ഓർമകളുടെ ജീവിതഗന്ധിയായ ചിത്രങ്ങൾ വരയ്ക്കുമ്പോൾ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും നിഷ്ഫലമാവുമെന്ന് കലാസപര്യയിലൂടെ തെളിയിക്കുകയാണ് പ്രവാസി മലയാളിയായ റിഷാദ് കെ. അലി. മനസ്സിൽ പതിയുന്ന ദൃശ്യങ്ങളോ അനുഭവങ്ങളോ ക്യാൻവാസിൽ പതിപ്പിക്കുന്ന നേരമത്രയും ഒരു തപസ്യപോലെ ആത്മാർപ്പണം നടത്തുകയാണ് ഈ കലാകാരൻ. വരച്ചചിത്രങ്ങൾക്ക് ജീവനുണ്ടെന്ന് കാണികൾക്ക് തോന്നുമെങ്കിൽ അതിനപ്പുറം ആ കലാകാരന് മറ്റൊരു സന്തോഷവുമില്ലെന്നാണ് വരകൾക്കായി ജീവിതം സമർപ്പിച്ച ഈ യുവാവിന് പറയാനുള്ളത്. കണ്ടുമറയുന്ന ഓരോദൃശ്യവും വ്യക്തിയും മനസ്സിൽ പതിയുമ്പോൾ മറ്റൊരുചിത്രത്തിനുള്ള സാധ്യത തേടുകയാണിവിടെ.
കണ്ണൂർ ബ്രഷ്‌മാൻ സ്കൂൾ ഓഫ് ആർട്‌സിൽ പഠനം പൂർത്തിയാക്കിയ കണ്ണൂർ പരിയാരം ഓണപ്പറമ്പിലെ റിഷാദ് ആദ്യമായി ഗൾഫിലേക്ക് വിമാനംകയറുമ്പോൾ ആർട്ടിസ്റ്റ് ജോലി തന്നെയായിരുന്നു ലക്ഷ്യം. 2000-ത്തിൽ ജോലിതേടി റിഷാദ് ആദ്യമെത്തിയത് ഒമാനിലായിരുന്നു. ഒമാനിലെ നിസ്‌വ എന്ന സ്ഥലത്ത് കാലിഗ്രാഫി പഠനവും ജോലിയും ഒരുമിച്ചുകൊണ്ടുപോയി. റിഷാദ് ജോലിചെയ്ത സ്ഥാപനയുടമ ഒമാനിയും കലാകാരനുമാണെന്നത് മുന്നോട്ടേക്കുള്ള വഴിയിൽ പ്രോത്സാഹനമായി. പിന്നീട് 2005-ൽ റിഷാദ് ദുബായ് സത് വയിൽ ഒരു പരസ്യക്കമ്പനിയിൽ ജോലിക്കുചേർന്നു. സമയം കിട്ടുമ്പോഴെല്ലാം വരകളിൽ മുഴുകി, ജീവിതവുമായി ചേർന്നുനിൽക്കുന്ന പലതരം ചിത്രങ്ങളും രൂപങ്ങളും. അതിനിടയിൽ നാട്ടിൽനിന്നും പലരും ചിത്രങ്ങൾ ആവശ്യപ്പെടുമ്പോൾ വരച്ചുകൊടുക്കും.
വരച്ച ചിത്രങ്ങളിൽ റിഷാദിന് സംതൃപ്തി നൽകിയത് ശൈഖ് സായിദ് വർഷത്തിൽ വരച്ച യു.എ.ഇ.യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെത് തന്നെ. ശൈഖ് സായിദിന്റെ ശരീരഘടന പൂർണമായും പഠിച്ച് ഫോറെക്സ്, കടലാസ് എന്നിവ ഉപയോഗിച്ച് ആദ്യം അദ്ദേഹത്തിന്റെ രൂപം ഉണ്ടാക്കിയാണ് പിന്നീട് കടലാസിലേക്ക് വലിയചിത്രമായി പകർത്തിയത്. രണ്ടരമീറ്റർ ഉയരമുള്ള ചിത്രം ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ ലഭിച്ച അഭിനന്ദനം ഹൃദയത്തിൽ സൂക്ഷിക്കുകയാണ് റിഷാദ്. എങ്കിലും ആ ചിത്രം വേണ്ടവിധം പ്രദർശിപ്പിച്ച് ജനങ്ങളിലെത്തിക്കാൻ ഈ കലാകാരന് സാധിച്ചിട്ടില്ല. പരിമിതിയും ജീവിതസാഹചര്യവും ചിത്ര പ്രദർശനങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നതാണ് റിഷാദിന്റെ പ്രയാസം. ശൈഖ് സായിദ് മാത്രമല്ല യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അടക്കമുള്ള ഭരണാധികാരികളുടെ കൂറ്റൻ ചിത്രങ്ങളും റിഷാദ് പൂർത്തിയാക്കിയിട്ടുണ്ട്. പെൻസിൽ ഡ്രോയിങ് കൂടാതെ ജലച്ചായവും എണ്ണച്ചായവുമാണ് ഈ കലാകാരന് ഇഷ്ടം.

