1950 ജനുവരി 26-ന് സ്വതന്ത്രഭാരത റിപ്പബ്ലിക് ആയതോടെ പ്രജകൾ സർവാധികാരികളായി മാറി. താൻ ആരാവണമെന്നും ആരാവരുതെന്നും സ്വയം തീരുമാനിക്കാം. തന്നെ ആര് ഭരിക്കണമെന്നതും അവനവന്റെ അധികാരത്തിന്റെയും യുക്തിയുടെയും വിവേചനത്തിന്റെയും അടിസ്ഥാനത്തിൽ തീരുമാനിക്കുകയും നടപ്പാക്കാൻ സാധ്യമാവുകയും ചെയ്യുമെന്ന് സാരം. എല്ലാവർക്കും തുല്യ അവകാശം, ഭരണഘടനാപരമായ നീതി. ഇങ്ങനെ യജമാനന്മാരായ മഹത്തായ ദിനത്തിന്റെ ഓർമപ്പെടുത്തലാവുകയാണ് ഓരോ റിപ്പബ്ലിക് ദിനവും.
ഭാരതത്തിൽ മാത്രമല്ല ഭാരതീയർ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ ആഘോഷങ്ങളും നടക്കുന്നു. നമ്മുടെ സങ്കല്പങ്ങൾക്ക് അനുസൃതമായ ജീവിതസാഹചര്യങ്ങൾകൂടി ഒത്തുവരുമ്പോൾ ആഘോഷങ്ങൾക്ക് ഉത്സവാന്തരീക്ഷം കൈവരുകയും ചെയ്യുന്നു. ഏറ്റവുംകൂടുതൽ പ്രവാസികളുള്ള ഗൾഫ് നാടുകളിൽ ഇത്തരം ആഘോഷങ്ങൾക്ക് അനുഗുണമായ സാമൂഹികവും നിയമപരവുമായ ആനുകൂല്യങ്ങളും നിയമസാധുതയും ലഭിക്കുന്നുണ്ട്. അത് പ്രവാസികൾക്ക് മാതൃഭൂമിയെയെന്നപോലെ കർമഭൂമിയെക്കുറിച്ചും അഭിമാനംതോന്നുന്ന ഒരവസരമായി ഓർമിക്കപ്പെടുന്നു.
മതേതരത്വം, പൗരാവകാശം, സാമൂഹിക സമത്വം, തുല്യനീതി ഇവയൊക്കെ റിപ്പബ്ലിക്കിന്റ നിർവചന പരിധിയിൽ വരുന്നു. ഇതൊക്കെ തന്നെയാണ് ആരോഗ്യകരമായ സാമൂഹിക വ്യക്തി ജീവിതത്തിന്റെ ആധാരവും. ഒരു വിഭാഗത്തിനും മറ്റൊന്നിന്റെ മേൽ കുതിരകയറാൻ അവകാശമില്ല, ആരെയും ഒന്നും അടിച്ചേൽപ്പിക്കാൻ സാധിക്കുകയുമില്ല എന്ന പരമസത്യം ഭരണഘടനാപരമായി മാറിയിരിക്കുന്നു. നിർഭാഗ്യവശാൽ ചിലതൊക്കെ ചിലപ്പോഴൊക്കെ ലംഘിക്കപ്പെടുന്ന സന്ദർഭങ്ങളും നമുക്ക് മുന്നിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ അടിസ്ഥാന സ്വഭാവങ്ങൾ പ്രവാസികൾക്കിന്നും കോട്ടംതട്ടാതെ പ്രവാസ മണ്ണിൽ അനുഭവിക്കാൻ പറ്റുമ്പോഴാണ് യഥാർഥ റിപ്പബ്ലിക്കൻ ആശയങ്ങൾ പ്രയോഗത്തിൽ വരുത്തിയതിന്റെ സൗകുമാര്യം നാം അനുഭവിക്കുന്നത്.
