതികവിദ്യകളെ മുഖ്യലക്ഷ്യം എന്നതിലുപരി പുരോഗതിക്ക് പ്രാപ്തമാക്കുന്ന പ്രധാന ഘടകമായാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിക്കുന്നത്. സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ ദുബായിയെ ‘ഭൂമിയിലെ ഏറ്റവും സന്തോഷം പകരുന്ന നഗര’മാക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് അദ്ദേഹം. 
    ദുബായ് നഗരത്തെ സ്മാർട്ടാക്കാൻ ഇന്ന് ലോകത്ത് നിലവിലുള്ള മിക്ക സാങ്കേതികവിദ്യകളും പ്രയോഗവത്‌കരിക്കുകയാണ് അതിന്റെ സാരഥികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ബിഗ് ഡേറ്റ, ഡേറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ, ഹൈപ്പർലൂപ്പ്, റോബോട്ടിക്സ്, ത്രീ ഡി പ്രിന്റിങ്, ഡ്രൈവറില്ലാ വാഹനങ്ങൾ, ഡ്രോണുകൾ, അങ്ങനെ എല്ലാം.
സാങ്കേതിക മുന്നേറ്റത്തിലേക്കുള്ള ജൈത്രയാത്രയ്ക്ക് ദുബായ് തുടക്കം കുറിച്ചത് 1999-ലാണ്. അന്നാണ് ആദ്യത്തെ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി (ഐ.സി.ടി.) നയം പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് വിപ്ലവകരമായ പല മാറ്റങ്ങൾക്കും ദുബായ് നഗരം സാക്ഷ്യം വഹിച്ചു. ദുബായ് ഇന്റർനെറ്റ് സിറ്റി, ദുബായ് മീഡിയ സിറ്റി, ദുബായ് ഇ-ഗവൺമെന്റ്, ദുബായ് സ്മാർട്ട് ഗവൺമെന്റ്, സ്മാർട്ട് ദുബായ് ഇനീഷ്യേറ്റീവ് തുടങ്ങിയ പല സംരംഭങ്ങൾ ഒന്നിനു പിറകെ ഒന്നായി യാഥാർഥ്യമാക്കപ്പെട്ടു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്ത് ഡിജിറ്റൽ പരിവർത്തനങ്ങൾ ലക്ഷ്യംവെച്ചുള്ള ഒട്ടേറെ പരിപാടികൾ നടപ്പാക്കപ്പെട്ടു. ഏതാണ്ട് മുപ്പതുലക്ഷത്തോളം ജനസംഖ്യയുള്ള ദുബായ് ഡിജിറ്റൽ സാക്ഷരതയിൽ ലോകത്ത് ഏറെ മുന്നിൽനിൽക്കുന്ന നഗരമാണ്. വിവര സാങ്കേതികവിദ്യ ദുബായിലെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ എല്ലാ മേഖലകളെയും തൊട്ടുനിൽക്കുന്നു. സർക്കാർ ഈ രംഗത്ത് നടപ്പാക്കിയ പദ്ധതികൾക്കൊക്കെ വലിയ സ്വീകാര്യത കിട്ടിയതിന്റെ തെളിവാണ് സ്വദേശികളും വിദേശികളുമടക്കം എല്ലാ വിഭാഗം ജനങ്ങളും രാജ്യത്തിന്റെ സാങ്കേതികനേട്ടങ്ങൾ തങ്ങളുടെ ജീവിതത്തിൽ പ്രയോഗവത്‌കരിച്ചത്.
    വളരെ മുമ്പേതന്നെ എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കുന്നതിൽനിന്ന് മാറി ബിസിനസ്, ടൂറിസം, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ്, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയ നഗരമാണ് ദുബായ്. സാമ്പത്തികരംഗത്തെ ഈ വൈവിധ്യവത്‌കരണംകൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ടാക്കാൻ ദുബായ്ക്ക് സാധിച്ചു. കുറഞ്ഞകാലംകൊണ്ട് ലോകത്തെ ഏറ്റവും മികച്ച ബിസിനസ്, ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി വളർന്നു ദുബായ്. 
