സിനിമാതാരങ്ങൾ ദുബായ് നഗരത്തിന് ഒരു പുതുമയല്ല. കൊച്ചുകടകളുടെ ഉദ്ഘാടനത്തിനുവരെ താരങ്ങളെത്തുന്ന നഗരമാണിത്. സ്റ്റേജ് ഷോകളും വേറെ. 
ഭാഷയോ ദേശമോ ഒന്നും നോക്കാതെ, താരങ്ങളുടെ യാത്ര ഇപ്പോഴും തുടരുന്നു. പക്ഷേ, അതിൽനിന്നൊക്കെ വ്യത്യസ്തതയുണ്ട് ബോളിവുഡിന്റെ ബാദുഷ എത്തുമ്പോൾ


ദുബായ് പാമിൽ സ്വന്തമായി വീടൊക്കെയുള്ള ഷാരൂഖ് ഖാൻ ഇടയ്ക്കിടെ ഇവിടെ എത്താറുള്ള താരമാണ്. ദുബായ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ഷാരൂഖ്. എന്നാൽ കിങ്‌ ഖാൻ എപ്പോൾ എവിടെ എത്തിയാലും അവിടെ പിന്നെയൊരു പൂരമാണ്. ആവേശത്തിന്റെ പൂരം. അവിടെ ദേശമില്ല, ഭാഷയില്ല, പ്രായവ്യത്യാസമില്ല...ഒന്നുമാത്രം- കിങ്‌ ഖാൻ. ആവേശത്തിന്റെ കടൽ തീർത്താണ് ഷാരൂഖിന്റെ ഓരോ വരവും. താര ജാഡകളില്ല, കൂടെയുള്ള സഹതാരങ്ങളെ പരമാവധി മുന്നിലേക്ക് നിർത്തി, സാധാരണക്കാരനെ പോലെ ഷാരൂഖ് നടന്നുനീങ്ങുമ്പോൾ ജനം ആവേശക്കടൽ തീർക്കുന്നു. പ്ലീസ് ഹഗ്ഗ് മീ, ഐ ലവ് യൂ...എന്നിങ്ങനെ അഭ്യർഥനകളും ആഗ്രഹങ്ങളും അന്തരീക്ഷത്തിൽ അലയടിക്കുന്നു. അവരിൽ ഇന്ത്യക്കാരും പാകിസ്താനികളും മലേഷ്യക്കാരുമെല്ലാം മത്സരിക്കുന്നു. യുവത്വവും പ്രായവുമൊന്നും  അവിടെ പ്രശ്നമാവുന്നില്ല. അതാണ് കിംഗ് ഖാൻ എന്ന ബോളിവുഡിന്റെ ബാദുഷ സൃഷ്ടിക്കുന്ന തരംഗം.
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജബ് ഹാരി മെറ്റ് സേജൽ’ എന്ന ചിത്രത്തിന്റെ പ്രചരണാർഥം ഇക്കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും ഷാരൂഖ് ഖാൻ ദുബായിലും അബുദാബിയിലുമായിരുന്നു. ആരാധകരെ കാണാനായി എത്തിയ ഷാരൂഖിനെയും നായിക അനുഷ്‌ക ശർമയെയും കാണാൻ ആയിരങ്ങളാണ് രണ്ടിടത്തും തടിച്ചുകൂടിയത്. ആ ആവേശമാകട്ടെ മുമ്പൊന്നുമില്ലാത്തവിധം രാജ്യത്തിന്റെ അതിർത്തികൾ ഭേദിക്കുന്ന വിധത്തിലായിരുന്നു. ഇന്ത്യക്കാരും പാകിസ്താനികളും ആരവമുയർത്തുന്നതിൽ മത്സരിച്ചു. ബെൽജിയത്തിൽനിന്നും ഖസാഖിസ്ഥാനിൽനിന്നും  ഉൾപ്പെടെ വിദേശികളായ ആരാധകരും നിരവധിയാണ് എത്തിയത്. ഷാരൂഖ് ..ഷാരൂഖ് ...