യേശുദാസ്. ഒരു ശുക്രസംതരണത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അദ്‌ഭുതപ്രതിഭാസം. വാഗ്ദേവതയുടെ പുരുഷാവതാരം. അനന്തകോടി ജന്മങ്ങളിൽ മലയാളക്കരയ്ക്കു കിട്ടിയ സുകൃതം. മലയാളസംഗീതാസ്വാദകർ ഒരുപോലെ ആരാധിക്കുന്ന ഏകശിലാബിംബം. നാദബ്രഹ്മത്തിന്റെ സാഗരം നീന്തിവന്ന ഗന്ധർവഗായകൻ. തുടക്കവും  ഒടുക്കവുമില്ലാതെ  ഇനിയും കേട്ടുകഴിഞ്ഞിട്ടില്ലാത്ത ഒരു അപൂർവസുന്ദരരാഗം.

1936-ൽ ബാലനിലൂടെ സംസാരിച്ചു തുടങ്ങിയ മലയാളസിനിമ ഓരോ ഘട്ടങ്ങളിലും സുപ്രധാനമായ പല നാഴികക്കല്ലുകളും പിന്നിട്ടിട്ടുണ്ട്. അങ്ങനെ ഒരു അനവദ്യസുന്ദര നിമിഷത്തിനാണ് 1962 സാക്ഷ്യംവഹിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ഗുരുസൂക്തം ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിലൂടെ പാടി ഗാനഗന്ധർവൻ വരവറിയിച്ച വർഷം. അതുവരെ ഹിന്ദി സിനിമാഗാനങ്ങളെ അനുകരിച്ചുകൊണ്ട്, അല്ലെങ്കിൽ ശാസ്ത്രീയസംഗീതത്തിൽ അധിഷ്ഠിതമായി പാടിക്കൊണ്ടിരുന്ന നമ്മുടെ സിനിമാസംഗീതത്തിന്  മലയാളത്തിന്റേതായ ശൈലിയും സൗകുമാര്യതയും നൽകിയ നാദവിസ്മയം. പിന്നീടിങ്ങോട്ട് അദ്ദേഹത്തിന്റെ കാലമായിരുന്നു. സിനിമയുടെ വിജയംപോലും ദാസേട്ടന്റെ പാട്ടുകളെ ആശ്രയിച്ചിരുന്ന കാലം. ‘‘യേശുദാസിന്റെ എത്രപാട്ടുകൾ സിനിമയിലുണ്ടെന്നുനോക്കി  വിതരണക്കാർ സിനിമ  എടുത്തിരുന്നകാലം. പ്രേംനസീറിനും സത്യനും മോഹൻലാലിനും മമ്മൂട്ടിക്കും ജയറാമിനും തുടങ്ങി പുതുതലമുറയിലെ അഭിനേതാക്കൾക്കുപോലും അനുയോജ്യമായ ശബ്ദമാണ് അദ്ദേഹത്തിന്റേത്. നായകന്മാരുടെ ശബ്ദത്തിനനുസരിച്ചുള്ള ചെറിയ ശബ്ദവ്യതിയാനങ്ങൾ അദ്ദേഹം വരുത്തിയിരുന്നു എന്നുള്ളതും എടുത്തുപറയേണ്ടതാണ്. ഒരു ശരാശരി മലയാളിയുടെ സംഗീതബോധത്തിന്റെയും  ആലാപനസൗന്ദര്യത്തിന്റെയും അളവുകോലായിരുന്നു കെ.ജെ. യേശുദാസ്.

സാമവേദസംഗീതസ്വരങ്ങൾ നമ്രശീർഷരാവുന്നതും മലയാളഭാഷ ആത്മഹർഷമണിയുന്നതും യേശുദാസ് പാടുമ്പോഴാണ്. ‘കാലാതിവർത്തി’ എന്ന പദം നാദോപാസനകൊണ്ട് അന്വർഥമാക്കിയത് അദ്ദേഹമാണ്. എത്രയോ ഭാഷകളും എത്രയോ സംഗീതസംവിധായകരുമാണ് ആ ശബ്ദം ഉപയോഗപ്പെടുത്തിയത്. ദേവരാജൻ മാസ്റ്ററും ബാബുക്കയും എം.എസ്. വിശ്വനാഥൻ സാറും  ദക്ഷിണാമൂർത്തി സ്വാമികളും ‘നാദബ്രഹ്മത്തിൻ...’, ‘പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട...’, ‘സന്ന്യാസിനീ...’  ‘ഇന്നലെ മയങ്ങുമ്പോൾ...’, ‘താമസമെന്തേ വരുവാൻ...’, ‘അകലെ അകലെ നീലാകാശം...’, ‘ഈശ്വരനൊരിക്കൽ...’, ‘ഹൃദയസരസ്സിലെ...’, ‘സ്വപ്നങ്ങൾ സ്വപ്നങ്ങളേ...’, ‘ഉത്തരാസ്വയംവരം...’, ‘മനസ്സിലുണരൂ...’ തുടങ്ങിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് അത് പാടാൻ ഒരു യേശുദാസ് ഉണ്ടെന്നുള്ള ധൈര്യമുള്ളതുകൊണ്ടാവണം.