    ഇന്ന് ഇരുനൂറിലധികം രാജ്യക്കാർ വസിക്കുന്ന ഏറ്റവും വേഗത്തിൽ പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരമാണ് ദുബായ്. അതുകൊണ്ടുതന്നെ ഇവിടം ജീവിക്കാനായി തിരഞ്ഞെടുക്കുന്നവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാൻ ഭരണാധികാരികൾ ബദ്ധശ്രദ്ധരാണ്. ഗ്ലോബൽ ഹാപ്പിനെസ് ഇൻഡക്സിൽ തുടർച്ചയായി അറബ് മേഖലയിൽ ഒന്നാംസ്ഥാനം നിലനിർത്തുന്ന രാജ്യമാണ് യു.എ.ഇ. ലോകത്തുതന്നെ 22-ാം സ്ഥാനത്താണ് യു.എ.ഇ. രാജ്യത്തെ ഇങ്ങനെ ജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നതിൽ ദുബായ് വഹിക്കുന്ന പങ്ക് ചില്ലറയല്ല.
   ഓൺലൈൻ സേവനങ്ങൾ നമുക്കെല്ലാവർക്കും ഏറെ പ്രയോജനപ്പെട്ട, അല്ലെങ്കിൽ അതിന്റെ മൂല്യം നാമെല്ലാം കൂടുതലായി മനസ്സിലാക്കിയ കാലഘട്ടമാണ് നമ്മൾ ഇപ്പോഴും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കോവിഡ് കാലം. എന്നാൽ, മിക്ക ദുബായ് സർക്കാർവകുപ്പുകളും വർഷങ്ങൾക്കുമുമ്പുതന്നെ ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ഏതാണ്ട് മുഴുവൻ സേവനങ്ങളും ഓൺലൈൻ ആയിക്കഴിഞ്ഞു. സർക്കാർ ഓഫീസുകളിലേക്ക് ഉപഭോക്താക്കൾ സഞ്ചരിക്കേണ്ടതില്ലാത്തവിധം കാര്യങ്ങൾ മാറി. ഡിജിറ്റൽ സാക്ഷരത വർധിച്ചതോടെ ദുബായിൽ ആതുരസേവനം, വിദ്യാഭ്യാസം, സാംസ്കാരിക രംഗം, പാർപ്പിടമേഖല, വിനോദം, സാമൂഹ്യസേവന രംഗം, സന്നദ്ധസേവന രംഗം തുടങ്ങി എല്ലാ മേഖലകളിലും ഡിജിറ്റൽ സാങ്കേതികത നടപ്പാക്കി ജനങ്ങളുടെ നിത്യ ജീവിതത്തിലെ 90 ശതമാനം കാര്യങ്ങളും ഡിജിറ്റലാക്കി മാറ്റാനാണ് പദ്ധതി. 
    ദുബായിലെ താമസക്കാർക്ക് ഇപ്പോൾ അവരുടെ ആരോഗ്യപരിരക്ഷാ ആവശ്യങ്ങൾക്കായി അപ്പോ്യൻമെന്റ് എടുക്കാനും ടെസ്റ്റ് റിസൾട്ട് ലഭിക്കാനും മരുന്നുകളുടെ പ്രിസ്‌ക്രിപ്ഷൻ ലഭിക്കാനും മരുന്നുകൾ ഓർഡർ ചെയ്യാനും എല്ലാം ഓൺലൈനിൽ സാധിക്കുന്നുണ്ട്. അതുപോലെ, മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും വിദ്യാഭ്യാസ സംബന്ധമായ എല്ലാ വിവരങ്ങളും ഓൺലൈനായി തിരയാനും കോഴ്‌സുകൾക്ക് രജിസ്റ്റർചെയ്യാനും പണം നൽകാനും ക്ളാസുകളിൽ പങ്കെടുക്കാനും അവരുടെ സമപ്രായക്കാരുമായി സംവദിക്കാനും പാഠ്യപദ്ധതി നോക്കാനും എല്ലാം ഇപ്പോൾ ഓൺലൈൻ വഴി സാധ്യമാണ്. ഉപയോഗിക്കാൻ എളുപ്പമുള്ള ഓൺലൈൻ സേവനങ്ങളിലൂടെ, ഭൂമി വാങ്ങിക്കാനും വീട് വെക്കാനും മറ്റു ഭവന ആവശ്യങ്ങൾ നിറവേറ്റാനും ഇപ്പോൾ ഓൺലൈൻ മതി. 200-ലധികം ദേശീയതകളെ ഒരുമിച്ചുകൊണ്ടുവന്ന സമ്പന്നവും മിശ്രിതവുമായ ഒരു സംസ്‌കാരമാണ് ദുബായിലുള്ളത്. സാംസ്കാരിക പരിപാടികൾ എക്സിബിഷനുകൾ എന്നിവയ്ക്ക് ഇവിടെ ഓൺലൈൻ വഴി എളുപ്പത്തിൽ പ്രവേശനം ലഭ്യമാവുന്നു.
