പ്ലസ് ടു പരീക്ഷാഫലം വരുന്നതിന് ഒരാഴ്ച മുമ്പേ മുതൽ രാഖിക്ക് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല, മകളുടെ റിസൾട്ട് വരും. ആധിയാണ്...അങ്ങനെ ജൂൺ 13-ന്‌ റിസൾട്ട് വന്നു...പക്ഷേ, നെറ്റ്‌വർക്ക് തിരക്കിലാണ്...ഡൗൺലോഡ് ആകുന്നില്ല. ഇനിയെന്ത് ചെയ്യും? മകളുടെ ക്ലാസിലെ കുട്ടികളുടെ അമ്മമാരുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ട്. അത് തുറന്നപ്പോൾ കരച്ചിലുകളുടെ ഇമോജികൾ മാത്രം... ആർക്കും റിസൾട്ട്  അറിയാൻ സാധിച്ചിട്ടില്ല! ഇനിയെന്ത് ചെയ്യും? ഉടനെതന്നെ ചെന്നെയിലും, ദുബായിലും അമേരിക്കയിലുമുള്ള സ്വന്തക്കാർക്കൊക്കെ മകളുടെ നമ്പർ അയച്ചുകൊടുത്തു, ശബ്ദ സന്ദേശമയച്ചു-മകളുടെ റിസൾട്ട് ഒന്ന് വേഗം അയച്ചുതരൂ...ഇവിടെ നെറ്റ് വർക്ക് തിരക്കിലാണ്... 
വേറെ എങ്ങും ശരിയായില്ലെങ്കിലും വികസിത രാജ്യമായ അമേരിക്ക, അതിവേഗത്തിൽ മുന്നിട്ടുനിൽക്കുന്ന യു.എ.ഇ. എന്നിവയൊക്കെ രാഖിക്ക്‌ പ്രതീക്ഷയായിരുന്നു..പക്ഷേ, ഇന്ത്യ തന്നെ വിജയിച്ചു...രാഖിയുടെ മകളുടെ റിസൾട്ട് ആദ്യം ഡൗൺലോഡ് ആയത് അവരുടെ കംപ്യൂട്ടറിൽ തന്നെ...92 ശതമാനം മാർക്ക് ! എല്ലാവരും വലിയ സന്തോഷത്തോടെ കുട്ടിയെ നോക്കുമ്പോൾ, സന്തോഷിക്കണോ വേണ്ടയോ എന്നറിയാതെ അമ്മയെ നോക്കുന്ന കുട്ടി...രാഖി മുഖം കുനിച്ചിരിക്കുകയാണ്... ഞാൻ ചോദിച്ചു, എന്താണ് കാരണം? താരാ... ഈ മാർക്കുകൊണ്ട് മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടുമോ എന്നറിയില്ല...കാരണം സ്റ്റേറ്റ് സിലബസ്സിൽ പഠിക്കുന്ന കുട്ടികളുടെ റിസൾട്ട് വരാൻ പോകുന്നതേയുള്ളൂ...അപ്പോൾ വിജയശതമാനം കൂടുതൽ ആയിരിക്കും, ഞങ്ങൾ ജനറൽ കാറ്റഗറിയായിപ്പോയില്ലേ...സാധാരണക്കാരിയായ ഒരു അമ്മയുടെ നിസ്സഹായാവസ്ഥ! കുട്ടിപോയി മുറിയിൽക്കയറി വാതിൽ അടച്ചു ..
