കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ അടച്ചിടൽ കാലം ജീവിതത്തിൽ പുതിയ അനുഭവങ്ങളായിരുന്നെന്ന് പറയുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. ജീവിതത്തിൽ കേട്ടുകേൾവിയില്ലാത്ത കൊറോണ വൈറസുകൾ പടർന്നകാലം അനുഭവങ്ങളോടൊപ്പം പുതിയ നല്ലശീലങ്ങളുമുണ്ടായി. എന്നാൽ പുറത്തിറങ്ങാൻ സാധിക്കാത്തതും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അകത്തേക്ക് വരാൻ സാധിക്കാത്തതും വേദനയുണ്ടാക്കുന്നെന്ന് പറയുന്നവരും ധാരാളം. ‘സാരമില്ല, എല്ലാം നല്ലതിനാണല്ലോ’ എന്നാശ്വസിക്കുന്നവരാണ് മലയാളികളേറെയും. ജീവിതത്തിൽ ഇങ്ങനേയും ചില ഘട്ടങ്ങളുണ്ടാവും അതിജീവനവും സഹനവും അനിവാര്യമാകുന്ന വേളകളാണത്. ‘കൊറോണക്കാലം’ വരയും വായനയും കൃഷിയും പാചകവുമായാണ് അധികംപേരും ചെലവഴിച്ചത്. ഏറ്റവുംകൂടുതൽ ചിത്രങ്ങൾവരച്ച കാലമാണ് കടന്നുപോയത്, പെൻസിൽ വരയും വിവിധ ഛായങ്ങളും എംബ്രോയിഡറികളും കുട്ടികൾ കൂടുതൽ പരിശീലിച്ചകാലം. പണ്ട്‌ വരച്ചുമറന്നുപോയ കാലത്തെ തിരിച്ചുകൊണ്ടുവന്നതും കൊറോണയാണെന്ന് പറഞ്ഞ വീട്ടമ്മമാരുമുണ്ട്. ചിത്രം വരയ്ക്കുന്ന കുട്ടികൾക്ക് വലിയ പ്രോത്സാഹനമാണ് വീടുകളിൽനിന്നും കിട്ടിയത്. കുട്ടികളെ ശ്രദ്ധിക്കാൻ രക്ഷിതാക്കൾക്ക് അത്രയുംസമയം കിട്ടിയെന്ന് സാരം. നിശ്ചയദാർഢ്യക്കാരായ കുട്ടികളും തങ്ങളുടെ കഴിവുകൾ കൂടുതൽ പരിശീലിച്ചകാലത്തിന് പ്രത്യേകതയുണ്ടെന്ന് തിരിച്ചറിഞ്ഞതായി മലയാളി രക്ഷിതാക്കൾ പറഞ്ഞു.

സ്കൂൾവിദ്യാർഥികളടക്കം ഈ കൊറോണക്കാലത്ത് വരച്ചത് നിരവധിചിത്രങ്ങൾ. ഇ-ലേണിങ് പഠനത്തോടൊപ്പം ചിത്രംവരയിലും ശ്രദ്ധചെലുത്തിയ കാലം. കോവിഡ് പശ്ചാത്തലമാക്കിയും ചുമർച്ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങൾ കുട്ടികൾ കൊറോണദിനങ്ങളിൽ പൂർത്തിയാക്കി. ചിത്രങ്ങൾക്ക് ഭൂരിഭാഗംകുട്ടികളും വിഷയമാക്കിയത് കൊറോണ വൈറസുകൾതന്നെ. എണ്ണച്ചായം, ജലച്ചായം, പെൻസിൽ വര, അക്രിലിക് അങ്ങനെപോകുന്നു വരയുടെ ലോകം.

