ആന്ധ്രയിലെ അനന്ത്പുർ ജില്ലയിലാണ് തിംബാക്ടു എന്ന ഗ്രാമം. അവിടെ മണ്ണിനെ സ്നേഹിച്ച് പരിപാലിക്കുന്ന മലയാളിയായ മേരിവട്ടമറ്റവും ഭർത്താവ് ബംഗാളിയായ 
ബബ്്ലു ഗാംഗുലിയും.തരിശായ ഭൂമിയെ അവർ പുഷ്പിണിയാക്കി മാറ്റി. ആ മണ്ണിലേക്ക് നടത്തിയ ഒരു യാത്ര


യാത്രകൾ നമ്മെ മോഹിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളാണ് എന്നും. ഒരു തരളസംഗീതം പോലെ മനസ്സിന്റെ കോണുകളിൽ ചലനം ഉണർത്തുന്ന എത്രയോ ഓർമകൾ അവ നമുക്ക് സമ്മാനിക്കുന്നു.അല്പകാലം മുമ്പ് നടത്തിയ ഒരു ഗ്രാമസഞ്ചാരം മനസ്സിൽ സൃഷ്ടിച്ച വളകിലുക്കം ഇന്നും കുളിരായി നിൽക്കുന്നു.  സകുടുംബം അത്യപൂർവമായ ഒരു യാത്ര. കർണാടക വിട്ട് ആന്ധ്രയുടെ ഗ്രാമപാതകൾ കടന്നുള്ള ദീർഘസഞ്ചാരം. വെയിൽ നാളങ്ങൾ വരണ്ട മണ്ണിനെ കൊത്തിക്കീറുകയാണ് കഴുകനെപ്പോലെ. നാട്ടുപാതകൾക്കിരുവശത്തും കാണുന്ന അപൂർവം പച്ചപ്പിനെയും തേടി അലയുന്ന ആട്ടിൻപറ്റങ്ങൾ. വള്ളിനിക്കറുമിട്ട് പാറിപ്പറന്ന മുടിയുമായി അവയെ മേയ്ക്കുന്ന പയ്യന്മാർ. അപരാഹ്നം യാത്ര ചോദിക്കുകയാണ്. ചെറിയ മർമരവുമായി കാറ്റു വീശുന്നുണ്ട്. വെയിൽ നാളങ്ങൾ മെല്ലെ ശാന്തമായി തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ വാഹനം ചെന്നകൊത്താപ്പള്ളി എന്ന ഗ്രാമത്തിൽ എത്തി.
കവലമുക്കിലെ നാട്ടിടവഴിയോട് ചേർന്ന് ബസ് സ്റ്റോപ്പിൽ ആതിഥേയ ഞങ്ങളെ കാത്തുനില്കുന്നു. ആതിഥേയ തൊടുപുഴ ന്യൂമാൻ കോളേജിലെ സഹപാഠി മേരി വട്ടമറ്റം. ഭർത്താവ് ബംഗാൾ സ്വദേശി ബബ്‌ലു ഗാംഗുലി. 30 വർഷമായി അനന്തപുരിൽ താമസം. സി.എൻ.എന്നിന്റെ വിമൻ ഓഫ് ദി ഇയർ അവാർഡും 2014-ലെ വിമൻ ഓഫ് ദി ഡിക്കേഡ് പുരസ്കാരവും മേരി വട്ടമറ്റത്തെ തേടിയെത്തിയിട്ടുണ്ട്. 

സന്ദർശനത്തിന്റെ സിരാകേന്ദ്രത്തിലേക്ക്  ഇനിയും കുറെ ദൂരം താണ്ടണം. തിംബാക്ടു ആണ് ലക്ഷ്യം. പൊടിനിറഞ്ഞ ചെമ്മൺ പാത. കാട്ടുമുൾച്ചെടികളുടെ ഉണങ്ങിയ കമ്പുകൾ കൊണ്ട് കെട്ടിയ വേലിയിറമ്പിനും അപ്പുറത്തുനിന്ന് നാട്ടുപെണ്ണുങ്ങൾ ഞങ്ങളെ നോക്കിച്ചിരിച്ചു. അവർ ഞങ്ങളുടെ ആതിഥേയയെ ഏറെ ബഹുമാനത്തോടെ തല കുനിച്ചു വണങ്ങി. അനന്തരം ഗ്രാമ്യമായ തെലുങ്കിൽ ചില ആശംസകളുടെ കൊടുക്കൽ വാങ്ങലുകൾ. കുറച്ചകലെ പച്ചപ്പ് നിറഞ്ഞ കുന്നുകൾ കണ്ടുതുടങ്ങി. മഞ്ഞ ബോർഡിൽ തിംബാക്ടു എന്ന ചൂണ്ടുപലകയും കടന്നു മുന്നിൽക്കണ്ട മനോഹരനിർമിതി നോക്കിനിന്നു.കേരളത്തിൽനിന്നുള്ള ഒരു ഗ്രാമീണവനിത വീടും കൂടും വിട്ട് അപരിചിതവും വിദൂരവും ഭാഷയും സംസ്കാരവും അന്യമായ നാട്ടിൽ എത്തിപ്പെടുകയും ആ നാടിനെയും നാട്ടാരെയും നെഞ്ചോട് ചേർക്കുകയും ചെയ്തതിന്റെ അതിശയപ്പൊരുൾ തേടുകയായിരുന്നു ഞാൻ. ‘‘കാസിം, അകത്തേക്ക് വരൂ, വെളിയിൽ കാറ്റിന് ചൂടും പൊടിയും കൂടുതൽ ആണ്’’- നാട്ടിൻപുറത്തെ വെട്ടിയെടുത്ത ചെങ്കല്ലും പുല്ലിന്റെ മേച്ചിലും ഉള്ള, ഭീമൻ സൗധത്തിന്റെ ലാളിത്യമുള്ള വാതിൽ തുറന്നുനിൽക്കുകയാണ് എന്റെ ആതിഥേയ. അവിടം മുഴുവൻ തദ്ദേശീയമായി നിർമിച്ച ലളിതസുന്ദര ആന്തരിക അലങ്കാരങ്ങൾ. ഫർണിച്ചർ എല്ലാം തനി നാടൻ.

