സകല മനുഷ്യർക്കും ജീവജാലങ്ങൾക്കും പ്രകൃതിക്കും തന്നെ സമാധാനത്തിന്റെസന്ദേശമാണ് ഹജ്ജും ബലിപെരുന്നാളും പകരുന്നത്. 
ഷംസീർ ഷാൻ ഒ.കെ

ഹജ്ജിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നാൽ അത് അന്നുമിന്നും സംവദിക്കുന്നത് വിശാലമായ മാനവികതയുടെ ആഗോള കാഴ്ചപ്പാടോടെയാണ്. ലോകമാകെ സമാധാനം പുലരാനുളള ആഹ്വാനമായി ഓരോ ഹജ്ജിനെയും കാണാൻ സാധിക്കുന്നതും ആ അർത്ഥ തലത്തിലാണ്. അത് കേവലം മുസ്ലീം മതവിശ്വാസത്തിന്റെ പേരിലുളള അനുഷ്ഠാനമായി ഒതുങ്ങുന്നതല്ല. സകല മനുഷ്യർക്കും ജീവജാലങ്ങൾക്കും പ്രകൃതിക്കും തന്നെ സമാധാനത്തിന്റെ സന്ദേശമാണ് ഹജ്ജും ബലിപെരുന്നാളും പകരുന്നത്. കലുഷിതമായ ലോകക്രമത്തിൽ ഈ മനുഷ്യ സംഗമം ആഹ്വാനം ചെയ്യുന്ന മാനവികതയുടെ സന്ദേശത്തിന് പ്രാധാന്യം ഏറുകയുമാണ്. വ്യത്യസ്തമായ ദേശങ്ങൾ, വ്യതിരിക്തമായ സാസ്‌കാരിക ശീലങ്ങൾ, വേറിട്ട വംശപരമ്പരകൾ, പരസ്പരം അന്യമായ ഭാഷകൾ തുടങ്ങിയ മനുഷ്യ സമൂഹങ്ങളിലെ വൈവിധ്യങ്ങൾ മക്കയെന്ന സവിശേഷമായ ഒരു ഭൂമിശാസ്ത്രത്തിൽ, ഒരു മാസത്തോളം, ഒരേ ലക്ഷ്യവും ഒരേ വേഷവും ശൈലിയുമുപയോഗിച്ച് നടത്തുന്ന ആരാധനാ മുറയായ ഹജ്ജ് ഇസ്ലാമിന്റെ സാർവജനീയ സ്വഭാവം വിളിച്ചോതുന്നതാണ്. 
മുസ്ലിംകൾക്കിടയിലുള്ള സമാധാനം, സകല മനുഷ്യർക്കുമുള്ള സമാധാനം തുടങ്ങി പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള സമാധാനത്തിനു വരെ ഹജ്ജ് ആഹ്വാനം ചെയ്യുന്നു. മക്കയിൽ ഹജ്ജ് കാലത്ത് 25 മുതൽ 30 ലക്ഷം  വരെ ജനങ്ങളാണ് ഒത്തുകൂടുന്നത്. ഒരു കൊച്ചു ഭൂപ്രദേശത്ത്, അതും മരുഭൂമിയിൽ, ഇത്രയധികം ജനസാഗരം സമ്മേളിക്കുന്ന മറ്റൊരു സ്ഥലവും ലോകത്തില്ല. വർഷംതോറും മുടങ്ങാതെ വിജയകരവും സമാധാനപൂർണമായും നടന്നുവരുന്ന ഈ ആഗോള സമ്മേളനം ഒരു വിസ്മയമായി തുടരുന്നതും വെറുതയല്ല. ആഭ്യന്തര കലഹങ്ങളും അതിർത്തിയിലെ തർക്കങ്ങളും യുദ്ധവുമെല്ലാം ഹജ്ജിനായി യാത്ര തിരിക്കുന്നവർക്കു മുൻപിൽ വഴി മാറുന്നതും ലോകത്തിന്റെ ഐക്യം ഉദ്‌ഘോഷിക്കുന്ന ഹജ്ജ് വേളകളെ അതുല്ല്യമാക്കുന്നു. ‘ശ്രേഷ്ഠമായ ആരാധന’ നിർവഹിച്ച നിർവൃതിയോടെ, പിറന്നുവീണ കുഞ്ഞിന്റെ നൈർമല്യത്തോടെ തിരിഞ്ഞുനടക്കുന്ന ഹാജിയെപ്പോലെ പരിശുദ്ധനായി ആരുമില്ലെന്ന സന്ദേശവും അതു നൽകുന്നു. ഹജ്ജ്് മാനവികതയുടെ മുഖവും സർഗാത്മകഭാവവും ഐക്യത്തിന്റെ പ്രതീകവുമൊക്കെയാവുന്നത് അതിന്റെ അചഞ്ചലമായ ഈ അന്തസത്തകൊണ്ടുതന്നെയാണ്. 