താമസയിടങ്ങളോടനുബന്ധിച്ച് പച്ചക്കറി കൃഷികളും പലരും വിളവെടുത്തു. തക്കാളി, ഉരുളക്കിഴങ്ങ്, പച്ചമുളക് തുടങ്ങിയവയെല്ലാം നല്ല വിളവ് തന്ന സന്തോഷത്തിലാണ് പല കുടുംബങ്ങളും. അടച്ചിടൽകാലം വെറുതെ പാഴാക്കിക്കളഞ്ഞില്ലെന്ന് അവർ പറയുന്നു. ഇത്തരത്തിൽ താമസയിടത്തോടനുബന്ധിച്ച് സൗകര്യമുള്ള സ്ഥലങ്ങളിൽ പച്ചക്കറികൾ ഉത്പാദിപ്പിച്ച കുടുംബങ്ങൾ നിരവധിയാണ്. കൊറോണക്കാലം പച്ചക്കറി കൃഷിയിലൂടെ ആസ്വദിച്ചെന്ന് അവർ പറഞ്ഞു. വില്ലകളും ബാൽക്കണികളും അടുക്കളത്തോട്ടങ്ങളായി മാറുകയും ജൈവാംശമുള്ള ഭക്ഷണങ്ങൾ തീന്മേശകളിൽ നിറയുകയും ചെയ്തു.

പാചകം പരീക്ഷണമാക്കി

പാചകം പരീക്ഷണംകൂടിയാണെന്ന് തെളിയിച്ച കാലമായിരുന്നു കൊറോണക്കാലം. രുചിഭേദങ്ങളുടെ ലോകമാണ് പ്രവാസികൾ വീട്ടകങ്ങളിൽ സൃഷ്ടിച്ചത്. ദിവസവും ഓരോ ഇനങ്ങളാണ് ഉണ്ടാക്കിയതെന്ന് കണ്ണൂർ സ്വദേശിയായ ഷാർജയിലെ വീട്ടമ്മ ആശാ പ്രശാന്ത് പറഞ്ഞു. പലതും പുത്തൻ പരീക്ഷണമായിരുന്നെങ്കിലും ‘രുചിയിൽ കേമൻ’ എന്ന സർട്ടിഫിക്കറ്റ് കുടുംബത്തിൽനിന്ന് കിട്ടുകയും ചെയ്തു. പലരും ഓൺലൈനിലൂടെയാണ് പാചകംപഠിച്ച് പരീക്ഷിച്ചത്. ചിലതെല്ലാം ‘പാളിയെങ്കിലും’ കൂടുതലും വിജയമായിരുന്നു. കേരളീയ വിഭവങ്ങൾമാത്രമല്ല വടക്കേയിന്ത്യനും മലയാളികൾ പാചകം ചെയ്തു. കാരയപ്പവും നെയ്യപ്പവും പരിപ്പുവടയുമെന്ന് വേണ്ട എന്നും മാർക്കറ്റുള്ള പൊറോട്ടവരെ മലയാളി വീട്ടമ്മമാർ ഈ കോവിഡ് കാലത്തുണ്ടാക്കിക്കൊണ്ട് അടുക്കളയിൽ ‘വിപ്ലവം’ സൃഷ്ടിച്ചു. ഭർത്താക്കന്മാർ അടുക്കളയിൽ മുഴുവൻ സമയവും പാചകത്തിനുസഹായികളായി. അതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് കൊടുക്കുന്ന വീട്ടമ്മമാരുമുണ്ട്. മത്സ്യവും മാംസവും കുറച്ച് പച്ചക്കറി ഉപഭോക്താക്കളും കൂടിവന്നു. എന്നാൽ ഒരു ദുഃഖമുണ്ട്, തൊട്ടടുത്തുള്ള അടുപ്പക്കാർക്കുപോലും വീട്ടിലുണ്ടാക്കിയ വിഭവം കൊടുക്കാൻ സാധിക്കുന്നില്ലെന്ന വേദന ബാക്കി.

