പുസ്തകവിൽപ്പനയിൽ മലയാളത്തിൽ വിപ്ലവം സൃഷ്ടിച്ച നോവലാണ് ബെന്യാമിൻ എഴുതിയ ‘ആടുജീവിതം’. ഗൾഫ് സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ എത്തി ആടുമേയ്ക്കാൻ വിധിക്കപ്പെട്ട നജീബ് എന്ന യുവാവിന്റെ ദുരിതജീവിതമാണ് ഈ നോവലിലൂടെ ബെന്യാമിൻ അനാവരണം ചെയ്തത്. വർഷങ്ങളോളം ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന ബെന്യാമിന് ഗൾഫ് മലയാളികളുടെ ജീവിത പരിതസ്ഥിതികൾ അനുഭവംകൊണ്ട് പരിചിതമാണ്. മലയാളത്തിലെ എക്കാലത്തെയും ഇതിഹാസ രചനകളായ ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, എം.ടിയുടെ ‘രണ്ടാമൂഴം’ തുടങ്ങിയ കൃതികളുടെ മേന്മയൊന്നും അവകാശപ്പെടാനില്ലാത്ത നോവലായിട്ടും ‘ആടുജീവിതം’ വിൽപ്പനയിൽ വിപ്ലവം സൃഷ്ടിച്ചത് ഗൾഫുകാരന്റെ ദുരിതജീവിതം ആവിഷ്കരിച്ചതുകൊണ്ടാണ്.
ഗൾഫിൽനിന്ന് കാശുണ്ടാക്കിവരുന്ന ചെറുപ്പക്കാരെയെല്ലാം കേരളം അസൂയയോടെയാണ് എക്കാലവും വീക്ഷിച്ചിരുന്നത്. ഗൾഫ് മലയാളി സൃഷ്ടിച്ച കോൺക്രീറ്റ് ബംഗ്ലാവുകളെയും അവരുടെ അത്തർ മണമുള്ള വേഷവിധാനങ്ങളെയും എന്നും കേരളം പരിഹസിച്ചിരുന്നു. ഗൾഫ് നഗരങ്ങളിൽ അത്യധ്വാനം ചെയ്ത് ബിസിനസ്സ് സാമ്രാജ്യങ്ങൾ സൃഷ്ടിച്ച മുതലാളിമാരുടെ പൊങ്ങച്ചങ്ങളെയും വിമർശിച്ചു. കേരളത്തിന്റെ കടലോരങ്ങളിലും കുഗ്രാമങ്ങളിലും ചെറ്റക്കുടിലുകളിൽ ജീവിച്ച ദരിദ്രരായ ചെറുപ്പക്കാർ ഗൾഫിൽ പോയി സമ്പന്നരായി തിരിച്ചുവന്നത് സർക്കാർ ജീവനക്കാരിലും ബുദ്ധിജീവികളിലും അസൂയയും അസഹിഷ്ണുതയും സൃഷ്ടിച്ചിരുന്നു. വിവാഹ കമ്പോളത്തിലും സാമൂഹികജീവിതത്തിലും ഗൾഫുകാരന് കിട്ടുന്ന സ്വീകാര്യത അതിന്റെ മൂർധന്യത്തിലെത്തിയ കാലഘട്ടത്തിലാണ് ബെന്യാമിൻ ‘ആടുജീവിതം’ പ്രസിദ്ധീകരിച്ചത്. ഇറങ്ങിയ നാൾതൊട്ട് പുസ്തകം ചൂടപ്പംപോലെ വിറ്റുപോയി.
