തനിയെകൾ ....! പ്രാണൻ പിടയുന്ന വേദനയായിരുന്നു തനിയെകളിൽ. മരവിപ്പിന്റെ കനം തൂങ്ങിയുള്ളൊരു വേദന. നാല് ചുവരുകൾക്കിടയിൽ ബന്ധിതയായ മനസ്സിന്റെ ഒറ്റപ്പെടൽ വേദന. ചങ്ങലക്കിട്ട് മുറുക്കിയാരോ ചങ്കു പിളർത്തുന്ന വേദന. യഥാർഥ ജീവിതത്തിൽനിന്ന് ഒളിച്ചോടാൻ തോന്നിപ്പിച്ച വേദന. ജയങ്ങൾ നേടാണമെങ്കിൽ ജയങ്ങളെ കുറിച്ച് മാത്രം ചിന്തിക്കണേ മനസ്സേ എന്നിങ്ങനെ പറഞ്ഞു കൊടുത്തിട്ടും എത്രയെത്ര പറഞ്ഞു കൊടുത്തിട്ടും മനസ്സ് അതിനു കീഴ്‌പ്പെടുന്നില്ലാത്തതിന്റെ വേദന. ദുഃഖശലഭമായി ജനലിൽ ഇഴുകിയിരുന്ന സ്ത്രീഹൃദയത്തിന്റെ വേദന. ചീഞ്ഞു നാറുന്ന ചില അവ്യക്ത രൂപങ്ങൾ ദാനംചെയ്ത വേദന. ചിന്തകൾ അവളെ ഇങ്ങനെ കാർന്നു തിന്നുന്നുവല്ലോയെന്ന തിരിച്ചറിവിന്റെ വേദന. ഉരുകിയുരുകിയില്ലാതായപ്പോൾ, സമാധാനം യാചിച്ചു കിട്ടാതായപ്പോൾ നീറിപ്പോയ ഹൃത്തിന്റെ വേദന. ആത്മാർത്ഥതയ്ക്ക് കൂലിയായി വഞ്ചന കിട്ടിയതിന്റെ വേദന. ചതിയുടെ മുഖങ്ങളെ മനസ്സിന് പഠിപ്പിച്ചു കൊടുക്കുമ്പോൾ ഗ്രാഹ്യമാവാത്ത പാഠമെന്നപോൽ ഉറ്റുനോക്കിയ ഹൃദയത്തിന്റെ വേദന. തിരിച്ചറിയണം, തിരിച്ചറിവിന്റെ കുറവുകൊണ്ടാരും ഇനി വേദനിക്കാതിരിക്കട്ടെ.. നഷ്ടഗന്ധങ്ങൾ ലോകമെങ്ങും പടർത്തിയൊരു വർഷം, എത്രയോ പേർക്ക് ആരോരുമില്ലാതാക്കിയ വർഷം സമ്മാനിച്ച വേദന. ഭയാനകമായ കൂരാകൂരിരുട്ടിലേക്ക് പലരെയും വലിച്ചെറിയപ്പെട്ട കലികാലം തന്ന വേദന. ഇതിനൊന്നും ഒരു അവസാനമില്ലെന്നപോലെ വേദനയിങ്ങനെ വളരുന്നു.. വർഷത്തിലെ പകുതിയോളം മാസത്തിലധികം ഇവിടെ ഇങ്ങനെയൊറ്റപ്പെട്ടു വെറുതെയിങ്ങനെ. മനുഷ്യരെയൊന്നുമേ കാണാതെ, തനിയെ ഒരു യാത്ര. ഒരുവളുടെ മാത്രം വേദനാലോകം. തനിയെയുള്ള യാത്രകൾ തന്നെ ഏറ്റവും ഇമ്പമുള്ളതെന്നൊരു തോന്നൽ. യാത്രകളോരോന്ന് തീരുമ്പോഴും കനലിലേക്കൂതുമ്പോൾ ഉണ്ടാവുന്ന ആ ആളിക്കത്തൽ പോലെ. ജ്വലിക്കുന്നു എന്റെ നെടുവീർപ്പുകൾ.