പാടിയും ആടിയും

പ്രവാസികൾ പാടിത്തകർത്ത കാലംകൂടിയാണ് കടന്നുപോയത്. പാടി പഴക്കമായവരും പാടാൻ മടിച്ചവരും പരിശീലനം നേടിയവരുമെല്ലാം കൊറോണക്കാലത്തെ പാട്ടുംപാടി നേരിട്ടു. കൊറോണ വ്യാപനം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമായി പ്രവാസികളുടെ കവിതയും പാട്ടും ഓൺലൈനിൽ നിറഞ്ഞുനിന്നു. പാട്ടുകൾക്കായി വാട്ടസ്ആപ് കൂട്ടായ്മകളുണ്ടാക്കി. പലരും മത്സരിച്ചുപാടി, ഓൺലൈനിൽ പാടി സമ്മാനങ്ങൾ നേടിയവരുമുണ്ട്. സംഗീതവും നൃത്തവുമെല്ലാം ഓൺലൈനായി പഠിപ്പിച്ച് പുതുമസൃഷ്ടിച്ചതും ഈ കൊറോണകാലത്തിന് അവകാശപ്പെട്ടതാണ്. പാടിയും ആടിയും സാമൂഹിക മാധ്യമങ്ങളിലെല്ലാം സ്വയം പ്രചരിപ്പിച്ച് സന്തോഷിച്ചവർ തന്നെ ഭൂരിഭാഗവും. പണ്ടെങ്ങോ പാടിയ പാട്ടുകളെല്ലാം തിരിച്ചുകിട്ടിയ സന്തോഷമാണ് പലർക്കും. കേരളത്തിലെ പല പ്രശസ്ത പാട്ടുകാരും പ്രവാസി മലയാളികൾക്കായി ഓൺലൈനിലൂടെ പാട്ടുപാടി കേൾപ്പിച്ചു. തത്സമയ പരിപാടികളിലൂടെ ആസ്വാദകരുമായി അവർ നേരിട്ടു സംവദിച്ചു. പാട്ടിനേയും പാട്ടുകാരേയും സ്നേഹിക്കുന്നവർക്ക് ഏറെ സന്തോഷമാവുകയും ചെയ്തു. നിരവധികവികളും എഴുത്തുകാരും അഭിനേതാക്കളും ഇത്തരത്തിൽ ‘ലൈവിൽ’ വന്നുകൊണ്ട് തങ്ങളുടെ ആരാധകരുമായി സംസാരിച്ചു. അവരാവശ്യപ്പെട്ട പാട്ടും കവിതയും പാടി കൊറോണയുടെ ദുഃഖം ഇല്ലാതാക്കി. വേദികളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കാത്ത ദുഃഖം സംഘടനകൾ ഓൺലൈനിലൂടെ പൂർത്തീകരിക്കുകയാണ്. ആൽബങ്ങളും പുതിയ പുസ്തകങ്ങളും ഓൺലൈനിലൂടെ പ്രകാശിപ്പിക്കാനും കൊറോണ കാരണമായി.

എഴുത്തും വായനയും

പ്രവാസി മലയാളികളിൽ വായിക്കാൻ മടിയുള്ളവരും ‘വായിച്ചുതള്ളിയ’ കാലമായിരുന്നു ഈ കൊറോണക്കാലം. പുസ്തകങ്ങളും ആനുകാലികങ്ങളുമായി വായനയുടെ പൂക്കാലംതന്നെ വീടുകളിൽനിറഞ്ഞു. കുടുംബങ്ങൾ മാത്രമല്ല ബാച്ചിലേഴ്‌സ് മുറികളിലും വായനയും ചർച്ചകളും ശീലമാക്കി. കാക്കത്തൊള്ളായിരം എഴുത്തുകളുള്ള ഓൺലൈൻ തന്നെ കൂടുതൽപേരും വായനയ്ക്കാശ്രയമാക്കി. കയ്യിലെ മൊബൈൽ താഴെ വെക്കാൻ നേരമില്ലാത്തതരത്തിൽ വായനപെരുകി. വായനയോടൊപ്പം ഏറ്റവുംകൂടുതൽ എഴുത്തുകളുണ്ടായതും കൊറോണയുടെ വേദനയിലും സന്തോഷം നൽകുന്നകാര്യമാണ്. പ്രതീക്ഷിക്കാതെ പലരും എഴുത്തുകാരായി, രോഗപ്രതിരോധം ഓർമിപ്പിച്ചുകൊണ്ട് പുതുമകളോടെ അനുഭവങ്ങൾ ചാലിച്ച് നിരവധി പ്രവാസികൾ ആൺ പെൺ ഭേദമില്ലാതെ എഴുതിത്തെളിഞ്ഞു. എഴുതി പരീക്ഷിച്ചവരാണ് ഏറെപ്പേരുമെന്നതാണ് സന്തോഷം. ടെലിവിഷൻ പരിപാടികൾ ആസ്വദിച്ചവരും കൂടുതലും കൊറോണക്കാലമാണ്. വാർത്തകൾ, സംവാദം എന്നിവയ്ക്കെല്ലാം പ്രേക്ഷകർ വർധിച്ചു.

