7gf

 

ഉല്ലാസത്തോടുകൂടി കഴിഞ്ഞിരുന്ന നമുക്കിടയിലേക്കാണ് കേട്ടുകേൾവിപോലും ഇല്ലാത്ത കോവിഡ് എന്ന മഹാമാരി കടന്നുവരുന്നത്.

സ്വതന്ത്രരായിനടന്നിരുന്ന നമ്മുടെ ജീവിതത്തിൽ അത് അഭൂതപൂർവമായ നിയന്ത്രണങ്ങൾ വരുത്തുകയുംചെയ്തു. ലോകത്തെമ്പാടുമായി നിരവധിപേർ കോവിഡിനോട് പോരാടി ജീവൻ ഹോമിക്കുകയും ലക്ഷങ്ങൾ കോവിഡിന്റെ പിടിയിൽ അമരുകയുംചെയ്തു. അതിനാൽ ഈ മഹാമാരിയെ അല്പം ഭയപ്പാടോടുകൂടിതന്നെവേണം അകറ്റിനിർത്തേണ്ടത്. മനുഷ്യർക്ക് സാമൂഹികവ്യവഹാരം ഇല്ലാതെ കഴിയുക എന്നത് അപ്രാപ്യമായ കാര്യമാണല്ലോ. എന്നാൽ, ഈ രോഗം നിയന്ത്രണത്തിലാകുന്നതുവരെ, വ്യവഹാരങ്ങൾ എല്ലാം കുറയ്ക്കുന്നതായായിരിക്കും ഉചിതം.

ലോക്ഡൗൺ മാറി ജനങ്ങൾ സ്വതന്ത്രരായി നടക്കുന്നു എന്നുകരുതി വൈറസിനെ നാം നിയന്ത്രണത്തിലാക്കിയിട്ടില്ല. അതിനാൽ അതതുസ്ഥലങ്ങളിലെ സർക്കാർനിർദേശങ്ങൾ പിൻതുടരുകമാത്രമല്ല, നമ്മെ ആശ്രയിച്ചുനിൽക്കുന്നവരെക്കൂടി കരുതിവേണം കോവിഡിനോട് മല്ലിടാൻ ഇറങ്ങുന്നത്. അതിജീവിക്കുക എന്നതുമാത്രമാണ് ഇപ്പോൾ നമുക്കുമുന്നിലുള്ള ഏകവഴി. ശ്രദ്ധയോടെ മുന്നോട്ടുനീങ്ങുകയാണ് വേണ്ടത്.

ലോകം വൈറസിന്റെ പിടിയിലായ അവസ്ഥയിൽ കൂടുതൽ ആൾക്കാരും ചിന്തിക്കുന്നത് തന്റേതുമാത്രമായ പ്രശ്നങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള തുടർപ്രശ്നങ്ങളുമായിരിക്കും. ആ നിരവധികാര്യങ്ങളോടൊപ്പം നമ്മോടൊപ്പം കഴിയുന്ന കുരുന്നുകളുടെ കാര്യങ്ങൾകൂടി ആലോചിച്ചാൽ ദുഷ്കരംതന്നെയല്ലേ? പ്രത്യേകിച്ച്, ഫ്ലാറ്റ് സംസ്കാരത്തിൽ വളരുന്ന കുട്ടികൾക്ക്. ഫെബ്രുവരി അവസാനംവരെ അവർക്ക് നല്ലകാലംതന്നെയായിരുന്നു. പുറത്തുപോയി കളികളിൽ ഏർപ്പെടുന്നതിൽ സ്വാതന്ത്ര്യമുണ്ടായിരുന്നു. വിലക്കുകളും ഭയവുമില്ലായിരുന്നു (മാതാപിതാക്കൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചല്ല പരാമർശിക്കുന്നത്). എന്നാലിപ്പോൾ, സർവതിലും നിയന്ത്രണമാണ്. നിയന്ത്രണങ്ങൾ ആരെങ്കിലും അടിച്ചേൽപ്പിക്കുമ്പോൾ അതിനെതിരേ പ്രതിരോധിച്ചുനിൽക്കാനായിരിക്കും ഭൂരിപക്ഷത്തിന്റെയും ശ്രമം. മുതിർന്നവരിൽ ഇതുപോലെയെങ്കിൽ, കൊച്ചുകുട്ടികളിൽ അത് വളരെ തീവ്രമായിരിക്കും.

