പുലിയെ അതിന്റെ മടയിൽപ്പോയി നേരിടണം എന്ന സിനിമാ ഡയലോഗ് പോലെയാണ് ഗുരുവായൂർ പാവറട്ടി  സ്വദേശി എ.കെ. മൻസൂർ എന്ന പ്രവാസിമലയാളിയുടെ ജീവിതകഥ. കെ.എഫ്.സി.യും മക്‌ഡൊണാൾഡും പിസാഹട്ടും പോലുള്ള ബഹുരാഷ്ട്ര ക്വിക് സർവീസ് റെസ്റ്റോറന്റ് ശൃംഖലകൾ പടിഞ്ഞാറൻ നാടുകളിൽനിന്ന് ഇന്ത്യയിലേക്കും മധ്യപൂർവേഷ്യയിലേക്കും കടന്നുവന്നപ്പോൾ അവരുടെ നാടുകളിലേക്ക് ചിക്കിംഗ്‌ എന്ന സ്വന്തം ബ്രാൻഡുമായാണ് ദുബായിൽനിന്ന് മൻസൂർ പോയത്. നിരവധി രാജ്യങ്ങളിൽ സാന്നിധ്യമുറപ്പിച്ചതിനുശേഷം ഏറ്റവും ഒടുവിലായി ലണ്ടനിൽ തന്നെ പുതിയ ഔട്ട്‌ലെറ്റ് തുറന്ന് യൂറോപ്പിലേക്കും ചിക്കിംഗ്‌ കടന്നുചെന്നിരിക്കുന്നു. കഴിഞ്ഞമാസം ആദ്യ ഷോറൂം തുറന്നു. ഇനിയും ഈവർഷംതന്നെ രണ്ട് പുതിയ ഔട്ട്‌ലെറ്റുകൾകൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ് മൻസൂർ. എന്തുകൊണ്ട് ലണ്ടൻ എന്ന ചോദ്യത്തിനും മൻസൂറിന് കൃത്യമായ ഉത്തരമുണ്ട്. യൂറോപ്പിന്റെ കവാടം എന്ന നിലയിലാണ് ലോകം ലണ്ടൻനഗരത്തെ കാണുന്നത്. ആ തീരുമാനം തെറ്റായില്ലെന്ന് ആദ്യ ഷോറൂമിന്റെ വിജയം തെളിയിക്കുന്നതായും എ.കെ. മൻസൂർ പറയുന്നു.

