പ്രവാസികൾക്ക് കൃഷി ആവേശവും ആഘോഷവുമാണ്. ശൈത്യകാലം ആരംഭിച്ചതോടെ അടുക്കളത്തോട്ടങ്ങളുണ്ടാക്കുന്ന തിരക്കിലാണ് പലരും. തോട്ടങ്ങൾ ഒരുക്കാൻ ചില ഓർമപ്പെടുത്തലുകൾ...
ഗൾഫ് രാജ്യങ്ങളിലെ ശൈത്യകാലകൃഷിക്ക് തുടക്കമായിക്കഴിഞ്ഞു. പ്രവാസത്തിൽ കൃഷിചെയ്യാൻ പരിമിതികൾ നിറയെ ഉണ്ടെങ്കിലും വില്ലകളിലും ഫ്ളാറ്റുകളിലും താമസിക്കുന്ന ഒട്ടുമിക്ക പ്രവാസി മലയാളികളും ഉള്ള സ്ഥലത്ത് ചെറിയരീതിയിലെങ്കിലും കൃഷിചെയ്യുന്നവരാണ്. നാട്ടിൽ ലഭിക്കുന്ന എല്ലാതരം കീടനാശിനികളോ വളങ്ങളോ ഇവിടെ ലഭിക്കില്ല. മണ്ണിനും വെള്ളത്തിനും നല്ല പണം ചെലവാകുമെന്നതിനാൽ കൃത്യമായ ആസൂത്രണത്തോടെയും അല്പം ശ്രദ്ധയോടെയും കൃഷിചെയ്താൽ ലാഭകരമാണെന്ന് മാത്രമല്ല, മികച്ച രീതിയിൽ വിളവെടുപ്പ് നടത്തുകയുംചെയ്യാം. കുറച്ച് ശ്രദ്ധയും അധ്വാനിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ വിഷമയമില്ലാത്ത പച്ചക്കറികൾ കഴിച്ച് പ്രവാസഭൂമിയിലും നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.

എങ്ങനെ കൃഷിത്തടമൊരുക്കാം ?
കൃഷി ആരംഭിക്കുന്നതിനുമുമ്പായി മണ്ണ് കിളച്ചിളക്കി നനച്ച് നിരപ്പാക്കി പോളിത്തീൻ ഷീറ്റ് വിരിക്കണം. 20 ദിവസം കഴിഞ്ഞ് ഷീറ്റുമാറ്റി സെൻറ് ഒന്നിന് രണ്ടുകിലോ കുമ്മായമോ ട്രെക്കോഡർമയോ ചേർത്തു കൊടുക്കണം. അതോടൊപ്പം ചാണകപ്പൊടി, ആട്ടിൻവളം, മീൻവളം, കോഴിവളം, കമ്പോസ്റ്റ് ഇവയിലേതെങ്കിലും ഒന്ന് അടിവളമായി ചേർക്കണം. സ്യൂഡോമോണസ്, കുറച്ച് വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവചേർത്താൽ വിളവുകൂടും. മണ്ണും മണലും കരിയിലയും ചാണകപ്പൊടിയും ഒരേ അനുപാതത്തിൽവേണം ചേർക്കാൻ.

