ഞാൻ പഠിപ്പിക്കുന്ന അൽ അമീർ സ്കൂളിലെ കണ്ണൂർക്കാരി ജീജ ടീച്ചർ കഴിഞ്ഞദിവസം വിളിച്ചിരുന്നു. സ്കൂളിൽ ദിവസവും കണ്ടിരുന്ന സമയത്ത് ഒരിക്കലും വിളിക്കേണ്ട ആവശ്യം വന്നിട്ടില്ല. എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ നേരിട്ടുതന്നെ അറിയിക്കും. ഓൺലൈൻ ക്ലാസ് ആയപ്പോൾ എല്ലാം മാറിമറിഞ്ഞു. ജീജ ടീച്ചർ വിളിച്ചതും ഒരു ഓൺലൈൻ പ്രശ്നത്തിനു സഹായം തേടിത്തന്നെയാണ്. ജീജയുടെ കുടുംബസുഹൃത്തിന്റെ കുഞ്ഞിനെ എഴുത്തിനിരുത്തണം. കഴിഞ്ഞവർഷം വരെ നല്ലരീതിയിൽ മലയാളി സമൂഹത്തിനായി വിദ്യാരംഭം നടത്തിയിരുന്ന സാംസ്കാരിക സംഘടനയെ അദ്ദേഹം വിളിച്ചിരുന്നു. ഓൺലൈനിൽ കുഞ്ഞിന് വിദ്യാരംഭത്തിൽ പങ്കുചേരാം എന്നു പറഞ്ഞതിനോട്  മനസ്സ് രാജിയാവുന്നില്ല. സാറിന് അവരെ സഹായിക്കാമോ എന്നാണ് ജീജ അന്വേഷിക്കുന്നത്. ജീജ വിളിക്കുന്നതിന് രണ്ടുദിവസം മുൻപാണ് ഷാർജ ഇന്ത്യൻ സ്കൂളിലെ ഏറ്റവും പഴയ അധ്യാപികമാരിൽ  ഒരാളായ ശോഭ ടീച്ചർ വിളിച്ചത്. മുൻ പ്രിൻസിപ്പൽ കെ.ആർ.ആർ. നായരുടെ നിർദേശം അനുസരിച്ചാണ് അവർ എന്നെ ഓർത്തത്. അവർക്കും ഒരു ബന്ധുവിന്റെ കുഞ്ഞിനെ എഴുത്തിന് ഇരുത്തേണ്ടതുണ്ടായിരുന്നു. കെ.ആർ.ആർ. നായരുമായി വളരെ ആത്മബന്ധം ഉണ്ടായിരുന്നതിനാൽ ഒരു തടസ്സവും ഉന്നയിക്കാതെ ആ ദൗത്യവും  ഞാൻ ഏറ്റെടുത്തിരുന്നു. കോവിഡ് കാലത്തും മലയാളിക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പരിശുദ്ധ വിശ്വാസാനുഷ്ഠാനത്തിന്‍റെ പ്രാധാന്യത്തെ ഓർമിപ്പിക്കാനാണ് വ്യക്തിപരമായ ഈ  അനുഭവം ഇവിടെ പങ്കുവെച്ചത്.                                                                                     കുട്ടിക്കാലത്ത്  വളരെ കൊതിയോടെ കാത്തിരുന്ന ഒന്നാണ് പുസ്തകം പൂജയ്ക്കുവെക്കുന്ന നവരാത്രിക്കാലം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ആഘോഷം. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ഇതിൽ പ്രിയപ്പെട്ടത്  അവസാനത്തെ മൂന്ന് ദിവസങ്ങളാണ്. പുസ്തകം പൂജയ്ക്കുവെച്ചാൽ പഠിക്കേണ്ടല്ലോ. പ്രവാസലോകത്ത് പക്ഷേ, ആ മൂന്നു ദിവസത്തിന്റെ ആനുകൂല്യമൊന്നും കുട്ടികൾക്ക് തരപ്പെടാറില്ല. അതുകൊണ്ടുതന്നെ വിശ്വാസ ദൃഢതയുള്ള  കുടുംബങ്ങളിലെ ചില കുട്ടികൾ  ഇന്നത്തെ ക്വാറന്റീൻപോലുള്ള  സ്വയം അവധിയിലേക്ക് പ്രവേശിക്കും. ദേവീനാമജപങ്ങളിൽ മുഴുകുകയും ചെയ്യും. വിജയദശമി ആഘോഷിച്ച് വീട്ടിലെ പൂജാമുറികളിൽനിന്ന് പുസ്തകം എടുത്ത് വിളക്കിനുമുന്നിലെ താലത്തിൽ ഒരുക്കിയിട്ടുള്ള ഉണക്കലരിയിൽ ഹരിശ്രീകുറിച്ച് അക്ഷരബന്ധത്തെ ഊട്ടിയുറപ്പിച്ച് കഴിയുമെങ്കിൽ അന്നുതന്നെ സ്കൂളിലെത്തും. 
ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലുള്ളവർ നവരാത്രി ആഘോഷിക്കുന്നതിൽനിന്ന് വ്യത്യസ്തമാണ് മലയാളികളുടെ ചടങ്ങുകൾ. നവരാത്രിക്കാലം ഭാരതത്തിൽ എല്ലായിടത്തും  ദേവീപൂജയ്ക്ക് പ്രാധാന്യംനൽകി ആചരിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്. ബംഗാളിൽ കാളിയാണ് ആരാധനാമൂർത്തി. കർണാടകത്തിൽ ചാമുണ്ഡേശ്വരി. ഇന്ത്യയിൽ മിക്കഭാഗങ്ങളിലും ആയുധപൂജയ്ക്കാണ് പ്രാധാന്യം. യഥാർഥത്തിൽ അഞ്ച് നവരാത്രികൾ ഉണ്ടെങ്കിലും മൂന്നേ കൊണ്ടാടപ്പെടുന്നുള്ളൂ. ശരത് ഋതുവിലാണ് (സെപ്റ്റംബർ-ഒക്ടോബർ) ശരത് നവരാത്രി. ദുർഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ  ഓർമയായിട്ടാണ് ഇത് ആഘോഷിക്കുന്നത്. വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് (മാർച്ച്-ഏപ്രിൽ) വസന്ത നവരാത്രി ഉത്സവം. ജൂലായ് -ഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷം. ദേവിയുടെ പടുകൂറ്റൻ കോലങ്ങൾ മുതൽ മണ്ണിൽ തീർത്ത കൊച്ച് ബൊമ്മകൾ വരെ അലങ്കരിച്ച് പൂജിക്കുന്നു. ചിലയിടങ്ങളിൽ രാമൻ രാവണനെ വധിച്ചതിന്റെ ഓർമ പുതുക്കലാണ് ഇതെങ്കിൽ മറ്റു ചില ഭാഗങ്ങളിൽ ദുർഗാദേവി തിന്മയുടെമേൽ നേടിയ വിജയത്തിന്റെ ആഘോഷമാണ്.
ലോകത്തിന്റെ മുഴുവൻ അമ്മയാണ് ദേവി. ദേവീ ഉപാസനയാണ്  നവരാത്രി ആഘോഷത്തിന്റെ കാതൽ. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞുവരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളിലാണ് നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്.  ഒക്ടോബർ 16-ന് രാത്രി 1.01-ന് ഈ വർഷത്തെ നവരാത്രി ആരംഭിച്ചു. ഒക്ടോബർ 17 മുതൽ വ്രതം ആചരിക്കണം. ഒക്ടോബർ 25 രാവിലെ  7.43-ന് നവമി തീരും. ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 9.01 വരെയാണ് ദശമി. അന്നു രാവിലെ ആദ്യക്ഷരം കുറിക്കാം. 