സ്വയം വളർത്തിയെടുത്ത വ്യവസായസാമ്രാജ്യത്തിന്റെ ഉടമയെന്ന് എ.കെ. മൻസൂരിനെ വിശേഷിപ്പിക്കാം. ഇരുപതാം വയസ്സിൽ കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗൾഫ് മോഹവുമായി തന്നെയാണ് മൻസൂർ യു.എ.ഇ.യിൽ എത്തുന്നത്. പാവറട്ടി ചതുണ്ടക്കയിൽ കർഷകനായ അഹമ്മദ്കുട്ടിയുടെയും പാത്തുക്കുട്ടിയുടെയും ഏഴ് മക്കളിൽ ഒരാളായ മൻസൂർ ജീവിതം കരുപ്പിടിപ്പിക്കുക എന്ന മോഹവുമായി ആദ്യം അബുദാബിയിലെത്തുമ്പോൾ സഹായി സഹോദരനായിരുന്നു. അബുദാബിയിലെ സഹോദരന്റെ വീഡിയോ കാസറ്റുകൾ വിൽക്കുന്ന കടയിലേക്കായിരുന്നു നിയോഗം. 1987-ൽ ആയിരുന്നു ഗൾഫിലേക്കുള്ള പ്രവേശം. താമസിയാതെ ഫുജൈറയിൽ ഒരു ഇലക്‌ട്രോണിക് ഷോപ്പ് നടത്തിപ്പ് മൻസൂർ ഏറ്റെടുത്തു. അതിനകംതന്നെ വലിയ വലിയ സ്വപ്നങ്ങൾ മൻസൂർ മനസ്സിൽ നെയ്തെടുത്തിരുന്നു. ആരുടെയെങ്കിലും കീഴിൽ ജോലി ചെയ്യുന്നതിനുപകരം തന്റേതായ മേഖല കണ്ടെത്തി പുത്തൻ സംരംഭങ്ങൾ എങ്ങനെ നടപ്പാക്കാം എന്നതായിരുന്നു ചിന്ത. അങ്ങനെയാണ് 1994-ൽ ദുബായിൽ അൽ ബയാൻ കാർഗോ എന്നപേരിൽ സ്വന്തമായൊരു ബിസിനസ് സംരംഭത്തിന് തുടക്കമിടുന്നത്. കാർഗോ വ്യവസായത്തിന്റെ  എല്ലാ രംഗങ്ങളിലും വിയർപ്പൊഴുക്കിയത് വെറുതെയായില്ല. അഞ്ചാംവർഷം അൽ ബയാൻ എന്നപേര് പുതിയൊരു വ്യവസായത്തിനായി വീണ്ടും ഉപയോഗിച്ചു. കാർഗോവിന് പകരം  മിനറൽ വാട്ടർ വിതരണ കമ്പനിയായി പുതിയ തട്ടകം. 1999 സെപ്‌റ്റംബർ 22-നായിരുന്നു അൽ ബയാൻ വാട്ടർ ആരംഭിച്ചത്.  കുടിവെള്ളത്തിന് വലിയ ഡിമാൻഡുള്ള ഗൾഫ് നാടുകളിൽ അൽ ബയാൻ പെട്ടെന്നുതന്നെ  വിപണിയിലെ പരിചിത നാമമായി. കാർഗോ വ്യാപാര രംഗത്തെ അനുഭവസമ്പത്ത് വെള്ളം വിതരണത്തിന് ഗുണം ചെയ്തു. അപ്പോഴും മൻസൂറിന്റെ സ്വപ്നങ്ങൾ അതിരില്ലാത്ത ആകാശം തേടുകയായിരുന്നു. ഭക്ഷണം ഒരുക്കിനൽകുന്ന മേഖലയായിരുന്നു മനസ്സിൽ.  ഇതിനായി പലേടത്തും യാത്രചെയ്തു. പല രുചികളും തിരിച്ചറിഞ്ഞു. അങ്ങനെയാണ്  2000-ത്തിൽ ചെറിയ തോതിൽ ചിക്കിംഗ്‌ എന്നപേരിൽ ദുബായ് ബുതീനയിൽ ഒരു ഷോറൂം മൻസൂർ തുറക്കുന്നത്. കെ.എഫ്.സി.ക്കും മക്‌ഡൊണാൾഡിനുമൊക്കെയുള്ള ഡിമാൻഡ്‌ കണ്ടാണ് ആ രീതിയിലേക്ക് ചിന്തിച്ചുതുടങ്ങിയത്. ചിക്കന്റെ വിഭവങ്ങൾ യൂറോപ്യൻശൈലിയിൽ പല രീതിയിൽ നൽകുന്നതായിരുന്നു ചിക്കിംഗിന്റെ പ്രത്യേകത. കൊച്ചിനഗരത്തിന്റെ സാധ്യതകളും നേരത്തെതന്നെ മൻസൂർ തിരിച്ചറിഞ്ഞിരുന്നു. ആ വർഷംതന്നെ കൊച്ചിയിലും ഒരു ഔട്ട്‌ലെറ്റ് മൻസൂർ തുടങ്ങി. തുടക്കം പിഴച്ചില്ല. ചിക്കിംഗിന്റെ പ്രത്യേകസ്വാദും രുചിക്കൂട്ടുകളും ചേരുവകളുമെല്ലാം പെട്ടെന്ന് ജനപ്രിയമായി. ഇതാണ് തന്റെ വഴിയെന്ന് പതിയെ മൻസൂർ തിരിച്ചറിഞ്ഞു. 

