ഒന്നിനുപുറകെ ഒന്നായി വന്ന് കേരളത്തെ നടുക്കിയ രണ്ട് ഭീകര പ്രളയകാലങ്ങൾക്ക് ശേഷം എത്രയെത്ര വിലാപങ്ങളാണ് കടലുകൾക്കക്കരെനിന്ന് തിരമാലകളിലലിഞ്ഞും മണൽകാറ്റിൽ പറന്നും കേരളക്കരയിലെത്തിയത്.
സ്വപ്നങ്ങളെ യാഥാർഥ്യമാക്കുവാൻ പുറപ്പെട്ട പ്രവാസത്തിന്റെ കടലോളം കഥകൾ കുറെയേറെ നാം കേട്ടതാണല്ലോ. എടുക്കുമ്പോൾ ഒന്നായും തൊടുക്കുമ്പോൾ പത്തായും ഭൂഗോളമെമ്പാടും വ്യാപിച്ച കോവിഡിന്റെ കൂരമ്പുകളേൽക്കുന്നവരുടെ എണ്ണം ഒരു കോടിയിലേക്കടുക്കുകയാണ്. 10 മാസത്തോളമായി ലോകത്തെയൊട്ടാകെ ബാധിച്ച മഹാമാരി പ്രവാസത്തെയും കാര്യമായി കുടഞ്ഞെറിഞ്ഞിരുന്നു. പ്രിയപ്പെട്ടവരെ കാണുവാൻ പോകുന്ന ദിവസമോർത്ത് ഉറങ്ങുന്ന ഓരോ പ്രവാസിക്കും ആർദ്രതയോടെ പറയാനുണ്ടാകും 2020-നെക്കുറിച്ച്.
ആദ്യകോവിഡ് വാർത്ത നടുക്കത്തോടെ നോക്കിക്കണ്ട ഓരോ പ്രവാസിയും ചിന്തിച്ചു കൂട്ടിയത് ചില്ലറയൊന്നുമല്ല. ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളുമായി പലയിടങ്ങളിലേക്കും വിമാനങ്ങൾ പറന്നുയർന്നു. ആരോഗ്യപ്രവർത്തകർ സഹായഹസ്തവുമായി എല്ലായിടത്തേക്കും പറന്നിറങ്ങി. സാധാരണ ജീവിതവുമായി മുന്നോട്ടുപോകുവാനുള്ള സാധ്യതയും സാഹചര്യവും എത്ര മാത്രം വിദൂരതയിലായിരിക്കും എന്ന ചിന്തകൾ പ്രവാസത്തെ ഏറെ അലട്ടിയിരുന്ന സമയമായിരുന്നത്. ലോക് ഡൗൺ കാലത്തുണ്ടാക്കിയ ഭയപ്പാടിൽ ജന്മനാട്ടിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരണമെന്ന ചിന്ത മാത്രമാണുണ്ടാക്കിയത്. ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പടിപടിയായി റദ്ദാക്കപ്പെട്ടതോടെ പരിഭ്രാന്തരായി. അടിയന്തര വിമാനസർവീസുകളിൽ എത്രയും പെട്ടെന്ന് നാടണയുവാനായി പിന്നീടുള്ള ശ്രമം. പി.പി.ഇ. കിറ്റിലും യാത്രക്കിടയിൽ കോവിഡ് പിടികൂടുമോ എന്ന ഭയത്തിലായിരുന്നു ഏറെപ്പേരും. നാട്ടിലെത്തിയാലുള്ള ക്വാറന്റിനായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി.
