ൺപതു സംവത്സരങ്ങൾ പിന്നിട്ട ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ് എന്ന ദാസേട്ടൻ നമ്മൾ മലയാളികളുടെ അഭിമാനമാണ്, സ്വകാര്യ അഹങ്കാരം തന്നെയാണ്.  യാതൊരു സംശയവുമില്ല. താപസസമാനമായ സപ്തതിക്കുശേഷവും  തലമുറകളുടെ മനസ്സിന്റെ ഭാഗമാകാൻ യേശുദാസിനായത് സംഗീതത്തിലെ അദ്ദേഹത്തിന്റെ ആത്മസമർപ്പണവും കഠിനപ്രയത്നവും കൊണ്ടുതന്നെയാണ്.
ഓർമവെച്ച നാൾമുതൽ യേശുദാസിന്റെ ഒരു ഗാനശകലമെങ്കിലും ദിനേന ശ്രവിക്കാത്ത മലയാളികൾ വിരളമായിരിക്കും. ആഘോഷവേളകളിലും സന്തോഷത്തിലും സന്താപത്തിലും എന്തിനേറെ, പ്രാർഥനാനിർഭരമായ നിമിഷങ്ങളിൽപ്പോലും നാം കേരളീയർ ആ ഗന്ധർവനാദം കടമെടുക്കുകയും കാതോർക്കുകയുമായിരുന്നു. ചലച്ചിത്രഗാനങ്ങൾക്കുപുറമേ കച്ചേരികളിലെയും ശാസ്ത്രീയസംഗീതോത്സവങ്ങളിലെയും നിറസാന്നിധ്യം എന്നതിലുപരി ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉറൂസുകളിലും രംഗം ഭക്തിസാന്ദ്രമാക്കാൻ നേരിട്ടോ, ശബ്ദസാന്നിധ്യത്തിലൂടെയോ അദ്ദേഹം അനിവാര്യമായിത്തീർന്നു. പ്രഭാതവേളകളിൽ ക്ഷേത്രനടകളിലെ പുലർകാലവന്ദനത്തിന്റെ ദൈവികമായ പര്യായമായും ഭക്തന്മാർ യേശുദാസിന്റെ മാസ്മരികശബ്ദം ശ്രവിച്ചു. സുഖസുഷുപ്തിക്കും മനഃശാന്തിക്കുമായി അന്ത്യയാമങ്ങളിൽ ദാസേട്ടന്റെ ‘മെലഡി’കൾ മൂളിയുറങ്ങാത്ത, ദുഃഖം ഖനീഭവിച്ചാലും മൂകതയിലും വിരഹാർദ്രവേളകളിലും അദ്ദേഹത്തിന്റെ ശോകവിരഹഗാനങ്ങൾ ജീവിതത്തിൽ ഒരുവേളയെങ്കിലും ശ്രവിക്കാത്ത, ഏറ്റുപാടാത്ത മലയാളികളുണ്ടാവില്ല.

മാനുഷികമായ വൈകല്യങ്ങൾ നിയതമാണെന്നോർമിപ്പിച്ചുകൊണ്ടു പറയട്ടെ പലരും ഭ്രാന്തമായിക്കാണുന്ന കലാലോകത്ത് അടുക്കും ചിട്ടയും അച്ചടക്കവും അതിന്റെ ഏറ്റവും ഉയർന്നതലത്തിൽ കാത്തുസൂക്ഷിക്കുന്ന മഹാനായ ഒരു കലാകാരനാണ് യേശുദാസ് എന്നുതന്നെ ചിന്തിക്കാം.