ഇബ്രാഹീം കുടുംബത്തിന്റെ ത്യാഗനിർഭരമായ ജീവിതത്തുടിപ്പുകൾ സ്മരിക്കാതെ ഹജ്ജ് പൂർണമാവില്ല. ജീവിതം മുഴുക്കെ അല്ലാഹുവിനു സമർപ്പിച്ച ഇബ്രാഹീമിന്റെ ത്യാഗത്തിന്റെ സന്ദേശം കൂടിയാണ് ഓരോ ഹജ്ജും. ഭാര്യയെയും കൈക്കുഞ്ഞിനെയും മക്കയുടെ വിജനതയിൽ ദൈവത്തെ ഏൽപിച്ച് നടന്നകന്ന ഇബ്രാഹീമിന്റെ സമർപ്പണവും വിശ്വാസദാർഢ്യവും വിശ്വാസി സമൂഹത്തിന് കരുത്താകണം. ചങ്കുപൊട്ടിക്കരഞ്ഞ ഇസ്മാഈലിനു വേണ്ടി ദാഹജലം അന്വേഷിച്ചുള്ള പ്രതീക്ഷാനിർഭരമായ മാതാവിന്റെ ഓട്ടം സങ്കൽപ്പിച്ചുനോക്കുക. ഭർത്താവിന്റെ പ്രബോധന യജ്ഞത്തിൽ ഹാജറയും പുത്രനും പിന്തുണയോടെ ഉറച്ചുനിന്നു. ദൈവ കൽപന ശിരസാവഹിച്ച് സ്വന്തം പുത്രന്റെ കഴുത്തിൽ കത്തിവയ്ക്കുന്ന ഇബ്രാഹീമും ദൈവകൽപന നടപ്പാക്കാൻ കഴുത്തു നീട്ടിക്കൊടുക്കുന്ന ഇസ്മാഈലും വിശ്വാസ സമർപ്പണത്തിന്റെ തീക്ഷ്ണതയാണ് അടയാളപ്പെടുത്തുന്നത്.  
