മുപ്പത് വർഷംമുമ്പ് ഈ മരുഭൂമിയിലെത്തുമ്പോൾ ആ യുവാവിന്റെ കൈമുതൽ തളരാതെ അധ്വാനിക്കാനാവുമെന്ന ആത്മവിശ്വാസവും എന്തിനും മുന്നിട്ടിറങ്ങാനുള്ള ഉത്സാഹവും മാത്രമായിരുന്നു. ആ ആത്മവിശ്വാസമാണ് ഇന്ന് ആയിരങ്ങൾക്ക് തൊഴിൽ നൽകുന്ന ആസാഗ്രൂപ്പിന്റെ സാരഥിയായ സാലിഹ് സി.പി. എന്ന തൃശ്ശൂർ വലപ്പാട് സ്വദേശിയുടെ വിജയരഹസ്യം. 

മുഖത്ത് സദാവിരിയുന്ന പുഞ്ചിരിയും ഉത്സാഹവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന സാലിഹിന്റെ ആസാഗ്രൂപ്പിനാകട്ടെ ഇത് രജതജൂബിലി വർഷവും. യു.എ.ഇ. യിലെ ഏറ്റവും പ്രശസ്തരായ ഡെവലപ്പർമാരായ  ഇമാർ ഗ്രൂപ്പിലെ ഇമാർ ഇന്റസ്ട്രീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സുമായുള്ള സഹകരണവും രജത ജൂബിലി വർഷത്തിൽ ആസാഗ്രൂപ്പിന് പുതിയമേഖലകൾ തുറന്നുകൊടുക്കുകയാണ്.

നിശ്ചിതശതമാനം ഓഹരികൾ വാങ്ങിക്കൊണ്ടാണ് ആസാഗ്രൂപ്പുമായുള്ള ഇമാർ ഇൻഡസ്ട്രീസ് ആൻഡ്‌ ഇൻവൈസ്റ്റ്‌മെന്റ്‌സിന്റെ പങ്കാളിത്തം. ഇത്തരത്തിൽ  അവർ സഹകരിക്കുന്ന യു.എ.ഇ. ആസ്ഥാനമായുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനിയാണ് ആസാ.  ഈ സഹകരണത്തിന്റെ ഔപചാരികമായ പ്രഖ്യാപനവും രജതജൂബിലി ആഘോഷവും ഏപ്രിൽ രണ്ടിന് ദുബായിലെ അറ്റ്‌ലാന്റിസ് ബാൾറൂമിൽ നടന്നപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരെല്ലാം സാക്ഷികളാകാൻ എത്തിയിരുന്നു. യു.എ.ഇ. യുടെ വികസനപാതയിൽ ഒരു മലയാളി രൂപപ്പെടുത്തിയെടുത്ത വിജയത്തിന്റെ ആഘോഷം കൂടിയായിരുന്നു അത്. 

വലപ്പാട്ടെ പൗരപ്രമുഖനായിരുന്ന ചന്ദനപ്പറമ്പ് തറവാട്ടിലെ സി.പി. മുഹമ്മദിന്റെ പതിനൊന്ന് മക്കളിൽ ഇളയവനായ സാലിഹ് മദ്രാസ് എ.എം. ജെയിൻ കോളേജിൽനിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ സർട്ടിഫിക്കറ്റുമായാണ് കർമണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത്. തുടക്കം ഒരു ട്രാവൽ ഏജൻസിയുമായിട്ടായിരുന്നു. വലപ്പാട് സ്വന്തമായി ഒരു ട്രാവൽ ഏജൻസി നടത്തിവരുമ്പോഴാണ് സഹോദരൻ അബൂബക്കർ ഗൾഫിലേക്ക് ക്ഷണിക്കുന്നത്. ജ്യേഷ്ഠന്റെ പ്രേരണയിൽ 1987-ൽ യു.എ.ഇ. യിലേക്കെത്തുമ്പോൾ എല്ലാവരെയുംപോലെ  വലിയ സ്വപ്നങ്ങളായിരുന്നു മനസ്സിൽ.