വിത്തിടുമ്പോൾ ശ്രദ്ധിക്കുക
രോഗപ്രതിരോധശക്തിയുള്ള നല്ലയിനം വിത്തുകൾ തിരഞ്ഞെടുക്കണം. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താകണം കൃഷിചെയ്യേണ്ടത്. പോട്ടിങ് മിശ്രിതത്തിൽ വിത്തിട്ടും മുളപ്പിക്കാം. മണ്ണിൽ നേരിട്ടാണ് വിത്തിടുന്നതെങ്കിൽ ചാലുകീറിവേണം വിത്തിടാൻ. വിത്ത് മുളച്ചുവരുമ്പോൾ കരിയില, പച്ചയില തുടങ്ങിയ ജൈവ അവശിഷ്ടങ്ങൾ കൊണ്ട് പുതയിടണം. ആര്യവേപ്പിൻ ഇല, മുരിങ്ങയില എന്നിവയെല്ലാം ഗൾഫ് രാജ്യങ്ങളിൽ സുലഭമാണ്. ഇത്തരം ജൈവാവിശിഷ്ടങ്ങളുടെ ഉപയോഗത്തിലൂടെ കീടശല്യം കുറയ്ക്കാനും മണ്ണ് ഫലഭൂയിഷ്ഠമാക്കാനും കഴിയും. ഒരുദിവസം മുഴുവൻ സ്യൂഡോമോണസ് ലായനിൽ മുക്കിവെച്ചശേഷമാകണം വിത്തിടാൻ. വിത്തുമുളച്ച് തൈ ആയിക്കഴിഞ്ഞ് പറിച്ചുനടുമ്പോഴും ഈ ലായനിയിൽ അരമണിക്കൂർ മുക്കിവെച്ചശേഷം നട്ടാൽ ചെടികൾക്ക് രോഗപ്രതിരോധശേഷി വർധിക്കും.

ചെടി വളരുമ്പോൾ
ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ ഫിഷ് അമിനോ ആസിഡ്, മുട്ട അമിനോ ആസിഡ്, പിണ്ണാക്കും ചാണകപ്പൊടിയും ചേർത്ത് പുളിപ്പിച്ച ലായനി, ചാണകപ്പൊടി, ചാരം, കോഴിവളം എന്നിവയെല്ലാം മാറിമാറി ഏഴുമുതൽ പത്തുവരെയുള്ള ദിവസങ്ങളിൽ മണ്ണിൽ ഇട്ടുകൊടുക്കണം. ചൂടുസമയത്ത് രണ്ടുനേരവും തണുപ്പുസമയങ്ങളിൽ ഒരു നേരവും നനച്ചുകൊടുക്കണം. പത്തുദിവസത്തിൽ ഒരിക്കൽ കീടനാശിനികൾ ഉപയോഗിക്കണം. എല്ലാദിവസവും കൃഷിയിടം സന്ദർശിച്ച് കീടബാധയുണ്ടോയെന്ന് നിരീക്ഷിക്കണം. കീടബാധയുണ്ടെങ്കിൽ അവയെ വേഗം നശിപ്പിച്ചുകളയണം.

***************************
വീട്ടിലുണ്ടാക്കാം ഈ വളങ്ങൾ
1. കൃഷിയിടത്തിൽ വളരുന്ന കളകൾ പറിച്ച് ഒരു വലിയ ബക്കറ്റിൽ ഇടണം. അഞ്ചുകിലോ കളയിലേക്ക് 40 ഗ്രാം ശർക്കര, 40 ഗ്രാം ഉപ്പ്, 40 ഗ്രാം പുളി എന്നിവ കൂട്ടിക്കലർത്തി 25 ലിറ്റർ വെള്ളത്തിൽ ഇട്ടുവെക്കണം. പതിനഞ്ചുദിവസം കഴിഞ്ഞ് ഈ മിശ്രിതം ചെടികൾക്ക് ഒഴിച്ചുകൊടുക്കാം. കളവളമെന്നാണ് ഇതറിയപ്പെടുന്നത്.
2. 250 ഗ്രാം മുരിങ്ങയില വീതം ഓരോ ചെടിയുടെ ചുവട്ടിലും ഇട്ടുകൊടുക്കണം.
3. ഒരു ബക്കറ്റിൽ കളകളും ചാണകപ്പൊടിയും വെള്ളവും ചേർത്ത മിശ്രിതം എടുത്തുവെക്കുക. മൂന്നുദിവസം കഴിയുമ്പോൾ ഇരട്ടിവെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ചുകൊടുക്കാം.
4. കരിയിലകളും കമ്പുകളും കത്തിച്ച് ചാരം എടുത്ത് ഇടയ്ക്കിടെ വിതറിക്കൊടുക്കണം.
5. മുട്ടത്തൊണ്ടും ചായച്ചണ്ടിയും ഉണക്കിപ്പൊടിച്ച് വെയ്ക്കണം. അതിൽനിന്ന് ഒരു പിടിയെടുത്ത് ചെടികളുടെ വേര് അകലത്തിൽ ഇട്ട് നനച്ചുകൊടുക്കണം.