കൃഷ്ണകീർത്തനങ്ങൾ ആലപിച്ചും ഹല്ലേലുയ പാടിയും സബാഹിൻ കൂരിരുളിൽ അള്ളാവേ വിളിച്ചും ഭക്തന്മാരെ സൃഷ്ടിക്കുന്നവർപോലും അരങ്ങിനുപിന്നിൽ ‘മോന്തുമ്പോൾ’, സംഗീതമെന്നാൽ മദ്യലിപ്തമാണെന്ന് ആസ്വാദകർപോലും തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോൾ തന്റെ സംഗീതസഞ്ചാരപാതയിൽ മദ്യം കടന്നുവന്നിട്ടില്ല എന്നു തലയുർത്തിപ്പറയാൻ ദാസേട്ടൻ മാത്രം. ഇതിനൊക്കെ പുറമേ കലാരംഗത്ത് എടുത്തുപറയാൻ യേശുദാസിനുള്ള മഹിമ, കുടുംബബന്ധത്തിന് ഇത്ര പ്രാധാന്യം നൽകുന്ന ഒരു കലാകാരനെ വേറെ കണ്ടെത്താൻ സാധിക്കില്ല എന്നതുതന്നെ. തന്റെ സഹധർമിണിയെ ‘നല്ലപാതി’ എന്നതു സാർഥകമാക്കി, എന്നും എവിടെയും അനുഗമിക്കാൻ കൂടെനിർത്തുന്നത് മറ്റു കലാകാരന്മാർക്ക് മാതൃകയാണ്.

മലയാളക്കര കലുഷിതമാവുമ്പോഴെല്ലാം ജാതിമതരാഷ്ട്രീയ പക്ഷപാതിത്വമില്ലാതെ മാനവമൈത്രീ സന്ദേശം പ്രചരിപ്പിക്കാൻ, മുൻനിരയിൽ നിർത്താൻ ഈ സ്നേഹഗായകൻ അല്ലാതെ വേറെയാരുണ്ട്. ദാരിദ്ര്യത്തിന്റെ കടമ്പകളേറെ കടന്ന്, സംഗീതലോകത്തെത്തി ഒരു താപസിയെന്നോണം ആയുസ്സു മുഴുവനും എന്തിനേറെ തന്റെ ജീവിതം തന്നെയും സംഗീതകലയ്ക്കായി ഉഴിഞ്ഞുവെച്ച ഒരു ജന്മം യേശുദാസ് അല്ലാതെ വേറെ കാണില്ല. എന്തൊക്കെ അപവാദങ്ങൾ പറഞ്ഞാലും, അഹങ്കാരം ആരോപിച്ചാലും തന്റെ പൂർവികരെക്കാളും സമകാലീനരെക്കാളും പിൻതലമുറക്കാരെക്കാളും ഏതർഥത്തിലും ഉന്നതിയിൽ വിരാജിക്കാൻ അദ്ദേഹത്തിനാവുന്നതും ആ നിശ്ചയദാർഢ്യമാണ്. ഒപ്പം അദ്ദേഹം ചെയ്തിട്ടുണ്ടായേക്കാവുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഫലവും. കൃഷ്ണകൃപാസാഗരവും, ഇടയകന്യകയും, ഖല്ലാക്കുടയോനും സർവസ്വീകാര്യമായി പാടാൻ യേശുദാസിന്‌ ത്രാണിനൽകുന്നതും ജഗദീശ്വരന്റെ കൃപാകടാക്ഷംകൊണ്ടുതന്നെ.

രാഷ്ട്രീയസ്വാർഥലാഭങ്ങൾക്കായി പലരും കലുഷിതഭൂമിയാക്കാൻ കിണഞ്ഞുശ്രമിക്കുന്ന സമകാലീന കേരളത്തിലും ‘ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമിത്’ എന്ന് ഉറക്കെപ്പാടാൻ, ഓർമിപ്പിക്കാൻ നമുക്ക് ഒരേയൊരു ദൈവദാസൻ യേശുദാസ് മാത്രം. ഒരായുസ്സിന്റെ ആ മഹാകലാസപര്യയെ വിസ്മരിക്കാൻ ദൈവത്തിന്റെ സ്വന്തം നാടുള്ളിടത്തോളം മലയാളിക്കാവില്ല. കേരളത്തിനാവില്ല.