തിരുവന്തോരം മുതൽ കാസർകോട് വരെ ഒരു ചെറിയ ദേശം, അവിടെ അദ്ഭുതങ്ങൾ കോരിയിട്ട് ഒരു ശ്രേഷ്ഠ ഭാഷ. മലയാളം. ലിപി ഒന്ന്, സംസാരം പലതരം. നമ്മുടെ രാജ്യത്തെ ദേശീയ ഭാഷയായ ഹിന്ദി വിവിധ സംസ്ഥാനങ്ങളിൽ പല തരത്തിൽ സംസാരിക്കുന്നതു കേൾക്കാം. പക്ഷേ,? കേരളത്തിൽ പതിന്നാലു ജില്ലകളിലും വേവ്വേറെ സംസാരരീതി. അതിൽത്തന്നെ ഭാഷാഭേദം വേറെയും. ഇവിടെ സ്ഥലവും സംസ്കാരങ്ങളും അതിർത്തികളും ഭാഷയെ സ്വാധീനിക്കുന്നു. നമ്മുടെ ഈ കൊച്ചു മലയാളം നമ്മൾ ഓരോരുത്തരും അറിഞ്ഞോ അറിയാതെയോ സംസാരിക്കുന്നത് വിവിധ തരത്തിലാണെന്നത് യാഥാർഥ്യം. ആറു മലയാളിക്ക് നൂറു മലയാളം എന്നത്രെ കവി വാക്യം.
മറ്റൊരു പ്രത്യേകത ഓരോ ആളും അവർ സംസാരിക്കുന്നത് ശരിയായ ഭാഷയാണെന്ന് ധരിക്കുന്നതാണ്. ഒരർഥത്തിൽ പറഞ്ഞാൽ അറിഞ്ഞോ അറിയാതെയോ അച്ചടി ഭാഷയെ നാം അല്പം മാറ്റിനിർത്തിയാണ് സംസാരം. തെക്കുനിന്ന് വടക്കോട്ടു യാത്ര ചെയ്താൽ നാം അതിശയിക്കുന്ന രീതിയിൽ ഇത് പ്രകടമാകും. തിരുവനന്തപുരം ഭാഷയിലും ഉണ്ട് ചെറിയ വ്യത്യാസങ്ങൾ. പാറശ്ശാല ഭാഷ അതിലേറെ വ്യത്യാസം. സിറ്റിയിൽ ഉള്ളവർ ‘ആറ്റിത്തോന വെള്ളം ഉണ്ടോ’ എന്ന് ചോദിക്കുന്നു. (പുഴയിൽ വെള്ളമുണ്ടോ എന്ന് സാരം) പാറശ്ശാലക്കാരുടെ രീതി സംസാരരീതി മറ്റൊന്നാണ്. ‘‘അവ (അവൻ ) അലമാരകളിൽനിന്ന് കായ്‌കളും  മറ്റു എടുത്തോണ്ട് പോയി ഷാപ്പുകളി പോയി വള്ളങ്ങളും മാറ്റിയും കുടിച്ചിട്ട് റോഡുകളിക്കിടന്നു കളിക്കുന്ന്, എന്തെരിനു തന്തകളെക്കൊണ്ട് പറയിപ്പിക്കാൻ.’’
‘‘അണ്ണാ എന്തവ നല്ല നെരിപ്പായിട്ടു മലയാളം കൈകാര്യം ചെയ്യുന്നത് കൊല്ലംകാരാ കേട്ടോ’’ എന്ന് പറയുന്നത് കേട്ടാൽ സംശയിക്കേണ്ട. അത് കൊല്ലം ജില്ലക്കാരൻ തന്നെ. ചിലർ പറയാറുണ്ട് കൊല്ലംകാരുടെ മലയാളം ശരിയല്ലെന്ന്. അപ്പൊ നമ്മ പറയും പോയി പത്രം വായിച്ചിട്ടു വാ എന്ന്. അപ്പൊ മനസ്സിലാവും ഇതാണ് യഥാർഥ ഭാഷയെന്ന്. അതല്ലേ  കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന് പറയുന്നത്. ഇപ്പോൾ മനസ്സിലായോ?