കുട്ടികൾക്ക് ഈപ്രതിരോധത്തിനെ മറികടക്കാൻ സാധിക്കാതെ വരുമ്പോൾ, അവരിൽ പിരിമുറുക്കം കൂടുകയും സ്വഭാവങ്ങളിൽ പ്രകടമായ മാറ്റംവരുകയും ചെയ്യും. ദേഷ്യം, അനുസരണക്കേട്, പഠനത്തിൽ താത്പര്യക്കുറവ് , പിടിവാശി, ഭക്ഷണവിരക്തി എന്നിവ ഉണ്ടാകുന്നു. യഥാർഥത്തിൽ, മുറ്റത്തും തൊടിയിലും കറങ്ങിനടക്കുന്ന ചിത്രശലഭങ്ങളെപ്പോലെ പാറിനടക്കാനാണ് കുട്ടികൾക്കിഷ്ടം. ഈ ഒരു സാഹചര്യത്തിൽ, നാം കുട്ടികളോട് എടുക്കുന്ന കാർക്കശ്യസ്വഭാവം കുറയ്ക്കുകതന്നെ വേണം. രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ, അല്ലെങ്കിൽ ഉറക്കാനായി ശ്രമിക്കുമ്പോൾമ്പോൾമാത്രം അവരോട് സ്നേഹം പ്രകടിപ്പിച്ചാൽപോരാ, മറിച്ച് അവർക്ക് സ്വയം പ്രാപ്തിയാകുന്നതുവരെയും ആ കരുതൽ ഉണ്ടായിരിക്കണം. മുതിർന്നവരെക്കാൾ ഉപരി സ്നേഹം, അംഗീകാരം പരിലാളനകൾ, കരുതൽ എന്നിവ ആവശ്യമുള്ളവരാണ് കുട്ടികൾ എന്നുകൂടി അറിയുക. നാം അവരോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ പ്രതിഫലനം തുടർനാളുകളിൽ അവരിൽ ദർശിക്കാൻ കഴിയും. മുതിർന്നവർ മറ്റുള്ളവരോട് കാണിക്കുന്ന സത്യസന്ധത, ആത്മാർഥത, സ്നേഹം, ദീനാനുകമ്പ, അതുപോലെത്തന്നെ വിപരീതഫലങ്ങളായ ദേഷ്യം, അസൂയ, കുശുമ്പ്, പിണക്കം, അഹങ്കാരം എന്നിവയെല്ലാം കുട്ടികൾ നിരീക്ഷിക്കുകയും മാതൃകയാക്കാൻ ശ്രമിക്കുകയുംചെയ്യും. മറ്റുള്ളവരോട് തിന്മകളാണ് നാം പ്രവർത്തിക്കുന്നത് എങ്കിൽ അതായിരിക്കും അവരിൽ എത്തിച്ചേരുന്നത്.

നല്ലകാര്യങ്ങൾ എന്തുചെയ്താലും (ചെറുതാണങ്കിലും) കുട്ടികളെ പ്രോത്സാഹിപ്പിക്കുക. അവരുടെ നല്ലഭാവിക്ക് നമ്മൾ ഇന്നുനൽകുന്ന പ്രോത്സാഹനവും അംഗീകാരവും സംരക്ഷണവുമെല്ലാം കാതലായ ഘടകംതന്നെയാണ്. ഈ അംഗീകാരങ്ങൾ കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. ഇത്തരത്തിൽ ആത്മവിശ്വാസം ലഭിക്കുന്ന കുട്ടികൾ, പ്രതിസന്ധിഘട്ടങ്ങൾ അനായാസം കൈകാര്യം ചെയ്യുന്നതായും ഊർജസ്വലതയോടുകൂടി അതിനെ മറികടക്കുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ഒരുകുട്ടിയുടെ ആത്മവിശ്വാസത്തിനെ ഉയർത്താനും തളർത്താനും മനഃപൂർവമല്ലെങ്കിലും സമൂഹവും ഒരു പങ്കുവഹിക്കുന്നുണ്ട്. അവസ്ഥകൾ ഏറെമാറി. ഇന്ന് പഠനം ഓൺലൈനായ സാഹചര്യത്തിൽ, സ്കൂളുകളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ലഭിക്കേണ്ട അംഗീകാരവും സ്നേഹവും ഒന്നുമിപ്പോൾ കുട്ടികൾക്ക് നേരിട്ടുലഭിക്കുന്നില്ല.