അധികംവൈകാതെ കുടിവെള്ളം വിതരണംചെയ്യുന്ന പരിപാടി മൻസൂർ ഉപേക്ഷിച്ചു. അബുദാബി കേന്ദ്രമായുള്ള അൽ ഐൻ വാട്ടേർസിന് കമ്പനി കൈമാറി. ഈ കൈമാറ്റത്തിനിടയിൽ ലഭിച്ച സാമാന്യം നല്ലതുക ചിക്കിംഗിന്റെ വികസനത്തിനായി ഉപയോഗിക്കാനുള്ള തീരുമാനവും പിഴച്ചില്ല. ഇന്നിപ്പോൾ ലോകത്തെ പ്രശസ്തരായ ക്വിക് സർവീസ് റെസ്റ്റോറന്റുകളുടെ ശൃംഖലകളിലേക്ക് ചിക്കിംഗും എത്തിയിരിക്കുന്നു. ഇപ്പോൾ 128 ഔട്ട്‌ലെറ്റുകളാണ് പല രാജ്യങ്ങളിലായി ചിക്കിംഗിന്റെ സ്വാദ് പരത്തിക്കൊണ്ടിരിക്കുന്നത്. ഒരുമാസം ആറരലക്ഷം പേർ ചിക്കിംഗിന്റെ സ്വാദ് അുഭവിക്കാൻ എത്തുന്നെന്നാണ് കണക്ക്. മികച്ച സ്വാദുള്ള, വൃത്തിയുള്ള ഉത്‌പന്നങ്ങളാണ് ചിക്കിംഗിന്റെ വളർച്ചയ്ക്ക് പ്രധാന കാരണമെന്ന് എ.കെ. മൻസൂർ അഭിമാനത്തോടെ പറയും. ഏറ്റവുംമികച്ച സർവീസും മറ്റൊരു വിജയഘടകമായി. ഇപ്പോൾ യു.എ.ഇ.യ്ക്ക് പുറമേ ബഹ്‌റൈൻ, പാകിസ്താൻ, ഐവറികോസ്റ്റ, മലേഷ്യ, യു.കെ., ഇൻഡൊനീഷ്യ, മൊറോക്കോ, ചൈന, അഫഗാനിസ്താൻ എന്നിവിടങ്ങളിലെ വലിയ നഗരങ്ങളിലെല്ലാം ചിക്കിംഗിന്റെ സാന്നിധ്യമുണ്ട്. താമസിയാതെ സൗദി അറേബ്യിയിലും പ്രവേശിക്കും. 2025 ആവുമ്പോഴേക്കും ഔട്ട്‌ലെറ്റുകളുടെ എണ്ണം അഞ്ഞൂറാക്കി വളർത്തിയെടുക്കുക എന്നതാണ് മൻസൂറിന്റെ ലക്ഷ്യം. ഇന്ത്യയിൽ ഇപ്പോൾ കേരളം, തമിഴ്‌നാട്, കർണാടക, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിലും ചിക്കിംഗ്‌ ഷോറൂമുകളുണ്ട്. 