ഷാർജയിലെ ഡിട്ര എന്ന ഡിറ്റർജന്റ് ഫാക്ടറിയിലായിരുന്നു ആദ്യത്തെ ജോലി. തീർത്തും അപരിചിതമായ തൊഴിലിടമായിട്ടും പ്രതിബന്ധങ്ങളോട് പൊരുതി എട്ടുമാസത്തോളം അവിടെ നിന്നു. തുടർന്ന് അൽ ഹബ്തൂർ കമ്പനിയുടെ പബ്ലിക് റിലേഷൻസ് വിഭാഗത്തിലും സെയിൽസ് വിഭാഗത്തിലും പ്രവർത്തിച്ചു. 
ഇതിനിടയിലാണ് സഹോദരൻ കലാമിന്റെ ശുപാർശയിൽ ദുബായ് വിമാനത്താവളത്തിലെ റഷ്യൻ വിമാനക്കമ്പനിയായ ഏറോഫ്ളോട്ടിന്റെ കാർഗോ ഡിവിഷനിലേക്ക് എത്തുന്നത്. ശമ്പളമോ  ആനുകൂല്യങ്ങളോ  ഇല്ലാതെ ട്രെയിനിയായുള്ള പരിശീലനം.

കഠിനമായിരുന്ന നാലുമാസത്തെ ഈ പരിശീലനം പുതിയൊരു തൊഴിൽ മേഖലയെക്കുറിച്ചറിയാനുള്ള അനുഭവമായി.  ആ അനുഭവം നൽകിയ ഊർജമാണ് പുതിയ ലോകത്തിലേക്ക് ചുവടുവെക്കാൻ  സാലിഹിന് പ്രചോദനമായത്. 1992- ൽ ആസാ എന്ന ഒരു കാർഗോ കമ്പനി സാലിഹ് ഏറ്റെടുത്തു നടത്താൻ തുടങ്ങി. ഒരു ഒറ്റയാൾ പോരാട്ടം. ഉടമയും തൊഴിലാളിയും എല്ലാം ഒരാൾ തന്നെ. നേരത്തേ ഏറോഫ്ളോട്ടിൽ നിന്ന് ലഭിച്ച ചില ബന്ധങ്ങൾ കാർഗോ വ്യവസായത്തിന് കരുത്തായി. റഷ്യയിലേക്കുള്ള കാർഗോ ആയിരുന്നു പ്രധാനമായും ഏറ്റെടുത്തത്. ആഴ്ചയിൽ അമ്പത് ടൺ കാർഗോ വരെ ഇത്തരത്തിൽ സാലിഹ് അയച്ചുതുടങ്ങി. ഓരോ ചുവടും വിജയം കണ്ടതോടെ  ജീവിതം പച്ചപിടിച്ചുതുടങ്ങി. ലോകം തന്നെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നിത്തുടങ്ങിയ കാലമായിരുന്നു സാലിഹിന് അത്. 

മൂന്നുവർഷം കഴിഞ്ഞപ്പോൾ പുതിയൊരു മേഖലയിലേക്കായി കാൽവെപ്പ്. കൂട്ടുകാരനായ സഹീറിൽ നിന്നായിരുന്നു ആ ക്ഷണം. നിപ്പോൺ ടയോട്ടയുടെ ഇന്നത്തെ വൈസ് പ്രസിഡന്റായ സഹീർ അക്കാലത്ത് തുടങ്ങിവെച്ച നിർമാണ പദ്ധതി പൂർത്തിയാക്കാൻ സാലിഹിന്റെ സഹായം തേടിയതാണ് ആസയുടെയും സാലിഹിന്റെയും ജീവിതം മാറ്റിമറിക്കുന്നത്. ആ പദ്ധതി പൂർത്തിയാക്കാൻ സാലിഹിനെ അറിയുന്നവർ കൂടെ ചേർന്നു. 