പ്രധാന വളങ്ങൾ തയ്യാറാക്കുന്ന വിധം

1.കടലപ്പിണ്ണാക്ക് സ്ലറി:
ഒരുകിലോ കടലപ്പിണ്ണാക്ക്, ഒരുകിലോ ചാണകപ്പൊടി, ഒരുകിലോ എല്ലുപൊടി, അരക്കിലോ വേപ്പിൻപിണ്ണാക്ക്, രണ്ടുപിടി ചാരം എന്നിവയെല്ലാം യോജിപ്പിച്ച് പത്തുലിറ്റർ വെള്ളത്തിലിട്ട് ഇളക്കി അഞ്ചുദിവസം വെക്കണം. പിന്നീട് പത്തുലിറ്റർ വെള്ളവും കൂടി ചേർക്കണം. ഒരു കപ്പുവീതം ഇടയ്ക്ക് ചെടികളുടെ ചുവട്ടിലേക്ക് ഒഴിച്ചുകൊടുക്കണം.

2. ഫിഷ് അമിനോ ആസിഡ്
ഒരുകിലോ ശർക്കര പൊടിക്കുക. ഒരുകിലോ മത്തി മുറിച്ചെടുക്കുക. വാവട്ടമുള്ള ഒരു കുപ്പിയിലേക്ക് ആദ്യം ശർക്കര പൊടിച്ചത് വിതറുക. ഇതിന് മുകളിലേക്ക് മുറിച്ച മത്തിയടുക്കുക. ഇങ്ങനെ ലെയറായി കുപ്പി മുഴുവനും നിറയ്ക്കുക. വായുസഞ്ചാരമില്ലാതെ നന്നായി അടച്ച് 21 ദിവസം കഴിയുമ്പോൾ ഒന്നിളക്കിയശേഷം വീണ്ടും പത്തുദിവസം അടച്ചുവെക്കണം. പിന്നീട് അരിച്ചെടുത്ത് സൂക്ഷിക്കുക. ഒരുലിറ്റർ വെള്ളത്തിൽ നാല് മില്ലി ലായനി ചേർത്ത് ചെടികളുടെ ചുവട്ടിലും മൂന്നു മില്ലി ലായനി വെള്ളത്തിൽ ചേർത്ത് ഇലകളിലും ചെടി മുഴുവനായും സ്‌പ്രേ ചെയ്യണം.
കൃഷി തുടങ്ങുന്നതിനും ഒരുമാസംമുൻപേ വളം തയ്യാറാക്കണം. പത്തുദിവസത്തിൽ ഒരിക്കൽ ഉപയോഗിക്കണം. പൂവിടാനും കായ് വളരാനും ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഏറെ ഫലപ്രദമാണിത്.