ഇതായിരുന്നു ജനക്കൂട്ടത്തിന്റെ ആരവം. ആ പേര്  മാത്രമായിരുന്നു അവരെ അവിടെ പിടിച്ചുനിർത്തിയതും. രണ്ടാം ദിവസം മാധ്യമങ്ങൾക്കുള്ളതായിരുന്നു. കാലത്തുമുതൽ വിവിധ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിലായിരുന്നു ഇരുവരും. രാത്രി ഏഴരവരെ നീണ്ട വിവിധ അഭിമുഖങ്ങളിൽ ഒരിക്കൽ പോലും മടുപ്പ് പ്രകടിപ്പിക്കാതെ, ചോദ്യങ്ങളോട് ചിരിച്ചും പാടിയുമെല്ലാമുള്ള ഉത്തരം...എപ്പോഴും ഷാരൂഖ് തന്റെതായ ഒരു സ്നേഹസ്പർശം ഒളിപ്പിച്ചുവെച്ചിരുന്നു. ഭാര്യ ഗൗരി ഖാന്റെ നേതൃത്വത്തിലുള്ള റെഡ് ചില്ലീസിന്റെ ബാനറിലാണ് പുതിയ ചിത്രവും പുറത്തിറങ്ങുന്നത്. സ്വന്തം കമ്പനിയുടെ സിനിമയുടെ പ്രചരണാർഥമാണ് താരം എത്തിയതെന്ന് വേണമെങ്കിൽ കുശുമ്പ് പറയാം. പക്ഷേ, അവിടെ നിർമാതാവ് ആരെന്നോ സംവിധായകൻ ആരെന്നോ ആരുടെയും പ്രശ്നമായിരുന്നില്ല. എല്ലാവർക്കും കാണേണ്ടത് ഒരാളെ മാത്രം. കേൾക്കേണ്ടതും ആ മനുഷ്യനെ മാത്രം. 
ഓഗസ്റ്റ്‌ നാലിന് ഇന്ത്യയിലും മൂന്നിന് ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലുമാണ് സിനിമയുടെ റിലീസ്. സിനിമ അഭിനയിച്ച് കഴിഞ്ഞാലും ഇപ്പോൾ താരങ്ങളുടെ ജോലി കഴിയുന്നില്ല. അതിന്റെ പ്രചാരണ പ്രവർത്തനങ്ങൾ റെഡ് കാർെപ്പറ്റുകൾ, വിവിധ മാധ്യമങ്ങളുമായുള്ള സംഭാഷണങ്ങൾ...അങ്ങനെയങ്ങനെ പോകുന്നു പ്രചാരണം. ഷാരൂഖിന്റെ തന്നെ മുൻ ചിത്രങ്ങൾക്ക് ഉണ്ടായിരുന്നതിനെക്കാൾ വിപുലമായ രീതിയിലായിരുന്നു ‘ജബ് ഹാരി മെറ്റ് സേജൽ’ എന്ന സിനിമയ്ക്കായുള്ള ഒരുക്കങ്ങൾ. അതിന്റെ എല്ലാ ആവേശവും തീവ്രതയും ഷാരൂഖിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു.
ആദ്യദിവസം ദുബായ് ദേരാ സിറ്റിസെന്ററിലെ വോക്സ് മാക്സ് തിേയറ്ററിലായിരുന്നു ഷാരൂഖിന്റെ റെഡ് കാർപ്പറ്റും പത്രസമ്മേളനവും. സിറ്റി സെന്റർ ഉച്ചയ്ക്ക് ഒരുമണിക്ക് റെഡ് കാർെപ്പറ്റും രണ്ടുമണിക്ക് പത്രസമ്മേളനവുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ രാവിലെ മാൾ തുറക്കുന്നതിന് മുമ്പുതന്നെ നൂറുകണക്കിനാളുകൾ ഷാരൂഖിനെ കാത്തുനിൽപ്പുണ്ടായിരുന്നു. ആവേശത്തിന്റെ പെരുമഴ തീർത്തുകൊണ്ട് അവരുടെ നിൽപ്പ് വൈകീട്ട് നാലുവരെ നീണ്ടുനിന്നു. അപ്പോഴേക്കും ആൾക്കൂട്ടം ആയിരങ്ങളായി. ആരാധകർക്കൊപ്പം സെൽഫി എടുത്തും ചെറിയ നൃത്തച്ചുവടുവെച്ചും റെഡ് കാർപ്പറ്റിൽ  ഷാരൂഖും നായിക അനുഷ്‌കയും നിറഞ്ഞുനിന്നപ്പോൾ ആവേശം അണപൊട്ടി.