‘മനോഹരി നിൻ മനോരഥത്തിൽ
മലരോടു മലർതൂവും മണിമഞ്ചത്തേരിൽ
മയങ്ങുന്ന മണിവർണനാരോ
ആരാധകനാണോ ഈ ആരാധകനാണോ...’ എന്ന് അദ്ദേഹം പാടിയപ്പോൾ ധന്യമായത് ഖരഹരപ്രിയ രാഗംകൂടിയായിരുന്നു. പിന്നീട് ശ്യാം, ജെറി അമൽദേവ്, ജോൺസൻ മാസ്റ്റർ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ തുടങ്ങിയവരിലേക്കെത്തുമ്പോൾ ഗാനാലാപനത്തിന്റെ അനായാസതയാണ് നമ്മൾ കണ്ടത്.

അർധശാസ്ത്രീയരീതിയിലുള്ള തന്റെ പാട്ടുകൾ പാടാൻ മറ്റൊരു ഗായകനെക്കുറിച്ച്  ചിന്തിക്കാൻ കഴിയില്ലായിരുന്നുവെന്ന്  രവീന്ദ്രൻ മാസ്റ്റർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ഗാനരത്നങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ കാലം ഇവരെയെല്ലാം ഒരേവേദിയിൽ ചേർത്തുവെക്കുകയായിരുന്നു. ഈ ഗുരുനാഥന്മാരിലൂടെ കടഞ്ഞെടുക്കപ്പെട്ട മനോഹരസംഗീത ശില്പമാണ് യേശുദാസ്.

എത്ര താഴെയും എത്ര ഉയരെയുമുള്ള സ്വരസ്ഥാനങ്ങളിലും സംഗീതത്തിന്റെ ത്രിസ്ഥായി (മന്ത്ര, മധ്യ, താര) ശബ്ദത്തിലും അനായാസേന, അക്ഷരസ്ഫുടതയോടെ, പദശുദ്ധിയോടെ പാടാൻ കഴിയുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ മഹത്ത്വം. പഞ്ചിങ്ങും ഓട്ടോട്യൂണിങ്ങുമൊന്നും ഇല്ലാതിരുന്ന കാലത്തും ഒറ്റ ടേക്കിൽ മുഴുവൻ പാട്ടും കൃത്യതയോടെ പാടിയിരുന്നു എന്നുള്ളതും ഇന്നത്തെ ഗായകരിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. 

എണ്ണംപറഞ്ഞ മറ്റു സമകാലിക ഗായകരുണ്ടായിട്ടും രവീന്ദ്ര ജെയിൻ എന്ന സംഗീത സംവിധായകൻ  യേശുദാസിലേക്കെത്തിയത് ആ ഗാനം പാടാൻ അദ്ദേഹത്തിനേ കഴിയൂ എന്ന ബോധ്യംകൊണ്ടാവണം. അതുകൊണ്ടു തന്നെയാവും തനിക്കെന്നെങ്കിലും കാഴ്ചകിട്ടിയാൽ ആദ്യം കാണേണ്ടത് യേശുദാസിനെ ആവണം എന്ന് അദ്ദേഹം ആഗ്രഹിച്ചതും.

‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന ചിത്രത്തിലെ മർമപ്രധാനമായ മുഹൂർത്തമാണ് ‘പ്രമദവനം...’ എന്ന ഗാനം.  പാട്ടിന്റെ തുടക്കത്തിലുള്ള ആലാപത്തിന്റെ (humming) ഗാംഭീര്യം കൊണ്ടുതന്നെ മോഹൻലാലിന്റെ കഥാപാത്രമായ ‘അനന്തൻ നമ്പൂതിരി’ക്ക് ഉദയവർമ മഹാരാജാവിന്റെയും കൊട്ടാരവാസികളുടെയും ഹൃദയത്തിലേക്ക് അനായാസം കടന്നുചെല്ലാൻ സാധിച്ചുവെങ്കിൽ അതിന്റെ സംവിധായകൻ ദാസേട്ടന്റെ ശബ്ദത്തോട് കടപ്പെട്ടിരിക്കണം. ഗാനത്തിന്റെ നൊട്ടേഷനല്ലാതെ  ഗാനസന്ദർഭത്തിന്റെ വൈകാരികതയെ ഉൾക്കൊണ്ടുപാടാൻ ഒരേയൊരു ദാസേട്ടനേയുള്ളൂ. അദ്ദേഹത്തിന്റെ ശബ്ദനിയന്ത്രണവും അക്ഷരങ്ങൾക്ക് അദ്ദേഹം കൊടുക്കുന്ന ഭാവങ്ങളും ഭാവവ്യത്യാസങ്ങളും അനിതരസാധാരണമാണ്. ദാസേട്ടന്റെ ശബ്ദ-ഭാവ ഗരിമയോട് കിടപിടിക്കാൻ ഒപ്പം പാടിയ ഗായകർ വിഷമിച്ചുകാണണം.

