കലയെ എത്രകണ്ട് കാലികപ്രസക്തമാക്കുവാൻ സാധിക്കുമെന്ന ദൗത്യത്തിൽ മുഴുകുകയാണ് ഡാവിഞ്ചി സുരേഷ് എന്ന കലാകാരൻ. സമകാലികമായ സംഭവങ്ങളെ വ്യത്യസ്തമായ രീതിയിൽ ആവിഷ്കരിക്കുന്ന അദ്ദേഹം കലാസൃഷ്ടിയുടെ ആയുസ് ഒരു വിഷയമാക്കാറേ ഇല്ല. ഏറ്റവും സമകാലികമായ സംഭവത്തെ അപ്പോൾ കൈയിൽ കിട്ടുന്ന എന്തും മീഡിയം ആക്കുകയോ എന്താണ് സംഭവം, അതിനെ ബന്ധപ്പെട്ട എന്താണ് എങ്കിൽ അത് മീഡിയമാക്കി ഉണ്ടാക്കുന്ന കലാസൃഷ്ടികൾ ഒട്ടേറെയാണ്. ഇത്തരത്തിൽ വ്യത്യസ്തതകൾ കൊണ്ട് ഡാവിഞ്ചി സുരേഷിന്റെ ഓരോ കലാസൃഷ്ടിയും കേരളം അത്ഭുതത്തോടെയും ആവേശത്തോടെയുമാണ് സ്വീകരിക്കുന്നത്. വല്ലഭന് പുല്ലും ആയുധമെന്ന പഴമൊഴി ചേരുന്ന ഒരു കലാകാരൻ.

ആദിവാസി മധുവിന്റെ മുഖം ഇന്നും നമുക്കൊക്കെ ഒരു വേദനയാണ്. മാനസിക വെല്ലുവിളി നേരിടുന്ന ആ യുവാവിനെ കൈകൾ കെട്ടിയിട്ട് തല്ലിക്കൊന്നത് ആരും മറന്നു കാണില്ല. വിശന്നുവലഞ്ഞ ഒരു മനുഷ്യനെ മനുഷ്യത്വം ഇല്ലാത്ത കുറച്ചു പേർ മോഷണത്തിന്റെ പേരിൽ കൈകൾ ബന്ധിച്ചു ദയനീയമായി നിൽക്കുന്ന മധുവിന്റെ ശില്പം ഡാവിഞ്ചി സുരേഷ് കളിമണ്ണിൽ കുഴച്ചു ഉണ്ടാക്കുമ്പോൾ തന്നിലെ രാഷ്ട്രീയം കൂടിയാണ് ചേർത്തു കുഴച്ചത്.

മലയാള സിനിമയിൽ വൈകി എത്തുകയും വളരെ പെട്ടെന്ന് തന്നെ എല്ലാവരുടേയും മനസ്സിൽ ഇടം നേടുകയും ചെയ്ത നാടക നടനാണ് കലിംഗ ശശി. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം എല്ലാവരേയും വേദനിപ്പിച്ചു. കലിംഗ ശശിയുടെ മുഖം ഒരു പപ്പായയിൽ ആണ് സുരേഷ് നിമിഷ നേരങ്ങൾ കൊണ്ട് കൊത്തിവെച്ചത്. പ്രളയകാലത്ത് കാരുണ്യത്തിന്റെ സ്പർശമായി മാറിയ നൗഷാദിനെ മറക്കാനാകില്ല. കടയിലെ മുഴുവൻ തുണികളും എല്ലാം നഷ്ടപ്പെട്ടവർക്ക് നൽകാൻ തയ്യാറായ സാധാരണക്കാരനായ ആ പച്ച മനുഷ്യന്റെ മുഖം തുണികൾ കൂട്ടിയിട്ടുകൊണ്ടാണ് ഡാവിഞ്ചി സുരേഷ് നമ്മെ അത്ഭുതപ്പെടുത്തിയത്. കലയും കാരുണ്യവും ചേർന്നുനിൽക്കുമ്പോൾ തുണികൾ കൊണ്ട് തീർത്ത ആ മുഖം ഓരോ മനസ്സിലും മായാതെ ഇന്നും പതിഞ്ഞു കിടക്കുന്നു.