‘ പ്രഥമം ശൈലപുത്രീതി 
ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ഡേതി 
കൂശ്മാണ്ഡേതി ചതുർത്ഥകം
പഞ്ചമം സ്‌കന്ദമാതേതി ഷഷ്ഠം  
കാത്യായനീതഥാ 
സപ്തമം കാളരാത്രീതി 
മഹാഗൗരീതി ചാഷ്ടമം
നവമം സിദ്ധിദാത്രീച  
നവദുർഗ്ഗാഃ പ്രകീർത്തിതാ'

ഹിമവാന്റെ മകളായ ശ്രീപാർവതിയാണ് ശൈലപുത്രി. ബ്രഹ്മവിഷ്ണുമഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തീഭാവമാണ് ശൈലപുത്രി. നവരാത്രിയുടെ ആദ്യനാൾ ശൈലപുത്രിയെ ആരാധിക്കുന്നു. ശിവപത്നിയാകാൻ ആഗ്രഹിച്ച് ജപമാലയും കമണ്ഡലുവുമേന്തി തപസ്സുചെയ്യുന്ന രൂപത്തിലുള്ള ദുർഗയാണ് ബ്രഹ്മചാരിണി. രണ്ടാംരാത്രി ബ്രഹ്മചാരിണിയുടെ ആരാധനയാണ്. നെറ്റിയിൽ മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ള ദേവി ചന്ദ്രഘണ്ഡയെ മൂന്നാം രാത്രി ആരാധിക്കുന്നു. പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂശ്മാണ്ഡ. സിംഹവാഹിനിയായ കൂശ്മാണ്ഡദേവിയുടെ ആരാധനയ്ക്കായി നവരാത്രിയിലെ നാലാംദിനം സമർപ്പിക്കപ്പെട്ടിരിക്കുന്നു. ബാലമുരുകനെ മടിയിലിരുത്തി അനുഗ്രഹം തൂകുന്ന ദിവ്യ രൂപമാണ് അഞ്ചാം രാത്രിയിലെ  സ്കന്ദമാതാവ്. കാത്യായനഋഷിയുടെ പുത്രിയായി അവതരിച്ച കാത്യായനിയുടെ ആരാധനയാണ് ആറാം രാത്രി. കൃഷ്ണവർണമുള്ള കാളരാത്രി ദുർഗയുടെ രൗദ്രരൂപമാണ്. കാളരാത്രീ ഭാവത്തിലാണ് ഏഴാം നാൾ ദേവിയെ ആരാധിക്കുന്നത്. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന പദത്തിന്റെ അർഥം. എട്ടാം രാത്രി ദേവി മഹാഗൗരിയാണ്. സർവസിദ്ധികളും പ്രദാനംചെയ്യുന്ന സിദ്ധിദാത്രിയായി ഒമ്പതാം രാവിൽ ദേവി സർവാർഥദാത്രിയായി ഭക്തമനസ്സിൽ നിറഞ്ഞുവിലസുന്നു.
