ജഴ്സി ഫ്രാങ്ക്‌ലിൻ പാർക്കിലുള്ള കമ്യൂണിറ്റി സ്ട്രീറ്റിൽ വില്ല നമ്പർ-57 ന്റെ  മുൻവശത്തെ പുൽത്തകിടിയോടുചേർന്നുള്ള ബാൽക്കണിയിൽ വെച്ചാണ് നടക്കാനിറങ്ങുന്നവഴി ഞാൻ കാതറിനെ എന്നുംകാണുന്നത്. കൈയിലൊരു പുസ്തകവും വിരലുകൾക്കിടയിൽ എരിയുന്ന സിഗരറ്റുമായി വരാന്തയിലിട്ട കസേരയിൽ കാലുകൾ രണ്ടും മുന്നിലെ ടീപ്പോയിൽ കയറ്റിവെച്ച് അവർ ഇരിക്കുന്നുണ്ടാവും. അവർക്കരികിൽ എത്തിയാൽ ഞാൻ നടത്തം സാവധാനമാക്കും. എത്രമാത്രം ശ്രദ്ധയോടെയാണ് അവർ വായിക്കുന്നത്. എനിക്കതിശയം തോന്നി. വായനയ്ക്കിടയിൽ  വിരലുകൾക്കിടയിലെ സിഗരറ്റ് ചുണ്ടിലെത്താൻ എടുക്കുന്ന ഇടവേള സുദീർഘമാവുന്നു. വീണ്ടും ചുണ്ടിനടുത്തെത്തുമ്പോൾ അത് പാതിയോളം എരിഞ്ഞുതീർന്നിട്ടുണ്ടാവും. പുകച്ചുരുളുകൾ വളയങ്ങൾ സൃഷ്ടിച്ചുകൊണ്ട് കറങ്ങിക്കറങ്ങി വായുവിൽ വലയംപ്രാപിക്കുന്നത് കാണാനുമുണ്ടൊരു ഭംഗി.
ആഹ്... ശബ്ദംകേട്ടാണ് ഞാനോടിച്ചെന്നത്. വായനയ്ക്കിടയിൽ സിഗരറ്റുകുറ്റി ചുണ്ടിലമർന്നതാണ്. 
What happened mam? (എന്തുപറ്റി ) ഞാൻ ആർദ്രതയോടെ ചോദിച്ചു.
'Nothing' (ഒന്നുമില്ല ) അവർ ചിരിച്ചുകാട്ടി.
എന്താണ് എപ്പോഴും വായന കാതറിൻ?
‘ഇതെനിക്ക് ഭക്ഷണമാണ്. ഞാനിത് തിന്നുതീർക്കുകയാണ്’
തീർന്നുപോയാൽ വിശക്കില്ലേ? എന്റെ തമാശച്ചോദ്യം അവരാസ്വദിച്ചു.
ഇല്ലാലോ, വരൂ കാട്ടിത്തരാം, എന്റെ ശേഖരം. അതുപറയുമ്പോൾ വയോധികയായ കാതറിന്റെ ചുറുചുറുക്കും കണ്ണുകളിലെ തിളക്കവും ഞാൻ ശ്രദ്ധിച്ചു.
അവർ എന്നെ അകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി ഉത്സാഹത്തോടെ എനിക്ക് കാണിച്ചുതന്നു. ഒരു ഷെൽഫ് നിറയെ പുസ്തകങ്ങൾ. അതിനുള്ളിൽ ഒതുങ്ങാതെ ബാക്കിവന്നവ താഴെ കാർട്ടനുകളിൽ നിറച്ചുവെച്ചിരിക്കുന്നു. ഇവരെല്ലാം എന്റെ കൂട്ടുകാർ. അവയെ തൊട്ടുതലോടിക്കൊണ്ട് അവർ പറയുമ്പോൾ ആ കണ്ണുകൾ തിളങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. പുസ്തകങ്ങളിൽ ഏറെ കമ്പമുള്ള ഞാൻ കൊതിയോടെ നോക്കിനിൽക്കുന്നത് കണ്ടാവാം അവർ ചോദിച്ചു,
വായിക്കുമോ?
ഞാൻ ഉവ്വെന്നു തലയാട്ടി.
ഇതെല്ലാം? നിറഞ്ഞുകവിഞ്ഞ കാർട്ടണുകളിലേക്ക് ഞാൻ വിരൽചൂണ്ടി.
‘കളയാനാണ്. അല്ലാതെ വാടകക്കാരായ നാം എന്തുചെയ്യും?’ സങ്കടം മുറ്റിനിന്നിരുന്നു വാക്കുകളിൽ.
പിന്നീടവർ തന്റെ കഥ പറഞ്ഞു.
ഭർത്താവിന്റെ വിയോഗം അവരെ അതിദുഃഖിതയും മാനസികരോഗിയുമാക്കി മാറ്റിയിരുന്നു. അന്നെനിക്ക് കൂട്ടായിവന്നത് പുസ്തകങ്ങളാണ്. രണ്ടുകുട്ടികളെ വളർത്തിയെടുക്കുന്ന ബദ്ധപ്പാടിനിടയിലും വായന ഉപേക്ഷിച്ചില്ല ഞാൻ. അവരെന്റെ  സന്തതസഹചാരികളായിരുന്നു.
