ആദ്യപ്രണയം മാത്രമല്ല ആദ്യത്തെ പൂരവും മറക്കാനാകില്ല എന്നാണ് തൃശ്ശൂരുകാർ പറയുക. പൂരാനുഭവങ്ങളുടെ ചെറുതും വലുതുമായ ശേഖരം ഉള്ളവർക്കും ആദ്യത്തെ പൂരാനുഭവം ഒന്നു വേറെ തന്നെ. കുടമാറ്റത്തിന്റെ സൗന്ദര്യത്തെ മനസ്സ് നിറഞ്ഞ് ആസ്വദിച്ചപ്പോൾ  മേളത്തിന്റെ ചിട്ടവട്ടങ്ങളും നിയമങ്ങളും ഇന്നും അറിയില്ലെങ്കിലും ഇലഞ്ഞിത്തറയിലും മഠത്തിന്റെ  മുമ്പിലെ ഇടുങ്ങിയ വഴിയിലും നിന്ന് താളം പിടിച്ചതും കുടമാറ്റത്തിന് ആരവം മുഴക്കിയതും വർഷങ്ങൾക്കിപ്പുറവും  ദീപ്തമായ സ്മൃതിയായി നിൽക്കുന്നു.

മുതിർന്നപ്പോൾ പെരുവനത്തെ പരിചയപ്പെട്ടു. അദ്ദേഹവും  സംഘവും തീർക്കുന്ന വാദ്യവിസ്മയത്തിൽ മറ്റൊരിടത്തും ലഭിക്കാത്തതും വാക്കുകളാൽ വിവരിക്കാൻ ആകാത്തതുമായ ഒരു അനുഭവമായി മാറി പലതവണ. ദുബായിലെ ബുർജ് ഖലീഫയിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ തീർക്കുന്ന അതിമനോഹരമായ വെടിക്കെട്ടിന് സാക്ഷിയാകുമ്പോളും മനസ്സിൽ വടക്കുംനാഥന്റെ ചുറ്റുമുള്ള കൂറ്റൻ ആൽമരങ്ങൾക്കും പൂരപ്പന്തലുകൾക്കും മുകളിൽ ഉയർന്നു വന്ന് പല നിലകളാലും വർണങ്ങളാലും  പൊട്ടുന്ന  തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിന്റെ ശബ്ദവും ഗന്ധവും  നിറയുന്നു. 

മനസ്സിൽ നാടിന്റെ ഓർമകളും  ആഘോഷങ്ങളും ചേർത്തു പിടിച്ചുകൊണ്ടാണ് ഏതു നാട്ടിലേക്കും മലയാളി ചേക്കേറുന്നത്.  പ്രതീക്ഷകളും ഓർമകളുമാണ് ഓരോ പ്രവാസിയുടെയും ഊർജം. ആ ഓർമകളെ നിറം ചാർത്തുന്നതിൽ ഉത്സവങ്ങളും ആചാരങ്ങളും ആഘോഷങ്ങളും വലിയ പങ്കുവഹിക്കുന്നു. അതിനാൽത്തന്നെ ഓണവും വിഷുവും തെയ്യവുമെല്ലാം അവർ ഈ പ്രവാസഭൂമികയിലേക്ക് കൊണ്ടുവന്നു. നാടുമായുള്ള നാഭീബന്ധത്തെയും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ കേരളത്തിലുള്ളതിനെക്കാൾ കേമമായി അത് ഓരോ വർഷവും ആഘോഷിക്കുന്നു. അങ്ങനെ എന്തൊക്കെ കൊണ്ടുവന്നാലും പൂരത്തെ അതിന്റെ തനിമയോടെ കൊണ്ടുവരാൻ നമുക്ക് സാധിക്കില്ല.

 ആളും ആരവവും ആനയും മേളവും ചേർന്ന് ഒരുക്കുന്ന ആ ‘ആമ്പിയൻസ്’, അത് അനുഭവിച്ചു തന്നെയറിയണം.  സൗഹൃദങ്ങൾ പങ്കുവെച്ച് ആൾക്കൂട്ടത്തിനിടയിലൂടെ മേളത്തിനൊപ്പം താളം പിടിച്ച് കൊമ്പന്മാരുടെ അഴകും നിലവും വിലയിരുത്ത് അഭിപ്രായം പറഞ്ഞുള്ള നടത്തത്തിന്റെ ആസ്വാധ്യത ഒന്നു വേറേ തന്നെ. ടെലിവിഷൻ ചാനലിലൂടെയും ഇന്റർനെറ്റിലൂടെയും  പൂരം ലൈവായി കാണുമ്പോഴും  അതിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള ആത്മാംശം തുടിക്കുന്ന  നേരനുഭവമാണ് പൂരപ്രേമികളായ പ്രവാസിക്ക് നഷ്ടമാകുന്നത്. പലരും ഇവിടെ ടെലിവിഷന് മുമ്പിൽ ഇരുന്ന്‌ ആസ്വദിക്കുന്നു, പൂരത്തിന്റെ ഓർമകൾ പങ്കുവെക്കുന്നു.  