രാത്രികളെ കൂട്ടുപിടിച്ചൊരു യാത്ര ഞാൻ പോകാറുണ്ട്. അവിടെ മൗനത്തിന്റെ തനിയെകളും ഞാനും ഒറ്റയ്ക്കാണ്. ഈ ലോകം മുഴുവനുറങ്ങുമ്പോൾ ആയിരം നൊമ്പരങ്ങളെ വിടർത്തി തേങ്ങുന്നവളുടെ വേദന. കണ്ണിമ നിദ്രയിലേക്ക് വീഴുന്നതുവരെ വേദനകളെ ഓമനിക്കുന്നവളുടെയൊരു ലോകമുണ്ടിവിടം. ആ ലോകത്തോളം സൗന്ദര്യം കാണാനാകുന്നില്ല എനിക്കിന്ന്. എവിടെയും നിലാവിന്റെ നിഴലിലിഞ്ഞുചേരുമ്പോൾ രാത്രിയുടെ വശ്യസൗന്ദര്യത്തിൽ മുഴുകിയിങ്ങനെ രാത്രിയാരാധികയായ് രാത്രിയുടെ പ്രണയിനിയായ് അവളിങ്ങനെ.... സൂര്യന്റെ പൊള്ളുന്ന പകലിനെക്കാളെത്രയോ ശാന്തവതിയും സുന്ദരിയുമാണ് ഈ രാത്രിയും അതിന്റെ തോഴി നിലാവും. പകൽ വെട്ടത്തെ ഭയമാണവൾക്കെന്ത് കൊണ്ടോ. രാത്രിയും മൗനവും ഏകാന്തതയും തനിയെകളും തരുന്ന ആസ്വാദനം അവൾക്കെവിടെ നിന്നും കിട്ടാത്ത പോലെ. അതോ പകലുകളിലേ സർവ രൂപങ്ങളെയും ആസ്വദിച്ചു മടുത്തു പോയോ.
സത്യത്തിൽ എല്ലായിടത്തു നിന്നുമുള്ള രക്ഷപ്പെടലായാണ് ഒറ്റപ്പെടലിലൂടെ ഒതുങ്ങി കൂടുമ്പോൾ തോന്നുന്നത്. മുകളിൽ പറഞ്ഞ അവസ്ഥയെ ഒറ്റപ്പെടലിലൂടെ നേടിയെടുത്ത നെഗറ്റീവ് ചിന്തകൾ എന്ന് പറയാം. കൈപ്പുള്ള വാർത്തകൾ കേട്ട് ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് കഴിയുമ്പോൾ തോന്നുന്ന ഒരശുഭ ചിന്ത. മാറ്റിയെടുക്കണം നമ്മളെ നാം തന്നെ. നമ്മോളം നമ്മളെ നന്നാക്കാൻ നമ്മളെക്കാൾ മാറ്റാർക്ക് പറ്റും? ഇല്ലായ്മകളിലേക്ക് ആഴ്ന്നിറങ്ങാതെ എണ്ണിത്തിട്ടപ്പെടാനാവാത്തത്രയുള്ള ഉള്ളതിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞു ജീവിക്കാം നമുക്ക്. സ്വന്തം വ്യക്തിത്വത്തെ സ്‌നേഹിച്ച് ആത്മവിശ്വാസത്തോടെ സ്വയം കഴിവുകളിൽ വിശ്വാസമർപ്പിച്ചു മുമ്പോട്ട് ജീവിക്കണം. ഇനിയെങ്കിലും എനിക്കെന്നെയൊന്ന് പ്രണയിക്കണം.. ഞാൻ എനിക്കെന്റെ ജീവനാവണം. ഖൽബിനുള്ളിൽ എന്നെയൊന്നുള്ളുതുറന്നു ചുംബിക്കണം. എനിക്കുള്ള പ്രണയ സൗധങ്ങൾ ഞാൻ തന്നെ പണിയണം. വർഷങ്ങളിങ്ങനെ ഒഴുകിത്തീരുമ്പോൾ ഗ്രഹിച്ചെടുത്ത പാഠമെന്തെന്നോ? എന്നിലെ വേരുകളിൽ ഇനിയെങ്കിലും എനിക്കൊരു പങ്കു വേണമെന്ന്. നിരാശയെ കുറിച്ചെഴുതുമ്പോൾ മനസ്സിലെ കനം തൂങ്ങിയ ഭാരമൊക്കെ ഒഴിയുന്നപോലെ. നെഞ്ചിങ്ങനെ വെറുതെ വിങ്ങി വിങ്ങി മരവിച്ച പോലെ. വരികൾക്കൊന്നും ഒരറ്റമിടാൻ തോന്നുന്നില്ല. എഴുത്തിങ്ങനെ പുഴ പോലെ ഒഴുകിയൊഴുകി വരുന്നു. തത്കാലം ഇവിടെ നിർത്തിയേക്കാം.. തുടരണം... തുടരും...!