പോയവർഷം ചിറകറ്റ പക്ഷിയെപ്പോലെയായിരുന്നു. പറക്കാൻ ശ്രമിച്ചപ്പോഴൊക്കെ പലപ്പോഴും അത് വേച്ചുവീണു. മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിധത്തിൽ കോവിഡ് എന്ന വൈറസ് ഭീകരൻ സംഹാര താണ്ഡവമാടി. ആരോഗ്യരംഗത്ത് മാത്രമായിരുന്നില്ല, അതിനെക്കാൾ പ്രത്യാഘാതങ്ങൾ ലോക സാമ്പത്തിക രംഗത്തും ഏൽപ്പിച്ചു. പല രാജ്യങ്ങളുടെയും പ്രതിരോധ ബജറ്റിനെക്കാൾ ഉയർന്ന ആരോഗ്യ ബജറ്റ് കണ്ട വർഷമായിരുന്നു 2020.
ആധുനിക മനുഷ്യന്റെ മിക്ക ചോദനകളെയും നിയന്ത്രിക്കുന്നത് സാമ്പത്തിക മൂല്യങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ ജീവൻ നിലനിർത്തുക എന്ന പോലെ പ്രാധാന്യമുള്ള ഘടകമാണ് സാമ്പത്തിക സുരക്ഷിതത്വവും. ലോകത്തിന്റെ സാമ്പത്തിക സ്പന്ദനങ്ങൾ അറിയുവാൻ ന്യൂയോർക്ക്, ലണ്ടൻ, ദുബായ് എന്നീ നഗരങ്ങളെ നിരീക്ഷിച്ചാൽ മതിയാകും. അവിടെ ദുബായ് നഗരം ലോകത്തിന് തന്നെ വഴികാട്ടിയായി നിൽക്കുന്നത് കാണാനാവും. കോവിഡിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം വളരെ വേഗത്തിൽ തിരിച്ചുവന്ന സാമ്പത്തിക വ്യവസ്ഥയാണ് ദുബായിയുടേത്.
മഹാമാരിക്കിടയിലും ലോകത്തിൽ ആദ്യമായി ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത രാജ്യമാണ് യു.എ.ഇ. കോവിഡ് (കോവിഡിന്റെ വകഭേദം) രണ്ടാം വരവിന്റെ ഭീതിക്കിടയിലും ബ്രിട്ടനും മറ്റ് ഗൾഫ് രാജ്യങ്ങളും അതിർത്തികൾ അടച്ചിട്ടപ്പോഴും യു.എ.ഇ. ആത്മവിശ്വാസത്തിന്റെ നെടുംതൂണായി മാറി. പ്രതീക്ഷയുടെ ഒരു വലിയ സന്ദേശം തന്നെയാണ് യു.എ.ഇ. ഇതിലൂടെ ലോകത്തിന് നൽകിയത്.
ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപക ഉത്സവമായ വേൾഡ് എക്സ്‌പോ 2020 ദുബായിൽ നടക്കുന്നു എന്നതാണ് 2021-ലെ ഏറ്റവും വലിയ പ്രതീക്ഷ. കോവിഡ് മൂലം 2020- ൽ മാറ്റിവെച്ച എക്സ്‌പോ ഇപ്പോൾ കൂടുതൽ പ്രസക്തമായിരിക്കുകയാണ്. Connecting Minds, Creating the Future'എന്ന എക്സ്‌പോ തീം അറംപറ്റിയപ്പോലെയായി. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോകം ഏറ്റവും കൂടുതൽ പരിഹാരം തേടുന്നത് കണക്റ്റിവിറ്റിയിലും ഫ്യൂച്ചറിലും ആണ്. മാറിയ ബിസിനസ് സാഹചര്യങ്ങളിൽ ഓൺലൈൻ വ്യാപാരം, സൂം, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ പോലെയുള്ള പുതിയ മേഖലകൾ നിക്ഷേപകരെ ആകർഷിക്കുന്നു. ഈ സാഹചര്യത്തിൽ ദുബായിൽ നടക്കാനിരിക്കുന്ന വേൾഡ് എക്സ്‌പോ പുതിയ ലോകത്തിന്റെ വ്യാവസായിക പരീക്ഷണങ്ങളുടെ ഉരകല്ലായി മാറുമെന്നതിൽ ഒരു സംശയവുമില്ല.