കേരളത്തിൽ ആയിരക്കണക്കിനു പൂരങ്ങളും ഉത്സവങ്ങളും  ഉണ്ടെങ്കിലും  പൂരങ്ങളുടെ പൂരം എന്ന വിശേഷണം തൃശ്ശൂർ പൂരത്തിനു മാത്രം സ്വന്തം. അതിന്റെ പ്രൗഢിയും ചാരുതയും ഒന്നു വേറെത്തന്നെയാണ്. പൂരത്തിന്റെ ഘടനയും ചടങ്ങുകളുടെ ക്രമീകരണവും  അത് നടക്കുന്ന ഭൂപ്രകൃതിയും  വടക്കുംനാഥ ക്ഷേത്രത്തിന്റെ വാസ്തുവിദ്യാചാരുതയും ഉൾപ്പെടെ അതിൽ പ്രധാനപ്പെട്ട കാര്യങ്ങളാണ്.  ബഹുജന കൂട്ടായ്മയും സംഘാടനത്തിന്റെ മികവും എടുത്തു പറയേണ്ടുന്ന മറ്റൊരു സംഗതിയാണ്. സ്വർണപ്രഭ ചൊരിയുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർക്ക് മുമ്പിൽ  മികച്ച കലാകാരന്മാർ അണിനിരക്കുന്ന വാദ്യമേളങ്ങളും തെക്കോട്ടിറക്കവും ആകാശത്ത് വർണവിസ്മയം തീർക്കുന്ന വെടിക്കെട്ടും പൂരപ്പന്തലുകളും  എല്ലാം വിവിധതരക്കാരായ ആസ്വാദകരെ മുന്നിൽക്കണ്ടുകൊണ്ടു കൂടെയാണ്  വിഭാവനം ചെയ്തിരിക്കുന്നത്. കൂട്ടായ്മയ്ക്ക് ഭംഗം വരുത്താത്തവിധം പാറമേക്കാവ്, തിരുവമ്പാടി  ആരോഗ്യകരമായ മത്സരത്തിന്റെ രീതിയും ഘടകപൂരങ്ങളുടെ പങ്കാളിത്തവും പൂരത്തിന്റെ മാറ്റ് കൂട്ടുന്നു.

പൂരത്തെ കേവലം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആചാരത്തിനപ്പുറം വിശാലമായ പല മാനങ്ങളും അതിനുണ്ടാകുന്നത് വാണിജ്യ, മതസൗഹാർദ സാധ്യതകൾ കൂടെ അതിലേക്ക് കടന്നുവരുന്നതിനാൽ കൂടെയാണ്. ആദ്യ ഉത്സവം നടന്ന കാലത്ത് മുതൽ ക്രിസ്ത്യൻ വിഭാഗങ്ങളുടെ സഹകരണം ഉണ്ടായിരുന്നു എന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.  ആധുനിക തൃശ്ശൂരിന്റെ ശില്പിയെന്നറിയപ്പെടുന്ന ശക്തൻ തമ്പുരാൻ ധാരാളം ക്രിസ്ത്യൻ മതവിശ്വാസികളെ  തൃശ്ശൂരിൽ കൊണ്ടുവന്ന് വ്യാപാരകേന്ദ്രങ്ങൾ തുറപ്പിച്ചിരുന്നു. അക്കാലത്തെ പ്രസിദ്ധനായ അരണാട്ടുകര തരകൻ തൃശ്ശൂർ പൂരത്തിനു സാമ്പത്തിക സഹായം നൽകിയതായി സൂചനകൾ ഉണ്ട്. ഇന്നും പൂരത്തിന്റെ ചടങ്ങുകൾ ആരംഭിക്കുമ്പോൾ ഇരു ദേവസ്വങ്ങളിലും ബിഷപ്പ് ഹൗസിൽ നിന്ന് ബിഷപ്പ് സന്ദർശനത്തിനെത്തി ആശംസയും പ്രാർഥനകളും അർപ്പിക്കുന്നുണ്ട്. വെടിക്കെട്ടിനും പന്തലുപണികൾക്കും ആനച്ചമയങ്ങൾക്കും ഉൾപ്പെടെ പലതിനും ജാതിമതവ്യത്യാസങ്ങൾ ഇല്ലാതെ ഒരുമനസ്സോടെ ആളുകൾ ഒന്നിക്കുന്നു. 