യാത്രകളെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം. ലോകത്തെ കാണാനും അനുഭവങ്ങളിൽ നിന്നും സ്രഷ്്ടാവിനെ അറിയാനും യാത്ര മനുഷ്യനെ പ്രാപ്തമാക്കുന്നു. സഞ്ചാരമാണ് ഹജ്ജിന്റെയും കാതലായ ഭാവം. ഇസ്ലാമിക ചരിത്രത്തിൽ പലായനം, സഞ്ചാരം തുടങ്ങിയ അനുഭവങ്ങൾ പല നിർണ്ണായക സന്ധികളിലും ഇഴചേർന്നു കിടക്കുന്നു. മുസ്‌ലീം നാഗരിക വളർച്ചയിൽ തന്നെ പാലായനങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രവാചകന്റെ സന്നിധിയിൽ നിന്ന് വിശ്വാസ വെളിച്ചം സ്വീകരിച്ച ആദ്യകാല വിശ്വാസിസമൂഹം അറബികളായിരുന്നു. പ്രവാചകാഗമനത്തിന്റെ മുമ്പു തന്നെ കച്ചവട സഞ്ചാരങ്ങൾ ജീവിതത്തിന്റെ ഭാഗമായിരുന്നു അറബികൾക്ക്. ഇസ്‌ലാമിന്റെ വ്യാപനത്തോടൊപ്പം, കച്ചവട സഞ്ചാരത്തിന്റെ ശൈലി പ്രബോധന സഞ്ചാരത്തിലേക്കു മാറി. ഇസ്ലാമിക സമൂഹത്തിന്റെ വിപുലമായ വ്യാപ്തി നിർണ്ണയിക്കുന്നതിൽ, കച്ചവടത്തോടൊപ്പം കടൽ കടന്ന ആത്മജ്ഞാനികളുടെ പങ്കും വലുതാണ്. അങ്ങിനെ ഇസ്ലാമിന്റെ സന്ദേശം സ്വീകരിച്ച സമൂഹത്തിന്റെ പിൻഗാമികളായി ലോകമെങ്ങുമുളള ലക്ഷകണക്കിന് വിശ്വാസികൾ മക്കയിലേക്ക് ഹജ്ജിനായി തിരികെയെത്തുമ്പോൾ നാഗരിക വളർച്ചയുടെ വികാസത്തിന്റെയും നേർ സാക്ഷ്യമാകുകയാണ് ഓരോ ഹജ്ജും. 
ഹജ്ജിന്റെ ഇത്തരം സർഗാത്മക ഭാവങ്ങളെ പല പ്രമുഖ എഴുത്തുകാരും സഞ്ചാരികളും താളുകളിൽ കരുതിവെച്ചിട്ടുണ്ട്. പത്തു മുതൽ പതിനഞ്ച് വരെ നൂറ്റാണ്ടുകളിൽ വളർച്ച പ്രാപിച്ച മുസ്ലിം ലോകത്തെ ‘സഞ്ചാരസാഹിത്യം’ ആത്മീയോത്ക്കർഷത്തിന്റെയും ചരിത്രോപബോധനത്തിന്റെയും നാഗരിക തുടർച്ചകളുടെയും വിശേഷങ്ങൾ പങ്കുവെക്കുന്ന വിജ്ഞാന കുറിപ്പുകളാണ്. ഹജ്ജ് വിശേഷങ്ങൾ പങ്കുവെക്കുന്ന സാഹിത്യങ്ങൾ മുസ്ലിംകൾക്കും ഇസ്ലാമിനെ അറിയാൻ കൊതിക്കുന്നവർക്കും വലിയൊരു മുതൽകൂട്ടായി നിലകൊളളുന്നു. ഇബ്‌നു ബതൂത, ഹാജി മുറാദ്, മൽകം എക്‌സ്, തുടങ്ങിയവരുടെ ക്ലാസിക് സാഹിത്യങ്ങൾ മുതൽ, സാധാരണക്കാരായ നിഷ്‌കളങ്ക വിശ്വാസികൾ മക്കയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് അയച്ച കത്തുകൾ വരെ ആത്മീയതയും സർഗാത്മകതയും ഉൾചേർന്ന സാഹിത്യ സൃഷ്ടികളായി ശ്രദ്ധ നേടിയിട്ടുണ്ട്. ഇസ്‌ലാം എന്ന മതം ഇന്ന് നേരിടുന്ന വിമർശനങ്ങൾക്കെല്ലാമുളള മറുപടി ഹജ്ജിലുണ്ട്. ഹജ്ജ് ലോകത്തോട് വിളിച്ചുപറയുന്ന മാനവികതയുടെയും സഹിഷ്ണുതയുടെയും ലോക സമാധാനത്തിന്റെയും അതുല്ല്യമായ സന്ദേശങ്ങൾ തന്നെയാണത്. 