രുചിയുടെ കുടുംബ രഹസ്യം

image 1


എന്താണ് ചിക്കിംഗ്‌ വിഭവങ്ങളുടെ വിജയരഹസ്യം എന്ന് ചോദിച്ചാൽ നല്ലസ്വാദും വൃത്തിയുമുള്ള വിഭവങ്ങളെന്ന്  വ്യവസായത്തിന്റെ ചുക്കാൻപിടിക്കുന്ന അൽ ബയാൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മൻസൂർ പറയും. വിവിധ രാജ്യങ്ങളിലും നഗരങ്ങളിലുമെല്ലാം ചിക്കിംഗിന്റെ ഔട്ട്‌ലെറ്റ് മിക്കതും ഏറെ പരിശോധനകൾക്കുശേഷം നിബന്ധനകൾക്ക് വിധേയമായി ഫ്രാഞ്ചൈസിയായാണ് നൽകുന്നത്. ഇവിടെയെല്ലാംകൂടി 1500-ലേറെ ജീവനക്കാരും ജോലിചെയ്യുന്നു. ഓരോ ഔട്ട്‌ലെറ്റിലേക്കുംവേണ്ട ചിക്കൻ ഉൾപ്പെടെയുള്ള സാധനങ്ങളെല്ലാം അതത് രാജ്യത്തുനിന്നുതന്നെ സമാഹരിക്കുന്നു. വാങ്ങിക്കുന്ന സാധനങ്ങളുടെയും വിൽക്കുന്ന ഓരോ ഉത്‌പന്നത്തിന്റെയും കണക്കുകൾ തത്‌സമയം ദുബായ് ബിസിനസ് ബേയിലെ ചിക്കിംഗ്‌ ആസ്ഥാനത്ത് അറിയും. അതേസമയം ഈ രാജ്യങ്ങളിലെ എല്ലാ ഔട്ട്‌ലെറ്റുകളിലേക്കുമുള്ള രുചിക്കൂട്ടുകൾ  കേരളത്തിലാണ് തയ്യാറാക്കുന്നത്. ഏറ്റവുംമികച്ച സുഗന്ധ വ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള ചേർത്ത് അവിടെ തയ്യാറാക്കുന്ന ചേരുവയാണ് ചിക്കിംഗിന്റെ ‘ഹൈലൈറ്റ്’. അത് തയ്യാറാക്കുന്നതിലുമുണ്ട് ചില രഹസ്യങ്ങൾ. ലോകത്തിന്റെ ഏത് കോണിലായാലും ശരി, അത് യഥാവിധി തയ്യാറാക്കുന്നത് എ.കെ. മൻസൂർ എന്ന കമ്പനി ചെയർമാൻ തന്നെ. ഒരുമാസം എല്ലായിടത്തേക്കുമായി പത്തുടൺ ചേരുവ വേണ്ടിവരുന്നുണ്ട്. ഇവ മുൻകൂട്ടി തയ്യാറാക്കി വിവിധ രാജ്യങ്ങളിലെത്തിക്കും. ആ രസക്കൂട്ട് ഞങ്ങളുടെ കുടുംബരഹസ്യമാണ്. അത്തരമൊരു ചേരുവ കണ്ടെത്താൻ രണ്ടുവർഷത്തിലേറെയാണ് മൻസൂർ പ്രവർത്തിച്ചത്. വിവിധ സുഗന്ധവ്യഞ്ജനങ്ങളും മസാലകളുമെല്ലാം ചേർത്തുള്ള ആ രസക്കൂട്ട് എനിക്കും ഭാര്യക്കും പിന്നെ വളരെ വേണ്ടപ്പെട്ട ഒന്നുരണ്ടുപേർക്കും ഒഴികെ ആർക്കും ഇതറിയില്ല. എനിക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ ചേരുവ ഉണ്ടാക്കുന്ന ജോലി ഭാര്യ ഷീബ ഏറ്റെടുക്കും. ആ രഹസ്യം മറ്റാർക്കും കൈമാറാൻ അദ്ദേഹം ഇപ്പോൾ ഉദ്ദേശിക്കുന്നുമില്ല. അതൊരു കുടുംബരഹസ്യമായിത്തന്നെ നിൽക്കട്ടെ -മൻസൂർ പറയുന്നു.

ഏതാനും സുഹൃത്തുക്കളുമായി ചേർന്ന് പുതിയ ചില സംരംഭങ്ങളിലേക്കുകൂടി പ്രവേശിക്കുകയാണ് ഇപ്പോൾ മൻസൂർ. കോഴിക്കോട്ട് സരോവരത്തിൽ ഉടനെ ഉദ്ഘാടനം ചെയ്യാൻപോകുന്ന കൺവെൻഷൻ സെന്ററാണ് ഇതിൽ പ്രധാനം. ഏഴായിരത്തിലേറെ പേർക്ക് ഇരിക്കാൻ കഴിയുന്ന ആ കൺവെൻഷൻ സെന്റർ മലബാറിലെ ഏറ്റവുംവലിയ സംരംഭമായിരിക്കും. ലണ്ടനിൽ ഹോസ്പിറ്റാലിറ്റി ബിസിനസിലേക്കുകൂടി പ്രവേശിക്കാനുള്ള തയ്യാറെടുപ്പും ഇതിനൊപ്പം നടക്കുന്നു. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ളതാണ് ഈ സംരംഭം.
 
ഓസ്‌ട്രേലിയയിൽ ബി.ബി.എ. വിദ്യാർഥിയായ അഹമദ് മിർസാദേ, ദുബായിൽ പഠിക്കുന്ന മസ്ബൂബ, മർവ എന്നിവരാണ് മക്കൾ.