മാതാപിതാക്കൾവേണം ആ കുറവുകൾ നികത്തി അവരെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തേണ്ടത്. അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ നാം അവസരങ്ങൾ കണ്ടെത്തണം. നമ്മുടെ ഈ കരുതലാണ് അവരെ സമൂഹത്തിനുപകരിക്കുന്ന നല്ലപൗരനും/പൗരയും ആക്കിമാറ്റുന്നത്. രാവിലെ ഉറക്കം ഉണരുമ്പോൾമുതൽ രാത്രി കിടക്കുന്നതുവരെയുള്ള ഒരു ടൈംടേബിൾ തയ്യാറാക്കുക. ഇതിൽ കുട്ടികളുടെ താത്‌പര്യങ്ങളും ഉൾപ്പെടുത്തണം, അവരെ ഭീതിയിലാഴ്ത്തുന്ന തരത്തിൽ ആകരുത്. വിനോദത്തോടൊപ്പം പഠനവും പിന്നെ അവരുടെ അഭിരുചികളും മനസ്സിലാക്കി അവയ്ക്കുകൂടി പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഒരു ടൈംടേബിളാകണം അത്. ഇതുകൂടാതെ വീട്ടിലെ ജോലികളിൽ ഭാഗഭാക്കാക്കാൻ (എത്ര ചെറിയ ജോലികളാണെങ്കിലും) ശ്രദ്ധിക്കുകയും പരിശീലനം കൊടുക്കുകയും വേണം.

മാതാപിതാക്കൾ കഴിയുന്നതും അവരുമായി ഒത്തുചേർന്ന് വിനോദങ്ങളിലും ഏർപ്പെടുക. ചെസ്, ലൂഡോ, പാമ്പും കോണിയും പോലെയുള്ള കളികൾ ഒപ്പമിരുന്ന് കളിക്കുകയും ടി.വി. കാണുകയും പഠനത്തിൽ സഹായിക്കുകയും. പടങ്ങൾ വരയ്ക്കാനോ എഴുതാനോ നൃത്തം ചെയ്യാനോ മറ്റ് ഇഷ്ടവിനോദങ്ങളിലോ താത്‌പര്യമുള്ള മക്കളെ പ്രോത്സാഹിപ്പിക്കുകയും അവരോടൊപ്പം നിൽക്കുകയുംചെയ്യുക. നമ്മുടെ കുരുന്നുകൾ നല്ലരീതിയിൽ വളരണോ വേണ്ടായോ എന്ന് നാംതന്നെ തീരുമാനിക്കുക.

ഈ അവസ്ഥയിൽപെട്ടുപോയ സ്ത്രീകളുടെ കാര്യമെടുക്കാം. ഇതുപോലെ ഒരു അവസ്ഥ അവർക്ക് മുൻപുണ്ടായിട്ടില്ല. എങ്കിലും മിക്ക സ്ത്രീകളിലും മാനസികപിരിമുറുക്കം എന്ന അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുള്ളതാണ്. ഉദ്യോഗസ്ഥയാണെങ്കിൽ അവരുടെ കാര്യം അടിവരയിട്ടുതന്നെ പറയാം. മാനസികപിരിമുറുക്കം എന്നത് സാർവത്രികമായി മിക്കവരിലും കണ്ടുവരുന്നതാണ്. എന്നാൽ, ഈ സ്ഥിതിവിശേഷം വന്നതുപോലെ തന്നെ പൂർവ സ്ഥിതി പ്രാപിക്കുകയുംചെയ്യും. കാരണം, അതിനുള്ള എല്ലാകഴിവുകളും ജീവിതഗതിക്കിടെ നാം നേടിയെടുത്തിട്ടുണ്ട്. തലവേദന, വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ, ഉയർന്ന രക്തസമ്മർദം, ഉയർന്ന ഹൃദയസ്പന്ദനം, നെഞ്ചുവേദന, ലൈംഗികകാര്യങ്ങളിൽ ഉള്ള താത്‌പര്യക്കുറവ്, നിദ്രാഭംഗം, കാര്യമില്ലാതെ അസ്വസ്ഥയാകുക, കഴുത്തിന്‌ മുഖത്തിനും എല്ലാം വേദന അനുഭവപ്പെടുക, പുറംവേദന, ഉന്മേഷക്കുറവനുഭവപ്പെടുക, ആഹാരത്തിനോട് അമിതാസക്തി/ വിരക്തി, കൈകൾക്കും ശരീരത്തിനും വിറയൽ അനുഭവപ്പെടുക, ശരീരഭാരം കൂടുക/കുറയുക എന്നിവ മാനസിക പിരിമുറുക്കത്തിന്റെ ലക്ഷണങ്ങളായി കാണിക്കാറുണ്ടെങ്കിലും സ്വയം ഇതുപോലെയുള്ള ലക്ഷണംനോക്കി സ്‌ട്രെസ് ആണന്ന് അനുമാനിക്കാൻനിൽക്കുന്നത് അപകടമാണ്.