മാർക്ക് ലിസ്റ്റ് വന്നു; എല്ലാ വിഷയങ്ങൾക്കും എ വൺ ഇല്ല! അപ്പോൾ പിന്നെ, ജനറൽ കാറ്റഗറി കൂടി ആകുമ്പോൾ മെറിറ്റ് സീറ്റ് കിട്ടുമോ? പണം കൊടുത്ത്‌ സീറ്റ് വാങ്ങാനോ ഫീസ് കൊടുത്തു പഠിക്കാൻ കഴിവോ, ഇല്ലാത്തവരുടെ അവസ്ഥ എന്താണ് ? 61 ശതമാനം മാർക്ക് നേടിയ കിരണിന്റെ അമ്മയുടെ അവസ്ഥ കൂടി പറയുമ്പോഴേ ഈ കുറിപ്പ് പൂർത്തിയാകൂ. പരീക്ഷാഫലം വന്ന അതേ ദിവസം രാത്രി ഒമ്പതു മണിയോടെയാണ് അവർ  വിളിക്കുന്നത് ..ലോക്ഡൗൺ വന്നതിന്റെ ആശ്വാസത്തിലാണവർ...നാട്ടുകാരുടെ അനാവശ്യ ചോദ്യങ്ങളെ ഒരു പരിധിവരെ നേരിടേണ്ടി വരില്ല..എങ്കിലും സാമൂഹികമാധ്യമങ്ങൾ നിറയെ മിന്നും വിജയങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും വാട്‌സാപ്പ് ഗ്രൂപ്പ് മുഴുവൻ ചോദ്യങ്ങൾ തന്നെയാണ്...കിരണിന്റെ 'അമ്മ ലീന ഒരു മാസം ലീവ് എടുത്ത്  മകന്റെ അടുത്തിരുന്ന്, കിട്ടാവുന്ന മുൻ ചോദ്യപ്പേപ്പർ ഒക്കെ തരപ്പെടുത്തി, കഷ്ടപ്പെട്ടു പഠിപ്പിച്ചതിന്റെ ഫലം ആണ് ഈ മാർക്ക് ! പക്ഷേ,, തോറ്റതിനോളം തന്നെ വിലയേ, എല്ലാവരും ആ വിജയത്തിന് നൽകിയുള്ളൂ എന്ന വേദനകൊണ്ട്, ഒരു ആശ്വാസത്തിന് വേണ്ടിയാണ് സുഹൃത്ത് എന്ന നിലയിൽ എന്നെ വിളിച്ചത്... ഈ മാർക്കുകൊണ്ട് എന്ത് ചെയ്യും? ഏതു കോഴ്‌സ് ചെയ്യാൻ പറ്റും?  
സാധാരണക്കാരായ നമ്മളുടെ ഇത്തരം ആകുലതകൾക്കിടയിൽ നാം  മറന്നുപോകുന്ന ചില കാര്യങ്ങൾ ഉണ്ട്...വാതിലടച്ചിട്ടിരിക്കുന്ന, സന്തോഷിക്കാൻ അനുവാദം കാത്തുനിൽക്കുന്ന ഒരു കൗമാര മനസ്സ് ! അത് നാം കാണാതെ പോകരുത് ! വിജയങ്ങൾ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. എത്ര ദിവസത്തെ ഉറക്കമൊഴിച്ചുള്ള പഠനത്തിന്റെ, അധ്വാനത്തിന്റെ ഫലമാണത്. എന്നാൽ വിജയമെന്നത് ഫുൾ എ പ്ലസ്, അല്ലെങ്കിൽ എ 1 എന്ന തലത്തിലേക്ക് മാത്രം ഒതുങ്ങേണ്ടതല്ല. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  കിട്ടാത്തവർ, 50-60 ശതമാനമൊക്കെ  മാർക്ക് കിട്ടുന്നവർ പരാജയപ്പെട്ടവരുടെ അതേ മാനസികാവസ്ഥ നേരിടേണ്ടിവരുന്ന അവസ്ഥ ദയനീയമാണ്; മാറേണ്ടതും. മാർക്ക് മാത്രമല്ല ബുദ്ധിയുടെ അളവുകോൽ എന്നും പ്ലസ്ടുവിന് നാം നേടിയ ഗ്രേഡ് മാത്രമല്ല ജീവിതത്തിന്റെ അന്തിമവിധി നിർണയിക്കുന്നതെന്നും ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.. 
ഇവിടെ മാതാപിതാക്കൾ 
ശ്രദ്ധിക്കേണ്ട 
ചില കാര്യങ്ങൾ ഉണ്ട്

•  മാർക്ക് ലിസ്റ്റിലെ ഏറ്റവും കുറഞ്ഞ മാർക്കിനെയോർത്ത് വേവലാതിപ്പെട്ട്, അത് മാത്രം ചൂണ്ടിക്കാട്ടി, തലനാരിഴ കീറി പരിശോധിക്കാതെ, ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ വിഷയങ്ങൾ ഓരോന്നും പരിശോധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.  അതിനുശേഷം മാത്രം, മാർക്ക് കുറഞ്ഞ വിഷയങ്ങളിലേക്കു കടക്കുക, എന്തുകൊണ്ടായിരിക്കും മാർക്ക് കുറഞ്ഞുപോയത് എന്നതിനെക്കുറിച്ച് കുട്ടിയുമായി ചർച്ചചെയ്യുകയും ആശ്വസിപ്പിക്കുകയും ചെയ്യുക.