മലയാളികളുടെ ഭക്തിയും പ്രണയവും വിരഹവും കാത്തിരിപ്പും സന്തോഷവും സങ്കടവും ആഘോഷങ്ങളും ഒടുവിലെത്തിച്ചേരുന്നത്  ദാസേട്ടൻ പാടിയ ഒരു പാട്ടിലായിരിക്കും. ഓരോ നിമിഷവും ലോകത്തിന്റെ ഏതെങ്കിലുമൊരുകോണിൽ അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങുന്നുണ്ടാകും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട്  ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് കേരളത്തെക്കുറിച്ചു പറയുമ്പോൾ ദൈവീകസാന്നിധ്യമായ ഒരു ഗന്ധർവനാദം കൂടെ അതിന്റെ ഭാഗമാണെന്നു പറയുന്നതിൽ ഒട്ടും അതിഭാവുകത്വമില്ല.  ദേവതകളെ ഉണർത്താനും ഉറക്കാനും നിയോഗം ലഭിച്ച അനുഗൃഹീതജന്മമാണ് അദ്ദേഹത്തിന്റേത്. ഒരു നൈഷ്ഠികശാസ്ത്രീയ സംഗീതജ്ഞനും പാടത്തും പറമ്പിലും പണിയെടുക്കുന്ന സാധാരണക്കാരനും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നു എന്നുള്ളതാണ് ആ പാട്ടുകളുടെ സവിശേഷത. ശാസ്ത്രീയസംഗീതവും അർധശാസ്ത്രീയ സംഗീതവും ലളിത സംഗീതവുമെല്ലാം അദ്ദേഹത്തിന്റെ െെകയിൽ എന്നും ഭദ്രമാണ്.

അംഗീകാരങ്ങളുടെ നിറവിൽ നിൽക്കുമ്പോഴും വിവാദങ്ങൾ അദ്ദേഹത്തിന് കൂട്ടായിരുന്നു. അതിലൊന്നായിരുന്നു മറ്റുഗായകർക്കുള്ള അവസരങ്ങൾ നിഷേധിക്കുന്നുവെന്നത്. സത്യത്തിൽ അതങ്ങനെ ആയിരിക്കുകയില്ല. ഈശ്വരചിന്തയും സമത്വവും സാഹോദര്യവും വാക്കുകളിലും പ്രവൃത്തികളിലും ഉയർത്തിപ്പിടിക്കുന്ന അദ്ദേഹം തന്റെ ആലാപനമാധുര്യം കൊണ്ട് മറ്റുഗായകരെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തവിധം സംഗീത സംവിധായകരെ തളച്ചിടുകയായിരുന്നു എന്നുള്ളതായിരിക്കണം വാസ്തവം. ആ നാദവിസ്മയത്തി​െന്റ മഹത്വം മനസ്സിലാക്കാൻ യേശുദാസ് എന്ന ഗായകൻ പിറന്നില്ലായിരുന്നുവെങ്കിൽ എന്ന  ഒരു അവസ്ഥയെക്കുറിച്ചു മാത്രം ചിന്തിച്ചാൽ മതിയാവും. ദാസേട്ടാ  ‘നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ’ നാദപ്രപഞ്ചം തന്നെ നിശ്ചലമായിപ്പോകുമായിരുന്നുവെന്നു പോലും ചിന്തിച്ചുപോവുന്നു.