ഗൾഫുകാരന്റെ ദൈന്യജീവിതം പച്ചയ്ക്ക് വിവരിക്കുന്ന നോവലായതുകൊണ്ടാണ് ‘ആടുജീവിതം’ മലയാളത്തിൽ ബെസ്റ്റ് സെല്ലറായത്. ആടുജീവിതത്തിലെ നജീബിന്റെ കഥ ലക്ഷക്കണക്കിന് ഗൾഫ് മലയാളികളുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റപ്പെട്ട അനുഭവം മാത്രമാണ്. ഗൾഫിലെ മഹാഭൂരിപക്ഷം ആളുകളും ആടുജീവിതം നയിക്കുന്നവരല്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആളാണ് ബെന്യാമിൻ. ഗൾഫിൽ പോയി ജീവിതവിജയം നേടിയ ആയിരക്കണക്കിന് മലയാളികളുണ്ട്. അമ്പതിനായിരം പേർക്ക് ജോലികൊടുത്ത എം.എ. യൂസഫലിയുടെ ജീവിതകഥ നോവലാക്കിയാൽ അത് ‘ആടുജീവിതം’പോലെ വിറ്റുപോകില്ലെന്നത് വസ്തുതയാണ്. ഗൾഫ് മലയാളികളെ പരിഹസിക്കാനും അവരുടെ ജീവിതത്തെ ആടുജീവിതമായി പരിമിതപ്പെടുത്താനും കിട്ടിയ അവസരമായി ഈ നോവലിനെ കേരളം കണ്ടതുകൊണ്ടാണ് പുസ്തകം ആർത്തിയോടെ സ്വീകരിക്കപ്പെട്ടത്. ഗൾഫിലെ മലയാളികൾക്കെല്ലാം അറബിയുടെ കക്കൂസ് കഴുകുന്ന പണിയാണെന്നത് ഗൾഫുകാരൻ സ്ഥിരം കേട്ട പഴിയാണ്. ഗൾഫ് മലയാളിയോടുള്ള കേരളത്തിന്റെ പുച്ഛവും പരിഹാസവുമാണ് ആടുജീവിതത്തെ ബെസ്റ്റ് സെല്ലറാക്കിയത്.
കോവിഡ് കാലത്ത് തിരിച്ചുവരുന്ന ഗൾഫ് മലയാളികളോട് സർക്കാരും നാട്ടുകാരും കാണിക്കുന്ന നിഷേധത്തിനും കാരണം മുകളിൽ പറഞ്ഞ മനശ്ശാസ്ത്രമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹ്യജീവിത പശ്ചാത്തലമുള്ള സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണക്കാർ ഗൾഫ് മലയാളികളാണ്. ഗൾഫുകാരൻ കേരളത്തിലേക്കയച്ച പെട്രോ ഡോളർ തന്നെയാണ് കേരളത്തിന്റെ വികസനക്കുതിപ്പുകൾക്കെല്ലാം കാരണം. നാട്ടുമ്പുറത്തെ സൂപ്പർമാർക്കറ്റ് മുതൽ വിമാനത്താവളങ്ങൾ വരെ അതിന്റെ ഉദാഹരണങ്ങളാണ്. ഈ യാഥാർഥ്യം ഓരോ രാഷ്ട്രീയനേതാവും സാഹിത്യകാരന്മാരും സാമ്പത്തിക വിദഗ്‌ധരും നാഴികയ്ക്ക് നാൽപതുവട്ടം വിളിച്ചുപറയും. പക്ഷേ, അവനൊരു പ്രതിസന്ധി വന്നപ്പോൾ ഗൾഫ് മലയാളികളോടുള്ള യഥാർഥ മനോഭാവം മറനീക്കി പുറത്തുവന്നിരിക്കുന്നു.