•  സ്റ്റേറ്റ് തലത്തിൽ പഠിച്ച അയൽപക്കത്തെ കുട്ടിയുടെ ഗ്രേഡും സി.ബി.എസ്.ഇ.  സിലബസ്സിൽ പഠിച്ച കുട്ടിയുടെ ഗ്രേഡുമായി താരതമ്യം ചെയ്യാതിരിക്കുക. രണ്ടുപേരും പഠിച്ച രീതി, മൂല്യനിർണയം ഇവയെല്ലാം വ്യത്യസ്തമായിരിക്കെ, ആ ഒരു താരതമ്യം അബദ്ധമാണ്. ഇത് കുട്ടികളിൽ അനാവശ്യമായ സമ്മർദത്തിന് വഴിയൊരുക്കും. കുറഞ്ഞമാർക്ക്, കൂടിയ മാർക്ക് എന്ന രീതിയിൽ വിലയിരുത്താതെ, കുട്ടിക്ക് തന്റെ കഴിവിനനുസരിച്ച്‌ മികവ് പുലർത്താൻ കഴിഞ്ഞുവോ എന്ന രീതിയിൽ താരതമ്യം ചെയ്യുക. അതിനോടൊപ്പംതന്നെ കുട്ടിയുടെ താത്‌പര്യം, പഠനമികവ് ഏത്‌ വിഷയത്തിലാണെന്ന്‌ കണ്ടെത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയോ അതിനുവേണ്ടി അവരുടെതന്നെ അധ്യാപകരുമായി സംസാരിക്കുകയോ ചെയ്യുക.
•  എൻട്രൻസ് പരീക്ഷ, കോളേജ് അഡ്മിഷൻ, മെറിറ്റ് സീറ്റ്, സംവരണം...ആവലാതികൾ പലതാണ്.. പക്ഷേ, ഇതൊന്നും അവരുടെ സന്തോഷം കെടുത്താനുള്ള കാരണങ്ങൾ ആകരുത്...നിങ്ങളുടെ ഉള്ളുതുറന്ന ഒരു ചിരിക്കും അഭിനന്ദനങ്ങൾക്കുമായി വെമ്പുന്നുണ്ട് അവർ. എല്ലാ ഫലങ്ങളും എപ്പോഴും നമുക്ക് സന്തോഷം തരണമെന്നില്ല. അതുകൊണ്ടുതന്നെ എ പ്ലസ് കിട്ടിയില്ല എന്നതുകൊണ്ട് ഇതൊന്നും നിഷേധിക്കരുത്. ആഹ്ലാദം, ആശ്വസിപ്പിക്കൽ-വികാരം ഏതുമാകട്ടെ, പോസിറ്റീവ് ആയി പ്രകടിപ്പിക്കുക എന്നിടത്താണ് നമ്മുടെ വിജയം.
•  ഓർക്കുക - മികച്ച മാർക്കിനെക്കാളും ഭാവിയിൽ സമൂഹത്തിന്, സ്ഥാപനത്തിന്, വീടിനുപകരിക്കുക വിവേകശാലിയായ, പ്രായോഗിക പരിജ്ഞാനമാർജിച്ച  ബിരുദധാരിയെയായിരിക്കും. അതുകൊണ്ടുതന്നെ ചെറുതും വലുതുമായി അവർ നേടിയതെന്തുമാകട്ടെ -സ്നേഹത്തിന്റെ, കരുതലിന്റെ ചെറിയ മിൻവെട്ടങ്ങൾ നൽകി നാളെയിലേക്ക്, ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങാൻ, അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്.

കൗമാരം-സ്ഫടികപ്പാത്രങ്ങളാ,
ണുടയാതടുക്കേണ്ടതുണ്ട്;
ഒരുപോറൽപോലുമേൽക്കാതെ!