ഷാർജയിലെ പ്രധാനപട്ടണമായ റോളയിൽ ഉത്സവപ്രതീതിയാണ്. സ്വദേശികളും വിദേശികളുമൊരുപോലെ ഉത്സവക്കാഴ്ച ആസ്വദിക്കാനായി ഇവിടേക്കൊഴുകുന്നു. അറേബ്യൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ അതിന്റെ പഴമയും പ്രാധാന്യവും ഒട്ടും ചോർന്നുപോകാതെ വരുംതലമുറയ്ക്ക് കാത്തുസൂക്ഷിക്കുന്ന ഒരു ജനതയുടെ ആത്മാർപ്പണം ഇവിടെ കാണാം. റോള കോർണീഷിലെ പൈതൃകയിടമായ 'ഹാർട്ട് ഓഫ് ഷാർജ'യിലാണ് പരമ്പരാഗതരീതിയിൽ പൈതൃകോത്സവം അരങ്ങേറുന്നത്.

ഈ മാസം നാലിന് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്ത 15-ാമത് പൈതൃകോത്സവം ശനിയാഴ്ച സമാപിക്കും.
'പൈതൃകം ഘടനയും സൂചനയും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ പൈതൃകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഷാർജ പൈതൃകോത്സവം വീക്ഷിക്കാനായെത്തുന്നവരുടെ വലിയ തിരക്കാണിവിടെ. മേളയുടെ ആദ്യവാരത്തിൽമാത്രം ഒന്നേകാൽ ലക്ഷം സന്ദർശകർ എത്തി. സ്കൂൾ, കോളേജ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുജനങ്ങളും എത്തുന്ന മേള ഷാർജയുടെ സാംസ്കാരികതലസ്ഥാനമെന്ന ഖ്യാതി ആവർത്തിച്ച് വ്യക്തമാക്കുന്നു. 31 രാജ്യങ്ങളിൽനിന്നുള്ള കാഴ്ചകളും സാംസ്കാരികാഘോഷങ്ങളും ഉത്‌പന്നങ്ങളുടെ പ്രദർശനവുമാണ് ഇവിടെ നടക്കുന്നത്. 

ഷാർജയുടെ മാത്രമല്ല യു.എ.ഇ.യുടെ പരമ്പരാഗത സാംസ്കാരികചരിത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ ഷാർജ സർക്കാർ നടത്തുന്ന ശ്രമങ്ങളാണ് എല്ലാവർഷവും പൈതൃകോത്സവത്തിലൂടെ സാധ്യമാക്കുന്നത്. 
ഷാർജ പോലീസ്, എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയ അതോറിറ്റി, ഷാർജ യൂണിയൻ കോർപ്പറേഷൻ, സുപ്രീം കൗൺസിൽ ഓഫ് ഫാമിലി അഫയേഴ്‌സ്, സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെകൂടി സഹകരണത്തിലാണ് അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന ഷാർജ പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. ഷാർജയുടെ കിഴക്കൻ പ്രദേശങ്ങളിലും അനുബന്ധമായി ആഘോഷങ്ങൾ നടക്കുന്നു. 

ഒരുകാലത്ത് നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന 'കൊട്ട' യും 'ചട്ടി'യും 'വട്ട' യും 'വല' യും 'മാല' യുമെല്ലാം ഷാർജയിൽ പ്രദർശിപ്പിക്കുന്നു. പഴയകാലത്തെ ഗ്രാമീണവും നാഗരികവുമായ ഉത്‌പന്നങ്ങളും വസ്ത്രങ്ങളും ഇവിടെയുണ്ട്.  5,000വർഷത്തിലധികം ചരിത്ര പാരമ്പര്യമുള്ള ഷാർജയുടെ പാരമ്പര്യസംസ്കാരം പൈതൃകോത്സവനഗരിയിൽ പുനരാവിഷ്കരിച്ചിരിക്കുന്നു. മീൻപിടിച്ചും ആഴങ്ങളിൽനിന്ന്‌ മുത്തുവാരിയും പ്രതികൂല കാലാവസ്ഥയെപ്പോലും അതിജീവിച്ച് ഒരു ജനത നടത്തിയ ജീവിക്കാനുള്ള പോരാട്ടം ചിത്രങ്ങളായും പ്രതീകങ്ങളായും സന്ദർശകരുടെ കാഴ്ചകളിൽ സ്ഥാനംപിടിക്കുന്നു. ചുട്ടുപഴുത്ത മരുഭൂമിയിലൂടെ ഒട്ടകപ്പുറത്തേറി പഴയകാല കച്ചവടസംഘങ്ങൾ നടത്തിയ യാത്രകളെ ഓർമിപ്പിക്കും വിധത്തിൽ നിരവധി ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ആദ്യകാലങ്ങളിൽ  ഷാർജയിൽ കച്ചവടത്തിനെത്തിയത് കൂടുതലും ഒമാനികളും ഇറാനികളും ഇറാഖികളുമാണ്. ഇന്നും റോളയടക്കമുള്ള പ്രധാന പട്ടണങ്ങളിൽ ഈ രാജ്യക്കാരുടെ കൊടുക്കൽ വാങ്ങലുകൾ അന്നത്തെ കച്ചവടം ഓർമിപ്പിക്കുന്നു. ഷാർജ പൈതൃകമേളയിലും അക്കാലത്തെ കച്ചവടങ്ങളും വിനിമയങ്ങളും പുലർത്തിയ സത്യം ജനങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. 