അപ്പോൾ പത്തനംതിട്ടക്കാരൻ പറയും. ‘‘എന്നതാടാ കൂവേ നീ ഈ പറയുന്നത്. ഇവനെയൊക്കെ വിറ്റ കാശു നമ്മുടേലുണ്ട്.’’ ഇവിടുത്തുകാരോട് നമ്മൾ എന്നതാണ് വിശേഷം എന്ന് ചോദിച്ചാൽ അവർ പറയും ‘‘ഓ എന്നാ പറയാനാ, ഇങ്ങനൊക്കെയങ്ങ് പോകുന്നുവെന്ന്.’’
ആലപ്പുഴക്കാർ പറയുന്നത് ‘‘നിന്നെ പേടിച്ചിട്ടു ഞാൻ എങ്ങോട്ടു വരത്തില്ല, നിനക്കിട്ട് ഒരെണ്ണം താരത്തില്ല, മാന്യമായിട്ടാണ് പെരുമാറുന്നതെങ്കിൽ ഭക്ഷണം തന്നെ വിടത്തോള്ളാരുന്നു.’’ അങ്ങനെ പോകുന്നു ഒരു കുട്ടനാടൻ ഭാഷ. ആലപ്പുഴക്കാരുടെ ഭാഷക്കാർക്ക് ചില വ്യത്യാസങ്ങൾ കാണാം. അരിവാളിനു ‘അരിവാ’ എന്നും മണ്ണൊരുക്കുന്ന മമ്മട്ടിക്കു ‘കുളം തോണ്ടി’ എന്നും പറയുന്നു.
അപ്പോൾ കോട്ടയം അച്ചായൻമാർ പറയും ‘‘നിങ്ങടെ നാട്ടിലെ കപ്പയൊക്കെ കപ്പയാണോ?  ഞങ്ങടെ മരുമോന്റെ പാലായിലെ പറമ്പിലെ കപ്പ ഒന്ന് കാണണം. എന്നാ കപ്പയാന്നെ?’’ സംശയിക്കേണ്ട ഇത് അച്ചായൻ തന്നെ. ഇടുക്കി എന്ന മിടുക്കി ജില്ലയിലെ ആളുകൾ ഏറെയും വ്യത്യസ്തരാണ്. ഒരു തൊടുപുഴക്കാരൻ പറയും ‘‘എടാ ഏതവനാടാ ഈ പണി കാണിച്ചേ. നല്ലൊരു കയ്്വുള്ള മരം ആയിരുന്നു. അതിന്റെ മൂട്ടിൽ കൊണ്ട് തീയിട്ടതാരാടാ.’’ സഹ്യന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇവിടത്തെ ഭാഷയ്ക്കും ആ സൗന്ദര്യം കാണാം.
‘‘സാറേ ഞങ്ങ എറണാകുളംകാരാ, നിങ്ങ എവിടെ പോണേലും ഇങ്ങ വരണം. കല്ലൂര് ബ്ലോക്കും കച്ചേരി പടിയും കടന്നുവേണം ഡെയിലി പോവാൻ. ഈ രാഷ്ട്രീയക്കാർ ഏതൊക്കെ നേരെയാക്കാതെ ന്യായം പറഞ്ഞു നടക്കുവാ.’’
‘‘സഹിക്കാൻ പറ്റാനല്ല എനിക്കരാൻ പാലില്ല. സാറെ, സാർ ഇങ്ങോട് പറയല്ലേ ഞങ്ങ അങ്ങോടു പറയാം.’’ ഇതൊക്കെയാണ് എറണാകുളം  നഗര ഭാഷ്യം.
ഫോർട്ടു കൊച്ചിക്കാരുടേതു കുറച്ചു വ്യത്യാസം ഉണ്ട്. അതിൽ ഇപ്പോഴും ഒരു കടപ്പുറം ശൈലി കേൾക്കാം. ‘‘അയ്യോ ഒരു കിലോ മരച്ചീനി വാങ്ങാൻ പെട്ട പാട് എനിക്കറിയാം, തീറ്റിക്കത്തില്ല ശവമേ, അങ്ങേർക്കു അവതില്ല, വയസ്സും പ്രായമൊക്കെയായില്ലേ... കുറച്ചു വെള്ളം കൊടുക്കെടാ കണ്ണിൽ ചോരയില്ലാത്തോനെ.’’
