ആദ്യമായി നവരാത്രിപൂജ നടത്തിയത് ശ്രീരാമനാണെന്ന് വിശ്വസിക്കപ്പെടുന്നു. രാവണനെ വധിക്കാനുള്ള ശക്തിതേടി ഒമ്പതുദിവസം രാമൻ ദേവീപൂജ നടത്തി. 
പത്താം നാൾ  രാവണനെ വധിച്ചതിന്റെ ഓർമയ്ക്കുകൂടിയാണ്  വിജയദശമി കൊണ്ടാടുന്നത് എന്നും ഐതിഹ്യമുണ്ട്


നളചരിതം ആട്ടക്കഥയിൽ പ്രണയതാപം അനുഭവിക്കുന്ന ദമയന്തി തന്റെ  മാനസികാവസ്ഥ സഖിമാരോടു പങ്കുവെയ്ക്കുന്ന ഒരു ഭാഗമുണ്ട്:

‘ചലദളിഝങ്കാരം ചെവികളിലങ്ഗാരം, 
കോകിലകൂജിതങ്ങൾ കൊടിയ കർണശൂലങ്ങൾ, 
കുസുമസൗരഭം നാസാകുഹരസരസ്സൈരിഭം, 
അതിദുഃഖകാരണമിന്നാരാമസഞ്ചരണം’
     ആരാമസഞ്ചാരം അതിദുഃഖകരമാവുന്നതിന്റെ കാരണങ്ങളെക്കുറിച്ചു പറയുന്നതിനിടയിൽ പരാമർശിക്കുന്ന ഈ വരി ശ്രദ്ധിക്കൂ:  കുസുമസൗരഭം നാസാകുഹരസരസ്സൈരിഭം(പൂമണം നാസാദ്വാരമാകുന്ന പൊയ്കയിൽ  ഇറങ്ങിയ പോത്താകുന്നു). സുഗന്ധവും പോത്തും തമ്മിൽ ഒരു തരത്തിലും പൊരുത്തപ്പെടുത്താനാവുന്നതല്ലെങ്കിലും പൊരുത്തക്കേടിന്റെ അങ്ങേയറ്റത്തേക്ക്‌ ഈ പ്രയോഗം നമ്മെ നയിക്കുന്നുണ്ട്. നവരാത്രിയെക്കുറിച്ച് എഴുതാനിരുന്നപ്പോൾ ഈ പ്രയോഗം പെട്ടെന്ന് മനസ്സിലേയ്ക്കുവന്നത് ആ ആഘോഷത്തിന്റെ ഐതിഹ്യത്തിൽ അസാമാന്യനായൊരു പോത്തുള്ളതുകൊണ്ടാകാം. 
പ്രപഞ്ചത്തിലെ നന്മകളുടെ മുഴുവൻ സുഗന്ധവാഹകയായ ആദിമാതൃബിംബം എതിർപക്ഷത്ത് ഉള്ളതുകൊണ്ടുമാകാം. നവരാത്രിയെക്കുറിച്ചുള്ള പുണ്യസ്മൃതി ഈ മഹാപോത്തിന്റെ(മഹിഷാസുരന്റെ) കഥയിൽനിന്നുതന്നെ ആവട്ടെ.
ദനു എന്ന അസുരന്റെ മക്കളാണ് കരംഭനും രംഭനും. രണ്ടുപേർക്കും മക്കളില്ല. മക്കളെ ലഭിക്കാൻ രണ്ടാളും പഞ്ചനദത്തിലെ പുണ്യതീർഥത്തിൽ തപസ്സു തുടങ്ങി. കരംഭൻ വെള്ളത്തിൽ മുങ്ങിക്കിടന്നാണ് തപസ്സുചെയ്തത്. രംഭൻ പഞ്ചാഗ്നിമധ്യത്തിലും. അസുരതപസ്സിൽ അസൂയമൂത്ത ഇന്ദ്രൻ ഒരു മുതലയുടെ രൂപമെടുത്ത് വെള്ളത്തിനടിയിൽവച്ച് കരംഭനെ കൊന്നു. സഹോദരന്റെ ദുർമരണത്തെക്കുറിച്ചറിഞ്ഞ രംഭൻ സ്വന്തം ശിരസ്സ് അഗ്നിയിൽ ഹോമിക്കാൻ മുതിർന്നു. രംഭന്റെ കഠിനനിഷ്ഠ കണ്ട അഗ്നിദേവൻ എന്തു വരം വേണം എന്നന്വേഷിച്ചു. മൂന്നു ലോകങ്ങളും കീഴടക്കാൻ കഴിവുള്ള ഒരു പുത്രനെയാണ് രംഭൻ വരമായി ആവശ്യപ്പെട്ടത്. ദേവന്മാർക്കും അസുരന്മാർക്കും മനുഷ്യർക്കും അവനെ കൊല്ലാൻ കഴിയരുത്. എല്ലാവരും അവനെ ആരാധിക്കണം. ഇഷ്ടരൂപം ധരിക്കാൻ കഴിവുള്ളവനുമാകണം. രംഭൻ ആഗ്രഹിക്കുന്ന സ്ത്രീയിൽനിന്ന് അങ്ങനെയുള്ളൊരു പുത്രൻ ജനിക്കും  എന്ന വരം നൽകി അഗ്നി മറഞ്ഞു.