2. ഇ.എം. ലായനി
പപ്പായ, മത്തൻ, ഏത്തപ്പഴം എന്നിവ 250 ഗ്രാം വീതം, 250 ഗ്രാം പയറുപൊടി അല്ലെങ്കിൽ ഉഴുന്നുപൊടി, 250 ഗ്രാം ശർക്കര, മൂന്ന് മുട്ട, ഒരു ലിറ്റർ വെള്ളം ഇത്രയുമാണ് വളം തയ്യാറാക്കാൻ വേണ്ടത്. ഒരു ലിറ്റർ വെള്ളത്തിൽ ശർക്കര ലയിപ്പിക്കണം. ഇതിലേക്ക് പയറുപൊടി ചേർത്ത് ഇളക്കണം. ചെറുതായി അരിഞ്ഞ മത്തനും പഴവും പപ്പായയും കൂടി ചേർക്കുക. ഈ മിശ്രിതം കുപ്പിയിലാക്കി ഇളക്കിവെക്കണം. ഇതിലേക്ക് മൂന്ന് കോഴിമുട്ട പൊട്ടിച്ച് ഒഴിക്കണം. പിന്നീട് ഇളക്കരുത്. 20 ദിവസത്തിനുശേഷം മിശ്രിതം അരിച്ചെടുത്ത് സൂക്ഷിക്കണം.
ഒരു ലിറ്റർ വെള്ളത്തിൽ നൂറുമില്ലി ലായനി എന്ന അനുപാതത്തിൽ ചേർത്ത് മണ്ണിലേക്കുമാത്രം ഒഴിക്കണം. ഇതിനുശേഷം പുതയിട്ടാൽ മണ്ണ് വളക്കൂറുള്ളതാകും. ഈ മണ്ണിലേക്ക് വിത്തിട്ടാലും തൈ നട്ടാലും മികച്ച വിളവ് ലഭിക്കും.

3. മുട്ട അമിനോ ആസിഡ്
പതിനഞ്ച് കോഴിമുട്ട, ഒരു കിലോ ചെറുനാരങ്ങ, അരക്കിലോ ശർക്കര എന്നിവയാണ് ഇതിനാവശ്യം. ചെറുനാരങ്ങയുടെ നീരെടുത്ത് അതിലേക്ക് മുട്ട ഇടണം. 15 ദിവസം കഴിയുമ്പോൾ ശർക്കര പൊടിച്ചുചേർക്കണം. ഒരു ലിറ്ററിന് നാലുമില്ലി എന്ന അനുപാതത്തിൽ ചെടിക്ക് ഒഴിച്ചുകൊടുത്താൽ വേഗം പൂവിടും.

4. അടുക്കളമാലിന്യം
ഓരോ ചെടിയുടെ സമീപത്തും ചെടി നടുന്നതിനൊപ്പം ചെറിയ പ്ലാസ്റ്റിക് ബക്കറ്റോ പാത്രമോ അവയുടെ അടിഭാഗം മുറിച്ച് മണ്ണിൽ ഇറക്കിവെക്കണം. ഇതിലേക്ക് അന്നന്നത്തെ അടുക്കളമാലിന്യം നിക്ഷേപിക്കണം. പാത്രം മൂടിവെക്കണം. ചെടി നനയ്ക്കുമ്പോൾ ഈ പാത്രത്തിലേക്കുകൂടി വെള്ളമൊഴിക്കണം. ഈ വെള്ളം ചെടികളുടെ വേരിലെത്തി ചെടികൾക്ക് നല്ല വളമായി മാറും.

5.കടലപ്പിണ്ണാക്കും ചാണകപ്പൊടിയും
ഇവ രണ്ടും വെള്ളത്തിലിട്ട് പുളിപ്പിച്ച് വേര് അകലത്തിൽനിന്ന് മണ്ണുമാറ്റി ഒഴിക്കണം. ശേഷം മണ്ണുമൂടണം. ധാരാളം കായകളുണ്ടാകാൻ ഇത് ഫലപ്രദമാണ്. കോവൽ, പീച്ചി, കുമ്പളം, മത്തൻ എന്നിവയ്ക്ക് ഈ മിശ്രിതം ഒഴിച്ചുകൊടുത്താൽ പൂ കൊഴിയാതെ നിറയെ കായ്കളുണ്ടാകും. പഴകിയ കഞ്ഞിവെള്ളം ഇരട്ടിവെള്ളം ചേർത്ത് തടം നനയ്ക്കുകയും ചെടിയിൽ തളിക്കുകയുംചെയ്യണം. കേടായ പയർ, കടല എന്നിവ കളയാതെ പൊടിച്ച് വെള്ളത്തിൽ അലിയിച്ചും ഒഴിച്ചുകൊടുക്കാം.
ചെടി നടുന്ന ആദ്യ മാസത്തിൽ എൻ.പി.കെ. (ഗൾഫ് നാടുകളിൽ കിട്ടുന്ന വളമാണിത്) വിതറുന്നത് നല്ലതാണ്. ഇടയ്ക്കിടെ ന്യൂഡോമോണസ് ലായനി കലക്കി ചെടിയുടെ ചുവട്ടിലും ഇലകളിലും തളിക്കണം. രോഗം വന്ന ചെടികൾ കത്തിച്ചുകളയണം.

6. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം
250 ഗ്രാം വെളുത്തുള്ളിയും 100 ഗ്രാം കാന്താരി മുളകും (സാധാരണ പച്ചമുളകായാലും മതി) നന്നായി അരച്ച് ഒമ്പതുലിറ്റർ വെള്ളത്തിൽ കലക്കി അരിക്കണം. ഇതിലേക്ക് 60 ഗ്രാം ബാർസോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 250 മില്ലി വേപ്പെണ്ണ ചേർത്ത് നന്നായി പതച്ച് ഒഴിക്കണം. മിശ്രിതം നന്നായി പതച്ചശേഷം ചെടികളിൽ തളിക്കാം.
 

കീടങ്ങളെ പ്രതിരോധിക്കാം
കൃഷിയുടെ പ്രധാന ശത്രു വെള്ളീച്ചയാണ്. ഇതിനായി വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കണം. വേരിലെ മീലിമുട്ടകളെ പ്രതിരോധിക്കാനും ഈ മിശ്രിതം ഉപയോഗിക്കാം. തണ്ടുതുരപ്പൻ പുഴുക്കളെ പ്രതിരോധിക്കാൻ നൂറ് ഗ്രാം വീതം വെളുത്തുള്ളിയും കാന്താരി മുളകും പച്ച ഇഞ്ചിയും നന്നായി അരച്ച് അഞ്ച് ലിറ്റർ വെള്ളത്തിൽ കലക്കി പത്തിരട്ടി വെള്ളവും അല്പം കായവും ചേർത്ത് സ്പ്രേ ചെയ്യണം.
പുലർച്ചെ ചെടികളിൽ ചാരം വിതറുകയോ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം സ്‌പ്രേ ചെയ്യുന്നതും ഇലപ്പേനുകളെ പ്രതിരോധിക്കാൻ കഴിയും. ഇലകളിൽ ചിത്രം വരച്ചതു പോലെ കാണപ്പെടുന്ന ചിത്രകീടങ്ങളെ പ്രതിരോധിക്കാൻ മണ്ണിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കുകയോ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്യുകയോ വേണം. ചാഴികളെ പ്രതിരോധിക്കാൻ പുൽത്തൈലം നേർപ്പിച്ച് തളിക്കണം.
