മനസ്സ് നിറയ്ക്കുന്ന ചിരിയാണ് രേഷ്മയുടെ പ്രത്യേകത. കലയിലൂടെ സന്തോഷം കണ്ടെത്തുകയും അത് മറ്റുള്ളവരിലേക്ക് പകരാൻ ശ്രമിക്കുകയും ചെയ്യുന്ന ദുബായിലെ ഒരുവീട്ടമ്മ -ഒറ്റവാചകത്തിൽ അതാണ് രേഷ്മ സൈനാലബ്ദീൻ. സ്വദേശം തിരുവനന്തപുരമാണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം യു.എ.ഇ.യിൽ. ഒരു മൊട്ടുസൂചി കൊടുത്താൽ അത് ചെറിയൊരു അലങ്കാരവസ്തുവാക്കും രേഷ്മ. അടിസ്ഥാനപരമായി ഒരു ചിത്രകാരിയാണ്. വരയുടെയും വർണങ്ങളുടെയും ലോകം സ്കൂൾ കാലത്തേ ഇഷ്ടമാണ്. ശാസ്ത്രീയമായി പഠിച്ചിട്ടൊന്നുമില്ല. എങ്കിലും ചിത്രരചനയുടെ എല്ലാ സങ്കേതങ്ങളും രേഷ്മയ്ക്ക് വഴങ്ങും. 
ഖിസൈസിലെ ഫ്ലാറ്റ് ചിത്രപ്രദർശനവേദിയാണ്. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി കാപ്പിപ്പൊടി കൊണ്ടുപോലും ചിത്രങ്ങൾ വരച്ചിട്ടുണ്ട് രേഷ്മ. പ്രിയം മണൽച്ചിത്രങ്ങളോടാണ്. മണൽനഗരമായ ദുബായിൽ മണൽച്ചിത്രങ്ങൾ ഒരുക്കുന്ന അപൂർവം ചിത്രകാരികളിൽ ഒരാളാണ് രേഷ്മ. ആദ്യം ക്യാൻവാസിൽ പശകൊണ്ട് ചിത്രം വരയ്ക്കും. പിന്നീട് അതിനുമീതെ മണൽ വിതറും. നിമിഷങ്ങൾക്കകം അതൊരു മനോഹരമായ ചിത്രമാകും. കാഴ്ചക്കാരനെ ഈ രീതിയിൽ വിസ്മയിപ്പിക്കാം എന്നതാണ് മണൽച്ചിത്രരചനയിലേക്ക് രേഷ്മയെ ആകർഷിച്ചത്. രാഷ്ട്രനേതാക്കളുടെയും മഹാന്മാരുടെയുമെല്ലാം മിഴിവാർന്ന ചിത്രങ്ങൾ മിനിറ്റുകൾക്കുള്ളിലാണ് രേഷ്മ വരയ്ക്കുന്നത്.
യു.എ.ഇ.യിലെ പ്രധാനവേദികളിൽ തത്സമയ പ്രദർശനം നടത്തി രേഷ്മ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പുരസ്കാരങ്ങളും ഇതിനകം സ്വന്തമാക്കി. യു.എ.ഇ.യിലെ പല എമിറേറ്റുകളിൽനിന്നും നാട്ടിൽനിന്നും യാത്രപോകുന്ന സ്ഥലങ്ങളിൽ നിന്നുമെല്ലാമാണ് പലനിറത്തിലുള്ള മണൽ ശേഖരിക്കുന്നത്. കഴിഞ്ഞവർഷം നാട്ടിൽ പോയപ്പോൾ എൻ. എബി കൃഷ്ണൻ നായർ എന്ന  ഗുരുസ്ഥാനീയനിൽനിന്ന് മണൽച്ചിത്രകലയുടെ കൂടുതൽ സാധ്യതകൾ രേഷ്മ പഠിച്ചു. ഗുരുനാഥന്റെ ശേഖരത്തിലുണ്ടായിരുന്ന പല നിറത്തിലുള്ള മണലും നൽകിയാണ് രേഷ്മയെ യാത്രയാക്കിയത്.

ആർട്ട് തെറാപ്പി

കല വെറും നേരമ്പോക്കല്ല ആത്മസാക്ഷാത്കാരത്തിനുള്ള വേദികൂടിയാണ് രേഷ്മയ്ക്ക്. വിഷാദരോഗത്തിനും ഓട്ടിസം പോലുള്ള രോഗങ്ങൾക്കും മറ്റും ഫലപ്രദമായ ഒരു മരുന്നാണ് കലയെന്ന് രേഷ്മ പറയുന്നത് വെറുതെയല്ല. കുറച്ചുകാലങ്ങളായി ആർട്ട് തെറാപ്പി പഠിച്ചും പരീക്ഷിച്ചും അറിഞ്ഞിട്ട് തന്നെയാണ്. മാനസികപ്രശ്നങ്ങൾ ഉള്ളവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആർട്ട് തെറാപ്പിസ്റ്റ് എന്ന രീതിയിൽ  രേഷ്മ സേവനങ്ങൾ നൽകുന്നുണ്ട്. 
വരയും വർണങ്ങളും മാത്രമല്ല പല മേഖലയിലെയും തന്റെ കഴിവുകൾ സമന്വയിപ്പിച്ചാണ് രേഷ്മ ആർട്ട് തെറാപ്പി നടത്തുന്നത്. രേഷ്മ മൈക്രോ ബയോളജിസ്റ്റ് ആയി അൽ ഐനിൽ ജോലി ചെയ്തിരുന്നു. വിവിധ പ്രശ്നങ്ങളിൽപ്പെട്ട് ശ്വാസം മുട്ടാൻ തുടങ്ങിയപ്പോഴാണ് തനിക്ക് മാത്രമല്ല, മിക്ക സുഹൃത്തുക്കൾക്കും ഇതേ അവസ്ഥയുണ്ടെന്ന് മനസ്സിലായ രേഷ്മ കലാലോകത്ത് വീണ്ടും സജീവമാകുന്നത്. അത് വലിയ മാറ്റങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കിയത്. ഈ അനുഭവം എല്ലാവർക്കും പകർന്ന് നൽകണമെന്നാണ് രേഷ്മയുടെ ആഗ്രഹം. ജീവിതത്തിൽ സ്വയംനവീകരണമില്ലാതെ യാന്ത്രികമായി ഇഷ്ടങ്ങൾ പലതും മനസ്സിലൊതുക്കി ജീവിക്കുന്നവരാണ് പല സ്ത്രീകളുമെന്ന് രേഷ്മ പറയുന്നു. 
ഇവർക്ക് മുന്നിൽ കലയുടെ വിവിധ മുഖങ്ങളുമായെത്തി പ്രചോദനമാകുകയാണ് രേഷ്മ. ഒരു കുടുംബത്തിന്റെ ക്യാപ്റ്റൻ സ്ഥാനം അമ്മയ്ക്കാണ്. അമ്മയുടെ താളം തെറ്റിയാൽ കുടുംബവും ഉലയും. ശക്തികളും പരിമിതികളും  തിരിച്ചറിയാനും ഉൾക്കൊള്ളാനും അതനുസരിച്ച് സ്വയം പാകപ്പെടുത്താനും  കലാപരമായ ഏതു പ്രവർത്തനങ്ങൾക്കും സാധിക്കും. അത് ചിത്രംവരയാകാം, നൃത്തമാകാം, സംഗീതമാകാം. അതുകൊണ്ട് എല്ലാ വീട്ടമ്മമാരും കലയുടെ ലോകം വീടിനുള്ളിലേക്ക് കൊണ്ട് വരണമെന്നാണ് രേഷ്മയുടെ ആഗ്രഹം. 

കലയുടെ പല വർണങ്ങൾ 

സാധാരണക്കാർക്ക് അത്ര പരിചിതമല്ലാത്ത മാർബിൾ, മൊസൈക്ക് ചിത്രങ്ങൾ, ഡെക്കോ പെയിന്റിങ്, ബാത്തിക്ക് വർക്കുകൾ എന്നിവയിലും രേഷ്മ മികവ് തെളിയിച്ചിട്ടുണ്ട്. 
ഇതുകൂടാതെ കേക്കുകൾ ഉൾപ്പെടെ വിവിധ പാചകപരീക്ഷണങ്ങൾ, പൂക്കൾ കൊണ്ടുള്ള അലങ്കാരപ്പണികൾ, ക്ലേ മോഡലിങ്, മനോഹരമായ ആഭരണങ്ങൾ, ഫ്രെയിമുകൾ തുടങ്ങിയവയൊക്കെ ഉണ്ടാക്കും. വീട്ടമ്മമാർക്കും കുട്ടികൾക്കും ഇതിൽ പരിശീലനവും നൽകുന്നുണ്ട്.  
ഫാഷൻ ഡിസൈനിങ്ങിലും താത്പര്യമുണ്ട്. മുൻപ് വസ്ത്രങ്ങൾ ആവശ്യക്കാർക്ക് ഡിസൈൻ ചെയ്തു കൊടുത്തിരുന്നു.നവീനമായ നിരവധി പരീക്ഷണങ്ങളുടെ  കലവറയാണ് രേഷ്മയുടെ ഖിസൈസിലെ ഫ്ലാറ്റ്. അക്ഷരാർഥത്തിൽ ഒരു കൊച്ചു മ്യൂസിയം. കഴിഞ്ഞ കുറേവർഷങ്ങളായി വീട്ടിൽവെച്ചാണ് രേഷ്മ ആർട്ട് ക്ലാസുകളും ആർട്ട് തെറാപ്പിയും നൽകിയിരുന്നത്. രണ്ടുസുഹൃത്തുക്കൾ ചേർന്ന് ഷാർജയിൽ തുടങ്ങിയ സ്റ്റുഡിയോ 19 എന്ന സ്ഥാപനത്തിൽ വീട്ടമ്മമാർ ഉൾപ്പെടെ പല പ്രായത്തിലുള്ള നിരവധി പേർക്ക് രേഷ്മ ഇപ്പോൾ ക്ലാസുകളെടുക്കുന്നുണ്ട്. യു.എ.ഇ.യിൽ മാത്രമല്ല നാട്ടിലും നിരവധി വേദികളിൽ രേഷ്മ സാന്നിധ്യമറിയിച്ചു. ഏറ്റവുമൊടുവിൽ കൊച്ചിയിൽ നടന്ന ഇന്ത്യൻ ഫാഷൻ ലീഗ് സീസൺ 3 തുടങ്ങിയതും രേഷ്മയുടെ മണൽ ചിത്രരചനയിലൂടെയാണ്.