രംഭൻ നേരേ പോയത് യക്ഷപുരിയിലേക്കാണ്. അവിടെവെച്ച് ഒരു മഹിഷകന്യക (എരുമ)യെക്കണ്ട്  രംഭന് അവളോട് കാമംതോന്നി. അവൾക്ക് അവനോടും. ആ സുന്ദരിയായ എരുമയെ മറ്റു പോത്തുകളിൽനിന്നു രക്ഷിച്ച്  അവൻ പാതാളത്തിലെത്തി. പോത്തുകൾ അവിടെയുമെത്തി. എരുമ സുന്ദരിക്കുവേണ്ടി ഒരു കൂറ്റൻപോത്തുമായുള്ള പോരാട്ടത്തിൽ രംഭൻ കൊല്ലപ്പെട്ടു. പോത്തിനെ യക്ഷന്മാരും കൊന്നു. ഗർഭിണിയായിരുന്ന എരുമപ്പെണ്ണ് രംഭന്റെ ചിതയിലേയ്ക്കു ചാടി. ആ ചിതയിൽനിന്ന്‌ അവളുടെ പുത്രൻ ഉയിർക്കൊണ്ടു. മഹിഷാസുരൻ! കൂടെ രക്തബീജൻ എന്നപേരിൽ രംഭനും പുനർജനിച്ചു. മഹിഷാസുരനാകട്ടെ, ഒരു സ്ത്രീക്കുമാത്രമേ തന്നെ വധിക്കാൻ സാധിക്കൂ എന്ന വരം ബ്രഹ്മാവിൽനിന്ന് സമ്പാദിക്കുകയും ചെയ്തു. തന്നെ കൊല്ലാൻതക്ക ഒരു സ്ത്രീ ഉണ്ടാവുകയില്ലെന്നുതന്നെയായിരുന്നു മഹിഷാസുരന്റെ ഉറച്ചവിശ്വാസം.
മഹിഷാസുരൻ ആദ്യം ഭൂതലംമുഴുവൻ കീഴടക്കി. പിന്നെ ദേവലോകത്തിലേക്കു തിരിഞ്ഞു. നൂറുവർഷം നീണ്ട ദേവാസുരയുദ്ധത്തിനൊടുവിൽ മഹിഷാസുരൻ ദേവലോകം കീഴടക്കി. ത്രിമൂർത്തികൾക്കുപോലും ദേവന്മാരെ രക്ഷിക്കാനായില്ല. ദേവദാനവമർത്യകുലങ്ങളിൽ പിറന്ന ആണുങ്ങൾക്കൊന്നും അവനെ വധിക്കാനാവില്ല എന്നതായിരുന്നല്ലോ അഗ്നി നൽകിയിരുന്ന വരം. ത്രിമൂർത്തികളുടെ നേതൃത്വത്തിൽ വൈകുണ്ഠത്തിൽവെച്ച് മഹിഷാസുരനെ വധിക്കാൻ കഴിവുള്ള ഒരു വിശേഷസ്ത്രീയെ ജനിപ്പിക്കാൻ തീരുമാനമായി.
ബ്രഹ്മാവിന്റെമുഖത്തുനിന്ന് തേജസ്സിന്റെ ഒരു കണം ആവിർഭവിച്ചു. രക്തവർണത്തിൽ വികസിച്ച ആ രൂപത്തിലേക്ക്‌ ശിവനിൽനിന്ന് വെണ്മ നിറഞ്ഞ പ്രകാശവും വിഷ്ണുവിൽനിന്ന് നീലകാന്തിയും ആവേശിച്ചു. ഭയാനകമായി ആ രൂപംവളർന്നു.  ഇന്ദ്രൻ, വരുണൻ, യമൻ, അഗ്നി, കുബേരൻ തുടങ്ങിയ ദേവപ്രമുഖരൊക്കെ താന്താങ്ങളുടെ ചൈതന്യം ആ രൂപത്തിലേക്കു പ്രസരിപ്പിച്ചു. തമസ്സും രജസ്സും സത്വഗുണവും ഒത്തുചേർന്ന, വിസ്മയതേജസ്സുള്ള ഒരു സ്ത്രീയായി ആ രൂപം മാറി. പതിനെട്ടു കൈകൾ,
വെണ്മ തുടിക്കുന്ന മുഖം, നീലക്കണ്ണുകൾ, ചുരുണ്ടുനീണ്ട തലമുടി, ചുവന്ന കൈകൾ, ചോരനിറമാർന്ന കൈത്തലം, ദിവ്യാഭരണഭൂഷിത, ഐശ്വര്യദേവത... വിശ്വമോഹിനി...
