:  പ്രിയ പ്രവാസി സുഹൃത്തുക്കൾക്കൊപ്പമുള്ള പുലർകാലയാത്ര അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ലോകത്ത് എവിടെയാണെങ്കിലും രാവിലെ പത്രം വായിക്കുകയെന്നത് മലയാളികളുടെ ശീലമാണ്. രാവിലെ എഴുന്നേറ്റ് ഓഫീസിലേക്കുള്ള യാത്രയ്ക്കിടയിൽ പലപ്പോഴും പലർക്കും സാധിക്കാത്ത ഒന്നാണ് പത്രവായന. റേഡിയോയിലൂടെ പത്രം വായിച്ചുകേൾപ്പിക്കുന്ന സുഹൃത്ത് എന്ന് ഒരുപാട് സുഹൃത്തുക്കൾ സന്ദേശമയച്ചും വിളിച്ചും പറയുന്നത് കേൾക്കുന്നതാണ് ഏറ്റവുംവലിയ സന്തോഷം. എഡിറ്റേഴ്‌സ് ചോയ്‌സിലേക്ക് തിരഞ്ഞെടുക്കുന്ന വാർത്തയ്ക്കപ്പുറത്തെ വാർത്തകൾ, സ്പെഷ്യൽ എഡിഷന്  കിട്ടുന്ന അഭിനന്ദനങ്ങൾ, വിമർശനങ്ങൾ എല്ലാം സ്നേഹത്തോടെ സ്വീകരിക്കുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് വള്ളംകളിയുടെ ആവേശത്തിൽ സ്കോർ പറയുന്ന വാർത്താ അവതാരക, രണ്ട് പ്രളയകാലത്തും ഇപ്പോഴത്തെ കൊറോണ കാലത്തും രാവും പകലും സോഷ്യൽമീഡിയയിൽ വിവരങ്ങൾ പങ്കുവെക്കുന്ന ഹെൽപ്പ്‌ ഡെസ്ക് എന്നിങ്ങനെയുള്ള അനേകം സന്ദേശങ്ങൾക്ക്  ഹൃദയത്തിൽനിന്നും നന്ദി പറയുന്നു. സഹപ്രവർത്തകരുടെ അകമഴിഞ്ഞ  പിന്തുണയിൽ,  മാതൃഭൂമി എന്ന വലിയ പ്രസ്ഥാനത്തിന്റെ തണലിൽ ജോലിചെയ്യുന്നുവെന്നത് തന്നെ ഏറ്റവുംവലിയ അഭിമാനമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഞങ്ങളെ കേൾക്കുന്ന എല്ലാ ശ്രോതാക്കളെയും ഞങ്ങൾ ഹൃദയത്തോട് ചേർത്തു നിർത്തുന്നു. വരും വർഷങ്ങളിൽ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ ഞങ്ങൾക്ക് വേണ്ടത് നിങ്ങളുടെ പിന്തുണയാണ്  ,,സ്നേഹമാണ്.. കരുതലാണ്...വരൂ...കേട്ട് കേട്ട് ഒപ്പം നടക്കാം നമുക്ക്.
- മിനി പദ്മ
വാർത്ത അവതാരക
 
 
:  ദൃശ്യമാധ്യമ പ്രവർത്തനത്തിന് താത്കാലിക അവധിനല്കി റേഡിയോരംഗത്ത് എത്തിയിട്ട് നാലുവർഷം കഴിഞ്ഞിരിക്കുന്നു. ക്ലബ്ബ് എഫ് എമ്മിൽ എത്തിയിട്ടാകട്ടെ  ഏതാനും മാസങ്ങളേ ആകുന്നുള്ളൂ. സാധാരണ ഗൾഫിലെ റേഡിയോ പ്രവർത്തകർക്ക് കേൾവിക്കാരുടെ നിറഞ്ഞ സ്നേഹമാണ് ലഭിക്കുക. സന്തോഷത്തിലും സങ്കടത്തിലും കൂടെയുള്ള വരോട് തോന്നുന്ന അടുപ്പം.  എന്നാൽ  വാർത്താ വിഭാഗത്തിൽ  പ്രവർത്തിക്കുമ്പോൾ അങ്ങനെയാകണമെന്നില്ല. പ്രത്യേകിച്ചും രാഷ്ട്രീയ ചർച്ചാ പരിപാടികൾ അവതരിപ്പിക്കുമ്പോൾ. കയ്യടികൾക്കൊപ്പം ശക്തമായ വിമർശനങ്ങളും കൈനിറയെ ലഭിക്കും. മലയാളികളേക്കാൾ  കൂടുതൽ മലയാളികളാണ് പ്രവാസികളെന്ന് മുഖ്യമന്ത്രി പറഞ്ഞത് പോലെ  പ്രവാസികളുടെ രാഷ്ട്രീയ ബോധവും ഒരുപടി മുകളിലാണ്. എന്നാലും എല്ലാത്തിനും മുകളിൽ നമ്മൾ പ്രവാസികളെന്ന വിശാല സാഹോദര്യം എപ്പോഴും നിലനിൽക്കുന്നു. ഇതുവരെ ലഭിച്ച പ്രോത്സാഹനം വിലമതിക്കാനാകാത്തതാണ്. തുടരുമെന്ന് പ്രതീക്ഷിക്കുന്നു-  അതാണ് ഏക ഇന്ധനം.
-വിപിൻദാസ്
വാർത്ത അവതാരകൻ