വിശാലമായ ആഴക്കടലും മീൻ പിടിക്കാനുപയോഗിച്ച വലയും പ്രാചീനജനതയുടെ കായികശേഷിയുടെ കൈത്തഴമ്പും പൈതൃകോത്സവനഗരിയിലെ ചിത്രങ്ങൾക്കുള്ള പ്രധാന വിഷയമാണ്. മാലിദ്വീപിൽനിന്നുള്ള ഹുസ്സൈൻ ഇഹ്ഫൽ അഹമ്മദ് വരയ്ക്കുന്ന ചിത്രങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. 'കോഫി പെയിൻറിങ് ' എന്നപേരിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാപ്പിപ്പൊടി ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. യു.എ.ഇ. ഭരണാധികാരികളുടെയടക്കം ചിത്രങ്ങളാണ് ഇത്തരത്തിൽ ഹുസ്സൈൻ വരച്ചിട്ടുള്ളത്. നിരന്തരം ചിത്രങ്ങൾ വരച്ചുകൊണ്ടേയിരിക്കുന്ന അദ്ദേഹം പൈതൃകോത്സവനഗരിയിലെ വേറിട്ട കാഴ്ചയാണ്. 400 മുതൽ 500 വരെ  ദിർഹമാണ് ഹുസൈന്റെ ചിത്രങ്ങളുടെ വില. 

യു.എ.ഇ. രാജവംശത്തിന്റെ ചരിത്രവും പാരമ്പര്യവും വികസനോന്മുഖ കാഴ്ചപ്പാടുകളും ഉൾക്കൊള്ളുന്ന നിരവധി ചിത്രപ്രദർശനങ്ങളും ഇവിടെയുണ്ട്. കൊറിയൻ കലാകാരന്മാരുടെ കലാപ്രകടനങ്ങളും അറേബ്യൻ പരമ്പരാഗതനൃത്തങ്ങളും ഗാനങ്ങളും കാണാനായി വലിയ തിരക്കനുഭവപ്പെടുന്നു. വിവിധ രാജ്യക്കാരുടെ ഭക്ഷണങ്ങളുടെ വലിയ നിരതന്നെ മേളയിൽ കാണാം. എന്നാൽ യു.എ.ഇ.യുടെ ഭക്ഷണങ്ങൾക്കാണ് കൂടുതൽ പ്രിയം. നഗരിയിലുള്ള യു.എ.ഇ.യുടെ  പവലിയനുകളിലെത്തുന്ന  സന്ദർശകർക്ക് സൗജന്യമായി നൽകുന്ന 'ഗാവ' രാജ്യത്തിന്റെ നന്മനിറഞ്ഞ മനസ്സാണ് പ്രകടമാക്കുന്നത്.