വിദേശത്തുനിന്ന് വൈറസിനെ കൊണ്ടുവരുന്നവർ എന്ന ചാപ്പകുത്തൽ പ്രവാസികളെ ഏറെ പൊള്ളിച്ചു. ഗൾഫ് മിഠായിയും സ്നേഹസമ്മാനങ്ങളും കൈപ്പറ്റിയിരുന്നവർ തന്നെ വാക്കുകൾകൊണ്ട് നോവിച്ചു. ആ സമയങ്ങളിൽ നാടണഞ്ഞവരിൽ കുറേപേർ വേലിക്കെട്ടിനപ്പുറമുള്ള അവഗണനകൊണ്ടുമാത്രം മാനസികമായി തകർന്നുപോയിട്ടുണ്ട്. തൊഴിൽ മേഖലകളും സ്തംഭിച്ച കാലമായിരുന്നത്. തൊഴിൽ നഷ്ടമായും ദുരിതമനുഭവിച്ചും നാടണഞ്ഞവർ ഒട്ടനവധി. അതിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും, നാട്ടുകാർക്കും ഒരു നോക്ക് കാണുവാനാകാതെ അന്യ നാട്ടിൽ സംസ്കരിക്കപ്പെട്ട മൃതദേഹങ്ങൾ. അവധി കഴിഞ്ഞു ജോലിചെയ്യുന്ന വിദേശ രാജ്യങ്ങളിലേക്ക് തിരികെ പോകാനാകാതെ നാട്ടിൽ കുടുങ്ങിയവരുടെ പ്രയാസങ്ങൾ. ഉറ്റവരുടെ മുഖം ഒന്ന് കാണുവാനായി നാട്ടിലേക്ക് എത്താനാവാതെ വിതുമ്പിയവർ. ഇരുരാജ്യങ്ങളിലായി കുടുങ്ങിപ്പോയ ഒരു വീട്ടിലെതന്നെ പലർ. പ്രസവത്തിനും മറ്റ് ചികിത്സകൾക്കും വേണ്ടി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർ. കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിൽ ആയേക്കുമെന്ന ആശങ്കയോടെ കഴിഞ്ഞു കൂടിയവർ. താമസ കാലാവധി കഴിഞ്ഞിട്ടും തിരികെ മടങ്ങാൻ കഴിയാതെ വ്യാകുലപ്പെട്ടവർ. ഭക്ഷണത്തിനും, മരുന്നിനും, താമസത്തിനും, മറ്റ് അത്യാവശ്യ വസ്തുക്കൾക്കും പോലും ചെലവാക്കുവാൻ പണമില്ലാത്ത വിധം കഷ്ടപ്പെട്ടവർ. ഒരുപാട് മഹത് വ്യക്തികളെയും ഈ മഹാമാരിക്കാലത്ത് നമുക്ക് നഷ്ടമായി. അങ്ങനെ പറയാനും ഓർത്തിരിക്കാനും എന്തെല്ലാം കാഴ്ചകൾ.
യു.എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഒരു താളപ്പിഴകളുമില്ലാതെ കോവിഡിനെ നേരിട്ടു. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു. രാജ്യത്തെ പ്രവാസിമക്കളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. വിസാ കാലാവധി നീട്ടികൊടുത്തും സാമ്പത്തിക ബാധ്യതകൾക്ക് സാവകാശം നൽകിയും യു.എ.ഇ. സർക്കാർ അകമഴിഞ്ഞ് ആശ്വാസമേകി. സന്നദ്ധ സംഘടന പ്രവർത്തകരും മാനവികതയുടെ മന്ത്രമുച്ചരിക്കുന്ന വ്യക്തികളും സ്വയം മുന്നിട്ടിറങ്ങി ഒറ്റപ്പെട്ടവർക്കും വീണുപോയവർക്കും താങ്ങായി.
മഹാമാരിയെ മനുഷ്യൻ അടിയറവ് പറയിക്കുന്ന കാലം ഏറെ വിദൂരമല്ല. പുതുവർഷത്തെ ഏറെ പ്രതീക്ഷകളോടെയാണ് പ്രവാസവും ഉറ്റുനോക്കുന്നത്. വെല്ലുവിളികളുടെയും, നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും കയറ്റിറക്കങ്ങൾ തന്നെയാണല്ലോ ഒരുതരത്തിൽ പ്രവാസ ചരിത്രം. അതിലൊന്ന് തന്നെയാണ് കോവിഡും. പഴയ നല്ല നാളുകളിലേക്കുള്ള യാത്രയിലേക്ക് ലോകം ചുവടുവെക്കുമ്പോൾ, മുൻകരുതലുകളുമായി പ്രവാസികളും പ്രതീക്ഷയുടെ വിളക്കേന്തുന്നു. കാലത്തിന്റെ മാറ്റം കണ്ടറിഞ്ഞ് അതിജീവിക്കുവാൻ നാം നിലനിൽക്കേണ്ടതുണ്ടല്ലോ. അതിജീവനം എന്നതാണ് ഇന്ന് പരമപ്രധാനം. അത് സാധ്യമായാൽ പുതുവർഷത്തിൽ പ്രയാസത്തിന്റെ പ്രവാസം വിട്ട് ഫീനിക്സ് പക്ഷിയെപ്പോലെ ഈ ലോകത്തോടൊപ്പം ഓരോ പ്രവാസിയും ഉയിർത്തെഴുനേൽക്കും. കാലവും ചരിത്രവും അതാണ് നമ്മെ പഠിപ്പിക്കുന്നത്.