എത്ര ഒഴിച്ചുകളഞ്ഞാലും വറ്റിപ്പോകാത്ത ചില ജീവിതനിമിഷങ്ങളുണ്ട്. എത്ര അകലത്തേക്ക് കുടഞ്ഞുകളഞ്ഞാലും തിരികെവന്നു കാലിൽച്ചുറ്റി സ്നേഹം പൊതിയുന്ന പൂച്ചക്കുഞ്ഞുങ്ങളുണ്ട്. അങ്ങനെ ഓർമകളുടെ നേർത്ത വിരലുകൾകൊണ്ട് എഴുതിയ കഥകളാണ് പ്രീതി രഞ്ജിത്തിന്റെ ‘ദൈവത്തിന്റെ നൂറാമത്തെ പേര്’ എന്ന സമാഹാരത്തിലുള്ളത്. കഥാകാരിയുടെ പ്രഥമപുസ്തകത്തിലെ ഇരുപതു കഥകളിൽ പാതി കഥകളേ കഥയുടെ രചനാവൈഭവത്തെ അടയാളപ്പെടുത്തുന്നുള്ളൂ എന്നും പറയാതെവയ്യ. എന്നാൽ, ജീവിതത്തിന്റെ കയറ്റിറക്കങ്ങൾ, വളവുതിരിവുകൾ, തോറ്റിയുണർത്തിയ ഭാവനയുടെ ഞാറ്റടികൾ, ഏകാന്തതകളെ തള്ളിത്തുറക്കുന്ന കാറ്റ്, അകത്തേക്കും പുറത്തേക്കും തുറന്നടയുന്ന കഥാമനസ്സ് ഈ കഥാസമാഹാരത്തിന്റെ മേൽവിലാസമാണ്.അടിസ്ഥാനവർഗത്തിന്റെ ആന്തരികമായ ഉല്ലാസങ്ങൾക്ക് ഇടംകൊടുക്കുന്ന കഥയാണ് കുഞ്ഞാപ്പുവിന്റെ സ്വർഗം. ഒറ്റവായനയിൽ ലളിതമെങ്കിലും ഏറെ പഴക്കമുള്ള ഒരു ജനതയുടെ ആത്മനൊമ്പരങ്ങളുടെ തേങ്ങലും, അതിനപ്പുറം ഒരു തലമുറ നെഞ്ചിലേറ്റിയ സ്വപ്നങ്ങളുടെ സ്വർഗകവാടവും കഥയുടെ ബീജമാണ്. ഗർഭിണികളുടെ ഗ്രാമം എന്ന കഥ മറ്റൊരു പരിസരത്തിലാണ്. ചുറ്റും ഇരുട്ട് വ്യാപിച്ചുനിൽക്കുന്ന ഒറ്റമരം ആർക്കാണ് സുപരിചിതമല്ലാത്തത്? ഗർഭം-പ്രസവം-മാതൃത്വം എന്ന പതിവ് പറച്ചിൽശീലങ്ങളിൽനിന്നു കുതറിമാറുന്ന ഗ്രാമമാണ് കഥാകാരി അവതരിപ്പിക്കുന്നത്. നെയ്തുകാരുടെ ഗ്രാമം ജീവിതം നെയ്തുപിടിപ്പിക്കുമ്പോൾ ബഹുവർണങ്ങൾ ഇല്ലാതെ പോവുകയും തങ്ങൾ നൂറ്റ നൂലുകൊണ്ട് ലോകം കസവണിയുകയും ചെയ്യുന്ന കാഴ്ചയിൽനിന്ന് അതിജീവനത്തിനായി സ്വന്തം ഗർഭപാത്രത്തിന്റെ വാടകക്കാലം ഉപയോഗിക്കേണ്ടിവരുന്ന നായിക ശക്തമായ ആവിഷ്‌കരണമാണ്. എന്നാൽ, കഥയുടെ അവസാനം ഒരു സന്ദേശപ്രസ്താവനയിലേക്ക് പോകുന്നുണ്ടെങ്കിലും പുതുകാലത്തിന്റെ ജീവിതശീലങ്ങളിൽ ഉടൽ വാടകശാലയാക്കി മാറ്റേണ്ടിവരുന്നവളുടെ അകമേയുള്ള കരച്ചിൽ ഉള്ളുരുക്കുന്നുവെന്നത് ശ്രദ്ധേയമാണ്. കുട്ടിത്തത്തിന്റെ സന്തോഷത്തിൽനിന്ന് വിഷാദത്തിലേക്കും ഭീതിയിലേക്കും അടർന്നുവീഴുന്ന ആമിനയാണ് ‘ദൈവത്തിന്റെ നൂറാമത്തെ പേര്’ എന്ന കഥയിലെ നായിക. രാത്രിയും സങ്കടങ്ങളും ഇഷ്ടമല്ലാത്ത ആമിന വളരെ വേഗം ജീവിതനിരാസങ്ങളുടെ വസ്ത്രം എടുത്തണിയേണ്ടിവരുന്നു.
