ഉമ്മ വേലിക്കലേക്ക് നീങ്ങുന്നത്, വീട്ടിൽനിന്ന് ഇറങ്ങി ഓടുന്നതിനിടയിൽ ഒളികണ്ണിട്ട് ഉൾക്കിടിലത്തോടെ നോക്കി. വേലിക്കൽ നട്ടുപിടിപ്പിച്ച നീരോലിക്കോലുകളിലൊന്ന് പറിച്ചെടുത്ത് കൈകൊണ്ടു തൂർത്ത് ശരിപ്പെടുത്തി ഉമ്മ എനിക്കുനേരെ നീങ്ങുകയാണ്. അയ്യോ..
അതിനുമാത്രം ഞാനെന്ത് തെറ്റാ ചെയ്തേ? പുരയ്ക്ക് ചുറ്റിലും പാഞ്ഞ് ഉമ്മാനെ വട്ടംകറക്കിയതിന്റെ കിതപ്പണയ്ക്കാൻ തെല്ലൊന്നുനിന്നപ്പോൾ ഞാനോർത്തു...
ഉമ്മായ്ക്ക് ഉപ്പ അയച്ച കത്ത് വായിച്ച് അതിന് മറുപടി എഴുതണമത്രേ! അയ്യോ! ആലോചിക്കാൻപോലും വയ്യ. അഞ്ചാംക്ലാസ് വരെ പഠിച്ച ഉമ്മ ഉപ്പായ്ക്ക് എപ്പോഴും എഴുതാറുള്ളതാണല്ലോ. ഇതിപ്പോ ഏഴാംക്ലാസിലെത്തിയ എന്നെകൊണ്ടുതന്നെ മറുപടിക്കത്ത് എഴുതിക്കണമെന്ന് എന്തിത്ര വാശി? ഉമ്മായ്ക്കെതിരെയുള്ള വാദങ്ങളാൽ എന്റെ തലപുകയാൻ തുടങ്ങി. കത്തെഴുത്താവശ്യം ഞാൻ നിരാകരിച്ചതിന്റെയോ ധിക്കരിച്ചതിന്റെയോ കലിപ്പിലാണ് എന്തായാലും ഉമ്മ...എന്നെക്കാൾ വേഗത്തിൽ എന്റെ പിന്നിൽ പാഞ്ഞെത്തിയ ഉമ്മാടെ ചൂട് താമസിയാതെ ഞാനറിഞ്ഞു. വേലിക്കലിൽനിന്ന് പറിഞ്ഞ നീരോലിക്കോൽ തുടയിൽ വേദനയായി പടർന്നു. മനസ്സില്ലാമനസ്സോടെയെങ്കിലും തത്കാല രക്ഷയ്ക്ക് അപ്പോൾ ഉമ്മായ്ക്ക് വഴങ്ങി.
ഉപ്പ ദുബായിൽനിന്ന് അയച്ച കത്ത് ഉമ്മായ്ക്കൊപ്പം വായിക്കാനിരുന്നു. പടച്ചോനെ! നാലുംഅഞ്ചും പേജുകൾ! ഓരോഭാഗം വായിച്ച് അപ്പപ്പോൾ അതിനുള്ള മറുപടി എഴുതണമെന്ന് ഉമ്മയുടെ തിട്ടൂരവും. ഉപ്പയുടെ അതേ അത്തർഗന്ധമുള്ള ലെറ്റർപാഡിൽ ഹീറോപേന ഉപയോഗിച്ച് എഴുതണം. ഉമ്മ ചൂണ്ടിക്കാണിക്കുന്ന ഭാഗങ്ങൾ വായിച്ച് അതിനുള്ള മറുപടിയാണ് എഴുതേണ്ടത്. എഴുതേണ്ടത് എന്താണെന്നും ഉമ്മ പറഞ്ഞുതരുന്നുണ്ട്. അതൊന്ന് വൃത്തിയായും ഭംഗിയായും എഴുതണം എന്നേയുള്ളൂ എന്ന് ഉമ്മ വിശദീകരിച്ചു.
