മഹാമാരിയിൽ നാലുചുവരുകൾക്കുള്ളിൽ ചുരുങ്ങിക്കൂടിയ നമ്മുടെ ലോകം നെടുവീർപ്പുകളുടേതുകൂടി ആയിരുന്നു. കോവിഡിനോട് പൊരുതിക്കൊണ്ട് പൊരുത്തപ്പെടുമ്പോഴും ആ പേടിസ്വപ്നത്തിൽനിന്ന് നമ്മളിന്നും മോചിതരല്ല. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുടെ പരിമിതികൾ ഉൾക്കൊണ്ടുതന്നെ ലോകമൊരുമിച്ചുനിന്ന് ദുരന്തലഘൂകരണത്തിന്റെ ഭാഗമായി പ്രതിരോധകുത്തിവെപ്പുകൾ നൽകിത്തുടങ്ങിയിരിക്കുന്നു. മഹാമാരിയുടെ ശക്തമായ സുനാമി തിരമാലകൾ ആഞ്ഞടിക്കാത്ത നല്ല നാളെകൾക്കായി മനുഷ്യൻ ക്ഷമയോടെ കാത്തിരിക്കുകയാണ്. മുഖാവരണത്തിനുള്ളിലെ ശ്വാസംമുട്ടലുകളിൽ നിന്നും ശുദ്ധവായു മറകളില്ലാതെ ശ്വസിക്കുവാനും ആൾക്കൂട്ടങ്ങളെ ഭയക്കാതെ ആഘോഷങ്ങളിൽ പങ്കുചേരുവാനും കണ്ണോട് കണ്ണുകൾ നോക്കി, കൈയോടുകൈകൾ നൽകി സ്നേഹവും സാന്ത്വനവും സാഹോദര്യവും പ്രകടിപ്പിക്കുവാൻ തക്കവണ്ണം നല്ലനാളുകൾക്കായി ഓരോ മനസ്സും തുടിക്കുന്നു.
കോവിഡിനെ തീർത്തും മറന്നുകൊണ്ടൊരു ജീവിതശൈലിയിലേക്ക് വീണ്ടുമെത്തിച്ചേരുവാൻ ഇനിയും കാലമെത്ര വേണമെന്നറിയില്ല. എങ്കിലും പ്രതീക്ഷകൾ കൈവിടാതെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് മനുഷ്യരാശി. ജീവിതപ്രയാണത്തിൽ പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾക്കൊപ്പം ഇനിയങ്ങോട്ട് ചേർത്ത് പിടിക്കേണ്ടത് പോയവർഷം നാം കൈവരിച്ച ശീലങ്ങളും ശാസ്ത്രമെത്ര വളർന്നിട്ടും പ്രകൃതിക്ക് മുൻപിൽ മനുഷ്യനെത്ര നിസ്സാരനാണെന്ന തിരിച്ചറിവുമാണ്. ജീവിത കൈത്താങ്ങുകൾ അതിർവരമ്പുകൾകൊണ്ട് മറയ്ക്കാനാകില്ല എന്ന തത്ത്വം നാം അനുഭവിച്ചറിഞ്ഞു.
ഏതുനിമിഷവും നിലച്ചുപോയേക്കാവുന്നൊരു ഹൃദയമിടിപ്പിന്റെ ബലത്തിൽ, ഇവിടെ നമ്മൾ നിലകൊള്ളുമ്പോൾ ഒരു വരദാനംപോലെ ലഭിച്ച മനുഷ്യജന്മത്തിന്റെ വില എത്രയെന്ന് കഴിഞ്ഞ ദിനങ്ങൾ നമുക്ക് പഠിപ്പിച്ചു തന്നു. അതിജീവനത്തിന്റെ വഴികൾ താണ്ടി 2020 നഷ്ടങ്ങളുടെ കണക്കുകൾ നിരത്തുമ്പോഴും ഇരുളടഞ്ഞ വഴികളിൽ പ്രത്യാശയുടെ പൊൻകിരണങ്ങൾ പരക്കുകയാണ്. ജീവിത സ്വപ്നങ്ങളുടെ നിറവിൽ ആഘോഷങ്ങളും ആരവങ്ങളും അധികമില്ലാതെ അകലങ്ങൾ പാലിച്ചുകൊണ്ടും ഹൃദയങ്ങൾ ചേർത്തുവെച്ചും നമുക്ക് യാത്ര തുടരാം. ഇരുട്ടിലകപ്പെട്ടുപോയ സഹയാത്രികർക്കു പരസ്പരം വഴികാട്ടികളാകാം എന്ന കർമബോധത്തെ മറക്കാതെ തന്നെ.