അടിസ്ഥാനസൗകര്യ നിർമാണ മേഖലകളിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു അത്. നിർമാണ മേഖലയിൽ ആസാഗ്രൂപ്പ് അതോടെ സജീവമായി. നൂതനമായ യന്ത്രസാമഗ്രികളും നൂറുകണക്കിന്  തൊഴിലാളികളുമെല്ലാമുള്ള വലിയൊരു നിർമാണക്കമ്പനിയായി ആസാ വളരുകയായിരുന്നു. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സ്റ്റീൽ സ്ട്രക്ചർ ഇറക്‌ഷൻ, ഫാബ്രിക്കേഷൻ, ഡിസൈനിങ് എന്നിങ്ങനെ നിർമാണ രംഗവുമായി ബന്ധപ്പെട്ട എല്ലാ ശാഖകളിലും ആസാ ഗ്രൂപ്പ് വളർന്നു. മികച്ച സാങ്കേതിക വിദ്യകളും വിദദ്‌ധരും ഒന്നിച്ചുചേർന്നതോടെ സാലിഹ് സി.പി.യുടെ ആസാഗ്രൂപ്പ് എല്ലാ എമിറേറ്റുകളിലേക്കും പടർന്നുകയറി. അധികം വൈകാതെ യു.എ.ഇ യിലെ ഏതാണ്ടെല്ലാ ഔദ്യോഗിക ഏജൻസികളുടെയും അംഗീകാരവും ആസാ നേടി. ആധുനിക യു.എ.ഇ.യുടെ നിരവധി നിർമ്മാണ പദ്ധതികളിൽ ആസാഗ്രൂപ്പിന്റെയും കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അർമാനി ഹോട്ടൽ ബാൽക്കണി,  അബുദാബിയിലെ അൽദാർ ആസ്ഥാന മന്ദിരം, കോയിൻ ബിൽഡിങ്, ജബൽ അലി പവർ സ്റ്റേഷൻ, മെയ്ദാൻ, ദുബായ് ഐ തുടങ്ങി വൻകിട പദ്ധതികളുടെ നിര നീളുന്നു.
കാർഗോ കമ്പനിയുമായി നീങ്ങുമ്പോൾ സാലിഹ് മാത്രമായിരുന്നു ആസായുടെ മുഖം. വളർന്നുതുടങ്ങിയപ്പോൾ ജീവനക്കാരായി അഞ്ചുപേർ കൂടി ചേർന്നു. ഇന്ന് വിവിധ രാജ്യക്കാരായ ആയിരക്കണക്കിനാളുകൾക്കാണ് ആസാഗ്രൂപ്പ് പ്രത്യക്ഷമായും പരോക്ഷമായും ജോലി നൽകുന്നത്. നിർമാണ മേഖലയ്ക്ക് പുറമെ മറൈൻ സർവീസ്, ഷിപ്പിങ് ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ്, ടെക്‌നോളജി, ഫെസിലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ നിരവധി മേഖലകളിൽ ആസാ ഗ്രൂപ്പ് ഇന്ന് സജീവമാണ്. 

സുതാര്യതയും സമയബന്ധിതമായ പ്രവർത്തനവുമാണ് ആസാ ഗ്രൂപ്പിന്റെ വിജയരഹസ്യമെന്ന് സാലിഹ് പറയുന്നു. വിവിധ പദ്ധതികൾ സഫലമാക്കിയതിലൂടെ യു.എ.ഇ. സർക്കാർ തലത്തിലും ഉദ്യോഗസ്ഥർക്കിടയിലും സാലിഹ് സുപരിചിതനായി. ഭരണതലത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ഈ സൗഹൃദവും പ്രവർത്തനങ്ങൾക്ക് പ്രചോദനമായി.  അജ്മാൻ പോലീസ് ഡയറക്ടർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുള്ള അൽ നുഐമിയുടെ പ്രോൽസാഹനവും പിന്തുണയും സാലിഹ് എടുത്തുപറയുന്നു. 