വർണ-വർഗ-മത-ലിംഗ പരമായ തരംതിരിവുകളൊന്നും ഈ മണ്ണിൽ നാം അനുഭവിക്കുന്നില്ല എന്നത് തന്നെയാണ് ഒരു മടക്കയാത്ര പോലും ആഗ്രഹിക്കാത്തതരത്തിൽ പ്രവാസികളെ ഇവിടെത്തന്നെ മാനസികമായി തളച്ചിടുന്നത്. ആ ഒരു സാമൂഹികവ്യവസ്ഥ പരിപോഷിപ്പിക്കുന്നതരത്തിൽ തന്നെയാണ് ഇവിടത്തെ ആവാസ വ്യവസ്ഥയും ക്രമീകരിച്ചിരിക്കുന്നത്. തൊഴിലിടങ്ങളായാലും വ്യാപാര കേന്ദ്രങ്ങളായാലും വിനോദ വിജ്ഞാന സാങ്കേതങ്ങളായാലും കായിക രംഗമായാലും ആ വൈവിധ്യവത്‌കരണം കാണാൻകഴിയും.
ഓരോരുത്തർക്കും അവനവന്റെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവകാശവും സാധ്യതകളും നിറഞ്ഞുനിൽക്കുന്നത് കാണാം.
കെട്ടുറപ്പുള്ള സമൂഹം സൃഷ്ടിക്കുന്നതിനുവേണ്ടി ഗൾഫ്നാടുകളിലെ സാമൂഹിക സാംസ്കാരിക സംഘടനകൾ വളരെയേറെ സംഭാവനകൾ നൽകുന്നുണ്ട്. അംഗീകൃതവും അല്ലാത്തതുമായ ഒട്ടേറെ കൂട്ടായ്മകൾ എല്ലാവിഭാഗത്തിലും സക്രിയമായ പ്രവർത്തനം നടത്തുന്നു. അബുദാബിയിൽത്തന്നെ ഇന്ത്യ സോഷ്യൽ സെന്റർ, കേരള സോഷ്യൽ സെന്റർ, മലയാളി സമാജം, ഇസ്‌ലാമിക് സെന്റർ തുടങ്ങിയ പ്രസ്ഥാനങ്ങളും ഭാഷാ അടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലുമുള്ള ഒട്ടേറെ കൂട്ടായ്മകളും നമ്മുടെ സാംസ്കാരികജീവിതം രൂപപ്പെടുത്തുന്നതിൽ നേതൃപരമായ പങ്ക് നിർവഹിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളടക്കമുള്ളവ സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അടിസ്ഥാന ശിലകളാണ്. കോവിഡ് മഹാമാരിക്കാലത്ത് സഹായങ്ങൾ ആവശ്യമുള്ളിടത്ത് അവയെത്തിച്ചുകൊണ്ട് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുകയും ചെയ്യുകയായിരുന്നു പ്രവാസലോകത്തെ കൂട്ടായ്മകൾ. അതിൽ കെ.എം.സി.സിയുടെ പ്രവർത്തനം പ്രത്യേകം പരാമർശിക്കേണ്ടതുതന്നെ. ഇത്തരത്തിലുള്ള പ്രവർത്തന കൂട്ടായ്മകൾ ഉണ്ടാവേണ്ടുന്നതിന്റെ ആവശ്യകത കണ്ടറിഞ്ഞു അനുവാദം കൊടുത്തതുതന്നെ ഇവിടത്തെ ഭരണകർത്താക്കളുടെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണംമാത്രം.
വ്യാപാരസ്ഥാപനങ്ങൾ വൈവിധ്യങ്ങളുടെ കലവറയാണ്. പ്രവാസികൾക്ക് അന്യതാബോധം വളർത്താത്തവിധം തന്റെ അഭിരുചിക്കനുസരിച്ച് ഭക്ഷണവും വസ്ത്രവും തിരഞ്ഞെടുക്കാനും സ്വന്തമാക്കാനും ഇവിടങ്ങളിൽ സാധിക്കുന്നുവെന്നതാണ് ഓരോരുത്തരുടെയും തൃപ്തിക്ക് ആധാരം. ഒന്നിനും സമരസപ്പെടേണ്ടുന്ന ആവശ്യമേ ഉണ്ടാകുന്നില്ല. സ്വന്തം തൊടിയിൽ സുലഭമായി കിട്ടുന്ന ചക്കയും ചക്കക്കുരുവും കാന്താരിമുളകുംവരെ ഈ പ്രവാസ ലോകത്തും ലഭ്യമാക്കാൻ കാണിക്കുന്ന സൂക്ഷ്മതതന്നെയാണ് ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും തനിമ നിലനിർത്തനുള്ള നമ്മുടെ ഭരണകൂടത്തിന്റെ
ദൃഢനിശ്ചയത്തിന്റെ പ്രത്യക്ഷ
ഉദാഹരണം.