വായന തന്ന ആശ്വാസം ചെറുതായിരുന്നില്ല. ഒരുപരിധിവരെ വൈധവ്യം എന്നെ അലട്ടിയില്ല. അതിന്‌ പുസ്തകങ്ങൾ എനിക്ക് തുണയായി.   പതിയെപ്പതിയെ മനസ്സ് പൂർവ നിലയിൽ എത്തി. പുസ്തകങ്ങൾ എന്റെ ചങ്ങാതിമാരുമായി.
‘‘അപ്പോൾ ഇവിടെ ഇടയ്ക്ക് കാണാറുള്ള ആൾ?’’ ഞാൻ ഇടയ്ക്കുകയറി.
‘അതെ, അവിടേക്കാണ് ഞാൻ വരുന്നത്'.
അത് ഫ്രെഡറിക്, എന്റെ ഫ്രെഡി. ഞാനിന്ന് ഇണയുള്ളവളും സ്നേഹമുള്ള നാലുമക്കളുടെ അമ്മയുമാണ്. രണ്ടുപെൺമക്കളുടെ വിവാഹം  കഴിഞ്ഞപ്പോൾ ഞാൻ തനിച്ചായി. അന്നെനിക്ക് കൂട്ടായിവന്നതാണ് ഫ്രെഡി. ഭാര്യ നഷ്ടപ്പെട്ട ഫ്രെഡിയും സ്വന്തം മക്കളുടെ വിവാഹം കഴിഞ്ഞതോടെ വല്ലാണ്ട് ഒറ്റപ്പെട്ടുപോയി. പരസ്പരം താങ്ങായാലെന്തെന്ന് ഞങ്ങൾ ആലോചിച്ചു, തീരുമാനിച്ചു. മക്കളാരും തടസ്സമുന്നയിച്ചില്ല. അവരെല്ലാം ഇന്ന് നല്ലനിലയിൽ ജീവിക്കുന്നു. ഇടയ്ക്ക് ഞങ്ങളെ കാണാൻ വരാറുണ്ട്. ഞങ്ങൾ ഒന്നിച്ച് വാരാന്ത്യം ചെലവഴിക്കുന്നു. ഞാനിന്ന് അങ്ങേയറ്റം സന്തുഷ്ടയാണ് -അവർ പറഞ്ഞുനിർത്തി.
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ‘കെയ്റ്റ്’ എന്ന വിളിയോടെ നിറഞ്ഞ പുഞ്ചിരിയുമായി ഒരു യുവാവിന്റെ പ്രസരിപ്പോടെ ഫ്രെഡി അവിടേക്ക്‌ കയറിവന്നത്. വന്നപാടെ തന്റെ കെയ്റ്റിനെ അയാൾ പൂണ്ടടക്കം പിടിച്ചു. പിന്നീടവർ അതിവൈകാരികതയോടെ തീക്ഷ്ണമായൊരു ദീർഘ ചുംബനത്തിൽ ഏർപ്പെട്ടു.
അതുകണ്ട് ഞാനെണീറ്റു. എനിക്ക് വല്ലാത്ത ജാള്യം തോന്നി. സ്വർഗത്തിൽ ഒരു കട്ടുറുമ്പ് ആവാതെ പുറത്തേക്കിറങ്ങുമ്പോൾ കാതറിൻ എന്നെനോക്കി പറഞ്ഞു.
‘വെയ്‌റ്റ് ഡിയർ’
അവർ അകത്തേക്കുപോയി ഏതാനും പുസ്തകങ്ങളുമായി വന്നു. എനിക്കത് സമ്മാനിക്കുമ്പോൾ ഞാൻ അവരോടുചോദിച്ചു,
‘ആ കാർട്ടണിലെ മുഴുവൻ പുസ്തകങ്ങളും എനിക്ക് തന്നേക്കുമോ കാതറിൻ?’ 
അവരെന്നെ ഒരുനിമിഷം മിഴിച്ചുനോക്കി. പിന്നെ സന്തോഷത്തോടെ ഓടിപ്പോയി അകത്തുനിന്ന് കാർട്ടണോടെ പൊക്കിയെടുത്ത് എന്റെയടുത്തേക്ക്‌ വന്നു.
‘വേണ്ട, ഞാൻ എടുത്തോളാം’ ഒരു കുഞ്ഞിനെ ഏറ്റുവാങ്ങുന്ന ഭാവതീവ്രതയോടെ ഞാനത് കൈയിലേക്ക് ഏറ്റുവാങ്ങുമ്പോൾ അവർ ചോദിച്ചു,
‘സമയമുണ്ടോ വായിക്കാൻ?’
ഞാനൊന്നു ചിരിച്ചു.
‘ഞാനുമൊരു വിഡോയാണ് കാതറിൻ’... എന്റെ മനസ്സ് മന്ത്രിച്ചു.