പ്രിയതമൻ ഏറെ പിരിശത്തോടെ പ്രിയതമയ്ക്ക് സമ്മാനിച്ചവയാണ്  സഹർ അഹമ്മദിന്റെ ‘പിരിശത്തിന്റെ ദിനങ്ങൾ’. പ്രണയത്തിന്റെ സൗകുമാര്യം വഴിഞ്ഞൊഴുകുന്ന വരികളെ വിരഹത്തിന്റെ തീവ്രാക്ഷരങ്ങളെന്നുകൂടി അടയാളപ്പെടുത്താം. വിരഹത്തിന്റെ അസാന്നിധ്യം പകരുന്ന വേദനയെപ്പോലും പ്രണയിക്കുന്നവരാണല്ലോ കവികൾ. അത്തരത്തിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും  അനുഭവസാക്ഷ്യങ്ങളായ ശീർഷകമില്ലാത്ത 50 കവിതകളുടെ സമാഹാരമാണ് ‘പിരിശത്തിന്റെ ദിനങ്ങൾ’. 
പ്രണയം പല വിധത്തിലുമുണ്ട്. കാമുകിയോട്, പ്രകൃതിയോട്, ദൈവത്തോട് അതങ്ങനെ നീണ്ടുപോകുന്നു. എന്നാൽ, അത് കുടുംബജീവിതത്തിലാവുമ്പോൾ ആനന്ദംമാത്രമല്ല ജീവിതത്തെ സ്നേഹത്തോടെ ബന്ധിപ്പിച്ചുനിർത്തുന്ന ഉറപ്പുള്ള ചങ്ങലകൂടിയാകുന്നു. വിശുദ്ധമായ പ്രണയം ഏതു പ്രതിസന്ധികളിലും പരസ്പരം താങ്ങിനിർത്തുന്ന ഊന്നുവടികളാകുന്നു. 

‘‘പ്രണയം രണ്ട് വ്യക്തികൾക്കിടയിൽ 
മാത്രം ഒതുങ്ങേണ്ട വികാരമല്ല 
ഈ പ്രപഞ്ചത്തെയാകെ 
ചേർത്ത് നിർത്തുന്ന നൂലാണത്’’. 
പ്രിയതമയോടുള്ള ഓർമകൾ പങ്കുകൊള്ളുന്ന ദിനങ്ങളിൽപോലും ഉമ്മയോർമകളിലും കവി വല്ലാതെ സങ്കടപ്പെടുന്നതായി കാണാം. 

‘‘നിന്റെ ഓർമകൾ പെയ്യുന്ന 
പിരിശത്തിന്റെ ദിനങ്ങളിലും 
ഉമ്മയുടെ ഓർമകൾ 
എന്നിൽ കണ്ണീരായി പെയ്യുന്നു’’

അതുകൊണ്ടായിരിക്കാം പലപ്പോഴും ഉമ്മയുടെ വാത്സല്യവും സ്നേഹശാസനയും കൂടി കവി പ്രിയതമയിൽനിന്ന്‌ ആഗ്രഹിക്കുന്നത്. 

‘‘മഴ നനഞ്ഞുനിന്നിലേക്ക്  വരുമ്പോൾ 
നിന്നുടെ ശകാരങ്ങൾ 
കാതുകളിൽ നിറയുന്നു 
നെഞ്ചോടു ചേർത്ത് 
തല തുടയ്ക്കുന്നു നീ’’
ചുറ്റും വർണശബളമായ കാഴ്ചകൾ ഉണ്ടായിട്ടും പ്രണയിനിയുടെ സാമീപ്യമുള്ള വെളിച്ചത്തെയാണ് കവി കൊതിക്കുന്നത്. അതുകൊണ്ടാണ് ആയിരം നക്ഷത്രങ്ങൾക്കിടയിലും തന്റെ പ്രണയനക്ഷത്രംമാത്രം കൂടുതൽ  പ്രകാശിച്ചുനിൽക്കുന്നതായി കവിക്ക് അനുഭവപ്പെടുന്നത്.

‘‘യാ സുരയ്യ.. ഒരായിരം 
നക്ഷത്രങ്ങൾക്കിടയിലും 
നിന്റെ പ്രകാശം മാത്രം 
എന്നെ തേടിയെത്തുന്നു’’
സന്തോഷത്തിലും സങ്കടത്തിലും നാമെല്ലാം ആഗ്രഹിക്കുന്നത് പ്രിയപ്പെട്ടവരുടെ സാമീപ്യമാണ്. ഒരു പുഞ്ചിരികൊണ്ട് അല്ലെങ്കിൽ സാന്ത്വനപ്പെടുത്തുന്ന ഒരു വാക്കുകൊണ്ട് അവർക്ക് ചിലപ്പോൾ വലിയൊരു വിളക്കാവാൻ സാധിക്കും. 

‘‘സങ്കടങ്ങളുടെ 
കണ്ണീർച്ചാലുകൾ 
പുഴയായി ഒഴുകുമ്പോൾ 
കവിൾത്തടങ്ങളിൽ നീ 
പുഞ്ചിരിയാവുക’’

പ്രാണേശ്വരിയെ തനിക്ക് സമ്മാനിച്ച ദൈവത്തോടുള്ള ഭക്തിയും നന്ദിസൂചകവുമാകുന്നതായ വരികളും കവിതകളിൽ നിറഞ്ഞു നിൽക്കുന്നു.

 ‘‘യാത്ര ചോദിക്കാതെ ഒരുനാൾ നാം 
മണ്ണിലേക്ക് മടക്കപ്പെടും 
നാളെ ആരെങ്കിലും 
പിരിശത്തിന്റെ താളുകൾ മറിച്ചു നോക്കും 
ആ വരികൾക്കിടയിൽ 
അവർ നമ്മെ വായിക്കും’’

പ്രിയതമയ്ക്കുള്ള സമ്മാനമായി എഴുതപ്പെട്ട ‘പിരിശത്തിന്റെ ദിനങ്ങൾ’ പ്രണയത്തിന്റെ മഴക്കുളിരാണ്. ആ മഴയിൽ വായനക്കാരും നനഞ്ഞു പൊള്ളുമെന്ന് ഉറപ്പാണ്.