ഇലത്തീനി പുഴുക്കളെ പ്രതിരോധിക്കാൻ വേപ്പിൻ പിണ്ണാക്ക് അഞ്ഞൂറ് ഗ്രാമെടുത്ത് വെള്ളത്തിൽ കുതിർത്ത് പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷം ആ വെള്ളമെടുത്ത് ചെടികളിൽ സ്പ്രേ ചെയ്യണം. ഇഞ്ചിപ്പുല്ല് സത്ത്, ഇഞ്ചി സത്ത് എന്നിവ നേർപ്പിച്ച് ഇടയ്ക്കിടെ ഇലയുടെ അടിയിൽ സ്പ്രേ ചെയ്യുന്നത് പച്ചത്തുള്ളലിനെ പ്രതിരോധിക്കാൻ സഹായിക്കും. ഫിറമോൺ കെണി, നേരത്തെ പറഞ്ഞ പഴക്കെണി, കഞ്ഞിവെള്ള കെണി എന്നിവ പ്രയോഗിച്ചാൽ കുമ്പളം, വെള്ളരി, പടവലം എന്നിവയിലെ കായീച്ച ശല്യം പ്രതിരോധിക്കാം. തണ്ട് തുരപ്പനേയും പ്രതിരോധിക്കാം. കായ്‌കൾ പൊതിഞ്ഞ് സൂക്ഷിക്കണം.
ആര്യവേപ്പില അരച്ച് നേർപ്പിച്ച് ഒഴിച്ചാൽ പയറിന്റെ പൂവും കായും തുരക്കുന്ന പുഴുക്കളെ പ്രതിരോധിക്കാം. ചീരയുടെ ചുരുണ്ടിരിക്കുന്ന ഇലകൾ മുറിച്ചു മാറ്റി നശിപ്പിക്കണം. കഞ്ഞിവെള്ളം വെള്ളത്തിൽ നേർപ്പിച്ച് ഇലയുടെ അടിവശത്ത് ഒഴിക്കുന്നതും സ്‌പ്രെയർ ഉപയോഗിച്ച് ശക്തിയായി ഇലയുടെ അടിയിൽ വെള്ളം ഒഴിക്കുന്നതും ചിലന്തി ശല്യം ഒഴിവാക്കാം. ആര്യവേപ്പില പുതയിട്ടാൽ ഉറുമ്പ്, ചിതൽ, ഒച്ച് എന്നിവയെ പ്രതിരോധിക്കാം. മഞ്ഞൾപ്പൊടി, കാപ്പിപ്പൊടി, ഉപ്പ് എന്നിവയേതെങ്കിലും വിതറിയാലും മതി.
അരകിലോ പുകയില, നാലര ലിറ്റർ വെള്ളത്തിൽ കുതിർത്ത് വെച്ച ശേഷം ഇതിലേക്ക് 120 ഗ്രാം ബാർസോപ്പ് അര ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് ചേർക്കണം. ഏഴിരട്ടി വെള്ളം ചേർത്ത് ഈ പുകയില കഷായം തളിച്ചാൽ ഇലത്തീനിപുഴുക്കളേയും മൂഞ്ഞ, മീലി മുട്ട എന്നിവയേയും പ്രതിരോധിക്കാം. നൂറ് മില്ലി പുളിച്ച മോര് ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് തളിച്ചാൽ ഇലകുരുടിപ്പ് ഒഴിവാക്കാം. പയറിലെ മൂഞ്ഞകളെ പ്രതിരോധിക്കാൻ കഞ്ഞിവെള്ളത്തിൽ കലക്കി ചാരം തൂകിയാൽ മതിയാകും.