ഓരോ പൂരവും നാളെയുടെ ഓർമകളിലേക്ക്  ഒരുപാട് കാര്യങ്ങളെ സംഭാവന ചെയ്യുന്നു. ചിലതെല്ലാം ഇനിയൊരു കാഴ്ചയ്ക്കോ കേൾവിക്കോ സാധ്യതയില്ലാത്തവിധം അന്യമായി മാറുന്നതുമുണ്ട്. കഴിഞ്ഞ പൂരം വരെ നിറഞ്ഞുനിന്ന രണ്ടു പേരുടെ വിയോഗം അതിനൊരു ഉദാഹരണമാണ്. പതിറ്റാണ്ടുകളായി തൃശ്ശൂർ പൂരത്തിൽ നിറഞ്ഞു നിന്നിരുന്ന അടുപ്പക്കാർ ആന ഡേവീസേട്ടൻ എന്ന് വിളിച്ചിരുന്ന  ഡേവീസ് ചിറ്റിലപ്പള്ളിയുടെ വിയോഗം. മറ്റൊന്ന് അകാലത്തിൽ പൊലിഞ്ഞ  അടിയാട്ട് അയ്യപ്പൻ എന്ന ഗജകേസരിയും. ഡേവീസേട്ടൻ തൃശ്ശൂർ പൂരത്തിന്റെ ആനകളുടെയും പാപ്പാന്മാരുടെയും കാര്യങ്ങളിൽ അതി ശ്രദ്ധാലുവായിരുന്നു. കൊമ്പൻ മീശയ്ക്ക് കീഴെ നിറഞ്ഞ ചിരിയുമായി  ആത്മാർഥതയോടെ അദ്ദേഹം പൂരവുമായി ബന്ധപ്പെട്ട  വിവിധ  കാര്യങ്ങൾക്കായി ഓടിനടന്നു.

സ്വന്തം ആനയ്ക്ക് പേരിനൊപ്പം തിരുവമ്പാടി എന്നു ചേർത്ത്  അവനെപ്പോലെ മറ്റാനകളെയും കണ്ടു. ഇത്തവണത്തെപ്പോലെ അടുത്ത വർഷവും പൂരം ഉഷാറാക്കാമെന്ന് പറഞ്ഞു കൈകൊടുത്ത് പിരിഞ്ഞവർക്കിടയിലേക്ക് ഒരുമടക്കമില്ലാതെ തൃശ്ശൂർ റൗണ്ടിൽ നിന്നും ആനകളുടെ ഇടയിൽ നിന്നും  കാലത്തിന്റെ ഏതോ  ഇടവഴിയിലേക്ക് അദ്ദേഹം ഏകനായി നടന്നുപോയി. 

യൗവ്വനകാന്തിയിലേക്ക് കാലെടുത്തു വെച്ചപ്പോഴേക്കും പൊലിഞ്ഞ നക്ഷത്രമാണ് ഡോ. ടി.എ. സുന്ദർ മേനോന്റെ അടിയാട്ട് അയ്യപ്പൻ. ഭാവിയിൽ തൃശ്ശൂർ പൂരത്തിൽ തിടമ്പേറ്റാൻ ജനിച്ചവൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗജകുമാരൻ.  അനേകം ഗജവീരന്മാർ അണിനിരക്കുന്ന പൂരത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന വിധം അഴകൊത്തവനായിരുന്നു അയ്യപ്പൻ. വീണെടുത്ത കൊമ്പും ഉയർന്നതും വിരിവുള്ളതുമായ മസ്തകവും നല്ല കറുപ്പു നിറവുമാർന്ന് പാമ്പാടി രാജന്റെയും തിരുവമ്പാടി ശിവസുന്ദറിന്റെയും ശ്രേണിയിൽ ലക്ഷണത്തികവിന്റെ മകുടോദാഹരണമായി വിരാജിച്ച അവൻ ഡിസംബറിൽ എരണ്ടക്കെട്ട് മൂലം വിടപറഞ്ഞു. പൂരപ്രേമികളായ മുഴുവൻ  പ്രവാസികൾക്കും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും.  ആനകൾ പ്രദർശനത്തിനായി വന്നു നിരന്ന്  നിൽക്കുമ്പോൾ,   ഘടകപൂരങ്ങൾ  വടക്കുംനാഥനിലെത്തുമ്പോൾ ഇരുവരെയും അറിയുന്ന ഓരോ പൂരപ്രേമിയുടെയും മനസ്സിൽ ആ വിയോഗങ്ങൾ വരുത്തിയ ശൂന്യത ഒരു നിമിഷമെങ്കിലും കടന്നു വരും.

കാലത്തിന്റെ തിരശ്ശീലയിൽ മറഞ്ഞ ആ  കാഴ്ചകളെയും ചിരിയെയും  മാറ്റിവച്ച് വീണ്ടും പൂരത്തിന്റെ ലഹരിയിലേക്ക് മനസ്സ് മടങ്ങും. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഒരു നിമിഷം കണ്ണടച്ചാൽ പൂരക്കമ്പക്കാരായ പ്രവാസിയുടെ  മനസ്സ്  പൂരത്തിന്റെ ബഹളങ്ങളിലേക്ക് എത്തും. അതിൽ സ്വയം അലിയും. പൂരലഹരിയിൽ  മനസ്സിൽ പൂരം പൂത്തുലയും  അറിയാതെ ഒരു നിമിഷം ആർപ്പുവിളികൾ ഉയരും. ഒപ്പം അടുത്ത പൂരത്തിന് എന്തായാലും നാട്ടിൽ പോകണമെന്ന് പറയും.