സ്‌ട്രെസുള്ള അവസ്ഥയിൽ യാതൊരു കാരണവശാലും മദ്യപാനം, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം (ഇന്ത്യയിൽ ഇതെല്ലാം പുരുഷന്മാരാണ് കൂടുതലായും ഉപയോഗിക്കുന്നത്, എങ്കിലും സ്ത്രീകളിലും ഇല്ലാതെയില്ല) , ഷോപ്പിങ്, ലൈംഗിക താത്‌പര്യങ്ങൾ, ഇന്റർനെറ്റ് ഉപയോഗം എന്നിവയിൽനിന്ന് പരമാവധി ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കുക. ജോലിസ്ഥലത്തെ വർക്ക്‌ലോഡ്, ജോലിയില്ലാതെ വെറുതെയിരിക്കുന്ന അവസ്ഥ, കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ, സാമ്പത്തികപ്രശ്നങ്ങൾ, അനാവശ്യ സൗഹൃദങ്ങൾ/ബന്ധങ്ങൾ, കുട്ടികളെക്കുറിച്ചുള്ള വേവലാതി ആരോഗ്യസംബന്ധിയായ പ്രശ്നങ്ങൾ ഇവയെല്ലാം മാനസികപിരിമുറുക്കങ്ങൾക്ക് കാരണങ്ങളാണ്.

മാനസികപിരിമുറുക്കങ്ങളിൽനിന്ന് നമുക്ക് പൂർണമായും വിട്ടുനിൽക്കാൻ സാധ്യമല്ല. മനുഷ്യനായി പിറവിയെടുത്തവർക്ക് ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്നതരത്തിൽ അവരെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരുപ്രശ്നംതന്നെയാണ് സ്‌ട്രെസ്. എങ്കിലും നിയന്ത്രണങ്ങളിൽകൂടി മനസ്സിനെ ശാന്തമാക്കി ചൊൽപ്പടിയിൽ നിർത്താൻ കഴിയും. അതിനായി നമ്മൾ പാലിക്കേണ്ടുന്നത് ഇനിപറയുന്നവയാണ്. നിർബന്ധമായും ഏഴുമുതൽ ഒമ്പതുമണിക്കൂർവരെ നല്ലതുപോലെ ഉറങ്ങുക, ആരോഗ്യപരമായ ഭക്ഷണക്രമങ്ങൾ നിത്യജീവിതത്തിൽ ശീലമാക്കുക, വ്യായാമങ്ങളും റിലാക്സേഷൻ പരിശീലനമാർഗങ്ങളും ദിനചര്യയാക്കിമാറ്റുക (ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സുമുണ്ടാകും എന്ന് തിരിച്ചറിയുക), നമുക്ക് പ്രിയമുള്ള ആളുകളുമായി കൂടുതൽസമയം ചെലവഴിക്കുക, മനസ്സിനിണങ്ങിയ വിനോദവൃത്തികളിൽ ഏർപ്പെടുക, നമുക്ക് ഏറ്റവുംപ്രിയങ്കരമായ താത്പര്യങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കുക. അതേസമയം, അഡിക്ടാക്കുന്ന തരത്തിലുള്ള വിനോദങ്ങളിലേക്ക് വഴുതിവീഴാതിരിക്കാൻ ശ്രദ്ധിക്കുകയുംവേണം.

ഉറക്കം അത്യന്താപേക്ഷിതമായ കാര്യംതന്നെയാണ്. മനസ്സിനും ശരീരത്തിനും വിശ്രമം ലഭിച്ചുകഴിയുമ്പോൾതന്നെ നമ്മെ ബാധിച്ചിരിക്കുന്ന പിരിമുറുക്കങ്ങളിൽനിന്ന് മോചനം ലഭിക്കും. ഈ വേളയിൽ നമ്മുടെ സമയം കൂടുതൽ ഉപകരിക്കുംവിധത്തിൽ വിനിയോഗിക്കുന്നതിനായുള്ള ശക്തമായതും പ്രയോജനകരമായതുമായ പുതിയ നടപടികൾ പ്രവർത്തിപഥത്തിലേക്ക് കൊണ്ടുവരുക.

ശരിയായ ദിശയിലേക്കുതന്നെയാണ് നാം ചരിക്കുന്നതെന്ന് മനസ്സിനെ ആവർത്തിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുക. അശുഭകരമായ സന്ദേശങ്ങളും ശുഭകരമായ സന്ദേശങ്ങളും സ്വീകരിക്കാൻ പ്രാപ്തമാണ് നമ്മുടെ മനസ്സ്. നമ്മുടെ ചിന്തകൾ അശുഭകരമാണങ്കിൽ നമ്മുടെ പ്രവൃത്തികളും അശുഭകരംതന്നെയായിരിക്കും. ചിന്തകളെ ശുഭകരമാക്കിമാറ്റാൻ ശ്രമിക്കുകമാത്രം ചെയ്യുക. ഈ കാലവും കടന്നുപോകും എന്ന ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടുപോവുക. ആത്മവിശ്വാസത്തോടുകൂടിയുള്ള ശരിയായ നീക്കം ഒരുകാലത്തും നമ്മെ തളർത്തുകയില്ല.