വായിക്കാനിരുന്നപ്പോഴാണ്, ഉമ്മായ്ക്കുള്ള കത്തിന്റെ കൂട്ടത്തിൽ എനിക്കും ഇത്തായ്ക്കും ഉണ്ട് പ്രത്യേക കത്തുകൾ! അത് കണ്ടപ്പോൾ ആഹ്ലാദംകൊണ്ട് മനസ്സ് വല്ലാതെ തുടിച്ചു. സ്നേഹമിറ്റുന്ന വാക്കുകളുടെ ഒഴുക്ക് ഒരു നല്ല ഹൃദയത്തിൽ നിന്നല്ലാതെ സംഭവിക്കാൻ തരമില്ല. എന്നോടും ഇത്താനോടും മനസ്സുതുറന്ന് സംസാരിക്കുന്ന ഉപ്പയെ ആ കത്തുകളിൽ കണ്ടു. കാണാതീരങ്ങൾക്ക് അപ്പുറമിരുന്ന് സ്നേഹത്താൽ തേങ്ങുന്ന ഉപ്പയുടെ ചിത്രംപോലെ അതിൽ വാക്കുകൾ എഴുന്നേറ്റുനിന്നു. ഇളംമനസ്സിന്റെ തേട്ടങ്ങളോടും നോട്ടങ്ങളോടും അതിശയിപ്പിക്കുന്ന രീതിയിൽ അവ സംവദിച്ചു.
കലവറയില്ലാതെ ഭംഗിപ്പെടുത്തലില്ലാതെ സംസാരിക്കുന്ന അക്ഷരങ്ങളുടെ മാസ്മരികതയിൽ ഞാൻ വീണു. സ്നേഹവാത്സല്യം നിറഞ്ഞൊഴുകുന്ന പദസഞ്ചയം. എഴുതിയാൽ തീരാത്തത്ര ഇനിയുമുണ്ട് ആ താതമനസ്സിലെന്ന് ഏടുകളിൽ പരന്നൊഴുകിയ സ്നേഹം വീണ്ടും വീണ്ടും കൊതിപ്പിച്ചു. അക്ഷരങ്ങൾക്ക് ഇത്രയും സൗന്ദര്യമോ എന്ന് അദ്ഭുതപ്പെട്ടു. കത്തുവായനയിലും അവയ്ക്കുചേരുന്ന മറുപടിയെഴുത്തിലും സ്വയം അലിഞ്ഞുചേർന്നു കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഉമ്മ പറഞ്ഞുതന്ന കാര്യങ്ങൾ നീട്ടിപ്പരത്തിയും പതപ്പിച്ചും ഞാനെഴുതിക്കൊണ്ടിരുന്നു. എഴുത്ത് നീണ്ടുനീണ്ട് നാലും അഞ്ചും പേജുകൾ കവിഞ്ഞു. മതി മോനെ നിർത്തിക്കോളൂ എന്ന് ഉമ്മ പറഞ്ഞു. ഉമ്മ ഇനീം പറ, ഞാനെഴുതിക്കോളാം. ഞാൻ വിട്ടുകൊടുക്കാൻ നിന്നില്ല. ഉമ്മ തലയിൽ കൈവെച്ച് ഒച്ചയിട്ടു. ഒന്ന് നിർത്ത് മോനേ...
പറഞ്ഞത് കേൾക്കാത്തതിൽ സഹികെട്ടാവണം, പുറത്തുപോയി നേരത്തെ എന്നെ തല്ലി വലിച്ചെറിഞ്ഞ നീരോലിക്കോലുമായി തിരിച്ചുവന്നു. കൈയിലിരിക്കുന്ന നീരോലിക്കോൽ വിറപ്പിച്ച് ഉമ്മ വീണ്ടും ഒച്ചയിട്ടു. മതിയെടാ! കാൽതുട നോവുന്നതിന്റെ ഉൾഞെട്ടലിൽ ഞാൻ പേന താഴെ വെച്ച് മാറിയിരുന്നു. അപ്പോൾ ഉമ്മയുടെ മുഖത്തൊരു പുഞ്ചിരിവന്ന് എത്തി നോക്കുന്നുണ്ടായിരുന്നു.