ചരിത്രത്തിന്റെ ചില വളപ്പൊട്ടുകൾ
ആന്ധ്രയിലെ അനന്തപുർ ജില്ലയിലാണ് ഈ ഗ്രാമം. കാലങ്ങൾക്കു മുൻപ് പ്രസിദ്ധമായ വിജയനഗര സാമ്രാജ്യത്തിന്റെ കേദാരഭൂമിക. പിന്നീട് അത് നാശോന്മുഖമായി. പ്രതാപത്തിന്റെ തേരോടിയ നാട് പ്രകൃതിചൂഷണവും വനനശീകരണവുംകൊണ്ട് മരുഭൂമിയായി. മഴയും കാടും കൃഷിയും മണ്ണിനോട് നെഞ്ചുനൊന്ത് വിട പറഞ്ഞു. കർഷകൻ കൃഷിയില്ലാതെ പട്ടിണിയായപ്പോഴും അവന്റെ പെണ്ണുങ്ങൾ പെറ്റുകൂട്ടി. വിദ്യയുടെ വിളംബരഗാഥകൾ കേൾക്കാത്ത നിരക്ഷരരായ കുട്ടികൾ കാലി മേയ്ച്ചു കാലംകഴിച്ചു. കള്ളച്ചാരായം കുടിച്ച് ആണുങ്ങൾ അലഞ്ഞുനടന്നു.
കൈയിൽ സാമൂഹികസേവനത്തിന്റെ ബിരുദാനന്തര ബിരുദവും കരൾനിറയെ ആത്മവിശ്വാസവുമായി കേരളത്തിന്റെ കിഴക്കൻ മലയോരത്തുനിന്ന് ഒരു പെൺകുട്ടി എൺപതുകളിൽ ഒരു നിയോഗംപോലെ എത്തി അനന്തപുരിൽ. മണ്ണിനെ എങ്ങനെ മെരുക്കി നാടിന് പുതുജീവൻ നൽകാം എന്നതായി ചിന്ത. ഭർത്താവും ഒപ്പം കൂടി. 32 ഏക്കർ വെറും മണ്ണ് വാങ്ങി കൃഷി പരീക്ഷിച്ചു. ഫലം വട്ടപ്പൂജ്യം. മഴമേഘങ്ങൾ എന്നോ വിടപറഞ്ഞ നാട്ടിൽ എന്ത് കൃഷി? അവസാനം കുഴൽക്കിണർ നിർമിക്കാനുള്ള ശ്രമം ഫലം കണ്ടു. മണ്ണിന്റെ മാറിൽനിന്ന് ജലം ചുരന്നു. പയ്യെ പയ്യെ കടലയും പച്ചക്കറിയും കൃഷി ചെയ്തു. ചാണകവും മറ്റു ജൈവവളങ്ങളും കൃഷിയെ പരിപോഷിപ്പിച്ചു. ഗ്രാമീണരെ കൂടെക്കൂട്ടി വനവത്കരണം നടത്തി. ഭൂമിദേവി പുഷ്പിണിയായി. ഒളിച്ചോടിയ കാർമേഘങ്ങൾ വീണ്ടും വിരുന്നെത്തി. ശലഭങ്ങളും തേനീച്ചകളും വീണ്ടുമെത്തി. നിറങ്ങളുമായി മയിലുകൾ വന്നു. പാട്ടുമായി പനംതത്തകളും ബുൾബുൾ കിളികളും വിഷുപ്പക്ഷികളും വന്നണഞ്ഞു. ജലസമൃദ്ധമായ നാട്ടിൽ കൃഷിക്കാരോെടാപ്പം നിന്ന് അണക്കെട്ട് പണിതു. ഇതാണ് തിംബാക്ടു എന്ന നാടിന്റെ കഥ-ഭൂമിയും ആകാശവും കൂടിച്ചേരുന്നയിടം എന്നാണർഥം.