    ഒരു പടികൂടികടന്ന് ഡ്രൈവറില്ലാ വാഹനങ്ങളിൽ ദുബായ് വാസികൾ സഞ്ചരിക്കാൻ തുടങ്ങി. നേരത്തേ ലോകത്തെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ തുടങ്ങിയ ദുബായ്, റോഡിലൂടെ പോകുന്ന ഡ്രൈവറില്ലാ വാഹനങ്ങൾ വഴിയും പൊതുജനങ്ങൾക്ക് സേവനം നൽകിത്തുടങ്ങി. മൊത്തം ഗതാഗതമേഖലയുടെ 12 ശതമാനം എത്രയും പെട്ടെന്ന് ഡ്രൈവറില്ലാ വാഹനങ്ങൾ ആക്കുകയാണ് ലക്ഷ്യം. ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടിരുന്ന പറക്കും വാഹനങ്ങളും ഇന്ന് ദുബായിൽ എത്തിക്കഴിഞ്ഞു. എവിടെയെങ്കിലും ഒരു ട്രാഫിക് ബ്ലോക്ക് ഉണ്ടായാൽ അത് പരിഹരിക്കാൻ ട്രാഫിക് പോലീസ് പറക്കും ബൈക്കിൽ അവിടെ എത്തും. 
    വർഷങ്ങൾക്കുമുമ്പുതന്നെ ദുബായ് ട്രാഫിക് സിഗ്നലുകൾ നിയന്ത്രിക്കുന്നത് കംപ്യൂട്ടർ വഴി ആക്കിയിരുന്നു. ദുബായിലെ എല്ലാ സിഗ്നലുകളിലും നാലുഭാഗത്തും പ്രത്യേക ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. അതൊക്കെ ട്രാഫിക് സെൻട്രൽ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും സിഗ്നലിൽ ഒരു ദിശയിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കംപ്യൂട്ടർ സ്വയംതന്നെ ആ ദിശയിലേക്കുള്ള ഗ്രീൻ ടൈം കൂട്ടിക്കൊടുത്ത് സുഗമമായ സഞ്ചാരം ഉറപ്പുവരുത്തും. 
     ദുബായിലെ മാളുകളിൽ ഇന്റർനെറ്റ് ഓഫ് തിങ്‌സും ആർട്ടിഫിഷ്യൻ ഇന്റലിജൻസും ബിഗ് ഡേറ്റയുമൊക്കെ ഉപയോഗിച്ച് കച്ചവടം പുതിയ തലങ്ങളിലേക്ക് എത്തിയിരിക്കുന്നു. മാളിലെത്തുന്ന സന്ദർശകരുടെ കണക്കെടുക്കുന്ന ക്യാമറകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ അനലൈസ് ചെയ്ത് ഏതു രാജ്യക്കാർ, അവരുടെ ചെലവഴിക്കൽ സ്വഭാവം, ഫാഷൻ താത്‌പര്യങ്ങൾ തുടങ്ങിയവ മനസ്സിലാക്കി കടകളിലെ സാധനങ്ങളുടെ ഡിസ്‌പ്ലേയിൽവരെ മാറ്റങ്ങൾ വരുത്തുന്നു. ഇന്റർനെറ്റ് ഓഫ് തിങ്‌സും ആർട്ടിഫിഷ്യൻ ഇന്റലിജൻസും ബിഗ് ഡേറ്റയുമൊക്കെ പരസ്പര ബന്ധിതമായാണ് പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്‌സ് ശേഖരിച്ച തത്സമയ ഡേറ്റ വിശകലനംചെയ്ത് ആർട്ടിഫിഷ്യൻ ഇന്റലിജൻസ് എടുക്കുന്ന തീരുമാനം പ്രവചനാത്മകമായിരിക്കും. മെയിന്റനൻസ് ആവശ്യമുള്ള മേഖല മുൻകൂട്ടി അറിയാൻ കഴിയും എന്നതുകൊണ്ട് ആ തീരുമാനം നടപ്പാക്കുമ്പോൾ ചെലവ് കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയുന്നു.