അക്ബർ പൊന്നാനി

റോസാപ്പൂ പ്രേമികളുടെകൂടി പ്രണയഭൂമിയാണ് ത്വായിഫ്.   
വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ ഈ പടിഞ്ഞാറൻ സൗദി  നഗരം ഇപ്പോൾ റോസാപ്പൂ വിളവെടുപ്പിൽ ആനന്ദസുരഭിലയാണ്.  ത്വായിഫിന്റെ പൂഹൃദയം ഇപ്പോൾ മാദകമണവും വർണവും അണിഞ്ഞിട്ടുണ്ട്. ഹൃദയഹാരിയായ റോസാ കുസുമങ്ങൾ ചൂടിനിൽക്കുകയാണ് ത്വായിഫിലെ മലയോരങ്ങൾ. ലോകത്തിലെ  ഏറ്റവും വിലകൂടിയ 
സുഗന്ധംപൊഴിക്കുന്ന പനിനീർ  മുളപൊട്ടുന്നത് ത്വായിഫ് മലനിരകളിലാണ്. അതിന്റെ  ആവേശത്തിലും നറുവെട്ടത്തിലുമാണ് പ്രദേശത്തെ 
കർഷകരും.     
    കാരയ്ക്ക കായ്ക്കുന്ന നാട്ടിൽനിന്നു തന്നെയാണ് പകരംവെക്കാൻ  വേറെ അധികമില്ലാത്ത മേന്മയോടുകൂടിയ പനിനീർപൂക്കളും  വിളയുന്നത്. മരുഭൂമിയെന്നാണ് വിശേഷണമെങ്കിലും  വിളമേന്മയുള്ള മണ്ണാണ് സൗദിയിലേത്, പ്രത്യേകിച്ചും ത്വായിഫിലേത്. എണ്ണയും കാരക്കയുംപോലെ ഇവിടെ വിരിയുന്ന  റോസാപുഷ്പങ്ങളുടെ സൗരഭം ദേശങ്ങൾ 
ഭേദിക്കുന്നതാണ്. ലോകോത്തരമാണ്  അതിന്റെ  ഖ്യാതി.  പനിനീർ  
പൂക്കളിൽ  നിന്ന്  നിർമിക്കുന്ന  റോസ്  പെർഫ്യൂമുകൾക്ക്  ആഗോളതലത്തിൽ  ഒന്നാംസ്ഥാനമാണുള്ളത്.  
    ഇപ്പോൾ റോസാപ്പൂക്കളുടെ  വിളവെടുപ്പ്  ആഘോഷത്തിലാണ്  കർഷകർ.  പനിനീർ  തൊടികളിൽ ജലസേചനം,  വളം ചേർക്കൽ, വിളവെടുപ്പ്  തുടങ്ങിയ  കാർഷികവൃത്തികളുടെ  തിരക്കാണ്. ത്വായിഫിന്റെ  പര്യായമായ  അൽഹദ  പർവതനിരകളിലെ ഉയർന്ന കൊടുമുടികളായ അൽഷഫ, തുവൈർക്ക്, വാദി മുഹറം, വാദി അൽഅക്മർ, വാദി അൽബുന്നി, ബിലാദ് അൽതൽഹത്ത്, അൽമദ്ദാദ് തുടങ്ങിയ  മേഖലകളെല്ലാം  പനിനീർ പൂക്കളാൽ വിലസുകയാണിപ്പോൾ. കർഷകരിൽ  ചിലർ പ്രാദേശികതലത്തിൽ തന്നെ പൂക്കൾക്ക് വിപണിസാധ്യത കണ്ടെത്തുമ്പോൾ മറ്റുചിലർ  പുറത്തുള്ള  പ്രത്യേക   ലാബുകളുടെ  സഹായത്തോടെ  
പൂക്കളിൽനിന്ന്  സുഗന്ധങ്ങളും  സത്തയും   ലായനിയും  മറ്റു  ഉത്‌പനങ്ങളും  നിർമിച്ചെടുത്തും  പ്രയോജനം  കൊയ്യുന്നു. 
    ‘ത്വായിഫിൽ  15,000 ത്തിലേറെ റോസ്  ഫാമുകൾ  നിലവിലുണ്ട്.  ഡിസംബർ മാസത്തിലാണ്  പനിനീർ  ചെടികളിൽ  അധ്വാനം  തുടങ്ങുന്നത്.   ചെടികൾ  ക്രോപ്  ചെയ്യലാണ്  ആദ്യ നടപടി. പിന്നീട്  വൃത്തിയാക്കൽ  ആരംഭിക്കും. തുടർന്ന് ജൈവ വളങ്ങൾ ഇറക്കും.   ചെടികൾ  നനച്ചുകൊണ്ടിരിക്കലും  പരിപാലനത്തിന്റെ  ഭാഗമായി  ചെയ്യും. അങ്ങനെ  ഈ  കാലമാവുമ്പോഴേക്കും കൊയ്ത്ത് ആരംഭിക്കുകയായി.  വർഷത്തിൽ 45 ദിവസം  നീളുന്നതാണ്   പനിനീർപ്പൂക്കളുടെ  വിളവെടുപ്പ്  കാലമെന്ന് സ്ഥലത്തെ  ഒരു  കർഷകനായ അബ്ദുൽ അസീസ് അൽ തുവൈർകി പറയുന്നു.
    ‘പനിനീർപ്പൂക്കളുടെ  സുഗന്ധവും  സത്തയും  ചോർന്ന് പോകാതിരിക്കുകയെന്ന  ലക്ഷ്യത്തോടെ  പൂനുള്ളൽ  ദിവസവും അതിരാവിലെ, സൂര്യോദയത്തിനു മുമ്പ്  തന്നെ നടത്തും.  പരമ്പരാഗത രീതി പരിരക്ഷിച്ചുകൊണ്ടാണ്  വിളവെടുപ്പ്.   തുടർന്ന്,  ഫാക്ടറികളിലേക്ക്‌  കൊണ്ടുപോകും. പിന്നീട് റോസ് വാട്ടറിന്റെയും  സുഗന്ധ  വസ്തുക്കളുടെയും നിർമാണം തുടങ്ങുന്നു.   നിരവധി ഘട്ടങ്ങളിലൂടെയാണ്  റോസ് വാട്ടറും  ലേപവും  വേർതിരിച്ചെടുക്കുന്നത്.  ആദ്യഘട്ടം റോസാപ്പൂക്കൾ 
വേവിക്കുകയും  വാറ്റിയെടുക്കുകയും  ചെയ്യലാണ്.  12,000 റോസാപ്പൂക്കൾ  ഒരു  കലത്തിൽ  ഇട്ടാണ്  തീകത്തിക്കുക. പണികൾ  മിക്കതും  
പരമ്പരാഗത  രീതി  നിലനിർത്തിക്കൊണ്ടുതന്നെ. കർഷകന്റെ വാക്കുകളിൽ പറഞ്ഞാൽ ‘വിരിയുന്നത്  പനിനീർ പൂക്കളുടെ പരിമളം വഴിയുന്ന  പരിണാമങ്ങൾ’.