ഉത്തർപ്രദേശിലും ബിഹാറിലും  ഗുജറാത്തിലും പഞ്ചാബിലും നവരാത്രിയുടെ ഭാഗമായി  ചെറിയ പെൺകുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്ന ചടങ്ങുണ്ട്. ഗുജറാത്തിൽ ഒമ്പത് രാത്രികളിലും ഗർബ എന്നു പേരായ നൃത്തരൂപം അരങ്ങേറാറുണ്ട്. വടി ഉപയോഗിച്ച് താളംപിടിക്കുന്ന സംഘനൃത്തമായാണ് ഇത് അവതരിപ്പിക്കുന്നത്. നടുക്ക് കത്തിച്ചുവെച്ച മൺചിരാതിനുചുറ്റുമായാണ് സ്ത്രീകൾ നൃത്തം വയ്ക്കുന്നത്. നവരാത്രിക്കാലത്ത് ഗൾഫിലെ പല ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മകളിലും ഗർബ നൃത്തം പൊടിപൊടിക്കാറുണ്ട്. കന്നഡക്കാരുടെ ദസറയും ആഘോഷപൂർണം തന്നെ. ഗൾഫിലെ തമിഴർക്കും തെലുങ്കർക്കും ഈ ദിവസങ്ങൾ വളരെ വിശേഷപ്പെട്ടവയാണ്. മധുരപലഹാരങ്ങൾ  ഉണ്ടാക്കി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സത്‌കരിച്ചാണ് അവർ ഈ ആഘോഷത്തെ ഗംഭീരമാക്കുന്നത്. മധുരവാക്കിന്റെ മൂർത്തിയായ സരസ്വതിയെ ആരാധിക്കാനുള്ള പുണ്യമുഹൂർത്തമായാണ് മലയാളി ഈ ആഘോഷത്തെ വരവേൽക്കുന്നത്. ദുർഗാഷ്ടമി, മഹാനവമി, വിജയദശമി, എന്നീ മൂന്നുദിവസങ്ങളും ഭക്തിനിർഭരമായി  ആചരിക്കുന്നു. നവരാത്രി സംഗീതോത്സവങ്ങൾ നാടിന്റെ  നാനാ ഭാഗങ്ങളിലും നടത്തുന്നു. 
ദുർഗാഷ്ടമിനാളിൽ അലങ്കരിച്ച ദേവീവിഗ്രഹത്തിനുമുൻപിൽ തൊഴിൽപ്രതീകമായ പണിയായുധങ്ങളും ജ്ഞാനാമുദ്രകളായ പുസ്തകങ്ങളും  സമർപ്പിക്കുന്നു. വിജയദശമി നാളിൽ  പ്രാർഥനാനിർഭരരായി  അവ തിരിച്ചെടുക്കുന്നു. കൊല്ലൂരിലെ  മൂകാംബികാ ക്ഷേത്രത്തിൽ എത്തുന്ന ഭക്തരിൽ ഭൂരിഭാഗവും മലയാളികളാണ്. കേരളത്തിലെ  പനച്ചിക്കാട്ടും  തിരുവുള്ളക്കാവിലും ഭാഷാപിതാവിന്റെ വാസസ്ഥാനമായിരുന്ന തുഞ്ചൻ പറമ്പിലും പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യക്ഷരങ്ങൾ പകർന്നുകൊടുത്ത് വിജയദശമി വിദ്യാരംഭത്തിന്റെ അമൃതപൂജയായി ആചരിക്കുന്നു. ജാതിമതഭേദമെന്യേ മലയാളികൾ വിദ്യാരംഭച്ചടങ്ങ് ഉത്സാഹത്തോടെ തന്നെ നടത്താറുണ്ട്. നവരാത്രി സംഗീതോത്സവങ്ങൾ ഷാർജയിലും ഗൾഫിലെ വിവിധ സ്ഥലങ്ങളിലും ഗംഭീരമായിത്തന്നെ അരങ്ങേറിയിരുന്നു.
കോവിഡിന്റെ ദുരിതകാലം എല്ലാ ആഘോഷങ്ങൾക്കും കടിഞ്ഞാൺ ഇട്ടിട്ടുണ്ടെങ്കിലും വിശ്വാസികൾ വീടകങ്ങളിൽ ദേവീപൂജയും സാരസ്വത്യുപാസനയും നിർവിഘ്‌നം തുടരുന്നുണ്ട്. സാക്ഷരസമ്പൂർണത സ്വകാര്യാഹങ്കാരമായി ഏറ്റെടുത്തു നടപ്പാക്കുന്നതിൽ ലോകത്തിനുതന്നെ മാതൃകയായിട്ടുള്ള മലയാളി സമൂഹത്തിന് സരസ്വതിയെ നമിക്കാതിരിക്കാൻ ആവില്ലല്ലോ.
'സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ'

എല്ലാവർക്കും ഹൃദയംനിറഞ്ഞ 
വിജയദശമി ആശംസകൾ!