ഹജ്ജ് കർമത്തിനിടയിൽ മറ്റൊരാളോട് തർക്കിക്കാനോ ജീവനുള്ള ഒരു വസ്തുവിനെ നോവിക്കാനോ പാടില്ല. എപ്പോഴും സമാധാന പൂർണമാകണം എന്നത് ഇഹ്‌റാം നൽകുന്ന പാഠമാണ്. അവനു ചുറ്റും നിരവധി മനുഷ്യർ മൂലം അവന് ബുദ്ധിമുട്ടുണ്ടായാലും ശരി അവൻ ശാന്തനാകണമെന്നാണ് ഹജ്ജ് കൽപിക്കുന്നത്. ഇത് എല്ലാവരും പ്രാവർത്തികമാക്കുമ്പോൾ അവിടെ സമാധാനത്തിന്റെ താഴ് വരയാണ് രൂപപ്പെടുന്നത്.
ഹജ്ജ് നൽകുന്ന അൽഭുതകരമായ ഒരു സന്ദേശം, മുഴുവൻ മനുഷ്യരോടും സമാധാനപരമായ ജീവീത ബന്ധം പുലർത്തണമെന്നാണ്. പ്രവാചകൻ മുഹമ്മദ് നബി അറഫയിലെ ചരിത്ര പസിദ്ധമായ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറയുന്നു. ‘വിശ്വാസികളേ..നിങ്ങളിൽ വെച്ച് ജീവിതത്തിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കൽ ഏറ്റവും മാന്യൻ. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ’. ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനമായും ഇത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഹജ്ജിൽ ഒരു തീർഥാടകൻ വ്യത്യസ്ത തരക്കാരായ ജനവിഭാഗങ്ങളോട് സമാധാന പരമായി പെരുമാറുന്നു. അതുമൂലം, മറ്റു മത വിഭാഗങ്ങളിൽ പെട്ടവരുമായും അവന് സമാധാനപരമായും സഹകരണ മനോഭാവത്തിലൂടെയും പെരുമാറാൻ സാധിക്കുന്നു. ഹജ്ജിൽ പ്രവേശിച്ചു കഴിഞ്ഞാൽ ജീവനുള്ള ഒരു വസ്തുവിനെയും ഉപദ്രവിക്കാനോ വേട്ടയാടാനോ കൊല്ലാനോ പാടില്ല. അതു പോലെത്തന്നെയാണ് ഇഹ്‌റാമിലായിരിക്കുന്ന അവസ്ഥയിൽ മരങ്ങളോ ചെടികളോ എത്രത്തോളമെന്നാൽ മുള്ള് നിറഞ്ഞ ചെടി വരെ മുറിക്കാനോ പറിക്കാനോ പാടില്ല. ഇതിലൂടെ ഒരു മുസ്ലിമിന് എങ്ങനെ പ്രകൃതിയോടും പരിസ്ഥിതിയോടും പെരുമാറണമെന്ന് പരിശീലനം ലഭിക്കുകയാണ്. ഹജ്ജ് എന്നത് സമാധാനത്തിലേക്കുള്ള ഒരു ആഗോള സന്ദേശമെന്ന തലക്കെട്ടിനെ അന്വർഥമാക്കുകയാണ് ഈ വസ്തുതകളെല്ലാം. അറഫാ സംഗമത്തിൽ പങ്കെടുക്കാതെ ഒരാളുടെ ഹജ്ജ് പൂർണമാവില്ല. ‘അറഫ’യെന്ന അറബിപദത്തിന് അറിഞ്ഞുവെന്നർഥം. അറിവിന്റെ സംഗമമാണ് അറഫ. മനുഷ്യൻ തന്റെ ദൗർബല്യവും നിസ്സഹായതയും തിരിച്ചറിയുന്ന മൈതാനം. രാജാവെന്നോ പ്രജയെന്നോ ധനികനെന്നോ ദരിദ്രനെന്നോ ശക്തനെന്നോ അശക്തനെന്നോ അവിടെ നോട്ടമില്ല. ആർക്കും ആരെക്കാളും ഒരു പരിഗണനയുമില്ല. ഹജ്ജിലെ സുപ്രധാന കർമമായ അറഫാ സംഗമം ഭൗതികജീവിതത്തിന്റെ നശ്വരതയും പാരത്രിക ജീവിതത്തിന്റെ അനശ്വരതയും നിശ്ശബ്ദമായി വിളംബരം ചെയ്യുന്നതാണ്. 