ഏഴുമാസത്തെ പ്രയത്നത്തിലൂടെ റിഷാദ് അബുദാബിയിലെ ശൈഖ് സായിദ് പള്ളിയുടെ കലാമാതൃകയും ഉണ്ടാക്കിക്കഴിഞ്ഞു. യു.എ.ഇ.യിലെ പ്രധാന വിനോദസഞ്ചാരയിടമായ ശൈഖ് സായിദ് പള്ളി ഫോറക്‌സ്, തെർമോകോൾ, മരം, അക്രലിക്ക് ഷീറ്റ് എന്നിവ ഉപയോഗിച്ചാണ് പുനരാവിഷ്കരിച്ചത്. ഒന്നരമീറ്റർ ഉയരവും അത്രതന്നെ വീതിയും ഘടനയിൽ വരച്ച പള്ളിയുടെ സൂക്ഷ്മവശങ്ങൾപോലും നിരീക്ഷിച്ച് ചിത്രത്തിൽ പകർത്തിയിട്ടുണ്ട്. ഡോ. ബി.ആർ. ഷെട്ടി റിഷാദിലെ കലാകാരനെ പ്രോത്സാഹിപ്പിക്കാനായി ശൈഖ് സായിദ് പള്ളിയുടെ ചെറുരൂപം പണം നൽകി വാങ്ങികൊണ്ടുപോയതും റിഷാദ് ഓർക്കുന്നു.
ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സായിദിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിലുള്ള ഒമാനിലെ ഗ്രാൻഡ് മസ്ജിദ് റിഷാദ് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ലോകത്തിലെ വലിയ പള്ളികളിൽ ഒന്നായ ഗ്രാൻഡ് മസ്ജിദ് പകർത്താനായി രണ്ടുദിവസം ഈ കലാകാരൻ ഒമാനിൽ കഴിഞ്ഞിട്ടുണ്ട്. അക്രിലിക് കടലാസിലാണ് പള്ളിയുടെ മനോഹാരിത റിഷാദ് പുനരാവിഷ്കരിച്ചത്. ഒമാൻ ദേശീയ ദിനത്തിന്റെ ഭാഗമായി ‘ഐ ലൗവ് ഖാബൂസ്’ പ്രചാരണത്തിലും റിഷാദ് ഗ്രാൻഡ് മസ്ജിദ് അവതരിപ്പിച്ചു.
ഒന്നര മീറ്റർ നീളവും ഒരു മീറ്റർ വീതിയിലുമുള്ള ചെറുമാതൃകയിലാണ് റിഷാദ് പള്ളി’ നിർമിച്ചത്’. അഞ്ച് മിനാരങ്ങളും ഏഴ് ഖുബ്ബകളും അതേപോലെ ഉണ്ടാക്കി. പള്ളിയുടെ ഹരിതാഭമായ പരിസരങ്ങളും ആറ് തൂക്കുവിളക്കുകൾ അടക്കമുള്ള അലങ്കാരങ്ങളും ചിത്രത്തിലുണ്ട്. നാലുമാസമെടുത്താണ് റിഷാദ് ഒമാൻ പള്ളി പകർത്തിയത്.
ഡൽഹിയിലെ ലോകാത്ഭുതമായ താജ്മഹലിന്റെ രൂപം തെർമോക്കോളിൽ നിർമിച്ച റിഷാദ് എം.ടി. വാസുദേവൻ നായർ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, യേശുദാസ് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും വരച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ അജ്മാനിൽ സ്വന്തമായി പരസ്യസ്ഥാപനം നടത്തുകയാണ് റിഷാദ്.