മുണ്ഡനംചെയ്ത് പ്രതിഷേധം

കേരളത്തിലേതിന് സമാനമായി തലമുണ്ഡനം ചെയ്തുകൊണ്ട് ചില പ്രവാസി മലയാളികളും പ്രതിഷേധം രേഖപ്പെടുത്തി. കൊറോണ വ്യാപനം തടയാനായി ബാർബർ ഷോപ്പ് അടച്ചതോടെ മലയാളി യുവാക്കൾ പലരും തലമുണ്ഡനം ചെയ്തു. തമാശയായോ പ്രതിഷേധമായോ ആശ്വാസമായോ മുണ്ഡനത്തെ വിലയിരുത്താമെന്ന് ചിലർ പറഞ്ഞു. സുഹൃത്തുക്കൾ തമ്മിലോ ഭാര്യ ഭർത്താവിനോ ‘മൊട്ടയടിച്ചു’കൊണ്ട് കൊറോണക്കാലം മറ്റൊരു പുതുമയായി. വ്യായാമം മുടങ്ങിയും ഭക്ഷണം കൂടിയും ‘കുടവയർ’ ദോഷം സംഭവിച്ചതും പലർക്കും വിനയായി. ‘വർക്ക് ഫ്രം ഹോം എന്നാണെങ്കിലും ഓഫീസുകളിലെ തൊഴിൽ അച്ചടക്കം ഉണ്ടാകില്ലെന്നത് യാഥാർഥ്യമാണ്. ആഹാരം മാത്രമല്ല ഉറക്കവും പ്രവാസികൾ ആഘോഷിച്ചു. ഇതുവരെയുള്ള ഉറക്കമെല്ലാം കൊറോണക്കാലത്തിൽ ഉറങ്ങിത്തീർത്തെന്ന് ചിലർ. എന്നാൽ ഇതുവരെ വ്യായാമംചെയ്യാത്തവർ അതിന് താത്‌പര്യം കാണിച്ചതും അടച്ചിടൽ കാലത്തിന്റെ പ്രത്യേകത. ആഴ്ചയിലൊരിക്കൽ വീട് വൃത്തിയാക്കിയിരുന്നവർ അത് ദിവസേനയാക്കി, വീടുകളിൽ വൃത്തിയും വെടിപ്പും അടുക്കും ചിട്ടയും കൂടി. അത്യാവശ്യത്തിന് പുറത്തുപോകുമ്പോൾ മുഖാവരണം സ്വയം നിർബന്ധമാക്കി.