അവിടുന്ന് ഇത്തിരി തിരിഞ്ഞാൽ തൃശ്ശൂർ എത്തി. യഥാർഥ ശൈലിക്ക് ശക്തൻ സ്റ്റാൻഡിൽ എത്തി വഴി ചോദിച്ചാൽ മതി.  ഉത്തരം അങ്ങനെ വരും. ‘‘റൗണ്ട് തിരിഞ്ഞു ലെഫ്റ്റ് എടുത്തു ഇത്തിരി തിരിഞ്ഞു സ്‌ട്രൈറ്റ് പോയാൽ മതി. റോഡിൽ നല്ല തിരക്കുണ്ട് വേഗം സ്‌ക്കൂട്ടായ്‌ക്കോ അല്ലെങ്കിൽ പണി കിട്ടും എന്റെ ഗഡിയെ. എന്റെ ഇഷ്ടാ നടന്നു പോയാൽ റോട്ടിൽ നായ്ക്കൾ കാണും സൂക്ഷിക്കണം. ആ ഡാവ് ഇ ഡാവ്മായിട്ടു ജാതി മെത യിസ്റ്റോ.’’ ഇതിന്റെ അർഥം അയാളും ഇയാളും കൂടി  കത്തിവെയ്പ് (വാചകമടി )എന്നാണ്.
അവിടെനിന്ന് പാലക്കാട്ടു എത്തുമ്പോഴാ രസം. ഒരു കസ്റ്റമർ കെയർ ടെലികോൾ ഓർമ വരുന്നു ‘‘ഹലോ, ഞങ്ങ പത്തുരൂപ ഇട്ടതു നിങ്ങ  പിടിച്ചെടുത്തില്ലേ. അല്ല പിടിച്ചെടുത്തൂന്നെ. എനിക്കിപ്പം തന്നെ ബേണം ഈ പൈസ നിങ്ങ. എന്താ ഈ പറയണേ കേക്കുണ്ടോ? ഞങ്ങ മൊത്തം വിളിച്ചുപറഞ്ഞു എല്ലാരേം കണക്‌ഷൻ കടക്കും. കേട്ടോളീ. ഇടുക,  പിടിച്ചെടുക്കുക ഇതന്നെ പണി.’’  വിവിധ തരം ആളുകൾ താമസിക്കുന്നത് കൊണ്ടാകാം. ഇവിടെ ഭാഷയും വ്യത്യസ്തമാവാം.
മലപ്പുറം ഏറെ വ്യത്യാസമുള്ളതാണ്‌. ഒരു കഥ എഴുതിരിക്കണ്, എനിക്ക് നല്ല പയച്ചിൽ (വിശപ്പ്) നിക്കാൻ വജ്ജ (നിൽക്കാൻ വയ്യ) നെലോളിച്ചു (നിലവിളിച്ചു) തിന്നാന് (കഴിക്കാൻ)
ജ്ജ് എങ്ങോട്ടു ബരുമോ? പ്രചനം (പ്രശ്‌നം) കേട്ടാൽ ചിരി വരുന്ന ഇത്തരം പ്രയോഗങ്ങൾ അവർക്കു സ്വന്തം. ഒരിക്കൽ മലപ്പുറത്ത് പോയ പത്തനംതിട്ടക്കാരനായ എനിക്ക് ഈ മലയാളം മനസ്സിലാകാതെ സ്വല്പം ബുദ്ധിമുട്ടി. എന്നാൽ, അവിടെ ചില സ്ഥലങ്ങളിൽ ചില നാടൻ പ്രയോഗങ്ങൾ കാണാം. ജോലി ലേശം കടുപ്പമാണ് തുടങ്ങിയ പ്രയോഗങ്ങൾ ഇവിടെ കേൾക്കാം. കോഴിക്കോട്ട് എത്തണം. വടര (വടകര) ‘‘ഈ കാട്ടിലെ മൃഗങ്ങൾ ഒച്ചപ്പാടുണ്ടാക്കുന്നെ, ഈ ആടിന്റെ കയർ കൊള്ളുമ്പോൾ നിവർന്നു പോയി’’ (ആടിന്റെ കഴുത്തു കുരുക്കു വീണു മുറുകിപ്പോയി) എന്ന് വായിക്കാം.
