കഴിഞ്ഞവർഷമാണ് താനൊരു താരമായിക്കഴിഞ്ഞെന്ന് റാഷിദ് തിരിച്ചറിയുന്നത്. എവിടെപ്പോയാലും ആളുകൾ ചുറ്റുംകൂടുന്നു, ഫോട്ടോ എടുക്കുന്നു, സെൽഫിയെടുക്കാനായി ചേർന്നുനിൽക്കുന്നു. നേരത്തേ  നാണംകുണുങ്ങിയായിരുന്ന റാഷിദിന് ഇപ്പോൾ ആൾക്കൂട്ടത്തെ ഒഴിവാക്കാനാണ് പെടാപ്പാട്. മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാനും റാഷിദ് ശ്രദ്ധിച്ചിരുന്നു. എങ്കിലും ക്ലബ് എഫ്.എം 99.6 ലെ ആർ.ജെ. പൂജയുടെ നിരന്തരമായ ശ്രമം റാഷിദ് ബൽഹാസെയെ മീഡിയാസിറ്റിയിലെ മാതൃഭൂമിയുടെയും ക്ലബ് എഫ്.എമ്മിന്റെയും ഓഫീസിലെത്തിച്ചു. റാഷിദ് സന്ദർശിക്കുന്ന മലയാളത്തിലെ ആദ്യസ്ഥാപനം. ആദ്യം ബുർജ് ഖലീഫയിൽവെച്ച് നിശ്ചയിച്ച കൂടിക്കാഴ്ച പിന്നീട് പെട്ടെന്ന് മാതൃഭൂമി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. അവിടെ ആളുകൂടുമെന്ന ഭയം തന്നെയായിരുന്നു വേദി മാറ്റാൻ കാരണമായത്.
  ലൂയി വിറ്റന്റെ ലോഗോകൊണ്ട് പൊതിഞ്ഞ ഫെരാരി കാറിൽ മാനേജർമാരോടൊപ്പമാണ് റാഷിദ് എത്തിയത്. സ്റ്റുഡിയോയിൽ എത്തിയപ്പോൾ ചെറുചിരിയോടെ എല്ലാ ചോദ്യങ്ങൾക്കും ആ കൗമാരക്കാരൻ മറയേതുമില്ലാതെ  മറുപടിപറഞ്ഞുകൊണ്ടിരുന്നു. മാതൃഭൂമി ന്യൂസ് ചാനലിന് മുന്നിലും  റാഷിദ് മനസ്സുതുറന്നു. തന്റെ സ്വപ്നങ്ങൾ, യാത്രകൾ, വിശേഷങ്ങൾ അങ്ങനെയങ്ങനെ. കൂടെയുണ്ടായിരുന്ന മാനേജർമാരായ രണ്ട് യുവാക്കളോടുള്ള വിശ്വാസവും സ്നേഹവും സംസാരത്തിനിടയിൽ എടുത്തുപറയാനും റാഷിദ് മറന്നില്ല.