തൊഴിൽ നഷ്ടപ്പെട്ടവർ

കോവിഡ് കാലം ഇടത്തരം പ്രവാസികുടുംബങ്ങളിലും വറുതിയുടെ കാലമായി. ജോലി നഷ്ടപ്പെട്ടവർ, ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടവർ, ശമ്പളമില്ലാതെ നിർബന്ധിത അവധിയിലായവർ, വ്യാപാരസ്ഥാപനങ്ങളും സ്വയം സംരംഭങ്ങളും അടച്ചിടേണ്ടിവന്നവർ.. അങ്ങിനെ പോകുന്നു സാമ്പത്തിക പ്രതിസന്ധിയുടെ ആഴം. ഭാവി അനിശ്ചിതത്വമായി മാറുമ്പോൾ അതിജീവിക്കാൻ പാടുപെടുന്നവർ. പലർക്കും ബാങ്കുലോൺ (നാട്ടിലും ഗൾഫിലും), ക്രഡിറ്റ് കാർഡ്, വാഹന ലോൺ എന്നിങ്ങനെ പോകുന്നു ബാധ്യത. അടവുതെറ്റുമ്പോൾ പലിശയും കൂട്ടുപലിശയും കൂടിവന്നു. വീട്ടുവാടകയും അവധിതെറ്റി ചെക്കുകൾ മടങ്ങാനുംതുടങ്ങി. പലരും ശമ്പളം വെട്ടിക്കുറച്ചരേഖകൾ റിയൽ എസ്റ്റേറ്റുകളിൽ ഹാജരാക്കിയെങ്കിലും അതൊന്നും ഇളവിന് പര്യാപ്തമാകുന്നില്ല. പല കുടുംബങ്ങളും പട്ടിണിയിലായി. സന്നദ്ധസംഘടനകളോട് ഭക്ഷണങ്ങൾ ചോദിച്ച് വാങ്ങേണ്ടിവന്ന അവസ്ഥയും നിരവധി മലയാളി കുടുംബങ്ങളിലുണ്ടായി. എന്നാൽ പല കുടുംബങ്ങളും അഭിമാനക്ഷതമേൽക്കുമോ എന്ന ആശങ്കയിൽ വിഷമങ്ങൾ തുറന്നുപറഞ്ഞില്ല. ‘വിശന്നിരിക്കരുത്, വിളിച്ചാൽ മതി’ എന്ന ആശ്വാസവുമായി സന്നദ്ധപ്രവർത്തകരെത്തിയതാണ് അവർക്ക് തുണയായത്.

തണലായി സന്നദ്ധപ്രവർത്തകർ

പ്രതിസന്ധികളിൽ പ്രവാസലോകത്തെ സന്നദ്ധസംഘടനകൾ താങ്ങുംതണലുമാവുന്നതാണ് എല്ലായിടത്തും കണ്ടത്. കെ.എം.സി.സി., ഇൻകാസ്, ഓർമ, ഐ.എം.സി.സി., ഇന്ത്യൻ അസോസിയേഷനുകൾ, ഇസ്‌ലാമിക് കേന്ദ്രങ്ങൾ, മലയാളി സമാജങ്ങൾ എന്നിവരെല്ലാം ഭക്ഷണം, മരുന്ന്, മറ്റ് അത്യാവശ്യകാര്യങ്ങൾ എന്നിവയുമായി കൊറോണ ഭീതി തുടങ്ങിയതുമുതൽ വിശ്രമമില്ലാതെ രംഗത്തുണ്ടായിരുന്നു. സംഘടനകളുടെ പിൻബലമില്ലാതെയും നിരവധിപേർ സജീവമായി. നിരവധി റെസ്റ്റോറന്റുകൾ പാകംചെയ്ത ഭക്ഷണങ്ങൾ പാവങ്ങൾക്ക് സൗജന്യമായി വിതരണംചെയ്തു. രാഷ്ട്രീയവും മതവുമല്ല മനുഷ്യത്വമാണ് പരമപ്രധാനമെന്ന് ഈ പ്രവർത്തനങ്ങളിലൂടെ അവർ ലോകത്തെ പഠിപ്പിച്ചു. സന്നദ്ധസംഘടകൾക്ക് സാധനങ്ങളായും പണമായും സംഭാവന നൽകാനായി നിരവധി വ്യവസായികളും മുന്നോട്ടുവന്നതും ശ്രദ്ധേയം.