 പത്രസമ്മേളനത്തിനിടയിൽ നായിക എന്ന നിലയിൽ അനുഷ്‌ക ശർമ എത്രമാത്രം മാറിയിട്ടുണ്ട് എന്ന ചോദ്യം ഷാരൂഖിനെ രസിപ്പിച്ചു. തന്റെ ഇഷ്ടനായികയുടെ സ്വഭാവവിശേഷങ്ങൾ എടുത്തുപറഞ്ഞതോടെ വിനയവും സ്നേഹവും ആവേശവുമായി അനുഷ്‌ക ഷാരൂഖിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. തലയിൽ സ്നേഹചുംബനം നൽകിയായിരുന്നു ഷാരൂഖിന്റെ പ്രതികരണം. ആൾക്കൂട്ടത്തിൽനിന്ന് ഒരുവിധം പുറത്തുകടന്ന ഷാരൂഖിന് അബുദാബിയിലുമുണ്ടായിരുന്നു ആയിരങ്ങളുടെ വരവേൽപ്പ്.
രണ്ടാം ദിവസം അഭിമുഖങ്ങൾക്ക് മാത്രമായിട്ടായിരുന്നു ഷാരൂഖ് നീക്കിവെച്ചത്. ഒരു സാധാരണ ചെറുപ്പക്കാരനെ പോലെ നിറയെ കീശകളുള്ള പാന്റ്‌സും ഷർട്ടും വേഷം. അനുഷ്‌കയും  അതനുസരിച്ചുതന്നെ. സഹായികളുടെ വലയത്തിൽനിന്ന് ഷാരൂഖ് ഇടയ്ക്കിടെ ഇറങ്ങിവന്നു. 
രണ്ട് മുറികളിലായാണ് അഭിമുഖങ്ങൾക്കുള്ള സംവിധാനം ഒരുക്കിയിരുന്നത്. ഒരു മുറിയിലെ ഇന്റർവ്യൂ കഴിയുമ്പോൾ മറ്റേ മുറിയിൽ എല്ലാ സംവിധാനങ്ങളുമായി മറ്റൊരു സംഘം കാത്തുനിൽപ്പുണ്ടായിരുന്നു. 10 മുതൽ 15 മിനിറ്റുവരെ ഓരോ സംഘത്തിനും. പത്രങ്ങളും ചാനലുകളും റേഡിയോകളുമെല്ലാം ഇത്തരത്തിൽ ഷാരൂഖിനായി കാത്തിരുന്നു. സിനിമയെക്കുറിച്ച് മാത്രമുള്ള സംസാരം. ഹരീന്ദ്രയെയും സേജലിനെയും കുറിച്ചുള്ള ചോദ്യങ്ങൾ,  ഇംത്യാസ് അലി എന്ന സംവിധായകനെ ഇടയ്ക്കിടെ പരാമർശിക്കാനും ഷാരൂഖ് മറന്നില്ല. സിനിമയിലെ ഗാനങ്ങളുടെ മനോഹാരിതയെ കുറിച്ച് അനുഷ്കയും പറഞ്ഞുകൊണ്ടിരുന്നു. ഇതിനകം ഹിറ്റായിക്കഴിഞ്ഞ ഗാനങ്ങൾ അവർ ഇടയ്ക്കിടെ മൂളിക്കൊണ്ടിരുന്നു. ഓരോ അഭിമുഖം കഴിയുമ്പോഴും ചമയക്കാർ മുഖം മിനുക്കുന്നു. നായികയുടെ മുടി കോതിയൊതുക്കുന്നു. ഇടയ്ക്ക് കുടിക്കാൻ വെള്ളവും എത്തിക്കൊണ്ടിരിക്കുന്നു. ചെറിയൊരു ഉച്ചഭക്ഷണവും ഇതിനിടയിൽ കഴിച്ചെന്നുവരുത്തി. 