ഹജ്ജ് ത്യാഗവും, സഹനവും, പരീക്ഷണവും സമർപ്പണവുമാവുന്നതും ഈ സ്മരണകളുടെ തിരിച്ചറിവിലാണ്. ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളും മഹത്തായ രണ്ട് ആരാധനകളുമായി ബന്ധപ്പെട്ടതാണ്. നോമ്പിന്റെ വിശുദ്ധിയുടെ നിറവിലാണ് ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) ആഘോഷിക്കപ്പെടുന്നതെങ്കിൽ ഹജ്ജിന്റെ ത്യാഗനിർഭരമായ പശ്ചാത്തലത്തിലാണ് ഈദുൽ അദ്ഹാ(ബലിപെരുന്നാൾ) കൊണ്ടാടുന്നത്. രണ്ട് ആഘോഷങ്ങളിലും ദൈവികതയും മാനവികതയും വിളക്കിച്ചേർത്തതായി നമുക്ക് ദർശിക്കാം. പെരുന്നാൾ ദിനം സുഭിക്ഷമായ ഭക്ഷണം എല്ലാവർക്കും ലഭ്യമാകുക എന്ന അടിസ്ഥാനത്തിൽ നിർവഹിക്കപ്പെടുന്ന ഫിത്വർ സകാത്തും ബലി പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്യപ്പെടുന്ന ബലിമാംസ വിതരണവും ഇതിന്റെ നിദർശനമാണ്. കേരളത്തിൽ ഇത്തവണയും ബലി പെരുന്നാളിനൊപ്പമാണ് ഓണാഘോഷവുമെത്തുന്നത്. ക്ഷേമവും സമാധാനവും ബഹുസ്വരതയുമാണ് ഓരോ ആഘോഷങ്ങളുടെയും ആത്യന്തികമായ സന്ദേശം. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മാനവികമായ ഉദ്‌ഘോഷമാണ് ഈ ആഘോഷങ്ങളുടെ കൂടിച്ചേരൽ പോലും നമുക്ക് നൽകുന്നതും.

*****************************************
സമർപ്പണത്തിന്റെ ബലിപെരുന്നാൾ

താജ് ആലുവ
ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബലിയുടെയും ത്യാഗത്തിന്റെയും സ്മരണകളുമായാണ് കടന്നുവരുന്നത്. നമുക്ക് പ്രിയപ്പെട്ടതെന്തോ അത് ദൈവമാർഗത്തിൽ അർപ്പിക്കാനുള്ള സന്നദ്ധതയാണ് ദൈവം നമ്മിൽ നിന്നാവശ്യപ്പെടുന്നത്. മൂന്ന് സെമിറ്റിക് മതങ്ങളുടെ അനുയായികളാലും ആദരിക്കപ്പെടുന്ന അബ്രഹാം പ്രവാചകന്റെ ചരിത്രസ്മരണകളാണ് ഈദുൽ അദ്ഹയിലെ പ്രധാന പാഠങ്ങൾ. 