ചെറുതും വലുതുമായ വ്യാപാരകേന്ദ്രങ്ങൾ ഈ ഉദ്യമത്തെ സഫലീകരിക്കാൻ മുൻനിരയിലുണ്ടെന്നതും ശ്ലാഘനീയം തന്നെ. ലുലുവടക്കമുള്ള സ്ഥാപനങ്ങൾ ഇന്ന് പ്രവാസി സമൂഹത്തെ തൃപ്തിപ്പെടുത്താൻ മുൻനിരയിലുണ്ടെന്നതും മലയാളികളടക്കമുള്ളവർക്ക് അഭിമാനർഹംതന്നെയാണ്. ലോകത്തിന്റെ പരിച്ഛേദമായി മാറിയ ഗൾഫ് രാഷ്ട്രങ്ങൾ ഇവിടെ ചേക്കേറിയ പൗരന്മാർക്ക് അവരുടെ തനിമയും പാരമ്പര്യവും ചോരാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുന്നു, ഒന്നും അടിച്ചേൽപ്പിക്കാതെ.
ഒരു തരംതിരിവും സാമൂഹിക ജീവിതത്തിൽ ഇല്ലെന്നതാണ് എല്ലാറ്റിനും മുകളിലായി എടുത്തുപറയേണ്ടുന്നത്. ജാതിമത ചിന്തകൾക്കപ്പുറം മനുഷ്യന്റെ കൂട്ടായ്മയാണ് വിജയത്തിനാധാരം എന്നത് പ്രവാസഭൂമിയിലെ ജീവിതരീതിയിലും കാണാം. മതം ചോദിക്കാതെ പറയാതെ ഒരുമുറിയിൽ ഉറങ്ങുകയും ഒന്നിച്ചു ഭക്ഷണം പാകംചെയ്യുകയും കഴിക്കുകയുംചെയ്യുന്ന കാഴ്ച സർവസാധാരണമാണ്. ഈ ആധുനികലോകത്തും പലസ്ഥലങ്ങളിലും അന്യംനിന്നുപോകുന്നതാണിത്.
എല്ലാവരെയും ബഹുമാനിക്കാനും അംഗീകരിക്കാനും നമ്മളെ പ്രാപ്തരാക്കുന്നു. ക്ഷേത്രവും ക്രൈസ്തവ ദേവാലയങ്ങളുമെല്ലാം ഇവിടത്തെ മതേതരമായ അംഗീകരിക്കലിന്റെ ദൃഷ്ടാന്തമാണ്. ഈദും ക്രിസ്മസും ഓണവും വിഷുവുമെല്ലാം ഇവിടെ ഒറ്റമനസ്സോടെ ആഘോഷിക്കപ്പെടുന്നു.
പുരോഗതിയുടെ പാതയിൽ അതിദ്രുതം മുന്നേറുമ്പോഴും പാരമ്പര്യവും വിശ്വാസവും ആചാരങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നത് നാം ഇവിടെ അനുഭവിച്ചറിയുന്നു. യഥാർഥ റിപ്പബ്ലിക് ആശയങ്ങൾ എങ്ങനെ പ്രാവർത്തികമാക്കപ്പെടുന്നു എന്നത് നമുക്കിന്നും ചർച്ചചെയ്യപ്പെടേണ്ടതും പഠിക്കേണ്ടുന്നതുമായ വിഷയമായി മാറ്റപ്പെടുകയാണ്.