ഇത് ഭൂമിയുടെ കഥയാണ്. 1990 ഫെബ്രുവരി പതിനഞ്ചിന് വാങ്ങിയ 32 ഏക്കർ മരുഭൂമി സമാനമായ മണ്ണിന്റെ കഥ. ഒരു ഗ്രാമം പുനർജനി നൂണ്ട് പുതുലോകത്തു എത്തുകയായി. പത്തു സ്ത്രീകളെ കൂട്ടി അടുത്തുള്ള ഏഴു ഗ്രാമങ്ങളിൽ ഒരു സഹകരണസംഘം 1992 ജൂലായിൽ സ്ഥാപിതമായി. 1992 നവംബറിൽ 35 കുട്ടികളുമായി ആദ്യത്തെ പ്രകൃതിസൗഹൃദ സ്കൂൾ തുടങ്ങിയത് ചുറ്റിലുമുള്ള ഏഴു ഗ്രാമങ്ങളിലെ കുട്ടികൾക്ക് അനുഗ്രഹമായി. 1995 നവംബറിൽ രണ്ടു ജലസംഭരിണികൾ പണിത് മണ്ണിനു ദാഹമകറ്റി. 1998 ജൂലായ് മധ്യം ആദിശക്തി എന്ന പേരിൽ 1466 അംഗബലമുള്ള ഗ്രാമീണവനിതകളുടെ  സഹകരണ സംഘം സ്ഥാപിതമായി. ജൈവകൃഷിയിൽ പരീക്ഷണങ്ങൾ നടന്നു. 1999 നവംബറിൽ ആദ്യത്തെ റെസിഡൻഷ്യൽ സ്കൂൾ നിലവിൽ വന്നു. രണ്ടായിരാമാണ്ടിൽ അംഗപരിമിതരും ഈ ഉദ്യമങ്ങളിൽ യോദ്ധാക്കളായി. 2005 ആവുമ്പോഴേക്കും എട്ട്  ഗ്രാമങ്ങളിൽനിന്നായി 300 കർഷകർ ഓർഗാനിക് ഫാമുകളിൽ വ്യാപൃതരായി .
സ്വപ്നസമാനമായ കാഴ്ചകളും ചരിത്രവുമായി കഴിയവേ സമയം പോയതറിഞ്ഞില്ല. ആഹാരം കഴിക്കാൻ ക്ഷണം എത്തി. നിലത്തുവിരിച്ച വിരിയിൽ ചമ്രം പടഞ്ഞിരുന്നു കഞ്ഞിയും പരിപ്പും കടലയും ചമ്മന്തിയും ആയി ഉഗ്രൻ നാടൻ ഭക്ഷണം. എല്ലാം അവിടെ ജൈവകൃഷി ചെയ്തത്.

പ്രകൃതി ബാദി എന്ന പ്രകൃതിസൗഹൃദമായ സ്കൂൾ ഇന്ന് ധാരാളം കുട്ടികളുടെ ആദ്യ വിജ്ഞാനകേന്ദ്രം ആണെങ്കിൽ തിംബാക്ടു കളക്ടീവ് എന്ന സന്നദ്ധസംഘടന 140 ഗ്രാമങ്ങളിൽ സേവനം ചെയ്യുന്നു. 12,500 കുടുംബങ്ങൾ ഓർഗാനിക് കൃഷിരീതികൾകൊണ്ട് ഗ്രാമങ്ങളെ മാത്രമല്ല സ്വന്തം ജീവിതത്തെയും പച്ചപ്പ് അണിയിച്ചിരിക്കുന്നു. ഏഴായിരം ഹെക്ടർ മണ്ണ് വനവത്കരണം ചെയ്ത് ഭൂമിക്കു തിരിച്ചു നൽകിയിരിക്കുന്നു .ഉയിർപ്പിന്റെ ഈ ഇന്ത്യൻ ഗ്രാമമാതൃക കാണാൻ രാജ്യത്തിനകത്തും പുറത്തും നിന്ന് ആകാംക്ഷയുടെ ഭാണ്ഡവും പേറി സഞ്ചാരികൾ എത്തുന്നുണ്ട്. പകൽ യാത്ര  ചോദിക്കുകയാണ്. എണ്ണമറ്റ പക്ഷികൾ പ്രകൃതിക്കു സന്ധ്യാ വന്ദനം പാടിത്തുടങ്ങി. ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി; ഇനിയും വരാമെന്ന വാഗ്ദാനത്തോടെ.