പാൽക്കടലിൽനിന്ന് ചുവന്ന പട്ടുവസ്ത്രങ്ങളും മുത്തുമാലയും അവൾക്കു ലഭിച്ചു. വിശ്വകർമാവ് സൂര്യതേജസ്സാർന്ന ചൂഡാമണിയും കൈവളകളും തോൾവളയും രത്നപാദസരങ്ങളും രത്നമോതിരങ്ങളും മാലകളും നൽകി. വരുണൻ വാടാത്ത പൂമാല നൽകി. ഹിമവാൻ സിംഹത്തെ വാഹനമായി നൽകി. വിഷ്ണു ചക്രത്തിൽനിന്ന് ഒരംശവും ശിവൻ ശൂലത്തിന്റെ ശക്തിയും വരുണൻ വേലും വായു മേഘഗർജനം മുഴക്കുന്ന വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും സമ്മാനിച്ചു. ഇന്ദ്രൻ വജ്രായുധത്തിൽനിന്ന് പുതിയതൊന്ന് തീർത്തേകി. യമൻ കാലദണ്ഡുതന്നെ പകർന്നു. ഇനിയുമുണ്ട് അനേകം സമ്മാനങ്ങൾ. ദേവി സർവാഭരണഭൂഷിതയും സർവായുധസന്നദ്ധയും ആയി. സകല ലോകങ്ങളെയും പ്രകമ്പനം കൊള്ളിച്ച് ആ ശക്തിസ്വരൂപിണിയിൽനിന്ന് ഗംഭീരമായൊരു ചിരി മുഴങ്ങി. സിംഹത്തിന്റെ പുറത്തേറി മഹിഷാസുരനെത്തേടി ആ ശക്തിദുർഗ യാത്രയായി.
സർവലക്ഷണയുക്തയായ ആ സ്ത്രീയെക്കാണാൻ അവളെക്കുറിച്ചുള്ള വിവരണം കേട്ട മഹിഷാസുരന്റെ ചങ്കു പിടച്ചു. തന്റെ മന്ത്രിമുഖ്യന്മാരെയും സൈന്യത്തലവന്മാരെയും ഒക്കെ അയച്ച് സാമദാനഭേദദണ്ഡങ്ങളൊക്കെ പരീക്ഷിച്ച് ദേവിയെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ടു. ഒടുവിൽ നേരിട്ട് യുദ്ധത്തിനെത്തി. ഒമ്പതുദിവസം നീണ്ട ഘോരയുദ്ധത്തിനുശേഷം പത്താം ദിവസം ദുർഗ മഹിഷാസുരനെ വധിക്കുന്നു. ദശമി(പത്താംനാൾ) ദിവസത്തെ ഈ വിജയമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ദേവിയുടെ വിജയത്തിനായി ഒമ്പതുരാത്രിയും പകലും ദേവന്മാർ കഠിനവ്രതം അനുഷ്ഠിച്ചു. ദുർഗയെ നവ(ഒമ്പത്)ഭാവങ്ങളിൽ ദേവലോകം ധ്യാനിച്ചതിന്റെ സ്മൃതിയാണ് നവരാത്രിയായി ആഘോഷിക്കുന്നത്.  