സ്വയം ആവർത്തിക്കപ്പെടാതിരിക്കാൻ കഥാകാരിയുടെ കുതറിത്തെറിക്കലാണ് വാട്ട്‌സാപ്പ് കല്യാണക്കുറി, നാരായണി പി.കെ. തുടങ്ങിയ കഥാശ്രമങ്ങൾ. അതിൽതന്നെ ഒട്ടും വായനാനുഭവം തരാത്ത കഥയായി സുഭദ്രായനം നിൽക്കുന്നു. ചോദ്യ-ഉത്തര ഘട്ടങ്ങളിലൂടെ ദുരൂഹത നിലനിർത്തി ജീവിതം-വാടക വീട് ദ്വന്ദത്തിലേക്കു ചാഞ്ഞുവീഴുന്ന കഥയാണ് ജുവാൻ മരിയ. ബഷീർ കഥാനാമങ്ങളെ ഓർമിപ്പിക്കുന്ന ഒരനുഭവം തുടക്കത്തിൽ സമ്മാനിക്കുന്ന കഥയാണ് വർഗീസച്ചായന്റെ ചൊറി. ക്രൈസ്തവ കുടുംബപശ്ചാത്തലത്തിൽ കഥപറയുമ്പോൾ സ്വാഭാവികമായി ലഭിക്കുന്ന ഒരൊഴുക്കുണ്ട്. ആരെഴുതിയാലും പരിചിതമായ ഒരിടം നൽകുന്ന സൗകര്യമാണത്. എന്നാൽ, പൊള്ളയായ ജീവിതങ്ങളുടെ കപടത തുറന്നുകാട്ടാനുള്ള കഥാകാരിയുടെ ധൃതി കഥയുടെ കെട്ടുറപ്പിനെ അയച്ചുകളഞ്ഞതായി അനുഭവപ്പെടുന്നുണ്ട്.അവനവനിലേക്ക് തിരിച്ചുവെക്കപ്പെടുന്ന പെൺമുഖമായി മീര എന്ന കഥാപാത്രം/സങ്കൽപ്പം കുറച്ചൊന്നുമല്ല നമ്മുടെ കഥകളിലും കവിതകളിലും പ്രത്യക്ഷ്യപ്പെട്ടിട്ടുള്ളത്. സാധുവാണ് മീര എന്ന കരുതൽ നമ്മുടെ ചിന്താപരിസരത്തിൽ ഇഴചേർന്നിട്ടുമുണ്ട്. ഗർഭിണികളുടെ ഗ്രാമം എന്ന കഥയിൽനിന്ന് ഒരെളുപ്പവഴിയുണ്ട് സാധുമീര എന്ന കഥയിലേക്ക്... ഒരവകാശവുമില്ലാത്ത ആഘോഷങ്ങൾക്ക് അവകാശിയായിപ്പോകുന്ന ഒരു വർഗമുണ്ട് നമുക്കിടയിൽ... ഞാൻ ഒരു വെർജിൻ ആണോ എന്നു സ്വയം കഥയിലെ മീര ചോദിക്കുമ്പോൾ കഥയിൽ മുൻപ് പറഞ്ഞുപോയ കർണൻ/സൂര്യൻ/ജന്മരഹസ്യം ഇത്യാദിയെല്ലാം വായനക്കാരന് പാവക്കൂത്തായി അനുഭവപ്പെട്ടേക്കാം. ജീരകമിട്ടായിയുടെ ലാളിത്യം-രുചിയുടെ-കൊതിയുടെ-ഇഷ്ടത്തിന്റെ ലാവണ്യം വർധിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ ദിനചര്യകളിൽ ഒഴുകിനടക്കുന്ന മനസ്സുകൂടിയാണ് ചലിക്കുന്ന ജീരകമിട്ടായികൾ എന്ന കഥ. കഥാകാരി അറിയാതെ ജീരകമിട്ടായി ഈ കഥയിൽ ഒരു ജീവിതധ്യാനമായി മാറുന്നുണ്ട്.
വിവിധ സ്ത്രീകഥാപാത്രങ്ങൾ കടന്നുപോകുന്ന പൊറോട്ട കഥയിൽ നൊസ്റ്റാൾജിയ തോരനായി കഴിക്കുന്നവർക്ക് ദോശമാവായും, പഴങ്കഞ്ഞി കുടിക്കുന്നവർക്ക് സാമ്പാർരസവും പകർന്നുതന്നേക്കാം. അശ്രുചുംബനം, ഉത്തരമില്ലാത്ത ചോദ്യങ്ങൾ, പച്ചപ്പായൽ, നന്തിയാർവട്ടം, ആമ്പൽവള്ളികൾ എന്നിവയെല്ലാം കഥകളായി പരിഗണിക്കണോ വേണ്ടയോ എന്നതിന് വായനക്കാരന് അവസരം നൽകുന്നുണ്ട്. സമാഹാരത്തിലെ അവസാന നാലു കഥകളിൽ ഒറ്റ കഥയേയുള്ളൂ... അവസ്ഥാന്തരങ്ങൾ. നാടകമേ ഉലകം എന്നു വായനക്കാരനും ചോദിച്ചുപോകുന്ന കഥകൾ എന്തിനായി ചേർത്തു എന്ന ചോദ്യം ഇഴ പൊട്ടിയ പട്ടുനൂൽപോലെ നിൽക്കുമ്പോൾ അലിഖിതങ്ങളായ ലിഖിതങ്ങൾക്ക് കാവലാവുന്നു.വാക്കുകൾ കിട്ടാതെ വിക്കിവിക്കി കിതയ്ക്കുന്ന കഥാകാരിയെ കണ്ടത് ഞാൻ മാത്രമാണോ? ആവാൻ വഴിയില്ല... അന്യരെ അറിയുന്നത് വൈഭവം, അവനവനെ അറിയുന്നത് അറിവ്. ഇതു രണ്ടും ചേർന്ന സർഗാത്മക ഘട്ടത്തിലേക്ക് പ്രവേശിച്ച എഴുത്തുകാരിയാണ് പ്രീതി രഞ്ജിത്ത്. വ്രണിതമായ ലോകത്തെ ശുശ്രൂഷിക്കുന്നതിലൂടെ പരോപകാരത്തിന്റെ പൊരുൾ എന്തെന്നു തിരിച്ചറിയുന്ന കഥാകാരിയെ പ്രീതിയിൽ കാണാം.