സ്വന്തം കരൾ പകുത്തു മറ്റൊരാൾക്ക് ജീവൻ നൽകാൻ കേരളത്തിൽ ആദ്യമായി തയ്യാറായ അൻഷാദിനെ ഡാവിഞ്ചി സുരേഷ് ആദരിച്ചത് മുറിവ് തുന്നികെട്ടിയ ശരീരം വരച്ചുകൊണ്ടാണ്. പകുത്തുനൽകിയ കരൾ നൽകിയ മാതൃക നമ്മുടെ മെഡിക്കൽ സയൻസിന്‌ തന്നെ വലിയ പ്രചോദനം ആയപ്പോൾ കരൾ നൽകിയ അൻഷാദിന്റെ ചിത്രം ആ വലിയ മനുഷ്യ സ്നേഹിക്ക് നൽകിയ ആദരവ് കൂടിയായി. ഈയിടെ ഇടുക്കിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ കുടുങ്ങിപ്പോയ ജീവനെ കണ്ടുനിൽക്കാൻ കഴിയാത്ത ശില്പമായി കളിമണ്ണിൽ സൃഷ്ടിച്ചപ്പോൾ ഒരു ദുരന്തത്തിന്റെ നേർചിത്രമായി മാറി . പ്രളയ കാലത്ത് കടലിന്റെ മക്കളുടെ ധീരമായ ഇടപെടലിന്റെ ആദരിക്കാൻ ഉണ്ടാക്കിയ ശില്പവും മോഹൻലാലിന്റെ ശില്പവും യുവ നടന്മാരിൽ ശ്രദ്ധേയരായ ടൊവീനോയുടെ മുഖം പാടത്തെ ഞാറുകൊണ്ട് തീർത്തതും ഉരുളൻ പാറക്കല്ലുകൾ കൊണ്ട് ദുൽഖർ സൽമാന്റെ മുഖം നിർമിച്ചും നമ്മെ ഡാവിഞ്ചി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇലൂഷൻ രീതിയിൽ ചെയ്ത തീപുലി എന്ന ശില്പം കണ്ണുകളെ വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു. ഈ രീതിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. തീപുലി എന്ന ശില്പം അനമോർഫിക് ആർട്ടിന്റെ ഗണത്തിൽ പെടുത്താം. ഒപ്റ്റിക്കൽ ഇലൂഷൻ പോലെ തന്നെ ഇതിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പള്ളികളിൽ വിശ്വാസികളെ ആകർഷിക്കാൻ ഇത്തരം ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. സെയ്ന്റ് ഇഗ്നേഷ്യോ ദേവാലയത്തിന്റെ താഴികക്കുടവും നിലവറയും ആൻഡ്രിയ പോസോ വരച്ച ഓയിൽ പെയിന്റ് ചിത്രങ്ങൾ ഉദാഹരണം. 1690-ലാണ് ഈ ചിത്രം പൂർത്തിയായത്. ഇക്കാലത്തെ ശില്പിയായ മൈക്കൽ മർഫിയുടെ അനമോർഫിക് ശില്പങ്ങളും പ്രശസ്തമാണ്. ഈ രീതി വർഷങ്ങൾക്ക് മുമ്പ് ഉണ്ടെങ്കിലും ഇന്ന് ഇലസ്‌ട്രേഷൻ രംഗത്ത് ഇത്തരം ടെക്‌നിക് സർവസാധാരണമായിട്ടുണ്ട്. സാധാരണക്കാരും ഈ രീതിയെ ഉൾക്കൊണ്ട് കഴിഞ്ഞു.

റിയലസ്റ്റിക്ക് ശില്പങ്ങളെ വെല്ലുന്ന ശില്പങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഒപ്റ്റിക്കൽ ഇലൂഷൻ വർക്കുകൾ പോലെ ഒളിപ്പിച്ച അത്ഭുതം കണ്ടെത്താൻ കാഴ്ചക്കാരെ നിർബന്ധിക്കുന്നതാണ് അനമോർഫിക് ആർട്ട്. നമുക്കത്ര പരിചിതമല്ലാത്ത, അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോയ രണ്ടു രീതികൾ ആണ് ഇവ. ഇൻസ്റ്റലേഷൻ രംഗത്ത് അനമോർഫിക് ശില്പങ്ങൾക്ക് വലിയ സാധ്യതകൾ ആണുള്ളത്. ഒരർഥത്തിൽ ഇതൊരു ഇൻസ്റ്റലേഷൻ തന്നെ. ഡാവിഞ്ചി സുരേഷിന്റെ കല സർഗാത്മകവും ഒപ്പം തന്നെ വലിയ പ്രതിരോധവും പ്രതിഷേധവും കൂടിയാണ്.

നിയതമായ വസ്തുക്കൾ ഉപയോഗിച്ചല്ല ഡാവിഞ്ചി സുരേഷ് കലാസൃഷ്ടികൾ ഒരുക്കുന്നത്. സമകാലീന സംഭവങ്ങളെ എന്തുപയോഗിച്ചും

ആവിഷ്‌ക്കരിക്കുകയാണ് അദ്ദേഹത്തിന്റെ രീതി