*************************************
എന്റെ എല്ലാ സിനിമയും എപ്പോഴുംസന്തോഷത്തിന്റെയും സ്നേഹബന്ധങ്ങളുടെയും 
കഥകളാണ് പറഞ്ഞിരുന്നത്. ഇതും അതിലൊന്നാണ്

ജീവിതത്തെക്കുറിച്ച് നല്ല ചിന്തകളാണ് എനിക്കുള്ളത്. ലോകം എനിക്ക് വലിയ സ്നേഹമാണ് ഇതുവരെ തന്നിരിക്കുന്നത്. അതും എന്നെ സ്വാധീനിക്കുന്നു. വളരെ പോസിറ്റീവായ ചിന്തകളാണ് ഈ സിനിമ നൽകുന്നത്‌. സിനിമ കാണുന്നവരെ സന്തോഷിപ്പിക്കാനാണ് എന്നും ഞാൻ ശ്രമിച്ചിട്ടുള്ളത്. ചിലത് മനോഹരമായി സ്വീകരിക്കപ്പെടും. ചിലത് പരാജയപ്പെട്ടിട്ടുമുണ്ട്. ഈ സിനിമയും സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും കഥ പറയുന്നു. കുടുംബമൊന്നാകെ ഇഷ്ടപ്പെടുന്ന, ജനഹൃദയങ്ങളിൽ നിൽക്കുന്ന സിനിമ തന്നെയാവും ഇത്. പാട്ടുകളും മനോഹരമാണ്.

നിരവധി രാജ്യങ്ങളിലൂടെയുള്ള യാത്രകൂടിയാണ് ഈ സിനിമ. ഒരു ടൂർ ഗൈഡ് എന്ന നിലയിലാണ് നായകൻ. നായിക യാത്രികയും. ആദ്യഘട്ടങ്ങളിൽ ഇരുവരും പരസ്പരം കാണുന്നുപോലുമില്ല. അല്ലെങ്കിൽ അവർ പരസ്പരം ശ്രദ്ധിക്കുന്നുമില്ല.  വളരെ യാദൃച്ഛികമായി നടന്ന ചില സംഭവങ്ങളാണ് ഇരുവരെയും പരസ്പരം ബന്ധപ്പെടാൻ ഇടയാക്കുന്നത്. നായികയുടെ കളഞ്ഞുപോയ മോതിരത്തിൽനിന്നാണ് തുടക്കം. സാഹചര്യങ്ങൾ അവരെ ഒന്നിപ്പിക്കുന്നു. വളരെ ചെറിയ കാര്യങ്ങളാണ് അവ. അത്തരം ചെറിയ സംഭവങ്ങളിലൂടെ നല്ലൊരു കഥ പറയുകയാണ് ഇംത്യാസ് അലി ചെയ്യുന്നത്. മനോഹരമായ ആഖ്യാനരീതിയാണത്. നിങ്ങളത് ഇഷ്ടപ്പെട്ടുപോകും.
ദുബായ് എന്നെ എന്നും മോഹിപ്പിക്കുന്ന നഗരമാണ്. എല്ലാവർക്കും വേണ്ടതും ഇവിടെയുണ്ട്. കുട്ടികൾക്ക് കളിക്കാം, ചെറുപ്പക്കാർക്ക് ഉല്ലസിക്കാം, പ്രായമായവർക്കും അവരുടേതായ സങ്കേതങ്ങളും സ്ഥലങ്ങളുമുണ്ട്. ദുബായിയെ അതുകൊണ്ടുകൂടിയാണ് ഞാൻ ഇഷ്ടപ്പെട്ടുപോകുന്നത്. പിന്നെ സുരക്ഷിതത്വവും. എത്രയെത്ര രാജ്യക്കാർ, എത്രയെത്ര സംസ്കാരങ്ങൾ...നല്ല ആളുകളെകൊണ്ട് നിറഞ്ഞ നല്ല നഗരം...അതാണ് ദുബായ്.