ശാസ്ത്രരംഗത്ത് വൻ കുതിച്ചുചാട്ടത്തിനുള്ള അവസാനപാദത്തിലാണ് രാജ്യം. ലോകത്തിന് മുന്നിൽ 2021-ൽ യു.എ.ഇ. കാഴ്ച വെക്കുന്ന മറ്റൊരു സമ്മാനമാണത്. പ്രതീക്ഷ എന്നർഥം വരുന്ന യു.എ.ഇ. മിഷന്റെ ഭാഗമായ അൽ അമൽ 2021 ഫെബ്രുവരി ഒമ്പതാം തീയതിയോടെ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും. അതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത് രാജ്യമാകും യു.എ.ഇ. ഇസ്രയേൽ-അറബ് വൈരത്തിന് അവസാനം കുറിച്ചുകൊണ്ട് ഇസ്രയേലുമായി സൗഹൃദത്തിലായതും മറ്റൊരു വലിയ നേട്ടമാണ്. മേഖലയിൽ സമാധാനവും സുസ്ഥിരതയും വർധിക്കുന്നത് ഇരു രാജ്യങ്ങളുടെയും സാംസ്കാരികവും സാമ്പത്തികവുമായ വിനിമയങ്ങളെ സുഗമവും വിശാലവുമാക്കും. ഇസ്രയേൽ സൗഹൃദം ഉറപ്പിച്ചശേഷമുള്ള ആദ്യവർഷം എന്ന നിലയിൽ 2021 കൂടുതൽ ശ്രദ്ധേയമാകുന്നു. മത സാഹോദര്യത്തിന് കൂടുതൽ ഊന്നൽ നൽകുന്ന വർഷം കൂടിയാണ് 2021. അബുദാബിയിൽ പൂർത്തിയാകുന്ന അമ്പലവും പുതുതായി പണികഴിക്കപ്പെടുന്ന സിനഗോഗുമെല്ലാം രാജ്യത്തിന്റെ മതമൈത്രിക്ക് കൂടുതൽ തിളക്കം നൽകുമെന്നതിൽ സംശയമില്ല.
2020 നൽകിയ ഏറ്റവും വലിയ അനുഗ്രഹം മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള മനുഷ്യന്റെ കഴിവിനെ വർധിപ്പിച്ചു എന്നതാണ്. മുഖാവരണം, സാനിറ്റൈസറുകൾ, സാമൂഹിക അകലം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കി. എത്ര പെട്ടെന്നാണ് നാമിതെല്ലാം ശീലിച്ചത്. മഹാമാരിയാൽ ഉണ്ടായ ഒറ്റപ്പെടലുകളെ മനുഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ധമായി മറികടന്നു. ഭക്ഷണവും മരുന്നും ചികിത്സയുമെല്ലാം ഒറ്റവിരൽതുമ്പിൽ മുന്നിലെത്തി. സാങ്കേതികവിദ്യകൾ ഇത്രയും വളർന്നില്ലായിരുന്നുവെങ്കിൽ നാം പരാജയപ്പെട്ടു പോയേനെ. അതിജീവനത്തിന്റെ കാര്യത്തിൽ മനുഷ്യനെ മറ്റ് ജീവികളിൽനിന്ന് വ്യത്യസ്തനാക്കുന്നതും അവന്റെ ശാസ്ത്രബോധം തന്നെയാണ്. ആത്മവിശ്വാസത്തിന്റെ തേരിലേറി കോവിഡ് നൽകിയ പുതിയ പാഠങ്ങൾ ഉൾകൊണ്ട് നമുക്ക് പ്രത്യാശയോടെ പുതുവർഷത്തെ വരവേൽക്കാം.