ശബ്ദമായി മാധ്യമങ്ങളും

കോവിഡ് വ്യാപനം തടയാനായി ഇന്ത്യാ ഗവൺമെന്റ് വിദേശത്തേക്കുള്ള വിമാനസർവീസ് തത്‌കാലത്തേക്ക് നിർത്തിവെച്ചപ്പോൾ ബുദ്ധിമുട്ടിലായവരേറെയാണ്. സന്ദർശകവിസയിൽ മക്കളുടെ അടുത്തെത്തിയ പ്രായമായവർ, ഗർഭിണികൾ, അവയവമാറ്റമടക്കം വേണ്ടിവന്ന രോഗികൾ, അർബുദം, വൃക്കരോഗമടക്കമുള്ള മഹാമാരിയെ പേറുന്നവർ, ജോലി അന്വേഷിച്ചെത്തി കുടുങ്ങിപ്പോയവർ... അവരെയെല്ലാം നാട്ടിലെത്തിക്കാനായി നിരന്തരം അധികാരികളിൽ സമ്മർദം ചെലുത്തിയത് ഗൾഫിലെ മുഖ്യധാരാ മാധ്യമങ്ങളായിരുന്നു. മരുന്നടക്കം അവശ്യസേവനങ്ങൾ നിഷേധിക്കപ്പെട്ടതിനും ഒരു പരിധിവരെ പരിഹാരമായത് മാധ്യമങ്ങളുടെ ഇടപടലുകൾകൊണ്ടാണ്. നാട്ടിലേക്ക് പോകാൻ സൗജന്യ വിമാനടിക്കറ്റുകളുമായി സംഘടനകൾ രംഗത്തുവന്നപ്പോൾ അവരുടെ ശബ്ദമായും മാധ്യമങ്ങൾ മാറി •

വേർപാടിന്റെ വേദന

കോവിഡ് രോഗം വരുത്തിവെച്ച വേർപാടുകൾ ചെറുതല്ല. രോഗംമൂലം ലോകമെങ്ങും ആയിരക്കണക്കിന് മരണം സംഭവിച്ചപ്പോൾ കേരളത്തിലും പ്രവാസികളേറെയുള്ള ഗൾഫിലും പേടിപ്പെടുത്തുംവിധം മലയാളികൾ മരണപ്പെട്ടു. അവസാനമായൊന്ന് വീട്ടുകാർക്ക് കാണാൻ സാധിക്കാതെ കോവിഡ് മൂലം മരിച്ചവരെ ഗൾഫിൽത്തന്നെ അടക്കി. നാട്ടിൽനടന്ന മരണങ്ങളിൽ നേരിട്ടുപോയി ദുഃഖം രേഖപ്പെടുത്താൻ കഴിയാതെ മിക്കവരും ഓൺലൈനിൽ ചടങ്ങുകൾകണ്ടു. ആശുപത്രികളിലും ഐസൊലേഷൻ കേന്ദ്രങ്ങളിലും കിടക്കുന്നവരെയോർത്ത് പ്രാർഥനയും കണ്ണീരുമായി കഴിയുന്ന നാട്ടിലുള്ള കുടുംബങ്ങളുടെ വേദന ചെറുതായിരുന്നില്ല.

ഇ -ലേണിങ് കാലം

വിദൂരപഠനം അനുഭവിച്ചും ആസ്വദിച്ചും പലരിലും വിരസമായും കോവിഡ് കാലം കുഞ്ഞുമനസ്സുകളിലൂടെ കടന്നുപോയി. തുടക്കത്തിൽ ഇ - ലേണിങ് ആസ്വാദ്യകരമായെങ്കിൽ ക്രമേണവിരസമായി. അതുമായി പൊരുത്തപ്പെടാനാവാതെ കുട്ടികൾ വേവലാതിയിലായി. അധ്യാപകർ കംപ്യൂട്ടർ സ്ക്രീനിലും രക്ഷിതാക്കൾ തൊട്ടടുത്തുമായി കുട്ടികളെ അസ്വസ്ഥരാക്കി. കുട്ടികളുടെ കൂട്ടുകാരൊത്തുള്ള കളിമുടങ്ങി, പഠനം മാത്രമായി വീട്ടകങ്ങളിൽ ചുരുങ്ങിയ കാലം. ഒന്നിലധികം കുട്ടികൾ വ്യത്യസ്തസമയങ്ങളിൽ വീട്ടിൽനിന്ന്‌ പഠിക്കുമ്പോൾ കുട്ടികൾക്കുണ്ടാവുന്ന അസ്വാതന്ത്ര്യവും പ്രശ്നമാണ്. ക്ലാസുമുറിയിൽനിന്ന്‌ പഠിപ്പിക്കുന്ന സുഖം ഇ - ലേണിങ്ങിൽ കിട്ടുന്നില്ലെന്നതാണ് അധ്യാപകർക്കും പറയാനുള്ളത്.