ഇന്ന് അദ്ദേഹം എത്തിനിൽക്കുന്ന പദവികൾക്കും അംഗീകാരങ്ങൾക്കും പിറകിലുള്ള അദ്ദേഹത്തിന്റെ ത്യാഗം വളരെ വലുതാണ്. ഒരു കലാകാരന് വേണ്ട ഭക്തി, അച്ചടക്കം, നിഷ്ഠ, ശബ്ദപരിപാലനം, സിദ്ധി, സാധന എല്ലാം  ഇന്നത്തെ തലമുറയിലുള്ള പാട്ടുകാർ കണ്ടുപഠിക്കേണ്ടതാണ്. അദ്ദേഹത്തെക്കാൾ കൂടുതൽ പാട്ടുകൾ പാടിയ ഗായകരുണ്ടാകാം. പക്ഷേ, പാടിയ അത്രയും കാലവും അദ്വിതീയനായി തുടരുന്ന ഒരേയൊരു ഗായകൻ അദ്ദേഹം മാത്രമായിരിക്കും. ആരും പിന്തുണച്ചിട്ടല്ല അദ്ദേഹം ആ സ്ഥാനത്ത്‌ ഇന്നും തുടരുന്നത്. യേശുദാസ് എക്കാലത്തും മലയാളസംഗീതത്തിന്റെ അനിവാര്യതയായിരുന്നു. അഹങ്കാരമായിരുന്നു. അദ്ദേഹത്തിന് കാലം കൊടുത്ത പദവിയാണ് ‘ഗാനഗന്ധർവൻ’ എന്നത്.

മലയാള സിനിമാസംഗീതത്തിന് ഒരു യുഗപുരുഷനുണ്ടെങ്കിൽ അത് യേശുദാസാണ്. കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലേറെയായി പാടിക്കൊണ്ടേയിരിക്കുകയാണ് ദാസേട്ടൻ. ഇതിനിടയിൽ എത്രയോ ഗായകർ വന്നു പോയി. പക്ഷേ,  ‘ദാസ് ക്യാപിറ്റൽ’ എന്ന പുസ്തകത്തിൽ സുഭാഷ് ചന്ദ്രൻ പറഞ്ഞതുപോലെ, പലനാളലഞ്ഞ, പലനാടലഞ്ഞ ഒരു വലിയ യാത്രയ്ക്കുശേഷം വിശ്രമിക്കാൻ തിരികെ വീട്ടിലെത്തുന്നപോലെ മലയാളസംഗീതാസ്വാദകർ സ്വാസ്ഥ്യം കണ്ടെത്തുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. പ്രണവമന്ത്രമായ ഓങ്കാരവും പടച്ചവനായ ‘അള്ളാ’ എന്ന നാമവും പരിശുദ്ധാത്മാവിനെ സ്തുതിക്കുന്ന ഹല്ലേലൂയയും അതിന്റെ പൂർണതയിലും പരിശുദ്ധിയിലും നമ്മളനുഭവിച്ചത് ആ ശബ്ദത്തിലായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ സ്വീകാര്യത.
ആ മഹാനുഭാവന്റെ കാലത്തു ജീവിക്കാൻ കഴിഞ്ഞു എന്നുള്ളതും ആ നാദനിർഝരി  ആസ്വദിക്കാൻ കഴിയുന്നു എന്നുള്ളതും നമ്മുടെ ജന്മപുണ്യമാണ്‌. ഒരു ഗായകൻ എന്ന നിലയിൽ അദേഹത്തിന്റെ ചില പാട്ടുകൾക്ക് ട്രാക്ക് പാടാൻ കഴിഞ്ഞിട്ടുണ്ട്. പല വേദികളിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും കാണുമ്പോഴെല്ലാം ഏതു വാക്കിൽ തുടങ്ങണമെന്നറിയാതെ ഏത് മുദ്രകൊണ്ടു ഉപചാരം ചൊല്ലണം എന്നറിയാതെ ഏതു മന്ത്രം കൊണ്ട് പൂജിക്കണമെന്നറിയാതെ ഒരു മാസ്മരികവലയത്തിലെന്നപോലെ ഞാൻ സ്തബ്ധനായി നിന്നുപോയിട്ടുണ്ട്. ഇനിയേതു മന്വന്തരത്തിലാവും ഇങ്ങനൊരു അദ്‌ഭുതജന്മം പിറവികൊള്ളുക എന്നറിയില്ല.

അന്നും അദ്ദേഹത്തിന്റെ സമകാലികനും സഹയാത്രികനും ആവാൻ കഴിയണേയെന്ന് ആഗ്രഹിച്ചു പോകുന്നു. എൺപതാം ജന്മദിനത്തിലെത്തിനിൽക്കുന്ന ഈ ധന്യദിവസത്തിൽ വരും തലമുറയിലുള്ളവർക്കും അനുഭവവേദ്യമാകും വിധത്തിൽ ആ നാദധാര അവിരാമം ഒഴുകിക്കൊണ്ടേയിരിക്കുവാൻ ജഗദീശ്വരൻ  ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടേയെന്ന് പ്രാർഥിക്കുന്നു.
l