  ത്യാഗമായിരുന്നു അബ്രഹാം പ്രവാചകന്റെ ജീവിതത്തിന്റെ മുഖമുദ്ര. ആദ്യം പൂർവിക മതത്തിലെ തെറ്റായ വിശ്വാസാചാരങ്ങൾ. പിന്നെ അതിന്റെപേരിൽ സ്വന്തം വീടും കുടുംബവും നാടും. പുരോഹിതനായ പിതാവിനാൽ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട്, നാട്ടുകാരാൽ വിഗ്രഹഭഞ്ജകനെന്ന് മുദ്രകുത്തപ്പെട്ട്, നംറൂദ് രാജാവിന്റെ അഗ്‌നികുണ്ഡം ഭേദിച്ച് പുറത്തുവന്ന അദ്ദേഹം ദൈവികമാർഗത്തിൽ സകലതും ബലികഴിക്കാൻ തയ്യാറായ മനസ്സുമായാണ് നാടതിരുകൾ ഭേദിച്ച് പുരാതന ബാബിലോണും ഈജിപ്തും പലസ്തീനുമൊക്കെ ചുറ്റിയത്. അവസാനം, ദൈവികവിളിക്കുത്തരം നൽകി മക്കാ മരുഭൂവിൽ ഭാര്യ ഹാജറിനെയും മകൻ ഇസ്മാഈലിനെയും തനിച്ചാക്കി തിരിഞ്ഞുനടന്നു. വർഷങ്ങൾക്കുശേഷം കുടുംബത്തിലേക്ക് തിരിച്ചുവരുന്ന അദ്ദേഹത്തെ കാത്തിരിക്കുന്നത് ദൈവികപരീക്ഷണത്തിന്റെ ഏറ്റവും കടുത്ത ഘട്ടമായിരുന്നു. കാത്തുകാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ ജീവിതത്തിന്റെ സായം സന്ധ്യയിൽ ദൈവത്തിന് ബലിയർപ്പിക്കുക! അതിനും മടിയേതുമില്ലാതെ തയ്യാറാകുന്ന പ്രവാചകപുംഗവൻ! മാനവ സമൂഹത്തിന്റെ ചരിത്രത്തിൽ തുല്യതയില്ലാത്ത ത്യാഗത്തിന്റെ  ജ്വലിക്കുന്ന മാതൃക! പക്ഷേ, ദൈവത്തിന് വേണ്ടിയിരുന്നത് ഇബ്രാഹീമി കുടുംബത്തിന്റെ രക്തമല്ലായിരുന്നു, മറിച്ച് അവരുടെ സമ്പൂർണ സമർപ്പണമായിരുന്നു. അത് സംശയലേശമെന്യേ തെളിയിച്ച അദ്ദേഹത്തെ ദൈവം തന്റെ അടുത്ത സുഹൃത്തും മാനവകുലത്തിന്റെ പിതാവുമായി തിരഞ്ഞെടുത്തു.
   ഈ മാതൃകയുടെ ആഘോഷമാണ് ഈദുൽ അദ്ഹ. അബ്രഹാം പ്രവാചകന്റെ ബലിയുടെ ഓർമ പുതുക്കിക്കൊണ്ടാണ് പെരുന്നാളവസരത്തിൽ വിശ്വാസികളുടെ സമൂഹം മൃഗങ്ങളെ ബലിയറുക്കുന്നത്. ഒന്നാലോചിച്ചാൽ ദൈവത്തിന് മനുഷ്യന്റെ ഒരുതരത്തിലുളള ബലിയും ആവശ്യമില്ല. മറിച്ച് ബലിമൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നത് സമൂഹത്തിലെ ദരിദ്രരും അഗതികളുമായ ജനവിഭാഗമാണ്. പക്ഷേ, ദൈവത്തിനുവേണ്ടത് നമ്മുടെ സമർപ്പണ മനസ്സും അവനെ സൂക്ഷിച്ച് ജീവിക്കാനുള്ള നമ്മുടെ സന്നദ്ധതയുമാണ്. അത് നൽകാൻ കഴിഞ്ഞാൽ ഒരുവേള ബലിയറുത്തില്ലെങ്കിലും വിശ്വാസിയുടെ പെരുന്നാൾ സാർഥകമായി. അതില്ലെങ്കിൽ എത്രയറുത്താലും അത് വെറുതെയായി. 