 വ്യവസായവും കൃഷിയുമാണ് ഓരോ രാജ്യത്തിന്റെയും സമ്പദ്ഘടനയുടെ അടിസ്ഥാനം. യു.എ.ഇ.യുടെ കാർഷിക സംസ്കാരം വിളിച്ചോതുന്ന കൃഷിനിലങ്ങളും കന്നുകാലികളും ഭൂമിയുടെ നീരൊഴുക്കും അധ്വാനവുമെല്ലാം ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്. സൊമാലിയയിൽനിന്നുള്ള കാളക്കൂറ്റൻ സന്ദർശകരുടെ പ്രധാന ആകർഷണമാണ്. ഒട്ടകം, കുതിര, കഴുത, ദേശീയപക്ഷിയായ ഫാൽക്കൺ എന്നിവയെല്ലാം ഷാർജ പൈതൃകോത്സവത്തിൽ വിഹരിക്കുന്നത് പുതിയ അനുഭവമാണ്. ഒട്ടകത്തിന്റെയും കുതിരയുടെയും പുറത്തുകയറി സഞ്ചരിക്കാനും സൗകര്യമുണ്ട്.  മലയാളികളടക്കമുള്ള കുടുംബങ്ങൾ ഈ അപൂർവ അവസരം നന്നായി ഉപയോഗിക്കുന്നു. 
പ്രാചീനജനത അധിവസിച്ച ചെറിയ കൽവീടുകളും പ്രതീകാത്മകമായി ഇവിടെ നിർമിച്ചിട്ടുണ്ട്. വീടുകൾക്ക് മുന്നിലായി വിറകും കരിയും ഉപയോഗിച്ചുള്ള അടുപ്പും പഴയരീതിയിൽ നിർമിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഒരേപോലെ ഇത്തരം വീടുകളുടെ മുന്നിൽനിന്നും ഫോട്ടോ എടുക്കുന്നത് പ്രധാന വിനോദമാണ്. പണ്ടുകാലത്ത് ചരക്കുകൾ ദൂരദേശങ്ങളിലേക്ക് കൊണ്ടുപോകാനും അവിടങ്ങളിൽനിന്നും കൊണ്ടുവരാനായി ജലഗതാഗതമാണ് പ്രധാനമായും ഉപയോഗിച്ചത്.  അത്തരം വിനിമയങ്ങളെ ഓർമിപ്പിച്ചുകൊണ്ട് പഴയകാല ഉരുക്കളും നഗരിയിൽ പ്രദർശിപ്പിക്കുന്നു. 

കുട്ടികൾക്കുള്ള വിനോദോപാധികൾക്ക് പുറമെ 'ഹൊറർ ഹൗസ്' ഇവിടുത്തെ പ്രത്യേകതയാണ്. പ്രത്യേകരീതിയിൽ കെട്ടിയുണ്ടാക്കിയ പൂർണമായും ഇരുട്ടുനിറഞ്ഞ മുറികൾക്ക് ചുറ്റും കറുത്ത തുണികളാൽ ആവരണം ചെയ്തിരിക്കുന്നു. പേടിപ്പെടുത്തുന്ന ശബ്ദങ്ങളും രൂപങ്ങളും ഈ മുറികൾക്കുള്ളിൽ കാണാം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പേടിപ്പെടുത്തുന്ന അനുഭവമാണിവിടെ.  പേടി തോന്നുന്നതും സുഖമുള്ള അനുഭവമാണെന്ന് ഇവിടുത്തെ തിരക്ക് ബോധ്യപ്പെടുത്തുന്നു. 
അറബ് വംശജർ ഉപയോഗിച്ച തോക്കുകളടക്കമുള്ള ആയുധങ്ങളും യുദ്ധസാമഗ്രികളും വേഷങ്ങളും അക്കാലത്തെ നാണയങ്ങളുമെല്ലാം പുതിയതലമുറ ആശ്ചര്യത്തോടെയാണ് വീക്ഷിക്കുന്നത്.  ഷാർജയുടെ പൗരാണിക കോട്ടകളും കെട്ടിടങ്ങളും പുരാവശിഷ്ടങ്ങളും യാഥാർഥ്യമെന്ന് തോന്നിപ്പിക്കും വിധത്തിൽ  പുനരാവിഷ്കരിച്ചിരിക്കുന്നു. ഗ്രാമഫോണുകളും പാട്ടുപെട്ടികളും വീട്ടുപകരണങ്ങളും ആഭരണങ്ങളുമെല്ലാം ഇവിടെ പരിചയപ്പെടുത്തുന്നു. 

യു.എ.ഇ. സന്ദർശിക്കാനെത്തിയ മലയാളികളടക്കമുള്ള കുടുംബങ്ങൾ ഏറെ അതിശയത്തോടെയാണ് ഉത്സവം കണ്ട് തിരിച്ചുപോകുന്നത്. അന്യംനിന്നുപോകുന്ന കാഴ്ചകളെ പുനരാവിഷ്കരിക്കുന്നതിലൂടെ ഷാർജ എന്നും അറബ് നാടുകളെയും വിദേശരാജ്യങ്ങളെയും വിസ്മയിപ്പിച്ചിട്ടുണ്ട്.  സാംസ്കാരികാഘോഷങ്ങളിൽ മാത്രമല്ല പുത്തൻ വിനോദസഞ്ചാരമേഖലയിലും വികസനത്തിലും വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. എല്ലാ മേഖലകളിലും പരിഷ്കാരം വർധിക്കുമ്പോഴും പഴയകാലം തിരിച്ചുപിടിക്കാനുള്ള വെമ്പൽ ഭരണാധികാരികൾ പ്രകടമാക്കുന്നു.