 കേരളവും മനോഹരമാണ്. രണ്ടുമൂന്നുതവണ അവിടെ സന്ദർശിച്ചിരിക്കുന്നു. നല്ല നാടും നല്ല ജനങ്ങളും. ദൈവത്തിന്റെ സ്വന്തം നാട് എന്നുതന്നെ വിശേഷിപ്പിക്കാം. കായലുകളും പുഴകളും പച്ചപ്പുമെല്ലാം മനോഹരം. അവരും ഈ സിനിമ ഇഷ്ടപ്പെടും. 

ഏറ്റവും വിശേഷപ്പെട്ട വ്യക്തിപരമായ കാര്യത്തെക്കുറിച്ച് പറഞ്ഞാൽ ഏത് ബഹളത്തിനിടയിലും നന്നായി ഉറങ്ങാൻ കഴിയുന്നു എന്നതാണത്. എവിടെയും എനിക്ക് അതിന് കഴിയും. 

ഈ സിനിമയുടെ പേരിനെക്കുറിച്ചുവന്ന പല കഥകളും അസംബന്ധമാണ്. രൺബീർ കപൂറാണ് ഈ പേര് നിർദേശിച്ചത്. ദി റിങ്‌ എന്നതായിരുന്നു ഷൂട്ടിങ് സമയത്തെ സിനിമയുടെ വർക്കിങ് ടൈറ്റിൽ. എല്ലാ സെറ്റുകളിലും അങ്ങനെയൊരു വർക്കിങ് ടൈറ്റിൽ നൽകുന്ന പതിവുണ്ട്. ദെയ്‌റ എന്നായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്ന പേര്. രേണുമ്മ, സഫർ നാമ എന്നിങ്ങനെ പല പേരുകളും സിനിമയ്ക്ക് ഇട്ടതായി സോഷ്യൽ മീഡിയകളിൽ വായിച്ചു. ഞാനും അത് അപ്പോഴാണ് അറിയുന്നത്.

ഒരു അഭിനേതാവ് എന്ന നിലയിൽ ഷാരൂഖിനെ
വിലയിരുത്താൻ ഞാൻ വളർന്നിട്ടില്ല

ഷാരൂഖുമായി ഇത് മൂന്നാമത്തെ സിനിമയാണ്. ഓരോ സിനിമ കഴിയുംതോറും ഞാൻ പുതിയ പാഠങ്ങൾ പഠിക്കുന്നു. അത്രമാത്രം ആദരണീയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. സെറ്റിൽ എത്തുന്നതുമുതൽ അദ്ദേഹം പാഠങ്ങൾ തുടങ്ങുന്നു. മികച്ച അഭിനേതാവ്, അതിലും വലിയ മനുഷ്യൻ-അതാണ് എസ്.ആർ.കെ. അദ്ദേഹത്തെ ഇഷ്ടപ്പെടാൻ പല കാരണങ്ങളുണ്ട്. സിനിമയ്ക്കായി സ്വയം സമർപ്പിച്ച അഭിനേതാവാണ് അദ്ദേഹം. 

ഈ സിനിമയിലെ നായിക സേജൽ ലോകത്തെക്കുറിച്ച് അധികമൊന്നും അറിയാത്ത, വേവലാതിപ്പെടാത്ത കഥാപാത്രമാണ്. അതിനുള്ള പരിചയവും അവൾക്ക് കുറവായിരുന്നു. ഇതുവരെ ചെയ്തുപോന്ന കഥാപാത്രങ്ങളിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമായ വേഷം. ഈ മികച്ച വേഷമാകാൻ നന്നായി വിഷമിച്ചു. കണ്ടപ്പോൾ എനിക്ക് തന്നെ അദ്‌ഭുതമായി. 

മനോഹരമായ ഗാനങ്ങളാണ് സിനിമയുടെ മറ്റൊരു വിശേഷം. ആരും മൂളിപ്പോകുന്ന വരികൾ. നിങ്ങൾ അത് ഇഷ്ടപ്പെടും. ഉറപ്പ്. ഇതിനകം എല്ലാം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചുകഴിഞ്ഞു എന്നത് ഏറെ ആവേശം കൊള്ളിക്കുന്നു. ഈ സിനിമ എന്നെ വല്ലാതെ ആവേശഭരിതയാക്കുന്നുണ്ട്.