നാട്ടിലെ ദാനശീലനും ജീവകാരുണ്യപ്രവർത്തകനുമായിരുന്ന പിതാവിന്റെ പാത പിന്തുടർന്ന് നിരവധി പ്രവർത്തനങ്ങൾക്ക് സാലിഹ് നേതൃത്വം നൽകുന്നുണ്ട്. നാട്ടിൽ ഭൂപരിഷ്കരണ നിയമം നടപ്പാവുന്നതിന് മുമ്പുതന്നെ നാൽപ്പതോളം ദരിദ്രകുടുംബങ്ങൾക്ക് പത്ത് സെന്റ് വീതം ഭൂമി നൽകിയ പിതാവിന്റെ ഓർമകളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് തനിക്ക് വഴികാട്ടുന്നതെന്ന് സാലിഹ് പറയുന്നു. പിതാവിന്റെ പേരിൽ സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൽ ട്രസ്റ്റ് രൂപവത്‌കരിച്ചാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. വരൾച്ചാക്കാലത്ത് നാട്ടിലെ നിരവധി വീട്ടുകാർക്ക് കുടിവെള്ളം എത്തിച്ചുകൊടുക്കുന്നത് എത്രയോ വർഷങ്ങളായി തുടരുന്നുണ്ട് ട്രസ്റ്റ്. 

അമ്മയ്ക്കൊരു കവിൾ കഞ്ഞി എന്ന പേരിൽ തൃശ്ശൂർ ജില്ലയിലെ 12 പഞ്ചായത്തുകളിലെ  അനാഥരായ അമ്മമാർക്ക് പ്രതിമാസ പെൻഷനും ഭക്ഷണവും വസ്ത്രവും നൽകിവരുന്നു. ടി.എൻ. പ്രതാപനും മോഹൻലാലുമെല്ലാം അംഗങ്ങളായ ഒരുമയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം. ട്രസ്റ്റിന്റെ പത്താം വാർഷിക വേളയിൽ മുന്നൂറു പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും ആയിരം രൂപ നൽകുന്ന പെൻഷൻ പദ്ധതിയും സാലിഹ് തുടങ്ങി. 

അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് വാർഷികാഘോഷത്തിൽ ഈ പദ്ധതി പ്രഖ്യാപിച്ചത്. മുടങ്ങാതെ ആ പദ്ധതി തുടരുന്നുണ്ട്. നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനായി വലപ്പാട് രണ്ട് സ്കൂളുകളും ഏറ്റെടുത്തു.  ഇതുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സാലിഹിന്റെ നേതൃത്വത്തിൽ നടക്കുന്നത്. 
തൃശ്ശൂർ ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ പ്രസിഡന്റായ സാലിഹ് നിരവധി  സാമൂഹിക സാംസ്കാരിക സംഘടനകളിൽ വിവിധ പദവികൾ വഹിക്കുന്നു. പ്രവർത്തനരംഗത്തെ മികവും ജീവകാരുണ്യ പ്രവർത്തനങ്ങളും നിരവധി പുരസ്കാരങ്ങൾക്കും അദ്ദേഹത്തെ അർഹനാക്കി. 

രാഷ്ട്രീയ നേതാവായിരുന്ന വി.കെ. സീതിയുടെ മകൾ രഹ്‌ന സീതിയാണ് ഭാര്യ. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ സാലിഹിനൊപ്പം രഹ്‌നയും നേതൃപരമായ പങ്ക് വഹിക്കുന്നു.  ഡോ. ഹിലാസ് സാലിഹ്, അഡ്വ. അൻഹർ, എൻജിനീയറിങ് വിദ്യാർഥികളായ സൻജിദ്, സഹൽ എന്നിവർ മക്കളാണ്.