ഇനി വയനാട്ടിലെത്തുമ്പോൾ കാടിന്റെ രൂപഭംഗിയും ഭാഷാഭംഗിയും തികഞ്ഞ നാട്. ഞാൻ ഊടുത്തെ  ആളല്ല (ഞാൻ ഇവിടുത്തെ ആളല്ല) തടിയമ്മ (അമ്മുമ്മ ) കേൾക്കണം (ചോദിക്കണം ) മുക്കം (മുകളിൽ ) കുറിച്യർ, പണിയർ എന്നീ വിഭാഗങ്ങൾ അവിടെ കാണാം. അവരുടെ ഭാഷാവ്യത്യാസങ്ങളും. വറുത്ത കായയ്ക്ക് കേൽപരിപ്പ് എന്ന് കേൾക്കാം. നമ്മുടെ നാടൻ ഉപ്പേരി തന്നെ.  അങ്ങനെ എന്തെല്ലാം. ഒരു പക്ഷേ, കാർഷികവൃത്തിക്ക് കുടിയേറിയ അനേകം തിരുവിതാംകൂരുകാരുള്ളത് കൊണ്ടാവാം ചിലയിടത്തു പച്ച മലയാളവും കലർന്ന് കേൾക്കാം.
കണ്ണൂർ ഭാഷ പറഞ്ഞാൽ തീരില്ല. ഓരോ പൊളിപ്പൻ ശരിയുണ്ടന് കുഴയ്ക്കല്ലേ ഈടുന്നു പോക്കോലിൻ. പൊയിനാ, വന്നിനാ.. ഈടെ ബാ ആടെ പോ, ഒന്ന് പോടെടാ. അഡ എടാ ഓടിക്കോ. ഒഴിവാക്കുക (ചാടിക്കുക). മുറ്റത്തെക്ക് ഇറങ്ങുമ്പം നോക്കണേ ബഴുതും. കുളത്തുടിച്ചിനാ (പഴങ്കഞ്ഞി കുടിച്ചോ), നിന്റെ വണ്ടി ഏടുത്തൂ  (നിന്റെ വണ്ടി എവിടെ) ഓന്റെ തലമേൽ വെളിച്ചിങ്ങാ (കൊച്ചിങ്ങാ) വീണു, ഏട്ടിക്കു ബെരിതം  പാങ്ങണ്ട (ചേച്ചിക്ക് അസുഖം ഭേദമുണ്ടോ ) മീട് അത്ര പാങ്ങില്ല (അവളുടെ മുഖം കാണാൻ അത്ര ഭംഗിയില്ല ).
ഇനി അങ്ങേയറ്റത്തു കാസർകോടിന്റെ രൂപഭംഗി. ആ ഭാഷയിലും കാണാം കൊങ്ങിണി ഹിന്ദി, ഉറുദു, ബ്യാരി ഇതെല്ലാം ഒക്കെ കൂടിട്ടു ‘‘എല്ലാരു ഒക്കെ ഒക്കെ മിണ്ടുമ്പോൾ രാസമാവേലെ. നിങ്ങ ചെല്ല്. ങ്ങമ്മക്കു ഞങ്ങടെ നാട്ടിലെ മെനസമാധാനത്തോട് ഖുശിയായിട്ടു നിക്കാൻ ഞമ്മക്ക് കൈയും. കാസർകോട്ട് രണ്ടുതരം ശൈലിയുണ്ട്. അങ്ങ് കന്നഡ നാടിനോട് അടുത്ത് കിടക്കുന്ന സ്ഥലത്താണ് മുകളിൽ പറഞ്ഞ ശൈലി.