മടങ്ങിവരുന്ന ഗൾഫ് മലയാളി സർക്കാരിനായാലും നാട്ടുകാർക്കായാലും കൂടുംബത്തിനായാലും ബാധ്യതയാണ്. ഓരോ ദിവസത്തെയും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്ന ഒരു വാചകമുണ്ട്. ‘ഇന്നത്തെ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ ഇത്രപേർ വിദേശത്തുനിന്നും വന്നവരാണ്’ ഈ വാക്ക് ലൈവായി മലയാളം കേൾക്കുമ്പോൾ ഗൾഫ് മലയാളിയോടുള്ള പുച്ഛവും രോഷവും പതഞ്ഞുയരുകയാണ്. അതിന്റെ പ്രതിഫലനമാണ് ഗൾഫ് മലയാളി നാട്ടിലെത്തുമ്പോൾ ഉണ്ടാവുന്ന അസഹിഷ്ണുത. ദശാബ്ദങ്ങളോളം ഗൾഫിൽ അധ്വാനിച്ച് കേരളത്തെ പുനർസൃഷ്ടിച്ച ഗൾഫ് മലയാളികളുടെ ത്യാഗങ്ങളെല്ലാം വൃഥാവിലായിരിക്കുന്നു. ‘ഈ വീട്ടിൽ പട്ടിയുണ്ട്, സൂക്ഷിക്കുക’ എന്ന ബോർഡിന് പകരം ‘ഈ വീട്ടിൽ ഗൾഫുകാരനുണ്ട് , സൂക്ഷിക്കുക’ എന്ന് നാട്ടുകാർ സ്റ്റിക്കർ പതിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ.
തീവണ്ടികളിലും സ്വകാര്യ വാഹനങ്ങളിലുമായി ആയിരക്കണക്കിന് അന്യ സംസ്ഥാനക്കാർ നിത്യേന കേരളത്തിലെത്തുന്നുണ്ട്. അവർക്കൊന്നുമില്ലാത്ത പതിത്വം ഗൾഫ് മലയാളിക്ക് നേരിടേണ്ടിവരുന്നു. കേരളത്തിലെ മൂന്നരക്കോടി മലയാളികളിൽ ശരാശരി എഴുനൂറ്് പേർക്കാണ് നിത്യേന കോവിഡ് തെളിയുന്നത്. അതേസമയം 90 ലക്ഷം മാത്രം ജനസംഖ്യയുള്ള യു.എ.ഇ.യിൽ ആയിരത്തിന് അടുത്തായിരുന്നു നേരത്തേ കോവിഡ് പോസിറ്റീവ്. ഇപ്പോൾ അത് ഇരുനൂറിലേക്ക് ചുരുങ്ങിവന്നു. എന്നിട്ടും യു.എ.ഇ.യിൽ ആർക്കും ആരോടും അയിത്തമില്ല. ഓരോ ദിവസവും പത്രസമ്മേളനം നടത്തി യു.എ.ഇ. ഭരണാധികാരികൾ ആരെയും ഭയവിഹ്വലരാക്കിയില്ല. കണക്കുകൾ പറഞ്ഞ് വിദേശികളെ പരിഹസിച്ചില്ല.
ഈ പ്രതിസന്ധികൾക്കിടയിലാണ് ഗൾഫ് ജീവിതം നഷ്ടപ്പെട്ട് ആയിരക്കണക്കിന് പ്രവാസികൾ നാട്ടിലെത്തുന്നത്. തിരിച്ചുവരുന്ന വിദേശ മലയാളികൾ സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. അവരുടെ പുനരധിവാസത്തിന് ക്രിയാത്മകമായി എന്തുചെയ്യാൻ കഴിയുമെന്നാണ് പിണറായി വിജയനും വി. മുരളീധരനും രമേശ് ചെന്നിത്തലയും ഒന്നിച്ചിരുന്നാലോചിക്കേണ്ടത്. അല്ലാതെ ടെലിവിഷനുമുന്നിൽ ചക്കളത്തിപ്പോരാട്ടം നടത്തുകയല്ല വേണ്ടത്. കോവിഡ് മഹാമാരി വ്യവസായം, തൊഴിൽ, സാമ്പത്തികം, കൃഷി തുടങ്ങി എല്ലാ മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ചുകഴിഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് വിദേശവസ്ത്രങ്ങൾ ബഹിഷ്കരിക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ ഇറക്കുമതി ചെയ്യപ്പെട്ട വസ്ത്രങ്ങൾ ചുട്ടുചാമ്പലാക്കിയാണ് ധീരദേശാഭിമാനികൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിദേശ ഉത്പന്നങ്ങൾ ശീലമാക്കിയ നമുക്ക് കോവിഡ് ഒരു ഉണർത്തുപാട്ടാണ്. ഈ അവസരം ഉപയോഗച്ച് സ്വദേശി ഉത്പന്നങ്ങൾ കൂടുതൽ നിർമിക്കാനും വിപണനം ചെയ്യാനും ഉപയോഗിക്കാനും തുടങ്ങിയാൽ അവസരങ്ങളുടെ സ്വർണഖനിയാണ് നമുക്ക് മുന്നിൽ തുറക്കുക. വിദേശ നാണ്യത്തെയും വിദേശ ഉത്പന്നങ്ങളെയും അമിതമായി ആശ്രയിച്ചിരുന്ന കേരളത്തിന് ഇനി പഴയതുപോലെ ജീവിക്കാൻ സാധ്യമല്ല. ഗൾഫ് പണത്തെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയിലൂടെയാണ് കേരളം അഞ്ച് ദശാബ്ദങ്ങളായി ജീവിച്ചത്. ഗൾഫിൽ നിന്നും കേരളത്തിലെത്തിയ പണം മലയാളി യുവാക്കളുടെ അധ്വാനത്തിലൂടെയും മറ്റ് വഴികളിലൂടെയും കേരളത്തിലെ ഓരോ വീട്ടിലും എത്തി. പക്ഷേ, രണ്ട് ദശാബ്ദമായി ഇതല്ല അവസ്ഥ. കേരളത്തിലെത്തിയ ഗൾഫ് പണത്തിന്റെ നല്ലൊരു പങ്ക് അതിഥി തൊഴിലാളികളാണ് കൊണ്ടുപോയത്. പ്രതിവർഷം 25,000 കോടി രൂപ അവർ കേരളത്തിൽനിന്ന് കടത്തിയെന്നാണ് കണക്കുകൾ.
തിരിച്ചുവരുന്ന ഗൾഫ് മലയാളികളിൽ നല്ലൊരു ശതമാനവും വൈദഗ്ധ്യം നിറഞ്ഞ തൊഴിലുകളിൽ പ്രാവീണ്യം നേടിയവരാണ്. ഈ വൈദഗ്ധ്യം നാട്ടിലുപയോഗിക്കാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കേണ്ടത്. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത് വിനോദസഞ്ചാര മേഖലയാണ്. പക്ഷേ, ഈ പ്രതിസന്ധിയും കഴിഞ്ഞുപോകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും സൗന്ദര്യവും സുരക്ഷിതത്വവും ഉള്ള ഭൂപ്രദേശങ്ങൾ കേരളത്തിലുണ്ട്. പല രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഈ ലേഖകനുണ്ടായിട്ടുണ്ട്. സന്ദർശിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആകർഷണമായിത്തോന്നിയത് സ്വിറ്റ്‌സർലൻഡാണ്. സൗന്ദര്യബോധവും ആതിഥ്യമര്യാദയുമുള്ള സ്വിസ് ജനത കേരളത്തിന് അനുകരണീയമായ മാതൃകയാണ്. എന്നാൽ അവിടത്തേക്കാൾ മനോഹരമായ ഭൂപ്രദേശങ്ങളും കടലോരങ്ങളും സംസ്കാരങ്ങളും ഉത്സവങ്ങളും ഗ്രാമക്കാഴ്ചകളും കാട്ടിലെ കാഴ്ചകളും മഴക്കാഴ്ചകളും കേരളത്തിലുണ്ട്. നമ്മുടെ വൈവിധ്യം നിറഞ്ഞ ഉത്സവങ്ങളും തെയ്യക്കാഴ്ചകളും പൂരപ്പൊലിമയും വാദ്യഘോഷങ്ങളും ലോകത്ത് ഒരു നാട്ടിലുമില്ല. ഇത് മാർക്കറ്റ് ചെയ്യുകയാണ് കോവിഡ് കാലത്തിനുശേഷം വിനോദസഞ്ചാര വകുപ്പ് ചെയ്യേണ്ടത്. ഗ്രാമപ്പഞ്ചായത്തുകളുമായി ചേർന്ന് കൃത്യമായി പദ്ധതികൾ ആവിഷ്കരിക്കണം. ഓരോ പഞ്ചായത്തിലെയും ടൂറിസം കേന്ദ്രങ്ങൾ വിനോദസഞ്ചാര വകുപ്പ് പ്രസിദ്ധീകരിക്കണം. ഗൾഫ് മലയാളികൾ നിർമിച്ച രമ്യഹർമ്യങ്ങൾ നമ്മുടെ ഗ്രാമങ്ങൾ നിറയെയുണ്ട്. ജോലിയും വരുമാനവും നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം കൂറ്റൻ ബംഗ്ലാവുകൾ ഭാവിയിൽ വലിയ ബാധ്യതകളാണ്. വീടിന് പെയിന്റടിക്കാൻ പോലും ഗതിയില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാവും പലരും. ഇങ്ങനെയുള്ള വീടുകളുടെ മട്ടുപ്പാവുകളോ അല്ലെങ്കിൽ അതിഥി മുറികളോ ഹോം സ്റ്റേകളായി സഞ്ചാരികൾക്ക് വാടകയ്ക്ക് കൊടുക്കാൻ പലരും നിർബന്ധിതരാവും. സഞ്ചാരികളെ ആകർഷിക്കാൻ ആഡംബര വാഹനങ്ങളുമുണ്ട് മിക്ക വീടുകളിലും.
കേരളീയജീവിതം വലിയ പരിവർത്തനത്തിന് വിധേയമാവുന്ന കാലമാണ് വരാൻ പോകുന്നത്. പരുഷമായ മുദ്രാവാക്യങ്ങളും കൊടിതോരണങ്ങളും മലീമസമായ നഗരക്കാഴ്ചകളും ഇടയ്ക്കിടെയുള്ള ഹർത്താലുകളും അവസാനിക്കണം. പ്രകൃതിയെ വൃത്തിയായും വെടിപ്പായും സൂക്ഷിക്കാൻ കഴിഞ്ഞാൽ കേരളവും സഞ്ചാരികളുടെ പറുദീസയാവും. ഗൾഫിൽ നിന്ന് തിരിച്ചുവരുന്ന മലയാളികൾ പല നാട്ടുകാരുമായും ജോലി ചെയ്ത് പരിചയമുള്ളവരും വിദഗ്ധരുമാണ്. ഭാഷാ ജ്ഞാനവും ആതിഥ്യ മര്യാദയും ലോക പരിചയവും അവർക്കുണ്ട്. ആ കഴിവുകൾ ഉപയോഗപ്പെടുത്തി പഞ്ചായത്തുകൾ തോറും ചെറുകിട പദ്ധതികൾ ആസൂത്രണം ചെയ്യണം. ഗൾഫിൽ നിന്ന് തിരിച്ചുവരുന്ന മലയാളികളെല്ലാം നജീബിനെപ്പോലെ ആടുജീവിതം നയിച്ചവരല്ല. ഗൾഫുനാടുകളെ പുരോഗതിയിലേക്ക് നയിക്കാൻ കഠിനാധ്വാനം ചെയ്തവരാണ്. തിരിച്ചുവരുന്ന അവർ അന്തസ്സായ ഒരു ജീവിതം കേരളത്തിൽ സ്വപ്നം കാണുന്നുണ്ട്. ആ സ്വപ്നം യാഥാർഥ്യമാക്കുകയാണ് ഗവൺമെന്റ് ചെയ്യേണ്ടത്. അതിനുള്ള സാഹചര്യങ്ങളാണ് ഒരുക്കിക്കൊടുക്കേണ്ടത്.