   ഈദ് എന്ന വാക്കിന് ആവർത്തിക്കപ്പെടുന്നത് എന്നർഥം. ദേഹേച്ഛകൾക്കുമേൽ ദൈവേച്ഛയുടെ വിജയം ആവർത്തിക്കപ്പെടുന്നതിന്റെ ആഘോഷമാണ് ഈദ്. പൈശാചിക പ്രേരണകൾക്കുമേൽ മനുഷ്യപ്പറ്റുള്ള സത്കർമങ്ങളുടെ വിജയം. അതുകൊണ്ടുതന്നെയാണ് ബലിമാംസം അഗതികൾക്ക് ഭക്ഷണമായി ദൈവം നിശ്ചയിച്ചത്. റംസാൻ വ്രതത്തിനുശേഷം വരുന്ന ഈദുൽ ഫിത്തറിൽ വ്രതത്തിന് ശുദ്ധിയായും അഗതികൾക്ക് ഭക്ഷണവുമായി ഫിത്തർ സക്കാത്ത് എന്ന നിർബന്ധ ദാനം നിശ്ചയിച്ചിട്ടുള്ളതും. അദ്‌ഭുതകരം തന്നെ ഇത്! വിശന്നുപൊരിയുന്നവന്റെ നിലവിളി കേൾക്കാതെ ദൈവവിളി കേൾക്കുന്നവന്റെ പ്രാർഥനകൾ അന്തസ്സാരശൂന്യമാണെന്നാണ് ഇതൊക്കെയും തെളിയിക്കുന്നത്. സ്രഷ്ടാവുമായുള്ള ബന്ധം നന്നായിരിക്കണമെങ്കിൽ സൃഷ്ടികളുമായുള്ള ബന്ധം ആദ്യം മെച്ചപ്പെടണം. 
    ഈദിന്റെ ഏറ്റവുംവലിയ സന്ദേശം ഇതേ മാനവികതയാണ്. ‘മനുഷ്യ സമൂഹമേ, നിങ്ങളെ ഒരാത്മാവിൽനിന്ന് സൃഷ്ടിക്കുകയും അതിൽനിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും പിന്നീട് അവർ രണ്ടുപേരിൽ നിന്നും ധാരാളം സ്ത്രീപുരുഷൻമാരെ (ഈ ഭൂമിയിൽ) പരത്തുകയും ചെയ്ത നിങ്ങളുടെ നാഥന് നിങ്ങൾ വഴങ്ങുവിൻ. ഏതൊരു അല്ലാഹുവിനെ മുൻനിർത്തി നിങ്ങൾ പരസ്പരം അവകാശങ്ങൾ ചോദിക്കുന്നുവോ അതേ അല്ലാഹുവിനെയും കുടുംബബന്ധങ്ങളെയും നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു’. (അന്നിസാഅ്, ഒന്ന്) വ്യത്യസ്ത മത-ജാതി-പാർട്ടി ഗ്രൂപ്പുകളിൽ അംഗങ്ങളായ മാനവസമൂഹത്തെ നോക്കി അല്ലാഹുവിന്റെ കല്പനയാണ്, നിങ്ങളുടെ ഈ വൈജാത്യം വാസ്തവത്തിൽ നിങ്ങളെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒന്നിപ്പിക്കാനാണ് ഉതകേണ്ടത്. നിങ്ങളുടെ മാതാപിതാക്കൾ ഒന്നായിരിക്കേ നിങ്ങൾക്ക് കരണീയമായത് ഏകോദര സഹോദരങ്ങളെപ്പോലെ വാഴുകയെന്നതാണ്. പരസ്പരം കൊണ്ടും കൊടുത്തുമുള്ള ജീവിതത്തിൽ വ്യക്തികളെന്നനിലയ്ക്കും സമൂഹമെന്ന നിലയ്ക്കും നിങ്ങളുടെ ജീവിതത്തിന്റെ നിലനില്പിന് ഉതകുക ഈ നിലപാട് തന്നെയാണ്. അതുകൊണ്ടുതന്നെ ഏത് സന്ദർഭത്തിലും വിശ്വാസികളുടെ സമൂഹം അമൂല്യമായ ഈ സമത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നു. അതിനുവേണ്ടി ത്യാഗപരിശ്രമങ്ങൾ അർപ്പിക്കാനും സത്യവിശ്വാസികളോട് അവൻ കല്പിക്കുന്നു. 