ഓർക്കാം
ചില നുറുങ്ങുകൾ

1.     ഇല മഞ്ഞ നിറമായാൽ 20 ഗ്രാം വെളുത്തുള്ളി ഒരു ലിറ്റർ വെള്ളത്തിൽ അരച്ച് തളിക്കുകയോ പഴത്തൊലി അരച്ച് വെള്ളം ചേർത്ത് നേർപ്പിച്ച് ചെടിയുടെ തടത്തിൽ ഒഴിക്കുകയോ ചെയ്യുക.
2.     വെയിലുള്ളിടത്താണ് വഴുതന നന്നായി കായ്ക്കുന്നത്. ചാണകവും ചാരവും ഇടയ്ക്ക് ഇട്ടുകൊടുക്കണം.
3.     കോവൽ കോതി കഴിഞ്ഞാൽ (കമ്പ് മുറിച്ചു കഴിയുമ്പോൾ) കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ചാൽ നിറയെ കായ് ഉണ്ടാകും.
4.     പയർ വിതച്ച മണ്ണിൽ ഉഴുന്നു ചേർക്കണം.
5.     കളകളെ വളരാൻ അനുവദിക്കണം. പിന്നീട് അവ പറിച്ച് പുതയിടണം. അതിന് മുകളിലേക്ക് ചാണകവും വിതറുക.
6.     കറിവേപ്പില നന്നായി വളരാൻ കേടുവന്ന പാലും തൈരും ഒഴിക്കാം. മുട്ടത്തോട് പൊടിച്ച് ചേർക്കുന്നതും എല്ലാ ദിവസവും പുളിച്ച കഞ്ഞിവെള്ളം ഇരട്ടി വെള്ളം ചേർത്ത് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്.
7.     കുമ്പളം, വെള്ളരി, മത്തൻ, പടവലം, പീച്ചിങ്ങ എന്നിവ നേരിട്ട് തടത്തിൽ വിത്തിടുക.
8.     ചീര, പച്ചമുളക്, വഴുതനങ്ങ, തക്കാളി എന്നിവ പാകിമുളപ്പിച്ച് പറിച്ച് നടണം. വൈകുന്നേരങ്ങളിലേ തൈകൾ പറിച്ചു നടാവൂ. രണ്ട് ദിവസത്തേക്ക് തണലും നൽകണം.
9.     കാപ്സിക്കം, കോളിഫ്ളവർ, കാബേജ്, ബ്രൊക്കോളി എന്നിവ നഴ്‌സറികളിൽ നിന്നു തൈ വാങ്ങി ഇപ്പോൾത്തന്നെ നടുന്നതാണ് നല്ലത്.

കീടങ്ങളെ തുരത്താൻ
1.     വിളകൾ മാറ്റിമാറ്റി കൃഷിചെയ്യുക.
2.     കൃത്യസമയത്ത് വിത്തുകൾ ഇടുക.
3.     മണ്ണിൽ കുമ്മായം ചേർക്കുക.
4.     റാഡിഷ്, ബീൻസ്, കാരറ്റ് എന്നിവയ്ക്കിടയിൽ ഉള്ളിയും വെളുത്തുള്ളിയും കൃഷി ചെയ്യുക.
5.     വെള്ളരിക്കിടയിൽ മുതിര വളർത്തുക.
6.     പയറിനൊപ്പം ചീര വളർത്തുക.
7.     തക്കാളിക്ക് ചുറ്റും ചോളം നടുക. ഇടയ്ക്കിടെ മുട്ടത്തോട് പൊടിച്ച് ഇടുക.
8.     വെണ്ട-വഴുതനങ്ങ എന്നിവയിലെ തണ്ടുതുരപ്പൻ പുഴുക്കളെ നശിപ്പിക്കാൻ തണ്ട് മുറിച്ചുകളയുക.
10.    പഴക്കെണി ഉപയോഗിക്കുക. പഴം നാല് കഷണമാക്കി അതിൽ വിഷം വെച്ച് വെള്ളരിത്തടത്തിൽ വെച്ചാൽ കായീച്ചകളെ നിയന്ത്രിക്കാം.
11.    ശർക്കരക്കെണി -പത്തുഗ്രാം ശർക്കര നനച്ച് ചിരട്ടയുടെ ഉൾഭാഗത്ത് തേക്കണം. ഇതിൽ വിഷം വെച്ചാൽ ഉറുമ്പുകൾ ചാകും.
12.    കഞ്ഞിവെള്ളക്കെണി- ചിരട്ടയിൽ പത്തുഗ്രാം ശർക്കര എടുത്ത് കഞ്ഞിവെള്ളത്തിൽ ലയിപ്പിച്ച് വിഷമിട്ടാൽ കായീച്ചകൾ നശിക്കും.
13.    കീഴാർനെല്ലി, കറ്റാർവാഴ, എരുക്കില, തഴുതാമ എന്നിവ അരച്ച് പത്തിരട്ടി വെള്ളത്തിൽ ലയിപ്പിച്ച് സ്‌പ്രേ ചെയ്യുക.