ദുർഗയുടെ ഒമ്പതു രൂപങ്ങൾ  ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡാ, കുഷ്മാണ്ഡാ, സ്കന്ദമാതാ, കാർത്യായനി, കാളരാത്രി, മഹാഗൗരി,  സിദ്ധിധാത്രി  എന്നിവയാണ്. ഹിമവാന്റെ പുത്രിയായാണ് ആദ്യദിവസം ആരാധിക്കുന്നത്. രണ്ടാം ദിവസം പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ്. ബ്രഹ്മം തപംകൂടി ആയതിനാൽ താപസിയുടെ ഭാവവുമുണ്ട്. നെറ്റിയിൽ മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ള ചന്ദ്രഖണ്ഡഭാവത്തിലാണ് മൂന്നാം ദിവസത്തെ ആരാധന. കു, ഊഷ്മം, അണ്ഡം എന്നീ മൂന്നുപദങ്ങൾ ചേർന്ന കുശ്മാണ്ഡാഭാവത്തിൽ നാലാം ദിവസം ആരാധന നടക്കുന്നു. 'കു' കുറവും ഊഷ്മം ചൂടും അണ്ഡം ഭൗമികവും ആണ്. സ്കന്ദ (സുബ്രഹ്മണ്യൻ)ന്റെ മാതാവായി അഞ്ചാം ദിവസം വന്ദിക്കുന്നു. കതൻ  എന്ന മഹർഷിയുടെ പുത്രിയായി പിറവിയെടുത്തതിന്റെ സ്മൃതിയാണ് ആറാം ദിവസത്തെ കാർത്യായനീഭാവം. ആ ഭാവത്തിലാണ് മഹിഷാസുരനെ വധിച്ചത് എന്നാണ് വിശ്വാസം. ലക്ഷ്മി, സരസ്വതി, പാർവതിമാർ മഹിഷാസുരമർദിനിയായി ആദിപരാശക്തിയുടെ ചൈതന്യരൂപമായി ലയിച്ചു എന്നും വിശ്വസിക്കുന്നു. പാർവതിയുടെ താമസഭാവമായ കാളരാത്രി(മഹാകാളി)യായാണ് ഏഴാം ദിവസത്തെ പൂജ. എട്ടാം ദിവസം മഹാഗൗരിയാണ്. വെണ്മ ശാന്തി, ജ്ഞാനഭാവങ്ങളുടെ പ്രതീകമാണ്. ആരാധിക്കുന്നവർക്ക് സർവസിദ്ധിയും അരുളുന്ന സിദ്ധിധാത്രിയാണ് ഒമ്പതാംനാൾ. ആദ്യ മൂന്നുദിവസം പാർവതിയുടെ രൂപത്തിലും ഇടയ്ക്കുള്ള മൂന്നു ദിവസം ലക്ഷ്മീരൂപത്തിലും അവസാന മൂന്നുനാൾ സരസ്വതീരൂപത്തിലും ആരാധിക്കുന്ന സമ്പ്രദായവും ഉണ്ട്. കേരളത്തിലും ബംഗാളിലും മറ്റും ഈ രീതിക്കാണ് പ്രാധാന്യം. അതുകൊണ്ടാണ് വിജയദശമിദിവസം  
വിദ്യാരംഭമായി കേരളത്തിൽ ആഘോഷിക്കുന്നത്. വിജയദശമിനാളിൽ മൂന്നു ദേവീഭാവങ്ങളെയും സമന്വയിക്കുന്ന അപൂർവാവസരം കൂടിയാണ്.  ആദ്യമായി നവരാത്രിപൂജ നടത്തിയത് ശ്രീരാമനാണെന്ന് വിശ്വസിക്കപ്പെടുന്നു. രാവണനെ വധിക്കാനുള്ള ശക്തിതേടി ഒമ്പതുദിവസം രാമൻ ദേവീപൂജ നടത്തി. പത്താം നാൾ  രാവണനെ വധിച്ചതിൻറെ ഓർമയ്ക്കുകൂടിയാണ്  വിജയദശമി കൊണ്ടാടുന്നത് എന്നും ഐതിഹ്യമുണ്ട്.
കാമാന്ധതയുടെയും അറിവുകേടിന്റെയും പ്രതീകമാണ് മഹിഷം. എളുപ്പത്തിൽ തോൽപ്പിക്കാവുന്ന ഒന്നല്ല ആ ഇരുൾശക്തി. പ്രപഞ്ചചൈതന്യത്തിന്റെ സർവാശ്ലേഷത്തിലൂടെയാണ് മഹിഷത്തെ തോൽപ്പിക്കാനുള്ള അജയ്യമായ ഊർജം കൈവന്നത്. പ്രപഞ്ചമാതൃത്വത്തെത്തന്നെ ആ നിയോഗത്തിന് സജ്ജമാക്കുന്നു. നിറഞ്ഞുകവിയുന്ന വാത്സല്യത്തിനു മാത്രമേ അത്തരമൊരു കഠിനയത്നത്തിനു സാധ്യമാകൂ. അഹങ്കാരം തകർന്ന് ആ പാദസരോരുഹത്തിൽത്തന്നെ  ചെന്നുചേർന്നു എന്നത് പ്രപഞ്ചത്തിന്റെ അമ്മയുടെ പരമോദാരമായ സ്നേഹത്തിന്റെ സാക്ഷ്യംകൂടിയാണ്.