പോയവർഷം നഷ്ടങ്ങളുടെയും കഷ്ടങ്ങളുടേതും ആയിരുന്നെങ്കിൽ പുതുവർഷം പ്രതീക്ഷകൾ തളിരിട്ട് നമ്മെ നയിക്കുന്നു. എന്നും മനുഷ്യകുലം അങ്ങനെത്തന്നെയായിരുന്നല്ലോ. ദുരന്തങ്ങളും മഹാമാരികളുംകൊണ്ട് തളർന്നുപോകുന്നവരല്ല നാം. ഗതകാല സ്മരണകളിൽനിന്ന് പാഠം ഉൾക്കൊണ്ട് നമ്മൾ വിജയിച്ചു കയറുന്ന ദിനങ്ങൾ അകലെയല്ല. പ്രകൃതിതന്ന ഈ വലിയ പാഠം നാം ഉൾക്കൊള്ളണം. അനുഭവത്തിൽ നിന്നും അറിയണം. നവപ്രഭാതത്തിന്റെ കാലൊച്ച നന്മയുടേത് എന്ന് ചിന്തിക്കുകയും വേണം.
ഓർമ എന്നതുപോലെ മറവിയും മനുഷ്യന് അനുഗ്രഹമാണ്. നന്മകൾ ഓർക്കുകയും തിന്മകൾ നമുക്ക് മറക്കുകയും ചെയ്യാം. തീയിൽ കുരുത്ത പ്രവാസം വെയിലത്ത് വാടുകയില്ല. മരുഭൂമിക്കാറ്റിൽ തളരാത്ത പോറ്റമ്മയായ ഈ പ്രവാസ മണ്ണ് നമ്മോടൊപ്പമുണ്ട്. മാനവ സംസ്കാരത്തിന് അളവില്ലാത്ത സംഭാവനകൾ നൽകിയ ഈ ദേശം നമ്മുടെ നാടിന്റെ ഉന്നതിക്കും കാരണമായിട്ടുണ്ട്. ആർദ്രമായ ആ നന്മകൾ നമുക്ക് അത്താണിയും പ്രതീക്ഷയുമാണ്. അതിനാൽ തന്നെ പുതുവർഷത്തിൽ നമ്മുടെ പ്രതീക്ഷകളും വലുതാണ്. നന്മയും കരുണയും സമ്പത്തും നിറയുന്ന ദിനം ഏറെ അകലെയല്ല. അതിനാൽ നമുക്ക് ആശംസിക്കാം; എങ്ങും ശാന്തിയുടെയും സമാധാനത്തിന്റെയും വെളിച്ചം പരക്കുവാൻ. ഈ പ്രവാസലോകം മികച്ച ഭൂമികയായി മാറിടുവാൻ. മാറ്റത്തിന്റെ വിത്തുകൾ പാകി മനമിടാറാതെ മുൻപോട്ട് പോകാനിനിയും കാതമേറെ. പ്രത്യാശയുടെ നിറവിൽ നിൽക്കുന്ന പുതുവർഷത്തിന്
ഭാവുകങ്ങൾ. ലോകഃ സമസ്താഃ സുഖിനോ
ഭവന്തു.