    നമ്മുടെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തിൽ ഈ ആഹ്വാനത്തിന് പ്രത്യേകപ്രാധാന്യം ഉണ്ട്. നിരന്തരം പരിക്കേല്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതസൗഹാർദത്തിനും സൗഭ്രാതൃത്തിനും ഖുർആന്റെ ഈ ആഹ്വാനംകൊണ്ട് ചികിത്സ നൽകാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. മുസ്‌ലിങ്ങളും ഇസ്‌ലാമും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം ജീവിതസാക്ഷ്യംകൊണ്ടവർ തങ്ങളുടെ ജീവിത വ്യവസ്ഥയുടെ മാഹാത്മ്യം ഉയർത്തിപ്പിടിക്കണം. മനുഷ്യജീവിതത്തിന് നവോന്മേഷവും ആവേശവും നൽകുന്ന ചര്യകളും പ്രവൃത്തികളും പലതുണ്ട്. അതിൽ മിക്കതും ദേഹപ്രധാനമാണ്. എന്നല്ല, സ്വേച്ഛയുടെ തേട്ടത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയതാണ് അവയധികവും. ദേഹിക്ക് പ്രാധാന്യം കൊടുക്കുന്നവ വളരെ ചുരുക്കം. എന്നാൽ, ഇസ്‌ലാമിലെ ആരാധനകളും ആഘോഷങ്ങളും ഇതിൽ നിന്ന് ഭിന്നമാണ്. ആഘോഷം തുടങ്ങുന്നതുതന്നെ മഹോന്നതനായ അല്ലാഹുവിനെ പ്രകീർത്തിച്ചുകൊണ്ടാണ്. 
    മനസ്സിനും ശരീരത്തിനും ഉല്ലസിക്കാനും വിനോദിക്കാനുമുള്ള അവസരം നൽകുന്നതോടൊപ്പം അല്പസമയംപോലും ദൈവസ്മരണയിൽനിന്നകന്ന് നിൽക്കാൻ വിശ്വാസിക്കവസരമില്ല. എല്ലാ ആരാധനകളുടെയും ആഘോഷങ്ങളുടെയും സത്തയായ ഈ ദൈവസ്മരണയാണ് വിശ്വാസിയുടെ മനസ്സിനെ സജീവമാക്കുന്നത്, അവന് മനസ്സമാധാനവും ശാരീരിക സൗഖ്യവും പ്രദാനംചെയ്യുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള ചിന്ത ഹൃദയത്തിൽനിന്നൊഴിഞ്ഞവൻ ആൾത്താമസമില്ലാത്ത വീടുപോലെയാണ് എന്ന പ്രവാചകവചനത്തിന്റെ പൊരുളും അതുതന്നെയാണ്. ആൾത്താമസമില്ലെങ്കിൽ പിന്നെ അവിടെ കൂടുകൂട്ടുന്നത് പിശാചായിരിക്കും. പൈശാചിക ചിന്തകൾ പുറപ്പെടുവിക്കുന്ന മനസ്സിന്റെ ഉടമയിൽനിന്ന് പിന്നെ നന്മ പ്രതീക്ഷിക്കുന്നത് അസ്ഥാനത്താകും. 
    വളരെ ക്ഷണികമായ ഈ ജീവിതത്തെ ശാശ്വതമായ ഒരു ജീവിതത്തിലേക്കുള്ള ഏണിപ്പടിയായി കരുതുന്നവർക്കുമാത്രമേ ഈദ് എന്തെങ്കിലും പാഠങ്ങൾ നൽകുന്നുള്ളൂ. ജീവിതം ആസ്വദിക്കാനും ആഹ്ലാദിക്കാനും മാത്രമുള്ളതാണെന്ന്‌ കരുതുന്നവർക്ക് ഇതൊക്കെ വെറും കളിതമാശകൾമാത്രം. അങ്ങനെയുള്ളവരോട് പ്രപഞ്ചനാഥന്റെ ഈ പ്രസ്താവനയാണ് നമുക്ക് എത്തിക്കാനുള്ളത്: ‘‘അവർ തങ്ങളുടെ കളിതമാശകളിൽ അങ്ങനെ വിഹരിക്കട്ടെ. തങ്ങൾ നിഷേധിച്ചിരുന്ന ആ പരലോകം വന്നെത്തുമ്പോൾ അവർ പറയുകതന്നെ ചെയ്യും, ഞങ്ങൾക്ക് തിരിച്ചുപോകാൻ ഒരവസരംകൂടി കിട്ടിയിരുന്നെങ്കിൽ!’’.