ടൂറിസം സീസണിൽ സഞ്ചാരികൾക്കായി വൃത്തിയുള്ള ബീച്ചും പരിസരവും ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോവളത്ത് ശനിയാഴ്ച ശുചീകരണയജ്ഞം നടക്കും. ടൂറിസം വകുപ്പ്, ജില്ലാ ശുചിത്വ മിഷൻ, നാഷണൽ സർവീസ് സ്‌കീം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ‍(ഡി.ടി.പി.സി.) എന്നിവയുടെ നേതൃത്വത്തിൽ തീരത്തെ വിവിധ ടൂറിസം സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുക. കഴിഞ്ഞ വർഷവും സീസണിനു മുന്നോടിയായി ലൈറ്റ് ഹൗസ് ബീച്ച് മുതൽ സമുദ്ര ബീച്ച് വരെ ശുചീകരണപ്രവൃത്തികൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ വിവിധ സ്ഥാപനങ്ങളെ പങ്കാളികളാക്കി കുറേക്കൂടി വിപുലമായ തരത്തിലാണ് തീരശുചീകരണ ദൗത്യം. ഇതു സംബന്ധിച്ച് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ധാരണയായിരുന്നു.
   വിഴിഞ്ഞം ക്രൈസ്റ്റ് കോളേജ്‌, വാഴിച്ചൽ ഇമ്മാനുവൽ കോളേജ്‌ എന്നിവിടങ്ങളിൽനിന്നുള്ള ഇരുന്നൂറിലേറെ എൻ.എസ്.എസ്. വൊളന്റിയർമാരുൾപ്പെടെ വലിയൊരു സംഘം സന്നദ്ധസേവകരുടെ നേതൃത്വത്തിലാണ് കോവളത്തെ എല്ലാ ബീച്ചുകളും ശുചീകരിക്കുക. ശനിയാഴ്ച രാവിലെ 10 മുതൽ മൂന്നുവരെയാണ് ശുചീകരണം നടക്കുക. ശേഖരിക്കുന്ന മാലിന്യം ശുചിത്വമിഷൻ വഴി സംസ്‌കരിക്കും.  ബീച്ച് ശുചീകരണം നിരന്തര പ്രവർത്തനമായി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡി.ടി.പി.സി. അധികൃതർ പറഞ്ഞു. കോവളത്തിന് വ്യക്തമായ ആസൂത്രണത്തോടെയുള്ള മാലിന്യസംസ്‌കരണ പദ്ധതിയും നയവും രൂപപ്പെടുത്തുകയെന്നത് ശുചീകരണ ദൗത്യത്തിന്റെ ലക്ഷ്യമാണെന്നും ഡി.ടി.പി.സി. വ്യക്തമാക്കുന്നു.

ബീച്ച് വോളിയും
ക്രിക്കറ്റും

ഒക്ടോബർ ആദ്യവാരം ആരംഭിക്കുന്ന ടൂറിസം സീസണിൽ സഞ്ചാരികൾക്ക് പുതുമയുള്ള ബീച്ച് അനുഭവങ്ങൾ സമ്മാനിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഡി.ടി.പി.സി. ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബീച്ച് വോളി, ബീച്ച് ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങൾ ഇത്തവണ ആവിഷ്‌കരിച്ച്‌ നടപ്പാക്കും. 
ബീച്ചിലെ നടപ്പാത, വഴിവിളക്കുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ, കൈവരി നവീകരണം, അലങ്കാരവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ സീസണിനു മുൻപായി പൂർത്തിയാക്കാനാണ് തീരുമാനം.
  സീസൺ ആരംഭിക്കുന്നതോടെ സഞ്ചാരികളെ ലക്ഷ്യമിട്ട് അടുത്ത മാസം ആദ്യവാരം മുതൽ കുടയും കട്ടിലും വാടകയ്ക്ക് കൊടുക്കുന്നവർ സജീവമാകും. ഇതിനു പിന്നാലെ ബോട്ടിങ്ങും തുടങ്ങും. കടൽ പിൻവലിഞ്ഞ് കാലാവസ്ഥ അനുകൂലമാകുന്നതോടെയാണ് കോവളത്ത് സീസണിനു തുടക്കമാകുക. കടലേറ്റമൊഴിഞ്ഞ് പൊതുവെ ശാന്തമാണ് തീരമിപ്പോൾ.