ഭ എന്ന് ഉച്ചരിക്കേണ്ടിടത്ത് ഫ എന്ന് ഉച്ചരിച്ച് ഫർത്താവ് എന്ന് മധ്യതിരുവിതാംകൂർകാരൻ പറയുമ്പോൾ അതിനെ ബ എന്ന് ഉച്ചരിച്ച് തൃശ്ശൂരാരൻ ബാര്യ എന്ന് പറയും. ഭരണം എന്ന് പറയേണ്ടിടത്ത് ‘ഫരണം’ എന്ന് പറഞ്ഞുകളയും. അങ്ങനെ നോക്കുമ്പോൾ ശരിയായ ഉച്ചാരണം ഏതാണെന്നു നാം സംശയിച്ചു പോകും. ‘‘ഈടെ ബാ, ആടെ പോ’’ എന്ന് പറയുന്ന കണ്ണൂർക്കാരും, ചാടുക എന്നതിന് തുള്ളുക, ചോറിന്റെ കൂടെ തോരനു പകരം 
ഉപ്പേരി തുടങ്ങി അനേകം വാക്കുകൾ മാറ്റുന്ന  കോഴിക്കോട്ടുകാരും നീ വന്നിനി പോയിനി ഇരിക്കിനി തുടങ്ങി നിത്യജീവിതത്തിൽ അനേകം കൂട്ടലും കിഴിക്കലും നടത്തുന്ന മലപ്പുറംകാരനും  പകരുന്ന മലയാളിയുടെ ഭാഷാസംസ്കാരം ഒന്നുവേറെത്തന്നെ. ഒരു പക്ഷേ, എഴുതിയാൽ തീരാത്തത്ര വിധങ്ങളിൽ അത് കിടക്കുന്നു. ഓരോ നാടിന്റെയും പൈതൃകവും സംസ്കാരവും അവരുടെ ഭാഷ ഇടങ്ങളിൽ തെളിഞ്ഞു കാണാം. ഇങ്ങു പാറശ്ശാലയിൽ തമിഴ് കലർന്ന, അങ്ങ് കാസർകോട് കന്നഡ കലർന്ന അങ്ങനെ ഒരുപക്ഷേ, എഴുതുന്നതും പറയുന്നതും വ്യത്യസ്തമായ അനേകം മറ്റു ഭാഷകൾ ഉണ്ടാകാം. എങ്കിലും നമ്മുടെ അമ്മ മലയാളം പോലെ ഉണ്ടാവില്ല. കാലം എത്ര മാറിയാലും എന്തൊക്കെ ടെക്‌നോളജി മാറിയാലും നമ്മ മാറില്ല.
ഒരു പത്തനംതിട്ട ജില്ലക്കാരനായ എനിക്ക് ദുബായിൽ എത്തിയത് കൊണ്ടാണ് ഭാഷയുടെ ഈ മലക്കം മറിച്ചിൽ മനസ്സിലായത്. ഒരുപക്ഷേ, ഇന്നും കേരളത്തിലെ ഗ്രാമങ്ങളിൽ തങ്ങളുടെ ഭാഷയാണ് ശരിയായ ഭാഷ എന്ന് ധരിച്ചിരിക്കുന്ന ആളുകളാണ് മിക്കവാറും. ഒരു പരസ്യത്തിൽ പറയുന്നത് പോലെ ‘ചിലയിടത്തു പച്ച മലയാളം, ചിലയിടത്തു തമിഴ് കലർന്ന , ചിലയിടത്തു കന്നഡ കലർന്ന് ... എന്താ ആർക്കും ഒന്നും മനസ്സിലാകാത്തത്.’ 
ദുബായിക്കാർക്ക് മലബാറിയായും മുംബൈക്കാർക്ക് മദ്രാസിയായും മറ്റുള്ളവർക്ക് മല്ലുവായും മിന്നിത്തിളങ്ങുന്ന മലയാളി പക്ഷേ, അപ്പോഴും പറയും, ‘ഇതാണ് ഭായ് നമ്മുടെ ഭാഷ...’ ഒരുപക്ഷേ, നമ്മുടെ ഭാഷയുടെ അഴകും അതുതന്നെ. ഇതാണ്  നമ്മുടെ സ്വന്തം ഭാഷ. പ്രവാസി മലയാളികളായ നാം നമ്മുടെ തലമുറയെ ആംഗലേയ ഭാഷയ്ക്കൊപ്പം മലയാളവും പഠിപ്പിക്കണം. കാരണം ഈ ഭാഷയുടെ നിലനിൽപ്പ് മലയാളികളായ ഓരോരുത്തരുടെയും കടമയാണ്.